സുജിത് കുമാർ
സുജിത് കുമാർ
സുജിത് കുമാർ

“നിങ്ങൾ രാവിലെ എഴുന്നേറ്റാൽ ആദ്യം ചെയ്യുന്നതെന്താണ്‌?” ഈ അടുത്ത കാലത്ത് ഒരു സ്ഥാപനം നടത്തിയ ഒരു സർവേയിലെ ചോദ്യം ആയിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ നൽകിയ ഉത്തരം.. “കണ്ണും തിരുമ്മി മൊബൈൽ ഫോൺ നോക്കുക” എന്നതായിരുന്നു. നമ്മളോരോരുത്തരുടെയും ദിനചര്യകൾ തുടങ്ങുന്നതും അവസാനിക്കുന്നതും സ്മാർട്ട് ഫോണിൽ ആയിരിക്കും. ഈ സാഹചര്യത്തിൽ വ്യക്തികളുടെ സ്വഭാവവും ആവശ്യങ്ങളുമൊക്കെ തിരിച്ചറിഞ്ഞ് അവരിലേക്ക് കൃത്യമായ പരസ്യങ്ങൾ എത്തിക്കുക എന്നത് വളരെ പ്രാധാന്യമർഹിക്കുന്നതാണ്‌. വെബ് ബ്രൗസറുകൾ വഴി ട്രാക്കിംഗ് കുക്കീസ് ഉപയോഗിച്ച് എങ്ങിനെയാണ്‌ ആളെ അറിഞ്ഞ് അത്താഴം വിളമ്പുന്നത് എന്നതിനെക്കുറിച്ച് കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞിരുന്നുവല്ലോ (https://boolokam.com/sujith-kumar-post-about-data-traking/248882). ആ പരിപാടി മൊബൈൽ ഫോണുകളുടെ കാര്യത്തിൽ അതേ പോലെ നടത്താൻ കഴിയില്ല. കാരണം മൊബൈൽ ഫോണുകളിൽ ഓരോ ആവശ്യങ്ങൾക്കായും അപ്ലിക്കേഷനുകൾ ആണ്‌ ഉപയോഗിക്കുന്നതെന്നതിനാലും ഈ ഓരോ അപ്ലിക്കേഷനുകളും അവയുടേതായ ഒരു പ്രത്യേക ചട്ടക്കൂടീനകത്ത് നിന്ന് പ്രവർത്തിക്കുന്നതിനാലും ഒരു അപ്ലിക്കേഷനിൽ നൽകുന്ന വിവരങ്ങൾ മറ്റ് അപ്ലിക്കേഷനുകൾക്കോ മൂന്നാം കക്ഷികൾക്കോ നേരിട്ട് ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ ട്രാക്കിംഗ് കുക്കീസ് പോലെയുള്ള പരിപാടികൾ മൊബൈൽ ഫോണുകളിൽ നടക്കില്ല. പിന്നെ എങ്ങിനെയാണ്‌ സ്മാർട്ട് ഫോണുകളിലും അത് ഉപയോഗിക്കുന്ന ആളുടെ അഭിരുചികൾക്കനുസരിച്ചുള്ള ബിഹേവിയറൽ റീ ടാർഗറ്റിംഗ് നടക്കുന്നത്?

