മുറ്റത്ത് ഇന്റർലോക്ക് ഇടുന്നത് എന്തോ മഹാപരാധ പ്രകൃതി വിരുദ്ധതയായി ചിത്രീകരിക്കുന്നവർ വായിക്കാൻ

0
869

സുജിത് കുമാർ

മുറ്റത്ത് ഇന്റർലോക്ക് ടൈൽസ് ഇടുന്നത് എന്തോ മഹാപരാധമായ പ്രകൃതി വിരുദ്ധതയായി ചിത്രീകരിക്കപ്പെടുന്നുണ്ടല്ലോ. അതായത് മഴ പെയ്യുമ്പോൾ വെള്ളം ഭൂമിയിൽ താഴാതെ ഒലിച്ച് പോകാൻ കാരണമാകുന്നു എന്നതാണ്‌ പ്രധാന ആരോപണം. ഇന്റർലോക്ക് ടൈൽസ് ഇടുന്നത് പൊതുവേ മണ്ണ് നിരപ്പാക്കി ബേബി മെറ്റൽ വിരിച്ച് അതിനു മുകളിൽ ഇന്റർ ലോക്ക് കട്ടകൾ നിരത്തിയാണ്‌ ഈ ഇന്റർലോക്ക് കട്ടകൾക്കിടയിൽ വിടവുകൾ ഉള്ളതിനാൽ മഴ പെയ്യുമ്പോൾ വെള്ളം മണ്ണിലേക്ക് ഇറങ്ങുന്നുമുണ്ട്. സാധാരണ ഇന്റർലോക്ക് ഇടാത്ത മുറ്റങ്ങളിൽ മണ്ണിൽ ആരെങ്കിലും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കുമോ ? നന്നായി സ്ലോപ്പ് കൊടുത്തും മുറ്റത്തു കൂടി വെള്ളം ഒഴുകാത്ത വിധം വശങ്ങളിൽ ചാലുകൾ ഉണ്ടാക്കിയുമൊക്കെ ഒഴുക്കി വിടുകയല്ലേ ചെയ്യാറ് ? ഇങ്ങനെയുള്ള സാഹചര്യത്തിൽ ഇന്റർലോക്ക് ഇട്ട മുറ്റവും ഇന്റർലോക്ക് ഇടാത്ത മുറ്റവും തമ്മിൽ ജല സംരക്ഷണത്തിന്റെ കാര്യത്തിൽ എന്ത് വ്യത്യാസമാണ്‌ ഉള്ളത്. ബാഷ്പീകരണം വഴിയുള്ള ജലനഷ്ടം ഇന്റർലോക്ക് കട്ടകളാൽ ഒഴിവാക്കപ്പെടുന്നു എന്ന കാര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനുള്ള ഒരു പരീക്ഷണം ഒരു പ്രൊജക്റ്റ് ആയി ചെയ്യാവുന്നതാണ്‌ നിശ്ചിത അളവിൽ വെള്ലം നിശ്ചിത വിസ്തീർണ്ണമുള്ള ഇന്റർലോക്ക് ഇട്ട മുറ്റത്തേയ്ക്കും ഇന്റർലോക്ക് ഇടാത്ത മുറ്റത്തേയ്ക്കും ഒഴിച്ച് എത്ര വെള്ളം പുറത്തേയ്ക്ക് ഒഴുകുന്നു എന്ന് അളന്ന് രണ്ടിലും ഉള്ള വ്യത്യാസം എത്ര എന്നൊക്കെ കൃത്യമായി മനസ്സിലാക്കാവുന്നതാണ്‌. ഇന്റർലോക്ക് ഇടുന്നത് ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് വിരുദ്ധമാണെന്ന അഭിപ്രായമുള്ളവർക്ക് ഇത്തരം സംശയങ്ങളെ ശാസ്ത്രീയമായി ദൂരീകരിക്കാനുള്ള ബാദ്ധ്യത കൂടി ഇല്ലേ?