ഇടിമിന്നലിൽ നിന്ന് നമ്മുടെ വിലപിടിപ്പുള്ള വൈദ്യുത ഉപകരണങ്ങളെ എങ്ങിനെ എല്ലാം സംരക്ഷിക്കാം ?

0
73

സുജിത് കുമാർ എഴുതിയത്

ഇത് ഇടിമിന്നൽ കാലമാണല്ലോ. ഇടിമിന്നലിൽ നിന്ന് നമ്മുടെ വിലപിടിപ്പുള്ള വൈദ്യുത ഉപകരണങ്ങളെ എങ്ങിനെ എല്ലാം സംരക്ഷിക്കാം എന്നതിനെക്കുറിച്ച് ചില കാര്യങ്ങൾ. രണ്ട് തരത്തിൽ ആണ്‌ ഇടിമിന്നൽ ഏറ്റ് വൈദ്യുത ഉപകരണങ്ങൾ തകരാറിലാകുന്നത്. ഒന്ന് നേരിട്ട് കെട്ടിടത്തിലേക്കോ ഉപകരണത്തിലേക്കോ ഇടിമിന്നലേൽക്കുന്ന ഡയറക്റ്റ് ലൈറ്റ്‌‌നിംഗ്. രണ്ടാമത്തേത് വൈദ്യുത ലൈനുകൾ വഴിയോ ടെലിഫോൺ ലൈനുകൾ വഴിയോ കേബിൾ ടി വി ലൈനുകൾ വഴിയോ മറ്റേതെങ്കിലും സമ്പർക്കങ്ങളിലൂടെയോ ഇടിമിന്നൽ വൈദ്യുതി പ്രവഹിച്ച് ഉപകരണങ്ങൾ നശിച്ച് പോവുക.

No photo description available.ഇതിൽ രണ്ട് തരത്തിലുള്ള ഇടിമിന്നലേൽക്കൽ സാദ്ധ്യതകളിൽ നിന്നും ഉപകരണങ്ങളെയും വസ്തു വഹകളെയും സംരക്ഷിക്കുന്നത് ഒരേ മാർഗ്ഗത്തിലൂടെ അല്ല. ആദ്യമേ പറഞ്ഞ തരത്തിലുള്ള നേരിട്ട് ഇടിമിന്നൽ ഏൽക്കേണ്ടി വരുന്ന സാഹചര്യമാണ്‌ ഏറ്റവും അപകടകരം. ഉയർന്ന പ്രദേശത്തുള്ള കെട്ടിടങ്ങൾ, തുറസ്സായ സ്ഥലത്ത് ഒറ്റപ്പെട്ട് നിൽക്കുന്ന വീടുകൾ തുടങ്ങിയവയ്ക്ക് ഇത്തരത്തിൽ നേരിട്ട് ഇടിമിന്നൽ ഏൽക്കാനുള്ല സാദ്ധ്യതകൾ കൂടുതൽ ആണ്‌. നിർമ്മിതികളുടെ ഉയരം കൂടുന്തോറും ഇടിമിന്നൽ നേരിട്ട് തന്നെ ഏൽക്കാനുള്ള സാദ്ധ്യതകളും കൂടി വരുന്നു. അതിനാൽ ഇത്തരത്തിൽ കെട്ടിടത്തിലേക്ക് നേരിട്ട് ഇടിമിന്നൽ ഏൽക്കാതെ സംരക്ഷിക്കാനുള്ള ഒരേ ഒരു മാർഗ്ഗം മിന്നൽ രക്ഷാ ചാലകങ്ങൾ ആണ്‌ ( Lightning Arrester). ശരിയായ രീതിയിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുള്ല ഉന്നത ഗുണനിലവാരമുള്ള മിന്നൽ രക്ഷാ ചാലകങ്ങൾ വഴി ഇത്തരത്തിൽ നേരിട്ട് മിന്നലേറ്റ് നാശനഷ്ടങ്ങൾ ഉണ്ടാകുന്നത് ഫലപ്രദമായിത്തന്നെ തടയാൻ കഴിയും. (ലൈറ്റ്നിംഗ് അറ്സ്റ്ററുകളെക്കുറിച്ച് മുൻപ് എഴുതിയത് കമന്റിൽ ചേർക്കുന്നു) ലോകത്ത് ഏറ്റവും കൂടുതൽ മിന്നലേൽക്കാൻ സാദ്ധ്യതയുള്ളതും മേഘങ്ങളെ തൊട്ടുരുമ്മി നിൽക്കുന്നതുമായ ബുർജ് ഖലീഫ പോലെയൂള്ള അംബര ചുബികളെ അതി ശക്തമായ ഇടിമിന്നലിൽ നിന്ന് രക്ഷിച്ച് നിർത്തുന്ന മിന്നൽ രക്ഷാ സംവിധാനങ്ങൾ ഉണ്ട്. നേരിട്ടൂം അല്ലാതെയും ഇടിമിന്നൽ ഏൽക്കാൻ എല്ലാ സാദ്ധ്യതകളും ഉള്ളതും ഇടിമിന്നൽ വരുമെന്ന് പേടിച്ച് ഓഫാക്കി ഇടാൻ കഴിയാത്തതുമായ 24 മണിക്കൂറും പ്രവർത്തിക്കേണ്ടതുമായ ധാരാളം ഉപകരണങ്ങൾ ഉണ്ട്. മൊബൈൽ ടവറുകളും അനുബന്ധ ഉപകരണങ്ങളൂം, ആശുപത്രികളിലെ ജീവൻ രക്ഷാ ഉപകരണങ്ങൾ, എയർ ട്രാഫിക് കണ്ട്രോൾ സിസ്റ്റം, വൈദ്യുതി, ഇന്റർനെറ്റ് വിതരണ സംവിധാനങ്ങൾ തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. ഇവയെയെല്ലാം ഇടിമിന്നലേൽക്കാതെ പരമാവധി സംരക്ഷിക്കാൻ കഴിയുന്ന സംവിധാനങ്ങൾ നിലവിലുണ്ട്. വളരെ വിലയേറിയ ഉപകരണങ്ങളെയും നിർമ്മിതികളെയും സംരക്ഷിക്കാനായി രൂപകല്പന ചെയ്യപ്പെട്ട അത്തരം സംവിധാനങ്ങൾ അതേ പടി നമ്മുടെ വീടുകളിൽ ഉപയോഗിക്കാനായി പരിമിതികൾ ഉണ്ടെങ്കിലും ചില കാര്യങ്ങൾ എങ്കിലും പ്രാവർത്തികമാക്കാൻ ശ്രമിച്ചാൽ ഇടിമിന്നൽ മൂലം വൈദ്യുത ഉപകരണങ്ങൾക്കുണ്ടാകുന്ന നാശ നഷ്ടങ്ങൾ വലിയ ഒരളവ് വരെ കുറയ്ക്കാൻ സാധിക്കും.

