Sujith Kumar
ട്രയിനുകളിൽ മൊബൈൽ ഫോൺ ചാർജ്ജ് ചെയ്തുകൊണ്ട് ഉപയോഗിക്കാൻ ശ്രമിച്ചാൽ ടച് സ്ക്രീൻ പ്രവർത്തനക്ഷമമല്ലാതാകുന്നത് കണ്ടിട്ടില്ലേ? മൊബൈൽ ഫോൺ സ്ക്രീനുകൾ മാത്രമല്ല ലാപ് ടോപ്പുകളുടെ ടച് പാഡും പ്രവർത്തിക്കാതാവുന്നതായി കാണാം. എന്തായിരിക്കും ഇതിനു കാരണം?
ചിലർ പറയും ട്രയിനിലെ ചാർജ്ജിംഗ് സോക്കറ്റിനു എർത്ത് ഇല്ലാത്തതുകൊണ്ടാണെന്ന്. നിങ്ങളുടെ മൊബൈൽ ഫോൺ ചാർജ്ജറിനു എർത്ത് പിൻ ഉണ്ടോ ? ഇല്ലല്ലോ അപ്പോൾ ആ നിരീക്ഷണത്തിൽ അർത്ഥമില്ലെന്ന് കാണാം . ഇനി ഒരു കാര്യം ശ്രദ്ധിച്ചാൽ മനസ്സിലാകും എല്ലാ ചാർജ്ജറുകളും ഇത്തരത്തിൽ പ്രശ്നമുണ്ടാക്കുന്നില്ല, എല്ലാ ട്രയിനുകളീലും ഇത്തരം പ്രശ്നങ്ങളില്ല, ട്രയിനുകളിൽ തന്നെ ചില അവസരങ്ങളിൽ മാത്രം പ്രശ്നം . എന്താണ് ഇതിനർത്ഥം – ഒന്ന് ഉറപ്പ് പ്രശ്നക്കാരൻ ട്രയിനിലെ പവർ സപ്ലെ തന്നെ. കാരണം ഇതേ ചാർജ്ജറുകൾ നമ്മൾ വീടുകളിൽ ഉപയോഗിക്കുമ്പൊൾ യാതൊരു കുഴപ്പവും ഉണ്ടാകുന്നില്ലല്ലോ.
ഇപ്പോഴുള്ള സ്മാർട്ട് ഫോൺ ടച് സ്ക്രീനുകളെല്ലാം കപ്പാസിറ്റീവ് ടച് സ്ക്രീനുകൾ ആണെന്ന് അറിയാമല്ലോ അതായത് നമ്മൾ വിരൽ കൊണ്ട് തൊടുന്ന സ്ക്രീനിലെ ഭാഗത്ത് കപ്പാസിറ്റൻസിൽ ഉണ്ടാകുന്ന വ്യത്യാസം തിരിച്ചറിഞ്ഞ് എവിടെയാണ് തൊട്ടത് എന്ന് മനസ്സിലാക്കുന്ന വിദ്യ. ഈ കപ്പാസിറ്റീവ് ടച് സ്ക്രീൻ പ്രവർത്തിക്കുന്നത് ഒരു റഫറൻസ് വോൾട്ടേജിന്റെ അടിസ്ഥാനത്തിലാണ്. അതായത് നിങ്ങൾ സ്ക്രീനിൽ തൊടുമ്പോൾ സ്ക്രീൻ കപ്പാസിറ്റർ ടെർമിനൽ വോൾട്ടേജിൽ ചെറിയൊരു വ്യതിയാനം ഉണ്ടാകുന്നു, അത് സ്പർശനം ആയി തിരിച്ചറീയുന്നു. സാധാരണ ഗതിയിൽ ബാറ്ററിയിൽ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുമ്പോൾ ഈ റഫറൻസ് വോൾട്ടേജുകൾ എല്ലായ്പ്പോഴും ഒരുപോലെ ആയിരിക്കും .
