നമ്മൂടെ സംസാര ശകലങ്ങളും വീഡിയോകളുമൊക്കെ ഗൂഗിളും ഫേസ് ബുക്കും ആമസോണുമൊക്കെ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടോ?

0
865

സുജിത് കുമാർ

സുജിത് കുമാർ
സുജിത് കുമാർ

“കുറേ നാളായി കരിമീൻ പൊള്ളിച്ചത് കഴിച്ചിട്ട്…” ആത്മഗതം അടുക്കള വരെ കേൾക്കുന്ന രീതിയിൽ അല്പം ഉച്ചത്തിലായിപ്പോയി. കുറച്ചു നേരം കഴിഞ്ഞ് ഫേസ് ബുക്ക് വാളിൽ നല്ല പിടയ്ക്കുന്ന മീനുമായി ഫ്രഷ് ടു ഹോമിന്റെ പരസ്യം. പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയില്ല. കാരണം ഫ്രഷ് ടു ഹോമിൽ നിന്നും സ്ഥിരമായി മീൻ വാങ്ങാറുണ്ട്. പരസ്യങ്ങളും കാണാറുണ്ട്. പക്ഷെ പരസ്യത്തിൽ വന്ന ചിത്രത്തിൽ ചെമ്പല്ലിക്ക് പകരം കരിമീൻ എങ്ങാനും ആയിരുന്നേൽ.. എന്റെ മനസ്സിലും ഒരു ചെറിയ സംശയം എങ്കിലും കടന്നു കൂടാൻ സാദ്ധ്യത ഉണ്ടാകുമായിരുന്നു. “കരിമീനിന്റെ കാര്യം പറഞ്ഞതെങ്ങാൻ ഇവന്മാർ കേട്ടു കാണുമോ?” ഇത്തരത്തിലുള്ള സംശയങ്ങൾ സ്വാഭാവികമാണ്‌. കാരണം അതിനുള്ള സാദ്ധ്യതകൾ നിലനിൽക്കുന്നുണ്ട്, അതുപോലെ സാങ്കേതികമായി അസാദ്ധ്യവുമല്ല. അതിനാൽ ഗൂഗിളും ഫേസ് ബുക്കുമൊക്കെ നമ്മൂടെ സംസാരവും വീഡീയോയുമൊക്കെ രഹസ്യമായി പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടാകുമെന്ന് മിക്കവരും വിശ്വസിക്കുന്നു. ഗൂഗിളിൽ ഒരു തവണയെങ്കിലും ഏതെങ്കിലും ഒരു ഉല്പന്നത്തെക്കുറിച്ചോ സ്ഥലത്തിനെക്കുറിച്ചോ ഒക്കെ സേർച്ച് ചെയ്താലോ ഏതെങ്കിലുമൊക്കെ വെബ് സൈറ്റുകൾ സന്ദർശിച്ചാലോ പിന്നെ തുടർച്ചയായി പ്രസ്തുത ഉല്പന്നങ്ങൾ വിൽക്കുന്ന കടകളുടെ പരസ്യങ്ങളും സ്ഥലങ്ങളിലെ ഹോട്ടലുകളൂടെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരസ്യങ്ങളുമൊക്കെ തുടർച്ചയായി ഫേസ് ബുക്കിലും മറ്റ് വെബ് സൈറ്റുകളിലുമൊക്കെ കാണാൻ കഴിയും. ഈ സാഹചര്യത്തിൽ സ്വാഭാവികമായും നമ്മുടെയൊക്കെ മനസ്സിൽ നമ്മളൊക്കെ രഹസ്യമായി ആരൊക്കെയാലോ നിരീക്ഷിക്കപ്പെടുന്നതായും നമ്മുടെ വിവരങ്ങൾ ആരൊക്കെയാലോ ചൂഷണം ചെയ്യപ്പെടുന്നതായുമൊക്കെ തോന്നും. യഥാർത്ഥത്തിൽ നമ്മളിൽ പലരും കരുതുന്നതുപോലെത്തന്നെയാണോ ഇതൊക്കെ സംഭവിക്കുന്നത്? അല്ലെങ്കിൽ എന്തുകൊണ്ടാണ്‌ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? നമ്മൂടെ സംസാര ശകലങ്ങളും വീഡിയോകളുമൊക്കെ ഗൂഗിളും ഫേസ് ബുക്കും ആമസോണുമൊക്കെ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടോ??