പൊതുവെ നമ്മൾ ആരും നമ്മുടെ വ്യക്തി വിവരങ്ങൾ പരസ്യമാക്കാൻ മടിക്കുന്നവരാണ്‌. അതേ സമയം തന്നെ നമ്മളുമായി യാതൊരു ബന്ധവുമില്ലാതെ കടന്നു വരുന്ന പരസ്യങ്ങൾ കാണേണ്ടി വരുന്നതിൽ വളരെ അധികം അസ്വസ്ഥരും ആകാറുണ്ട്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അബ്ബാസ് കക്കൂസു കഴുകുന്ന പരസ്യം കാണേണ്ടി വരുന്ന അവസ്ഥ ടെലിവിഷനിൽ ഒഴിവാക്കാൻ കഴിയില്ലെങ്കിലും ഓൺലൈൻ ലോകത്ത് തീർച്ചയായും കഴിയും. ഭൂരിഭാഗം ആളുകളും അവനവനു താല്പര്യമുള്ള മേഖലകളിൽ ഉള്ള പരസ്യങ്ങൾ കാണാനാണ്‌ ഇഷ്ടപ്പെടുക എന്ന് തീർച്ച. പരസ്യങ്ങൾ കൂടുതൽ വ്യക്ത്യാധിഷ്ടിതം ആകുന്നത് മൊത്തത്തിൽ ഉള്ള ബ്രൗസിംഗ് എക്സീരിയൻസിലെ അരോചകത്വം കുറയാൻ സഹായകമാകുന്നു. സ്വകാര്യ വിവരങ്ങൾ പരസ്യത്തിനായി നൽകാൻ ആരും തയ്യാറാകില്ല, പക്ഷേ‌ അവനവനിഷ്ടപ്പെട്ട പരസ്യങ്ങൾ കാണുകയും വേണം. ഇത് രണ്ടും പരസ്പര വിരുദ്ധങ്ങളായ സംഗതികൾ ആണെന്നതിനാലും മനസ്സറിയുന്ന സാങ്കേതിക വിദ്യകൾ ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ എന്നതിനാലും മറ്റ് ചില മാർഗ്ഗങ്ങളിലൂടെ നിങ്ങളുടെ സ്വകാര്യതയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ വിവരങ്ങൾ അറിഞ്ഞുകൊണ്ട് നിങ്ങൾക്ക് ഇഷ്ടമായ പരസ്യങ്ങൾ കാണിക്കുക എന്നതാണ്‌ ബിഹേവിയറൽ ടാർഗറ്റിംഗിന്റെയും ബിഹേവിയറൽ റീ ടാർഗറ്റിംഗിന്റെയുമൊക്കെ അടിസ്ഥാനം.

സ്മാർട്ട് ഫോണുകൾ ഒരു അവയവം പോലെ ഒരു വ്യക്തിയുമായി ചേർന്ന് നിൽക്കുന്നതായതിനാൽ സ്വകാര്യതയെ സംബന്ധിച്ചിടത്തോളം മറ്റ് ഉപകരണങ്ങൾക്കില്ലാത്ത ഒരു തലത്തിലുള്ള പ്രാധാന്യം ഇവയ്ക്കുണ്ട്. ഈ സാഹചര്യത്തിൽ ഒരു ഉപകരണത്തെ തിരിച്ചറിഞ്ഞാൽ തന്നെ വ്യക്തിയെ തിരിച്ചറിയുന്നതുപോലെ ആയി എന്നതിനാൽ വ്യക്തിവിവരങ്ങൾ അറിയാതെ തന്നെ വ്യക്തിയുടെ ആവശ്യങ്ങൾ അറിഞ്ഞുകൊണ്ട് അതനുസരിച്ചുള്ല വ്യക്ത്യാധിഷ്ഠിത പരസ്യങ്ങൾ കാണിക്കാനുള്ള സാങ്കേതിക വിദ്യകൾ ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളിലും ആപ്പിൾ സ്മാർട്ട് ഫോണുകളിലും ഉണ്ട്. ഇവിടെ ആൻഡ്രോയ്ഡ് ഫോണുകളിൽ Google Advertising Identifier ഉം ആപ്പിൾ ഫോണുകളിൽ IDFA എന്ന Identifier For Advertisers എന്ന സംവിധാനങ്ങൾ ആണ്‌ ഇതിനായി ഉപയോഗപ്പെടുത്തുന്നത്.

നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണുകളിൽ “Advertising Id” എന്ന ഒന്ന് ഉണ്ടെന്ന് അറിയുന്നവർ തന്നെ കുറവായിരിക്കും. നിങ്ങളുടെ ഫോൺ നമ്പർ പോലെത്തന്നെ ഓരോ ആൻഡ്രോയ്ഡ് ഉപഭോക്താവിനും ഓരോ അഡ്‌‌വെർ ടൈസ്മെന്റ് ഐഡി ഗൂഗിൾ നൽകുന്നു. ഇത് യൂണിവേഴ്സൽ യുണിക്ക് ഐഡന്റിഫയർ ഫോർമാറ്റിൽ ഉള്ള , ക്രമരഹിതമായ അക്കങ്ങളും അക്ഷരങ്ങളുമൊക്കെ ഉള്ള ഒരു 128 ബിറ്റ് ഐഡി ആണ്‌. ഈ ഐഡന്റിഫിക്കേഷൻ ഐഡി നിങ്ങളുടെ വ്യക്തി വിവരങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്‌. നിങ്ങളുടെ ഓരോ ഫോണിലും വ്യത്യസ്തവും ആയിരിക്കും. ആൻഡ്രോയ്ഡ് ഫോണിലുള്ള അപ്ലിക്കേഷനുകൾ ഈ അഡ്‌‌വെർടൈസ്മെന്റ് ഐഡി ഉപയോഗിച്ചാണ്‌ നിങ്ങളുടെ അഭിരുചികളെക്കുറിച്ചൊരു ധാരണ ഉണ്ടാക്കിയെടുത്ത് അതനുസരിച്ചുള്ള പരസ്യങ്ങൾ കാണിക്കുന്നത്. ഒന്നിലധികം ആപ്പുകളിൽ ഉള്ള ഒരേ പരസ്യ സ്ഥാപനങ്ങളുടെ തന്നെ ട്രാക്കിംഗ് സ്ക്രിപ്റ്റുകൾക്ക് ഈ ഐഡി വായിക്കാനുള്ല അനുവാദം ആൻഡ്രോയ്ഡിലും ഐ ഓഎസ്സിലുമൊക്കെ ഉണ്ട്. ഇത്തരത്തിലുള്ള പൊതുവായ ഐഡി ഉപയോഗിച്ചാണ്‌ ഗൂഗിളും ഫേസ് ബുക്കും ആമസോണുമൊക്കെ ഒരു ഉപകരണത്തെ തിരിച്ചറിയുന്നത്. അല്ലാതെ അതിനായി നിങ്ങളുടെ ഈ മെയിൽ ഐഡിയോ , ഫോൺ നമ്പരോ ഫോട്ടോയോ ശബ്ദമോ ഒന്നും ആവശ്യമില്ല.

ഇനി നിങ്ങൾക്ക് ഇത്തരത്തിൽ നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള പരസ്യങ്ങൾ കാണേണ്ട ആവശ്യമില്ല എന്നു തോന്നുകയാണെങ്കിൽ ആ സംവിധാനം ഡിസേബിൾ ചെയ്യുവാനും റീസെറ്റ് ചെയ്യുവാനുമൊക്കെയുള്ള സൗകര്യങ്ങൾ ഉണ്ട്. ആൻഡ്രോയ്ഡ് ഫോണുകളിൽ ഗൂഗിൾ സെറ്റിംഗ്സിൽ “Ads” എന്ന മെനുവിൽ പോയാൽ നിങ്ങളുടെ അഡ്‌‌വെർടൈസ്മെന്റ് ഐഡി കാണാനും റീസെറ്റ് ചെയ്യാനും അഭിരുചിക്കനുസരിച്ചുള്ള പരസ്യങ്ങൾ വേണ്ട എന്ന് തീരുമാനിക്കാനുമൊക്കെ കഴിയും. ഫോണുകളിൽ ഡീഫോൾട്ട് ആയി അഡ്‌‌വെർടൈസ്മെന്റ് ഐഡി എനേബിൾ ആയിരിക്കും. കാരണം പരസ്യങ്ങൾ ആണ്‌ മിക്കവാറും എല്ലാ അപ്ലിക്കേഷനുകളുടെയും വരുമാന മാർഗ്ഗം. അതും ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള തരത്തിൽ അവർക്ക് ഗുണമുള്ള പരസ്യങ്ങൾ തന്നെ കാണിക്കുന്നതാണ്‌ കൂടുതൽ ഫലപ്രദം എന്നതിനാൽ ഇത് ഒഴിവാക്കാൻ കഴിയാത്തതാണ്‌.