പക്ഷേ ചാർജ്ജറുകൾ കണക്റ്റ് ചെയ്ത് ഉപയോഗിക്കുമ്പോൾ ചാർജ്ജറുകളിൽ നിന്നുള്ള നോയ്സ് പൾസുകൾ ഈ റഫറൻസ് വോൾട്ടേജിനെയും സ്ക്രീൻ കപ്പാസിറ്റൻസിനെയും സ്വാധീനിക്കുന്നു. ട്രാവൽ ചാർജ്ജറുകൾ എന്നറിയപ്പെടുന്ന നമ്മുടെ മൊബൈൽ ചാർജ്ജറുകൾ എല്ലാം ഒരു നിശ്ചിത ഇൻപുട്ട് വോൾട്ടേജ് റേഞ്ചിൽ പരമാവധി നോയ്സ് പൾസുകൾ ഒഴിവാക്കി മൊബൈൽ ഫോണിന്റെ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ പവർ സപ്ലേ നൽകത്തക്ക രീതിയിൽ ആയിരിക്കും ഡിസൈൻ ചെയ്തിരിക്കുക. സാധാരണ ട്രാവൽ ചാർജ്ജറുകൾ 110 വോൾട്ട് മുതൽ 240 വോൾട്ട് വരെയുള്ള വിവിധ ഇൻപുട് വോൾട്ടേജുകളിൽ കുഴപ്പം കൂടാതെ പ്രവർത്തിക്കുന്ന രീതിയിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ റേഞ്ചിൽ വ്യത്യാസം വരുമ്പോഴും പവർ സപ്ലെയിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോഴും സ്മാർട് ഫോൺ സ്ക്രീനുകളുടെ കപ്പാസിറ്റൻസ് സെൻസ് ചെയ്തുകൊണ്ടുള്ള പ്രവർത്തനം താറുമാറാകുന്നു. ട്രയിൻ ചാർജ്ജിംഗ് സോക്കറ്റുകളുടെ കാര്യത്തിലും സംഭവിക്കുന്നത് ഇതു തന്നെ.
ട്രയിനുകളിൽ 110 വോൾട്ട് ഡി സി ആണ് ലൈറ്റ്, ഫാൻ തുടങ്ങിയവയ്ക്കായി ഉപയോഗപ്പെടുത്തുന്നതെന്ന് അറിയാമല്ലോ. പല ട്രയിനുകളിലും പല തരത്തിൽ ആണ് ഈ ഡി സി വോൾട്ടേജ് ഉണ്ടാക്കുന്നത്. സെൽഫ് ജനറേറ്റിംഗ് (SG) കോച്ചുകൾ എന്നറിയപ്പെടുന്ന സംവിധാനത്തിൽ ഓരോ ബോഗിയിലും പ്രത്യേകം ഡി സി ജനറേറ്ററുകൾ ചക്രങ്ങളുമായി വി ബെൽറ്റ് വഴി ബന്ധിപ്പിച്ചിരിക്കും. എയർ കണ്ടീഷൻഡ് കോച്ചുകളിൽ 24 കിലോവാട്ടും നോൺ ഏ സി കോച്ചുകളിൽ ഇത് 4.5 കിലോവാട്ടും ആണ് ഇതിന്റെ കപ്പാസിറ്റി. ഇത്തരത്തിലുള്ള ജനറേറ്ററുകൾ ഒരു ബാറ്ററി ബാങ്കിനെ ചാർജ്ജ് ചെയ്യുകയും ട്രയിനിന്റെ വേഗത കുറയുന്ന അവസരങ്ങളീലും നിർത്തിയിട്ട അവസരങ്ങളീലും ഈ ബാറ്ററിയിൽ നിന്നുള്ള വൈദ്യുതി ബാക്കപ് ആയി ഉപയോഗിക്കുകയും ചെയ്യുന്നു. പൊതുവേ സാധാരണ ട്രയിനുകളീൽ എല്ലാം ഈ സംവിധാനം ആണ് നിലവിലുള്ളത്.