നേരിട്ട് കെട്ടിടങ്ങളിലേക്ക് ഇടിമിന്നൽ ഏൽക്കുന്നത് തടയാൻ മിന്നൽ രക്ഷാ ചാലകങ്ങൾ ഉപയോഗിക്കുക എന്നതാണ്‌ ആദ്യം ചെയ്യാൻ കഴിയുന്നത്. എല്ലാ വീടുകളിലും അതിന്റെ ആവശ്യം ഉണ്ട് എന്ന് പറയാൻ കഴിയില്ല. കാരണം വീട് ചുറ്റുപാടുമുള്ള മറ്റ് നിർമ്മിതികളിൽ നിന്ന് എത്ര ഉയരത്തിൽ ആണ്‌ എന്നതും തുറസ്സായ സ്ഥലത്ത് ആണോ എന്നതുമൊക്കെ പരിഗണിക്കപ്പെടേണ്ട കാര്യങ്ങൾ ആണ്‌. ഉദാഹരണമായി നിങ്ങളുടെ വീടിന്റെ തൊട്ടടുത്തായി അതായത് ഒരു 50 മീറ്റർ പരിധിയിൽ ഒരു മൊബൈൽ ടവറോ 110 കെ വി ഇലക്ട്രിക് ലൈൻ ടവറോ ഒക്കെ ഉണ്ടെങ്കിൽ അത് നിങ്ങളുടെ വീടിന്‌ നേരിട്ട് ഇടീമിന്നൽ ഏൽക്കുന്നതിൽ നിന്നും തടയുന്ന ഒരു മിന്നൽ രക്ഷാ ചാലകം ആയി പ്രവർത്തിക്കുന്നതിനാൽ വലിയ ഒരളവ് വരെ സുരക്ഷിതത്വം ലഭിക്കുന്നു. തെങ്ങ്, പന പോലെയുള്ള ഉയരമുള്ള വൃക്ഷങ്ങൾ വീടീനടുത്ത് ഉണ്ടാകുമ്പോൾ മിന്നൽ രക്ഷാ ചാലകങ്ങൾ അവയിലും വളരെ താഴെ സ്ഥാപിക്കുന്നതുകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ല. തെങ്ങും മറ്റും വീഴാതിരിക്കാനായി വലിച്ചു കെട്ടുന്ന കമ്പികൾ വീടുമായി ബന്ധിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വലിയ അപകടങ്ങൾ അത് ക്ഷണിച്ച് വരുത്തും.

📌 RCCB ഇടീമിന്നലിൽ നിന്ന് സംരക്ഷണം നൽകുമോ ?