സ്മാർട്ട് ഫോണുകൾ ആകുമ്പോൾ ഓരോ അപ്ലിക്കേഷനും യൂസർ പെർമിഷൻ അനുസരിച്ച് ലൊക്കേഷൻ, മെസേജുകൾ, മൈക്രോഫോൺ, കോണ്ടാക്റ്റ്സ്, സെൻസറുകൾ തുടങ്ങിയവയൊക്കെ ഉപയോഗിക്കാൻ കഴിയുന്നതിനാൽ ഉപയോഗിക്കുന്നവരെ കൂടുതൽ വ്യക്തമായി പ്രൊഫൈൽ ചെയ്യാൻ കഴിയുന്നു. ക്യാമറ മുതൽ മൈക്രോഫോൺ വരെയുള്ള കാര്യങ്ങളൊക്കെ ഈ ആപ്പുകൾക്ക് ഉപയോഗിക്കാമെന്നതിനാൽ പൊതുവേ ആളുകൾ കൃത്യമായ ടാർഗറ്റഡ് പരസ്യങ്ങൾ സ്മാർട്ട് ഫോണുകളിൽ കാണുമ്പോൾ ഇത്തരത്തിൽ സംഭാഷണ ശകലങ്ങളും ക്യാമറ ഉപയോഗിച്ചുകൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ ഉപയോഗിച്ചാണോ ഇത് സാദ്ധ്യമാകുന്നതെന്ന് തെറ്റിദ്ധരിക്കപ്പെടുന്നത് തികച്ചും സ്വാഭാവികമാണ്‌. വോയ്സ് കമാൻറ്റ് അനുസരിച്ച് പ്രവർത്തിക്കുന്ന ഗൂഗിൾ അസിസ്റ്റന്റും , ആപ്പിൾ സിരിയുമൊക്കെ വന്നതോടു കൂടി ഇതിനെ ചുറ്റിപ്പറ്റിയുള്ള ധാരാളം കോൺസ്പിരസി തിയറികളും ഇതിന്റെ ആക്കം കൂട്ടി. വോയ്സ് കമാൻഡ് അനുസരിച്ച് പ്രവർത്തിക്കുന്ന ഗൂഗിൾ അസിസ്റ്റന്റും ആപ്പിൾ സിരിയും ആമസോൺ അലക്സയും ഐബിഎം വാട്സണുമൊക്കെ പ്രവർത്തനം തുടങ്ങാനായി, OK Google, Siri, Alexa, Watson തുടങ്ങിയ കീ വേഡുകൾക്കായി എപ്പോഴും മൈക്രോഫോണുകളിൽ നിന്നുള്ള ഇൻപുട്ട് സ്വീകരിക്കാനായി കാതോർത്തിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്‌. പക്ഷേ അതുകൊണ്ട് ഈ ഉപകരണങ്ങൾ എല്ലാം നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ അവരുടെ സെർവ്വറുകളിലേക്ക് അയച്ചുകൊണ്ടിരിക്കുകയോ അല്ലെങ്കിൽ ഈ ഉപകരണങ്ങളിൽ സൂക്ഷിച്ച് വച്ചുകൊണ്ടിരിക്കുകയോ ആണെന്ന് അർത്ഥമില്ല. പക്ഷേ ഒരിക്കലും അങ്ങനെ ചെയ്യുന്നില്ല എന്നും പറയാനാകില്ല. കാരണം ഗൂഗിളും ആപ്പിളും ഫേസ് ബുക്കും ആമസോണുമെല്ലാം വ്യക്തിവിവരങ്ങൾ ഇല്ലാത്ത ചെറിയ ശബ്ദ ശകലങ്ങൾ ഈ പറയുന്ന ഉപകരണങ്ങളുടെയും അപ്ലിക്കേഷനുകളുടെയുമൊക്കെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനായി പരീക്ഷണ നിരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട് എന്ന് വെളിപ്പെടുത്തിയിട്ടുള്ളതാണ്‌. കാശു കൊടുത്ത് വാങ്ങിയ അലക്സ നിങ്ങൾ ‘ചക്ക്’ എന്ന് പറയുമ്പൊൾ ‘കൊക്ക്’ എന്ന് കേൾക്കാതിരിക്കാൻ വിവിധ ഉച്ചാരണ രീതികൾ തിരിച്ചറിഞ്ഞ് കൂടുതൽ മെച്ചെപ്പെടുത്താൻ ഇത് അത്യാവശ്യമാണ്‌. ഇത്തരത്തിൽ ശബ്ദ ശകലങ്ങൾ ചില അവസരങ്ങളിൽ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നെതിനെ പരസ്യവുമായി കൂട്ടി വായിക്കുമ്പോൾ ആണ്‌ കോൺസ്പിരസി തിയറികൾ ഉണ്ടാകുന്നത്. വിവിധ സ്വതന്ത്ര സുരക്ഷാ ഏജൻസികൾ ഈ പറയുന്ന കാര്യങ്ങൾ പരിക്ഷണ നിരീക്ഷണങ്ങളിലൂടെ പരിശോധിക്കുകയും ഗൂഗിളും ഫേസ് ബുക്കും ആമസോണുമൊക്കെ വ്യക്തികളുടെ ശബ്ദ ശകലങ്ങൾ പരസ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു എന്നതിൽ യാദൃച്ഛികതകൾക്ക് അപ്പുറം മറ്റൊന്നുമില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. ( ഒരു റഫറൻസ് : https://www.bbc.com/news/technology-49585682). യാദൃച്ഛികമായി നിങ്ങളുടെ ശ്രദ്ധയിൽ വരുന്നതല്ലാതെ ഇതൊന്ന് ബോധപൂർവ്വം പരീക്ഷിച്ചു നോക്കുക. അതിനു പ്രത്യേകിച്ച് ചെലവൊന്നുമില്ലാത്ത കാര്യമാണല്ലോ. അപ്പൊൾ തന്നെ യാഥാർത്ഥ്യം തിരിച്ചറിയാൻ കഴിയും. യഥാർത്ഥത്തിൽ പരസ്യങ്ങൾക്കായി നിങ്ങളെ ടാർഗറ്റ് ചെയ്യാനും റീ ടാർഗറ്റ് ചെയ്യാനുമൊക്കെ വളരെ അധികം നെറ്റ് വർക്ക് റിസോഴ്സസും കമ്പ്യൂട്ടിംഗ് പവറും മെമ്മറിയുമൊക്കെ ആവശ്യമായ വോയ്സ് ട്രാൻസ്ക്രിപ്ഷനും വീഡിയോകളും ചിത്രങ്ങളും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള പ്രൊഫൈലിംഗും ഒന്നും ആവശ്യമില്ല എന്നതാണ്‌ വാസ്തവം. അതിലും എത്രയോ അധികം വിവരങ്ങൾ നിങ്ങൾ ഒരു സ്മാർട്ട് ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കുമ്പോൾ നിങ്ങൾ അറിഞ്ഞും അറിയാതെയും തന്നെ നൽകുന്നുണ്ട്.

ബ്രൗസറും സ്മാർട്ട് ഫോണും ട്രാക്കിംഗ് കുക്കീസുമൊന്നുമല്ലാതെ നിങ്ങളെ നന്നായി പ്രൊഫൈൽ ചെയ്യുന്ന , നിങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്ത മറ്റൊരു നിരീക്ഷണ സംവിധാനമുണ്ട്. അതാണ്‌ ‘സൂപ്പർ കുക്കീസ് എന്ന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമ്മാരും മൊബൈൽ സേവന ദാതാക്കളും നടത്തുന്ന പ്രൊഫൈലിംഗ്. ഇതിന്റെയും പ്രവർത്തന രീതി ലളിതമാണ്‌.. നിങ്ങളും പുറം ലോകവുമായുള്ള മൊബൈൽ ഫൊണിലൂടെയും കമ്പ്യൂട്ടറിലൂടെയുമൊക്കെയുള്ള ആശയ വിനിമയത്തിന്റെ ഇടയിലുള്ള ഒരു കണ്ണിയായി പ്രവർത്തിക്കുന്ന ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമ്മാർ ഇതിനോടൊപ്പം ഓരോരുത്തരെയും തിരിച്ചറിയാനായി ഒരു യുണീക് ഐഡന്റിഫിക്കേഷൻ ഐഡി കൂടി ചേർക്കും. ഈ ഐഡി ഉപയോഗിച്ച് നിങ്ങൾ ഏതെല്ലാം വെബ് സൈറ്റുകൾ ആണ്‌ സന്ദർശിക്കുന്നതെന്നും എന്തെല്ലാമാണ്‌ അന്വേഷിക്കുന്നതെന്നുമൊക്കെയുള്ള വിവരങ്ങൾ ശേഖരിക്കാൻ കഴിയും. HTTS, VPN തുടങ്ങിയവയൊക്കെ ഉപയോഗിച്ചാൽ ഇതിൽ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാമെങ്കിലും Transparent Proxy തന്ത്രങ്ങളും അതോടൊപ്പം Deep Packet Inspection ഉം എല്ലാമുപയോഗിച്ച് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമ്മാർ ഇതിനെ മറികടക്കാറുണ്ട്. അതിനെക്കുറിച്ചൊക്കെ മറ്റൊരു അവസരത്തിൽ വിശദീകരിക്കാം.