രാജധാനി, ദുരന്തോ, ഗരീബ് രഥ്, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രയിനുകളിൽ End On Generation എന്ന രീതിയിൽ ഉള്ള പവർ സപ്ലെ സിസ്റ്റം ആണ് നിലവിലുള്ളത്. ഇതിൽ മൊത്തം ട്രയിൻ പവർ സപ്ലെയ്ക്കായി പ്രത്യേകം ജനറേറ്റർ പവർ കാറുകൾ ഉപയോഗിക്കുന്നു. 750 KVA യുടെ രണ്ട് പവർ കാറുകൾ ആണ് ഇത്തരത്തിൽ ട്രയിനിലെ എല്ലാ വൈദ്യുതാവശ്യങ്ങൾക്കും ഉള്ള പവർ നൽകുന്നത്. മെമു ലോക്കൽ ഇലക്ട്രോ ലോക്കോമോട്ടീവുകളിൽ എഞ്ചിനോട് ചേർന്ന് പ്രത്യേക ട്രാൻസ്ഫോർമറുകൾ ഉപയോഗിച്ച് മൊത്തം ട്രയിനിനാവശ്യമായ പവർ സപ്ലെ നൽകുന്ന Head on Generation എന്ന സംവിധാനവും നിലവിലുണ്ട്.
ഇതൊന്നുമല്ലാതെ ചില ട്രയിനുകളീൽ ആദ്യം സൂചിപ്പിച്ച രണ്ടു മാർഗ്ഗങ്ങളും കൂട്ടിച്ചേർത്തുകൊണ്ടുള്ള ഹൈബ്രിഡ് സംവിധാനങ്ങളുമുണ്ട്, നമ്മുടെ വിഷയം ചാർജ്ജിംഗ് സോക്കറ്റുകൾ ആണല്ലോ. മൊബൈൽ ചാർജ്ജിംഗ് പോയന്റുകൾ ട്രയിനുകളിൽ വരാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ലല്ലോ. ട്രയിനിലെ ചാർജ്ജിംഗ് സോക്കറ്റുകളും പല തരത്തിൽ ഉള്ളവ ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ പൊതുവേ സ്വിച് ബോഡിനോട് ചേർന്ന് അനുയോജ്യമായ റേറ്റിംഗിൽ ഉള്ള ചെറിയ ഒരു 110 വോൾട്ട് DC to 110 V AC ഇൻവെർട്ടറോടു കൂടീയ ചാർജിംഗ് പോയന്റുകൾ ആണ് വരാറ്. ഒരോ ബോഗിക്കായും പ്രത്യേകം 110 വോൾട്ട് ഇൻവെർട്ടർ ഉള്ള സംവിധാനവും ഉണ്ട്. ട്രാവൽ ചാർജ്ജറുകൾ 110 വോൾട്ട് എന്ന ലോവർ റേഞ്ചിലും പ്രവർത്തിക്കുന്നതിനാൽ മൊബൈൽ ചാർജ് ആകും.
പക്ഷേ ഈ ചാർജ്ജിംഗ് സോക്കറ്റുകളിലെ കുറഞ്ഞ വോൾട്ടേജും അത്ര ഉന്നത ഗുണനിലവാരമുള്ള ഇൻവെർട്ടറുകൾ അല്ല ഉപയോഗിക്കുന്നത് എന്നതിനാലും ട്രാവൽ ചാർജ്ജറൂകൾ ഏകദേശം കയ്യാലപ്പൂറത്തെ തേങ്ങയുടെ അവസ്ഥയിൽ ആയിരിക്കും പ്രവർത്തിക്കുക. ആദ്യം സൂചിപ്പിച്ച സെൽഫ് ജനറേറ്റിംഗ് ബോഗികൾ ആണെങ്കിൽ പ്രശ്നങ്ങൾ അധികരിക്കുന്നു. കാരണം സെൽഫ് ജനറേറ്റിംഗ് കോച്ചുകളിൽ ട്രയിനിന്റെ വേഗത കുറയുമ്പോഴും നിർത്തി ഇട്ടീരിക്കുമ്പോഴും ജനറേറ്റ് ചെയ്യുന്ന പവർ വ്യത്യാസപ്പെടുന്നു. നിർത്തി ഇട്ടീരിക്കുമ്പോൾ ബാറ്ററികൾ നൽകുന്ന ഊർജ്ജം ആയതിനാലും ഇവ ശരിയായരീതിയി പരിപാലിക്കാത്തതിനാലും പണ്ടേ ദുർബല ആയ ചാർജിംഗ് സോക്കറ്റുകളുടെ പ്രവർത്തനം അവതാളത്തിലാകുന്നു. പലപ്പോഴും ചാർജീംഗ് സോക്കറ്റുകളീൽ വോൾട്ടേജ് 110 വോൾട്ടീലും താഴെ പോകുന്നു. നോയ്സ് കൂടുന്നു. അങ്ങനെ നമ്മൂടെ മൊബൈൽ ഫോൺ സ്ക്രീനുകൾക്ക് തിരിച്ചറിയൽ ശേഷി നഷ്ടമാകുന്നു.
രാജധാനി ശതാബ്ദി ട്രയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് പൊതുവേ ഈ പ്രശ്നം അനുഭവപ്പെടാറില്ല. ഇത് ട്രയിനുകളുടെ കാര്യം മാത്രമല്ല നമ്മുടെ വീടുകളിൽ വളരെ ലോ വോൾട്ടേജിൽ ട്രാവൽ ചാർജ്ജറുകൾ പ്ലഗ് ചെയ്ത് ഉപയോഗിച്ച് നോക്കൂ. ടച് സ്ക്രീനുകളിൽ ഇതേ കുഴപ്പം കാണാൻ കഴിയും . ചില കമ്പ്യൂട്ടർ യു എസ് ബി സോക്കറ്റുകളിൽ കണക്റ്റ് ചെയ്ത് ചാർജ്ജ് ചെയ്യുമ്പോഴും ഈ പ്രശ്നം കാണാനാകും., ഗുണനിലവാരമില്ലാത്ത എസ് എം പി എസ് ആണ് ഇവിടത്തെ വില്ലൻ.. ചില നല്ല ചാർജ്ജറുകൾക്ക് വളരെ താഴ്ന്ന വോൾട്ടേജിലും നോയ്സ് പൾസുകളെ ഒക്കെ അകറ്റി നന്നായി പ്രവർത്തിക്കാൻ കഴിയും . അതുകൊണ്ടാണ് ചാർജ്ജറുകൾ മാറ്റുമ്പോൾ ചിലപ്പോൾ ഈ കുഴപ്പം പരിഹരിക്കപ്പെടുന്നത്.
ഇതിനെന്താണൊരു പരിഹാരം: തൽക്കാലം പരിഹാരങ്ങളൊന്നുമില്ല.. ഒന്നുകിൽ ചാർജ്ജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉപയോഗിക്കാതിരിക്കുക. ചാർജിംഗ് സോക്കറ്റിൽ നിന്നും ഊരി അല്പ നേരം വച്ചതിനു ശേഷം ഉപയോഗിച്ചാൽ ഈ പ്രശ്നം മാറുന്നതാണ്. അല്ലെങ്കിൽ ഒരു പവർ ബാങ്ക് ഉപയോഗിക്കുക. പവർ ബാങ്ക് ചാർജ്ജ് ചെയ്യാൻ ചാർജ്ജിംഗ് സോക്കറ്റ് ഉപയോഗിക്കാവുന്നതാണ്.