Residual Current Circuit Breaker കളുടെ പ്രധാന ധർമ്മം ഇടിമിന്നലിൽ നിന്ന് സംരക്ഷണം നൽകുക എന്നതല്ല.വൈദ്യുത ഉപകരണങ്ങളിലും വയറിംഗിലുമെല്ലാമുണ്ടാകുന്ന ലീക്കേജ് തിരിച്ചറിഞ്ഞ് ഷോക്ക് ഏൽക്കാതെ ഉപയോഗിക്കുന്നവരെ രക്ഷിക്കുക എന്നതാണ്‌ ഇതിന്റെ പ്രധാന ധർമ്മം ( RCCB യെക്കുറിച്ച് വളരെ വിശദമായി ഇതിനു മുൻപൊരിക്കൽ എഴുതിയിട്ടുണ്ട്. പോസ്റ്റ് ആദ്യ കമന്റിൽ). പക്ഷേ പൊതുവേ ഇടിമിന്നൽ ഉണ്ടാകുമ്പോൾ RCCB ട്രിപ്പ് ആകുന്നത് കാണാൻ കഴിയും. അത്തരത്തിൽ വലിയ ഒരളവ് വരെ RCCB ഉപകരണങ്ങൾക്ക് സംരക്ഷണം നൽകുന്നു എങ്കിലും അത് ഇടിമിന്നലിൽ നിന്നുള്ള സംരക്ഷണമല്ല മറിച്ച് RCCB ട്രിപ്പ് ആകാനുള്ള ലീക്കേജ് കറന്റിനു സമാനമായ സാഹചര്യങ്ങൾ ഉണ്ടാകുന്നതുകൊണ്ടാണ്‌. അത്തരം സാഹചര്യങ്ങൾ ഉണ്ടാകാത്ത അവസരത്തിൽ മാത്രമല്ല RCCB ട്രിപ്പ് ആയിരിക്കുന്ന സാഹചര്യത്തിൽ പോലും വലിയ ഇടിമിന്നൽ സർജ് ഉണ്ടായാൽ അവ RCCB യുടെ കോണ്ടാക്റ്റ് ഗ്യാപ്പ് മറി കടന്നും ഉപകരണങ്ങളെ നശിപ്പിക്കാം.

📌 സർജ് പ്രൊട്ടൿഷൻ ഡിവൈസുകൾ (SPD)

നമ്മുടെ വീടുകളിൽ അത്ര പരിചയം ഇല്ലാത്ത ഒന്നാണ്‌ സർജ് പ്രൊട്ടൿഷൻ ഡിവൈസുകൾ. ഗാർഹിക വയറിംഗിൽ RCCB പോലെ നിർബന്ധം അല്ലാത്തതിനാൽ ആകാം അത്രകണ്ട് പ്രചാരം ലഭിച്ചിട്ടുമില്ല. ഗാർഹിക ഉപകരണങ്ങൾ തകരാറിലാകുന്നതിന്റെ പ്രധാന കാരണം ഇലക്ട്രിക് ലൈനുകളിലൂടെ വരുന്ന ഹൈ വോൾട്ടേജ് സർജ് ആണ്‌. ഇത് ഇടിമിന്നൽ മൂലമാകാം അല്ലെങ്കിൽ ഹൈ വോൾട്ടേജ് ലൈനുകൾ 230 വോൾട്ട് ലൈനുകളിൽ ഏതെങ്കിഉം സാഹചര്യത്താൽ സ്പർശിക്കുകയോ മറ്റോ ചെയ്യുന്നതുമൂലവും ആകാം. 1000 വോൾട്ട് മുതൽ ദശലക്ഷക്കണക്കിനു വോൾട്ട് വരെ ഉയരാവുന്നതും ഏതാനും മൈക്രോ സെക്കന്റുകൾ നീണ്ട് നിൽക്കുന്നതുമായ വോൾട്ടേജ് പൾസുകളെയാണ്‌ സർജ് പൾസുകൾ എന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള സർജ് സ്പൈക്കുകളുടെ വോൾട്ടേജ് അവയുടെ ദൈർഘ്യം എന്നിവയെ അനുസരിച്ചിരിക്കും അത് വഴി ഉണ്ടാകാൻ സാദ്ധ്യതയുള്ള നാശ നഷ്ടങ്ങളുടെ തീവ്രത. നമ്മുടെ വൈദ്യുത വിതരണ സംവിധാനങ്ങൾ എല്ലാം തന്നെ ഇലക്ട്രിക് പോസ്റ്റുകളിലെ കമ്പികളിലൂടെ ആണെന്നതിനാൽ വളരെ പെട്ടന്ന് ഇടിമിന്നൽ ഇവയിലൂടെ പ്രവഹിക്കാൻ സാഹചര്യമുണ്ട്. ഇത്തരത്തിൽ എവിടെ എങ്കിലും ഇടിമിന്നൽ ഉണ്ടായാലും അവ ഇലക്ട്രിക് ലൈനുകളിലൂടെ പ്രവഹിച്ച് വീടുകളിലെ ഉപകരണങ്ങളെ നശിപ്പിക്കാം. പക്ഷേ ഇടിമിന്നൽ ഏറ്റ സ്ഥലവും വീടും തമ്മിൽ ദൂരം കൂടുതൽ ആണെങ്കിൽ സർജ് പൾസുകളുടെ ഊർജ്ജം കുറയുകയും ഇടയിൽ ഇലക്ട്രിക് പോസ്റ്റുകളിലും മറ്റുമുള്ള എർത്തിംഗ് സംവിധാനത്തിലൂടെ ഡിസ്ചാർജ് ചെയ്യപ്പെട്ട കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കാതെ പോവുകയും ചെയ്യുന്നു. പക്ഷേ വീടുകളിൽ നിന്ന് അധികം ദൂരെ അല്ലാതെ ഇലക്ട്രിക് ലൈനുകളിലേക്ക് ഇടിമിന്നലിലൂടെ വൈദ്യുത പ്രവാഹം ഉണ്ടാകുമ്പോൾ അവ തൊട്ടടുത്ത വീടുകളിലെ ഗാർഹിക ഉപകരണങ്ങളെ തകരാറിലാക്കുന്നു. കേബിൾ ടി വി ലൈനുകളീലൂടെയും (ഒപ്റ്റിക്കൽ ഫൈബർ ഒഴികെ) ടെലിഫോൺ ലൈനുകളിലൂടെയുമൊക്കെ ഇത്തരത്തിൽ ഹൈ വോൾട്ടേജ് സർജുകൾ വരാം.