ട്രാക്കിംഗ് കുക്കികളും അഡ് വർടൈസ്മെന്റ് ഐഡികളുമൊക്കെ ഉപയോഗിച്ചുകൊണ്ടുള്ള ബിഹേവിയറൽ ടാർഗറ്റിംഗിനെയും റീ ടാർഗറ്റിംഗിനെയുമൊക്കെ കുറിച്ച് ആലോചിച്ച് വലിയ രീതിയിൽ തലപുണ്ണാക്കേണ്ട യാതൊരു ആവശ്യവുമില്ല. കോടിക്കണക്കിനാളുകളിൽ നിന്നും ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളെ തിരിച്ചറിയാതെ തന്നെ നിരുപദ്രവകരമായ രീതിയിൽ നിങ്ങളിലേക്ക് അഭിരുചിക്കും ആവശ്യങ്ങൾക്കും അനുസരിച്ചുള്ള പരസ്യങ്ങൾ എത്തിക്കാനുള്ള സാങ്കേതികവിദ്യകൾ ആണിവ. അത്യാവശ്യം ഉത്തരവാദിത്ത ബോധമുള്ളതും തങ്ങൾ ചെയ്യുന്നത് എന്താണെന്ന് കൃത്യമായ ബോദ്ധ്യവുമുള്ള സ്ഥാപനങ്ങൾ ശക്തമായ അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നവയാണ്‌. ഈ ബിഹേവിയറൽ ടാർഗറ്റിംഗിനെയും റീ‌ടാർഗറ്റിംഗിനെയുമൊക്കെ പേടിച്ച് നിഴലിനോട് യുദ്ധം ചെയ്യാനായി കാര്യമായ ക്രഡിബിലിറ്റി ഒന്നും ഇല്ലാത്ത അപ്ലിക്കേഷനുകളും ബ്രൗസർ എക്സൻഷനുകളുമൊക്കെ കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലുമൊക്കെ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക, നിങ്ങൾ പോലീസാണെന്ന് കരുതി കാവൽ ഏൽപ്പിക്കുന്നത് വലിയ കള്ളന്മാരെ ആയിരിക്കാൻ സാദ്ധ്യതയുണ്ട്. ഒരു ഉദാഹരണം പറയാം. പരസ്യങ്ങൾ ബ്ലോക്ക് ചെയ്യാനായും ട്രാക്കിംഗ് കുക്കീസിനെ കണ്ടുപിടിക്കാനുമൊക്കെ നമ്മൾ ഇന്സ്റ്റാൾ ചെയ്യുന്ന ബ്രൗസർ എക്സ്റ്റൻഷനുകൾക്ക് നിങ്ങൾ സന്ദർശിക്കുന്ന ഓരോ വെബ് പേജിലെയും വിവരങ്ങൾ വായിക്കാനും കാണാനുമൊക്കെയുള്ല അനുവാദമാണ്‌ നൽകുന്നത്. ഈ അനുവാദം അവർക്ക് എങ്ങിനെ വേണമെങ്കിൽ ഉപയോഗിക്കാം. അതായത് നിങ്ങളുടെ ബ്രൗസിംഗ് രീതികൾ ട്രാക്കിംഗ് കുക്കീസിനേക്കാളും ഫലപ്രദമായി ഇത്തരം എക്സ്റ്റൻഷനുകൾക്കും ബ്രൗസറുകൾക്കും നിരീക്ഷിക്കാൻ കഴിയും എന്ന കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ഇവർ ഈ വിവരങ്ങൾ ആർക്കൊക്കെ നൽകും, ഏതൊക്കെ വിധത്തിൽ ഉപയോഗിക്കും എന്നതിനെക്കുറിച്ചുമൊക്കെ ലഭിക്കുന്ന ഉറപ്പുകൾ വെറുതേ ഒരു ആശ്വാസത്തിനായി ഉപകരിക്കും എന്നു മാത്രം. ഈ ഉറപ്പുകളേക്കാൾ എന്തുകൊണ്ടും ശക്തമായ ഉറപ്പുകൾ ആയിരിക്കും ഗൂഗിളും ഫേസ് ബുക്കും ആപ്പിളും ആമസോണുമൊക്കെ നൽകുന്നവ എന്നു തീർച്ച.

