തുപ്പൽ തൊട്ട് നോട്ടെണ്ണുന്ന ശീലം ഉള്ളവരുടെ നാട്ടിൽ ഇത്തരം ആപ്പുകൾ നല്ലതാണ്

59

സുജിത് കുമാർ

ഒരു മാസം ആയി കറൻസി നോട്ടുകൾ കൈകൊണ്ട് തൊട്ടിട്ട്. ഇപ്പോൾ എല്ലാ ഇടപാടുകളും യു പി ഐ ആപ്പുകൾ ആയ ഫോൺ പേ / ഭീം വഴി ആണ്‌. കേരളത്തിനു പുറത്ത് യു പി ഐ ആപ്പുകൾക്ക് വലിയ പ്രചാരമാണുള്ളത്. ഉന്തുവണ്ടിയിൽ പച്ചക്കറി കോണ്ടുനടന്നു വിൽക്കുന്നവരും തെരുവു കച്ചവടക്കാരുമെല്ലാം പേയ്മെന്റിനായി ക്യു ആർ കോഡുകൾ പ്രിന്റ് ചെയ്ത ബൊഡുകൾ പ്രദർശിപ്പിച്ചിരിക്കുന്നത് എല്ലായിടത്തും കാണാനാകും. ഡിജിറ്റൽ എക്കോണമി കൊണ്ടുവരാനായി എന്ന് പിന്നീട് ന്യായീകരിക്കപ്പെട്ട നോട്ട് നിരോധനത്തിലൂടെ തല്ലിപ്പഴുപ്പിക്കപ്പെട്ടതുകൊണ്ട് മാത്രമല്ല അത് ഉണ്ടായത് മറിച്ച് വൻ ക്യാഷ് ബാക്കുകളിലൂടെയും ഓഫറുകളിലൂടെയും പ്രമുഖ യു പി ഐ ആപ്പുകൾ നടത്തിയ കാമ്പൈനുകൾ തന്നെയാണ്‌.

ഡൽഹിയിലൊക്കെ മദേഴ്സ് ഡയറിയുമായി ചേർന്നുകൊണ്ട് ഫോൺപേ 50% കാഷ് ബാക്കിന്റെ ഒരു ഓഫർ വച്ചു. യു പി ഐ എന്ന് കേട്ടിട്ടുപോലുമില്ലാത്ത സാധാരണക്കാരായ വീട്ടമ്മമാർ വരെ മത്സരിച്ച് ഇൻസ്റ്റാൾ ചെയ്ത് ഫോൺ പേ ഉപയോഗിച്ച് പാലു വാങ്ങാൻ തുടങ്ങി. അതുപോലെ ആപ്പ് ഏജന്റുമാർ കടകളിൽ കയറി ഇറങ്ങി കടയുടമകളെ ക്യാൻവാസ് ചെയ്ത് അവരുടെ ഭീതി അകറ്റി ക്യു ആർ കോഡ് ഡിസ്പ്ലെകൾ നൽകിക്കൊണ്ട് വലിയ തോതിലുള്ള മാർക്കറ്റിംഗും നടത്തിയതോടെ യു പി ഐ ഒരു തരംഗമായിമാറി. ഏത് ഉൽപ്പന്നമായാലും സർവീസ് ആയാലും ഉപയോഗിക്കുന്നവന്‌ നല്ലതെന്ന് തോന്നിയാൽ അതിന് വളരെ സ്വീകാര്യത ലഭിക്കും. യു പി ഐ ആപ്പുകളുടെ കാര്യവും അതു തന്നെ.