ഇലക്ട്രിക് ലൈനുകൾ വഴി വീട്ടിലെത്തുന്ന ഹൈവോൾട്ടേജ് സർജിൽ നിന്നും ഉപകരണങ്ങളെയും ഗാർഹിക വയറിംഗിനെയുമൊക്കെ സംരക്ഷിക്കാനായി സർജ് പ്രൊട്ടൿഷൻ ഡിവൈസുകൾ ഉപയോഗിക്കാം. സർജ് പ്രൊട്ടൿഷൻ ഡിവൈസുകൾ ടൈപ്പ് -1, ടൈപ്പ്-2, ടൈപ്പ് -3 എന്നിങ്ങനെ പ്രധാനമായും മൂന്നു വിഭാഗത്തിൽ പെട്ടവയുണ്ട്. ഇവ മൂന്നും അനുയോജ്യമായ കോമ്പിനേഷനുകളിൽ ഉപയോഗിച്ച് ഉപകരണങ്ങളെ സർജിൽ നിന്ന് സംരക്ഷിക്കാവുന്നതാണ്‌.
സർജ് വോൾട്ടേജിനെ അതിന്റെ റൈസ് ടൈം, അതുപോലെ ഫാൾ ടൈം എന്നിവ കണക്കാക്കി വിവിധ വിഭാഗങ്ങൾ ആക്കി തരം തിരിച്ചിട്ടുണ്ട്. അതായത് ഒരു സർജ് വോൾട്ടേജ് 10 മൈക്രോ സെക്കന്റ് കൊണ്ട് അതിന്റെ പരമാവധി വോൾട്ടേജിൽ എത്തുകയും 350 മൈക്രോ സെക്കന്റ് കൊണ്ട് തിരികെ പൂജ്യത്തിലേക്ക് എത്തുകയും ചെയ്താൽ അത്തരം സർജിനെ 10/350 സർജ് എന്ന് വിളിക്കുന്നു. ഈ 10/350 സർജ് ആണ്‌ ഏറ്റവും കൂടുതൽ ഊർജ്ജം അടങ്ങിയതും ഏറ്റവും അപകടകരവുമായ ഡയറക്റ്റ് ടൈപ്പ് – 1 സർജ്. ഇത്തരം സർജുകളെ നിർവീര്യമാക്കാനോ തടയാനോ ആയി ഉപയോഗിക്കുന്ന സർജ് പ്രൊട്ടക്റ്ററുകൾ ആണ്‌ റ്റൈപ്പ് -1 സർജ് പ്രൊട്ടക്റ്ററുകൾ.
8/20 µs വിഭാഗത്തിൽ പെടുന്ന താരതമ്യേന ചെറിയ സർജുകളെ ടൈപ്പ് – 2 സർജുകൾ എന്നും ഇവയെ പ്രതിരോധിക്കുന്ന സർജ് പ്രൊട്ടക്റ്ററുകളെ ടൈപ്പ് -2 സർജ് പ്രൊട്ടക്റ്ററുകൾ എന്നും വിളിക്കുന്നു.