അപ്ലിക്കേഷനുകൾ ഉപയോഗിച്ച് യൂസർ കൺസന്റ് ദുരുപയോഗം ചെയ്ത് പ്ലാറ്റ് ഫോമുകളിൽ ഉള്ള ലൂപ് ഹോളുകൾ മുതലെടുത്ത് മാസ് ഡേറ്റാ കളൿഷൻ നടത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക പോലെയുള്ള സംഭവങ്ങളിൽ ഒരു പ്ലാറ്റ് ഫോം എന്ന നിലയിൽ ഫേസ് ബുക്കിന് ധാർമ്മിക ഉത്തരവാദിത്തം ഉണ്ടെങ്കിലും “എന്നെക്കാണാൻ ഏത് സിനിമാ നടനെപ്പോലെയുണ്ട്…. എന്നെ പ്രപ്പോസ് ചെയ്യാൻ അഗ്രഹിക്കുന്നവർ ആരൊക്കെ.. ..” എന്നു തുടങ്ങുന്ന ആത്മരതി വിഭാഗത്തിൽ പെടുന്ന ആപ്പുകൾക്ക് തലവച്ച് കൊടുക്കാതിരിക്കാനുള്ള വിവേചന ബുദ്ധി ഇല്ലാത്തിടത്തോളം കാലം കേംബ്രിഡ്ജ് അനലിറ്റിക്കകൾ ആവർത്തിക്കാൻ സാദ്ധ്യതയുണ്ട്.

ഒരു വിധ പരസ്യങ്ങളും ഇല്ലാതെ ഒരു വിധ ട്രാക്കിംഗ് ഭീതികളുമില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന– നമ്മളെല്ലാം ഏറ്റവും കൂടുതലായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു വെബ് സൈറ്റ് ആണ്‌ വിക്കീ പീഡീയ. സൗജന്യമായി വിക്കീ പീഡിയയുടെ സേവനങ്ങൾ ലഭ്യമാകുന്നത് ലോകമെമ്പാടുമുള്ള സഹൃദയർ നകുന്ന സംഭാവനകളിലൂടെയും സൗജന്യങ്ങളിലൂടെയുമാണ്‌. ഏറ്റവും കൂടുതൽ ട്രാഫിക് ഉള്ള ഒരു വെബ് സൈറ്റ് ആയ വിക്കിപീഡീയ നടത്തിക്കൊണ്ടുപോവുക എന്നത് വൻ പണച്ചെലവുള്ള കാര്യമാണ്‌. അതുകൊണ്ട് വിക്കീ പീഡിയയെ പരസ്യങ്ങളുടെ പിൻബലമില്ലാതെ നിലനിർത്തിക്കൊണ്ടുപോകാൻ നമ്മൾ ഏവരും നമ്മളാൽ കഴിയുന്ന വിധം സംഭാവനകൾ നൽകണം. അത് എത്ര ചെറിയ തുക ആയാലും വലിയൊരു സേവനം ആയിരിക്കും. വിക്കീ പീഡീയയ്ക്ക് സംഭാവന നൽകാനുള്ള ലിങ്ക് ഇതാണ്‌ https://donate.wikimedia.org/).

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.