ലോകാരോഗ്യ സംഘടനയുടെ തലവന്റെ വാക്കുകൾ ആണ്‌, കൊറോണയേ നേരിടാൻ ചെലവഴിക്കുന്നതിലും വലിയ ഊർജ്ജമാണ്‌ കൊറോണയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളെ നേരിടാനായി ഉപയോഗിക്കേണ്ടി വരുന്നത്

79

സുജിത് കുമാർ

” We’re not just fighting an epidemic; we’re fighting an infodemic” ലോകാരോഗ്യ സംഘടനയുടെ തലവന്റെ വാക്കുകൾ ആണ്‌ ഇവ. കൊറോണയേ നേരിടാൻ ചെലവഴിക്കുന്നതിലും വലിയ ഊർജ്ജമാണ്‌ കൊറോണയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളെ നേരിടാനായി ഉപയോഗിക്കേണ്ടി വരുന്നത്. കൊറോണാ വൈറസ് പരക്കുന്നതിനു സമമായ രീതിയിൽ ആണ്‌ വ്യാജ വാർത്തകൾ പരക്കുന്നതും വാർത്തകൾ വ്യാജ വാർത്തകളായി മ്യൂട്ടേഷൻ സംഭവിച്ചുകൊണ്ടിരിക്കുന്നതും. അതുകൊണ്ട് തന്നെ പ്രധാന സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളെല്ലാം ലോകാരോഗ്യ സംഘടനയുമായി കൈകോർത്തുകൊണ്ട്‌ ഇക്കാര്യത്തിൽ കാര്യമായ ശ്രദ്ധ ചെലുത്തിതുടങ്ങിയിട്ടുണ്ട്. പ്രത്യക്ഷത്തിൽ കാണാവുന്നത് യൂടൂബിന്റെ ഇടപെടൽ ആണ്‌. കൊറോണയുമായി ബന്ധപ്പെട്ട എല്ലാ വീഡിയോകളിലേയും മോണറ്റൈസേഷൻ ഒഴിവാക്കിയിരിക്കുന്നു. അതോടൊപ്പം തന്നെ WHO യുടെ കൊറോണാ ഇൻഫർമേഷൻ പേജിലേക്കുള്ള ഒരു ബാനറും അത്തരം വീഡീയോകളിലേക്ക് ചേർക്കുന്നു. അതായത് കൊറോണയെ വിറ്റ് കാശാക്കാമെന് ലക്ഷ്യമിട്ടിട്ടുണ്ടെങ്കിൽ നടക്കില്ല എന്നർത്ഥം. കൊറോണാ ചാകര പ്രതീക്ഷിച്ച് വലയുമായിറങ്ങിയ കണ്ടന്റ് ക്രിയേറ്റേഴ്സിന്‌ വലിയൊരു അടിയായിരിക്കുകയാണ്‌ അത്. എങ്കിലും പ്രാദേശിക ഭാഷകളിലെ കണ്ടന്റുകൾ ഇപ്പോഴും അവരുടെ അൽഗോരിതത്തിനു കണ്ടെത്താനായിട്ടില്ല എന്നു തോന്നുന്നു. അൽഗോരിതത്തിൽ പഴുതുകൾ ഉള്ളതിനാൽ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളുടെ പ്രാദേശിക ഭാഷാ ചുമതലയുള്ളവർ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. അതോടൊപ്പം തന്നെ കൊറോണയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള പ്രത്യേക സംവിധാനം താൽക്കാലികമായെങ്കിലും ഇത്തരം പ്ലാറ്റ് ഫോമുകളിൽ കൊണ്ടുവരേണ്ടതുമാണ്‌.