1.2/50 µs വിഭാഗത്തിൽ പെടുന്നതാണ്‌ ടൈപ്പ് – 3 സർജ് പ്രൊട്ടക്റ്ററുകൾ.
ഇതിൽ ടൈപ്പ് -1 ഉം 2 ഉം ഒരുമിച്ച് ചേർന്നുകൊണ്ടുള്ള ടൈപ്പ് 1 & 2 കോമ്പിനേഷൻ ഡിവൈസുകളും ഇപ്പോൾ വിപണിയിൽ ഉണ്ട്.
പരമാവധി എത്ര കറന്റ് കടത്തി വിട്ട് സർജിനെ നിർവീര്യമാക്കാൻ കഴിയും എന്നതും സർജിനോട് പ്രതികരിക്കാൻ എടുക്കുന്ന സമയവും ആണ്‌ ഏത് സാങ്കേതിക വിദ്യയാണ്‌ ഇത്തരം സർജ് പ്രൊട്ടക്റ്ററുകളിൽ ഉപയോഗിക്കേണ്ടി വരുന്നത് എന്നതിനെ നിശ്ചയിക്കുന്നത്. സ്പാർക്ക് ഗ്യാപ്പ്, ഗ്യാസ് ഡിസ്ചാർജ് ടൂബ്, മെറ്റൽ ഓക്സൈഡ് വാരിസ്റ്റർ തുടങ്ങി വിവിധ സാങ്കേതിക വിദ്യകൾ സർജ് പ്രൊട്ടക്റ്റിംഗിനായി ഉപയോഗിക്കപ്പെടുന്നു എങ്കിലും ഇവയ്ക്കെല്ലാം അതിന്റേതായ ഗുണങ്ങളും പരിമിതികളും ഉള്ളതിനാൽ പൊതുവേ ആവശ്യത്തിനനുസരിച്ച് ഇവയുടെയെല്ലാം പ്രത്യേക തരത്തിലുള്ള കോമ്പിനേഷനുകൾ ആണ്‌ ഫലപ്രദമായ സർജ് പ്രൊട്ടൿഷനു വേണ്ടി ഉപയോഗിക്കപ്പെടുന്നത്. ഉദാഹരണത്തിന്‌ MOV എന്നറിയപ്പെടുന്ന മെറ്റൽ ഓക്സൈഡ് വാരിസ്റ്ററുകൾ – ഇവയൂടെ റസ്പോൺസ് ടൈം ഏതാനും നാനോ സെക്കന്റുകൾ മാത്രമാണ്‌. അതായത് പൊതുവേ മൈക്രോ സെക്കന്റുകൾ നീണ്ടു നിൽക്കുന്ന സർജുകളെ ഒക്കെ നിർവീര്യമാക്കാൻ സമയത്തിന്റെ കാര്യം നോക്കിയാൽ ധാരാളം. പക്ഷേ ഇവയുടെ കറന്റ് കപ്പാസിറ്റി കുറവാണെന്നതും ഓരോ ഡിസ്ചാർജും ഇവയുടെ ആന്തരിക ഘടനയിൽ സ്ഥായിയായ മാറ്റം വരുത്തി ത്രഷോൾഡ് വോൾട്ടേജ് ക്രമേണ കുറഞ്ഞ് വരുന്നതുമെല്ലാം MOV യെ മാത്രം ആശ്രയിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നു. വളരെ ഉയർന്ന കറന്റ് കാരിയിംഗ് കപ്പാസിറ്റി ഉള്ളതും അതേ സമയം റസ്പോണ്സ് ടൈം വളരെ കൂടുതൽ ആയതുമായ സ്പാർക്ക് ഗ്യാപ്പ് ട്യൂബുകളുടെയും ഗ്യാസ് ഡിസ്ചാർജ് ട്യൂബുകളുടെയുമൊക്കെ കാര്യം നേരേ തിരിച്ചാണ്‌. അതിനാൽ ഇതുപോലെ വ്യത്യസ്ത സാങ്കേതിക വിദ്യകൾ ഒരുമിച്ച് ഉപയോഗിച്ചാണ്‌ ഫലപ്രദമായ സർജ് പ്രൊട്ടൿഷൻ സംവിധാനങ്ങൾ ഉണ്ടാക്കുന്നത്.

📌 സർജ് പ്രൊട്ടൿഷൻ ഡിവൈസുകൾ ചെയ്യുന്നതെന്ത് ?