ഈ കോവിഡ് കാലത്ത് യു പി ഐ ആപ്പുകൾക്ക് വലിയ പ്രസക്തിയുണ്ട്. സോഷ്യൽ ഡിസ്റ്റൻസിംഗ് ആണ്‌ കോവിഡിനെ പ്രതിരോധിക്കാനുള്ള വജ്രായുധം എന്നതിനാൽ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ചുകൊണ്ട് പണമിടപാടുകൾ നടത്താനായി യു പി ഐ ആപ്പുകളിലും നല്ലൊരു മാർഗ്ഗം വേറേ ഇല്ല. കറൻസി നോട്ടുകൾ കോവിഡ് പരത്തുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ തർക്കങ്ങൾ നിലനിൽക്കുന്നു എങ്കിലും തുപ്പൽ തൊട്ട് നോട്ടെണ്ണുന്ന ശീലം അത്രയെളുപ്പമൊന്നും ആളുകൾ മാറ്റാൻ പോകുന്നില്ല. നോട്ടുകൾ ഫലപ്രദമായി അണുവിമുക്തമാക്കാനുള്ല മാർഗ്ഗങ്ങളും ഇല്ല എന്നതിനാൽ കറൻസി നോട്ടുകൾ വഴി കോവിഡ് പടരാനുള്ള സാദ്ധ്യതകൾ കൂടുതൽ ആണ്‌. അതുപോലെ നേരിട്ടുള്ള പണമിടപാടുകൾ ആകുമ്പോൾ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കാനും പ്രയാസമാണ്‌. ക്രഡിറ്റ് കാർഡ്/ ഡബിറ്റ് കാർഡ് വഴിയുള്ള ഇടപാടുകളിലും സോഷ്യൽ ഡിസ്റ്റൻസിംഗ് അപ്രായോഗികമാണ്‌.

നോട്ട് നിരോധനത്തിനെത്തുടർന്നുണ്ടായ എതിർപ്പുകളുടെ ഫലമായോ അതോ വ്യാപാരികളുടെ അജ്ഞത മൂലമോ അതുമല്ലെങ്കിൽ യു പി ഐ ആപ്പ് കമ്പനികൾക്ക് കേരള വിപണി താല്പര്യമില്ലാഞ്ഞിട്ടോ എന്തോ ഇനിയും പ്രബുദ്ധരായ കേരളത്തിലെ വ്യാപാരികൾ യു പി ഐ വഴിയുള്ള പണമിടപാട് സേവനങ്ങൾ നൽകാൻ വിമുഖത കാണിക്കുന്നു. കേന്ദ്ര സർക്കാർ ഇതിനെ എന്തോ ഡിജിറ്റൽ മാസ് സർവലൈൻസ് ടൂൾ ആയി ഉപയോഗിക്കുമോ എന്ന ഭീതിയൊക്കെ ആയിരിക്കാം അതിനു കാരണം. നിലവിൽ തന്നെ നിങ്ങളെക്കുറിച്ചും നിങ്ങളൂടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുമൊക്കെ ആവശ്യത്തിലും കൂടുതൽ സർവലൈൻസ് നടത്താനുള്ള ഡിജിറ്റൽ വിവരങ്ങൾ സർക്കാരുകളുടെ പക്കൽ ഉണ്ട്. അതിനാൽ ആ വഴിക്കുള്ള ആശങ്കകൾക്ക് അടിസ്ഥാനമുണ്ടെന്ന് തോന്നുന്നില്ല.

സാധാരണ കറൻസി വേണ്ടെന്നോ ഡിജിറ്റൽ എക്കോണമി മാത്രം മതി എന്നോ അല്ല പറയുന്നത്. കാരണം ഡിജിറ്റൽ എക്കോണമി മാത്രം മതിയെങ്കിൽ ഒരു സാഹചര്യത്തിലും ഇന്റർനെറ്റ് കട്ട് ചെയ്യില്ല എന്ന മിനിമം ഗ്യാരണ്ടി എങ്കിലും നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണം .ഇപ്പോൾ സവിശേഷമായ ഈ അസാധാരണ സാഹചര്യത്തിൽ അതിനീവനത്തിനായി സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കാനായും കറൻസി വഴിയുണ്ടാകാൻ സാദ്ധ്യതയുള്ള കോവിഡ് വ്യാപനം തടയാനായും കോവിഡ് കാലഘട്ടത്തിലെങ്കിലും വ്യാപാര സ്ഥാപനങ്ങളിൽ യു പി ഐ ആപ്പുകൾ വഴിയുള്ള ട്രാൻസാൿഷനുകൾ പ്രോത്സാഹിപ്പിക്കണം. പരമാവധി വ്യാപാരികൾ അതിനുള്ല സംവിധാനങ്ങളുമായി മുന്നോട്ട്‌ വരണം.