നമ്മുടെ ഗാർഹിക ഇലക്ട്രിക് ലൈനുകളിൽ ഫേസുകളിലൂടെയും ന്യൂട്രലിലൂടെയും ലൈറ്റ്നിംഗ് സർജ് വരാം. ഇവയെ ഒന്നുകിൽ തടയണം അല്ലെങ്കിൽ ഉപകരണങ്ങളിലേക്ക് എത്തുന്നതിനു മുൻപേ തന്നെ എർത്തിംഗ് ലൈൻ വഴി ഭൂമിയിലേക്ക് വഴി തിരിച്ച് വിടണം. സർജ് ബൈപ്പാസിംഗ് എന്നറിയപ്പെടുന്ന രണ്ടാമത്തെ രീതി ആണ്‌ ഏറ്റവും കൂടുതൽ പ്രചാരത്തിൽ ഉള്ളത്. അതുകൊണ്ട് ഇവിടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നതും ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള അത്തരം ബൈപാസിംഗ് സർജ് പ്രൊട്ടക്റ്ററുകളെക്കുറിച്ച് തന്നെ.
ഒരു സിംഗിൾ ഫേസ് ഗാർഹിക കണൿഷന്റെ കാര്യം പരിശോധിക്കുകയാണെങ്കിൽ രണ്ട് സർജ് പ്രൊട്ടക്റ്റർ മോഡ്യൂളുകൾ ഉൾപ്പെടുന്ന ടൈപ്പ് -1 / ടൈപ്പ് 2 ഡിവൈസുകൾ ഉപയോഗിക്കുന്നു. അതായത് ഇവ കണക്റ്റ് ചെയ്യുന്നത് മെയിൻ സ്വിച്ചിനു ശേഷം ഒരെണ്ണം ഫേസിനും എർത്തിനും ഇടയ്ക്കും മറ്റൊരെണ്ണം ന്യൂട്രലിനും എർത്തിനും ഇടയ്ക്കും ആയിരിക്കും. അതായത് ഫേസ് ലൈൻ വഴിയോ ന്യൂട്രൽ ലൈൻ വഴിയോ ഹൈ വോൾട്ടേജ് സർജ് വന്നാൽ ഉടൻ തന്നെ ഇവ മറ്റ് ഉപകരണങ്ങളിലേക്ക് എത്താൻ അനുവദിക്കാതെ ഭൂമിയിലേക്ക് എർത്ത് ലൈൻ വഴി ഡിസ്ചാർജ് ചെയ്യുന്നു. പൊതുവേ റിപ്ലേസ് ചെയ്യാവുന്ന മോഡ്യൂൾ രൂപത്തിൽ ആണ്‌ സർജ് പ്രൊട്ടക്റ്ററുകൾ വിപണിയിൽ ഉള്ളത്. ഇത്തരം മോഡ്യൂളുകളുടെ ഉള്ളിൽ അവയൂടെ റേറ്റിംഗ് അനുസരിച്ച് മെറ്റൽ ഓക്സൈഡ് വാരിസ്റ്റർ / ഗ്യാസ് ഡിസ്ചാർജ് ട്യൂബുകൾ തുടങ്ങിയവയും അവയ്ക്കും താങ്ങാൻ ആകാത്ത തരത്തിൽ ഉള്ള ഉയർന്ന വൈദ്യുത പ്രവാഹം ഉണ്ടായാൽ ഫ്യൂസ് പോലെ ചൂടായി കണൿഷൻ വിച്ഛേദിച്ച് സ്വയം സംരക്ഷിക്കപ്പെടുന്ന സംവിധാനങ്ങളും മോഡ്യൂളിന്റെ ആയുസ്സ് സൂചിപ്പിക്കുന്ന ഇൻഡിക്കേറ്ററുകളും മറ്റും ഉൾക്കൊള്ളുന്നതായിരിക്കും. ചില സർജ് പ്രൊട്ടക്റ്റർ ഡിവൈസുകളിൽ റിമോട്ട് മോണിറ്ററിംഗ് സംവിധാനങ്ങളും ഉൾക്കൊള്ളുന്നു.
ഇത്തരത്തിൽ ഒരു സർജ് പ്രൊട്ടക്റ്റർ മോഡ്യൂൾ വച്ചതുകൊണ്ട് മാത്രം പൂർണ്ണമായ സംരക്ഷണം കിട്ടിക്കോളണമെന്നില്ല. ഗാർഹിക വയറിംലെ വിവിധ സെൿഷനുകളിൽ ടൈപ് 2 / ടൈപ് -3 ഡിവൈസുകളുടെയും കോമ്പിനേഷനുകളും ബ്ലോക്കിംഗ് ഇൻഡക്റ്ററുകളുമെല്ലാം അധികമായി ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട സംരക്ഷണം ഉറപ്പ് വരുത്താം. അതോടൊപ്പം തന്നെ വളരെ സർജ് സെൻസിറ്റീവ് ആയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ആവശ്യമെങ്കിൽ സ്വിച്ച് ബോർഡുകളിൽ തന്നെ ഘടിപ്പിക്കാവുന്ന സർജ് പ്രൊട്ടക്ഷൻ ഡിവൈസുകളും ഉപയോഗിക്കുന്നത് നല്ലതാണ്‌.
ഒപ്റ്റിക്കൽ ഫൈബർ അല്ലാത്ത കേബിൾ ടി വി സംവിധാനം ആണെങ്കിൽ അത്തരം കേബിളുകളിൽ ഉപയോഗിക്കാൻ കഴിയുന്ന തരം സർജ് പ്രൊട്ടക്റ്ററുകൾ ഉണ്ട്. ഫൈബർ ഒപ്റ്റിക് ഇന്റർനെറ്റ് / ടെലിവിഷൻ കണൿഷനുകൾ ഇടിമിന്നൽ ഏൽക്കുന്നതല്ല. അതുപോലെ സോളാർ റൂഫ് ടോപ് പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഡി സി സർജ് പ്രൊട്ടൿഷൻ ഡിവൈസുകൾ പാനലുകളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കേണ്ടതാണ്‌.

📌 എർത്തിംഗിന്റെ പ്രാധാന്യം

വെറുതേ സർജ് പ്രൊട്ടക്റ്റർ ഡിവൈസുകൾ ഉപയോഗിച്ചതുകൊണ്ട് മാത്രം ആയില്ല നല്ല രീതിയിലുള്ള എർത്തിംഗ് അല്ല എങ്കിൽ ഇതുകൊണ്ട് ഉദ്ദേശിച്ച പ്രയോജനം ലഭിക്കുകയില്ല. പൊതുവേ വീടുകളിൽ ഒരു ജി ഐ പൈപ്പോ കോപ്പർ റോഡോ മണ്ണിലേക്ക് കുഴിച്ചിടുന്ന തരത്തിലുള്ല എർത്തിംഗ് സിസ്റ്റം വേണ്ട രീതിയിലുള്ള സുരക്ഷിതത്വം നൽകുന്നതായിരിക്കില്ല. എർത്തിംഗിനെക്കുറിച്ച് മുൻപ് എഴുതിയിട്ടുണ്ട് (ലിങ്ക് കമന്റിൽ) . വിലപിടിപ്പുള്ള ഗാർഹിക ഉപകരണങ്ങളുടെ സംരക്ഷണം പരമപ്രധാനമായി കാണുന്നു എങ്കിൽ മെച്ചപ്പെട്ട എർത്തിംഗിനായി ഒന്നിലധികം എർത്ത് പിറ്റുകൾ ആവശ്യമായി വരാറുണ്ട്. ലൈറ്റ്നിംഗ് അറസ്റ്ററിന്റെയും മെയിൻ സപ്ലെയുടെയും എർത്തിംഗുകൾ ഒരിക്കലും ഒരുമിച്ച് ചേർക്കരുത്. അവ തമ്മിൽ നിശ്ചിത ദൂര പരിധിയും ഉറപ്പാക്കണം.

📌 ഇടിമിന്നൽ ഉണ്ടാകാൻ സാദ്ധ്യത ഉള്ളപ്പൊൾ തന്നെ മെയിൻ സ്വിച്ച് / MCB/ RCCB ഇവയൊക്കെ ഡിസ്കണക്റ്റ് ചെയ്തിട്ടാൽ പൂർണ്ണ സുരക്ഷിതത്വം കിട്ടില്ലേ ?

ഇടീമിന്നലിൽ നിന്ന് ഗാർഹിക ഉപകരണങ്ങളെ സംരക്ഷിക്കാനുള്ള ഏറ്റവും ഫലപ്രദമായതും ചെലവ് കുറഞ്ഞതുമായ മാർഗ്ഗമാണ്‌ ഇത്തരത്തിൽ മെയിൻ സ്വിച്ച് തന്നെ ഓഫ് ചെയ്തിട്ട് വീടിനെ ഐസൊലേറ്റ് ചെയ്യുക എന്നത്. പക്ഷേ ഇവിടെയും അപകട സാദ്ധ്യതകൾ ഉണ്ട്. വളരെ ശക്തമായ സർജ് ആണെങ്കിൽ വീടിൻ അധികം ദൂരെ അല്ലാതെ ഉണ്ടാകുന്ന ശക്തമായ ലൈറ്റ്‌‌നിംഗ് സ്ട്രൈക്കുകൾ. സ്വിച്ചുകളുടെ ഗ്യാപ്പ് മറികടന്നും ഉപകരണങ്ങളിലേക്ക് എത്താനുള്ള സാദ്ധ്യതയുണ്ട്. അത്തരത്തിൽ സംഭവിക്കാറുമുണ്ട്. ഇവിടെ ഉപകരണങ്ങൾ പ്ലഗ്ഗിൻ ചെയ്തിട്ടിരിക്കുകയാണെങ്കിൽ അവയെ തകരാറിലാക്കാൻ സാഹചര്യമൊരുങ്ങുന്നു. അതുകൊണ്ട് ഏറ്റവും സുരക്ഷിതമാകണമെങ്കിൽ പ്ലഗ്ഗിൽ നിന്നും ഉപകരണങ്ങൾ ഊരി ഇടുക തന്നെ വേണം. പക്ഷേ ഇടിമിന്നൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം പണികൾക്ക് തുനിയാതിരിക്കുക. മെയിൻ സ്വിച്ചിന്റെ കാര്യം പറയുമ്പോൾ എടുത്ത് പറയേണ്ട പ്രധാനപ്പെട്ട ഒരു കാര്യം ഉണ്ട്. ലിവർ ഒക്കെയുള്ള പഴയ ടൈപ്പ് മെയിൻ സ്വിച്ചുകൾ ആണ്‌ ഐസൊലേറ്റ് ചെയ്യുന്ന കാര്യത്തിൽ MCB യേക്കാൾ കൂടുതൽ ഗുണകരം. MCB യിലും RCCB യിലുമെല്ലാം കോണ്ടാക്റ്റുകൾ വളരെ അടുത്ത് ആയതിനാലും ഇവയിലെ ഇൻസ്റ്റുലേറ്റർ പി വി സി / പ്ലാസ്റ്റിക് ആയതിനാലും ഓഫ് ആയിരുന്നാലും അല്പം ശക്തമായ സർജ് ഈ ഗ്യാപ്പ് മറികടക്കാൻ ശേഷി ഉള്ലവ ആയിരിക്കും. അതേ സമയം ലിവർ ടൈപ്പ് മെയിൻ സ്വിച്ചുകൾക്കുള്ളിൽ ഓൺ ഓഫ് കോണ്ടാക്റ്റുകൾക്കിടയിലെ വിടവ് കൂടുതൽ ആയതിനാലും ഇവയ്കിടയിൽ ഉപയോഗിച്ചിരിക്കുന്ന ഇൻസുലേറ്റർ സെറാമിക് / പോഴ്സലൈൻ ആയതിനാലും താരതമ്യേന വിധം ശക്തമായ സർജുകൾക്ക് പോലും സ്വിച്ച് ഓഫ് ആയിരിക്കുന്ന സാഹചര്യത്തിൽ ഉപകരണങ്ങളിലേക്ക് എത്തുന്നത് തടയാൻ കഴിയുന്നു .
ഇടിമിന്നൽ ഉള്ളപ്പോൾ മെയിൻ സ്വിച്ച് ഓഫ് ചെയ്യാൻ പോകുന്നത് പലപോഴും പ്രായോഗികമായി ചെയ്യാൻ കഴിയാത്തതാണ്‌. കാരണം വളരെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഇടിമിന്നലുകൾ, രാത്രി ഉറങ്ങുമ്പോൾ ഉണ്ടാകുന്നവ, നമ്മൾ വീട്ടിൽ ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ ഉണ്ടാകുന്നവയൊക്കെ ഈ മാർഗ്ഗത്തിലൂടെ പ്രതിരോധിക്കാൻ കഴിയില്ല. അതുപോലെ ഇടീമിന്നൽ മാത്രമല്ല സർജ്ജ് ഉണ്ടാക്കുന്നത് മറിച്ച് ഒരു 11 കെവി ലൈൻ പൊട്ടി വീഴുകയോ അല്ലെങ്കിൽ ന്യൂട്രൽ മുറിഞ്ഞ് അതിലേക്ക് മറ്റൊരു ഫേസ് കയറി വരികയോ ഒക്കെ ചെയ്താലും ഗാർഹികോപകരണങ്ങൾ തകരാറിലാകാം. ഇത്തരം സാഹചര്യം എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്നിരിക്കെ സർജ് പ്രൊട്ടൿഷൻ ഡിവൈസുകൾ അധിക സംരക്ഷണം നൽകുന്നു.

📌 സ്റ്റബിലൈസറുകൾ ഇടിമിന്നലിൽ നിന്ന് സംരക്ഷണം നൽകുമോ ?

ഇല്ല. വോൾട്ടേജ് സ്റ്റബിലൈസറുകൾ ഹൈവോൾട്ടേജ് സർജുകളിൽ നിന്ന് സംരക്ഷണം നൽകാനായി നിർമ്മിക്കപ്പെട്ടവയല്ല. പൊതുവേ സ്റ്റബിലൈസറുകളിൽ ലോ / ഹൈ വോൾട്ടേജ് കട്ടോഫ് സംവിധാനങ്ങൾ മാത്രമേ ഉണ്ടാകാറുള്ളൂ. അതും മൈക്രോ സെക്കന്റുകൾ മാത്രം നീണ്ട് നിൽക്കുന്ന സർജിനെ പ്രതിരോധിക്കാൻ കഴിവുല്ല തരത്തിൽ ഉള്ലവ ആയിരിക്കില്ല. സർജ് പ്രൊട്ടക്ഷൻ സംവിധാനം കൂടി ഉള്ള സ്റ്റബിലൈസറുകൾ ആണെങ്കിൽ സുരക്ഷിതത്വം നൽകുന്നു എന്ന് പറയാം.

📌 ഇടിമിന്നൽ ഉള്ള സാഹചര്യത്തിൽ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് ഇൻവെർട്ടറിൽ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് സുരക്ഷിതമാണോ ?

ഓൺലൈൻ ക്ലാസുകളും വർക്ക് ഫ്രം ഹോം ഒക്കെയായി വീട്ടിൽ കഴിയുമ്പോൾ ഇടിമിന്നലിനെ പേടിച്ച് ജോലി ചെയ്യാതിരിക്കാൻ കഴിയില്ലല്ലോ. അപ്പോൾ പൊതുവേ മിക്കവരും ചെയ്തു വരുന്ന ഒന്നാണ്‌ MCB യും RCCB യും ഓഫ് ചെയ്ത് ഇൻവെർട്ടർ ഓൺ ചെയ്ത് ബാറ്ററി ബാക്കപ്പിൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക എന്നത്.
പ്രത്യക്ഷത്തിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് തോന്നുമെങ്കിലും ഇതിലും അപകട സാദ്ധ്യതകൾ ഉണ്ട്. പ്രധാനമായും നേരത്തേ സൂചിപ്പിച്ചത് തന്നെ. അതായത് MCB യുടേയും RCCB യുടേയുമൊക്കെ സിച്ചിംഗ് കോണ്ടാക്റ്റുകൾക്കിടയിലൂടെ സർജ് കറന്റ് ഓഫ് ആയാലും ഒഴുകാനുള്ള സാദ്ധ്യതകൾ ഉണ്ട്. അതിനാൽ ഇടിമിന്നൽ ഉണ്ടെങ്കിലും ഇൻവെർട്ടർ അത്യാവശ്യമായി ഉപയോഗിക്കേണ്ടീ വരുന്നവർ അഡീഷണൽ ആയി ഒരു മെയിൻ സ്വിച്ച് കൂടി ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഒന്നു കൂടി സുരക്ഷിതത്വം ഉറപ്പാകാനായി മെയിൻ സപ്ലെ ഇൻവെർട്ടറിലേക്ക് നൽകുന്ന സോക്കറ്റിൽ നിന്നും പ്ലഗ് ഡിസ്കണക്റ്റ് ചെയ്ത ശേഷം ഇൻവെർട്ടർ ഔട്പുട്ട് തിരികെ മെയിൻ വയറിംഗിലേക്ക് നൽകാതെ അത്യാവശ്യമായി പ്രവർത്തിപ്പിക്കേണ്ട ഉപകരണത്തിലേക്ക് മാത്രം നേരിട്ട് നൽകുന്ന രീതി ആയിരിക്കും കൂടുതൽ മെച്ചപ്പെട്ട സുരക്ഷിതത്വം നൽകുന്നത്. സർജ് പ്രൊട്ടക്ഷൻ ഡിവൈസുകളും നല്ല എർത്തിംഗുമെല്ലാം ഉണ്ടെങ്കിൽ പരമാവധി സുരക്ഷിതത്വത്തോടെ തന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് ഇൻവെർട്ടറിൽ ഗാർഹിക ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ആകുന്നതാണ്‌.