റേഡിയോയിൽ പരസ്യം, ടെലിവിഷൻ പരിപാടികൾക്കിടയിൽ പരസ്യം, ഏത് വെബ് സൈറ്റുകൾ തുറന്നാലും പരസ്യം, മൊബൈൽ ഫോണിലൂടെ പരസ്യം, എസ് എം എസ് ആയി പരസ്യം.. എന്നു വേണ്ട എല്ലാ മാദ്ധ്യമങ്ങളിലും പരസ്യങ്ങളുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ പരസ്യങ്ങൾക്കും പരസ്യസ്ഥാപനങ്ങൾക്കും ഒരു വില്ലൻ പരിവേഷം ഉണ്ടായത് സ്വാഭാവികമാണ്‌. പരസ്യങ്ങളെ ക്ഷണിക്കപ്പെടാത്ത അതിഥികൾ ആയാണ്‌ കണക്കാക്കുന്നത്. പക്ഷേ പരസ്യങ്ങൾ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിച്ച് നോക്കുക. അപ്പോൾ അറിയാം പരസ്യങ്ങളുടെ പ്രാധാന്യം. ഒരു ഉല്പന്നത്തെയോ സേവനത്തെയോ അതിന്റെ യഥാർത്ഥ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് പരസ്യങ്ങൾ കൂടിയേ തീരൂ. ഇവിടെ യഥാർത്ഥ ഉപഭോക്താക്കളെ കണ്ടെത്തുക എന്നത് വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഹെയർ ഡൈയുടെ പരസ്യം മുടി നരച്ചവരെയും ഹെയർ ട്രാൻസ്പ്ലാന്റേഷന്റെയും ഹെയർ ഫിക്സിങ്ങിന്റെയും പരസ്യം കഷണ്ടി ഉള്ളവരെയും കാണിക്കുന്നതിന്റെ ഗുണം പൊതുവായി എല്ലാവരെയും കാണിക്കുന്നതിലും മെച്ചപ്പെട്ടതായിരിക്കുമല്ലോ.ഇവിടെ മുടി നരച്ചവരെയും കഷണ്ടിയുള്ളവരെയും കണ്ടെത്തി അവരിലേക്ക് മാത്രമായി അനുബന്ധ പരസ്യങ്ങൾ എത്തിക്കുക എന്നത് ഇന്റർനെറ്റ് മാർക്കറ്റിംഗിനെ സംബന്ധിച്ചിടത്തോളം ഇക്കാലത്ത് വളരെ എളുപ്പമാണ്. വെബ് സൈറ്റുകൾ സന്ദർശിക്കുമ്പോഴും സോഷ്യൽ മീഡിയാ പോർട്ടലുകൾ ഉപയോഗിക്കുമ്പോഴുമൊക്കെ നമുക്ക് പരസ്യങ്ങൾ ഒഴിവാക്കാൻ കഴിയില്ല. ഒരു വെബ് സൈറ്റ് നടത്തിക്കൊണ്ടുപോവുക എന്നത് വളരെ ചെലവേറിയ കാര്യമാണ്‌. ഡൊമൈൻ നേം മുതൽ സെർവ്വർ വരെയുള്ള കാര്യങ്ങൾക്ക് വലിയ ആവർത്തനച്ചെലവാണുള്ളത്. വെബ് സൈറ്റിന്റെ പ്രചാരം കൂടുന്തോറും , വെബ് സൈറ്റിലേക്കുള്ള സന്ദർശകർ കൂടുന്തോറും അതിന്റെ നടത്തിപ്പ് ചെലവും ആനുപാതികമായി വർദ്ധിക്കുന്നു. ഏതെങ്കിലും ഉല്പന്നമോ സേവനമോ മറ്റോ വിൽക്കുന്ന വെബ് സൈറ്റ് ആണെങ്കിൽ വെബ് സൈറ്റിലേക്കുള്ള സന്ദർശകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് വില്പനയും ആനുപാതികമായി കൂടുന്നു എന്നതിനാൽ ബിസിനസ് വഴിയുള്ള ലാഭം കൂടുന്നു. ഇത്തരത്തിൽ പ്രത്യേകിച്ച് ഒന്നും വിൽക്കാനില്ലാത്ത ബ്ലോഗുകൾ പോലെയുള്ള വെബ് സൈറ്റുകൾക്കും ഫേസ് ബുക്ക്, ഇന്സ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡീയാ വെബ് സൈറ്റുകൾക്കുമൊക്കെ നിലനിൽക്കണമെങ്കിൽ പരസ്യങ്ങളും മറ്റ് വരുമാന മാർഗ്ഗങ്ങളും കൂടിയേ‌ തീരൂ. ഇനി പരസ്യങ്ങൾ ഇല്ലാതെ ഇത്തരം സേവനങ്ങൾ നൽകണമെങ്കിൽ പണം കൊടുത്തുള്ള സബ്സ്ക്രിപ്ഷൻ സംവിധാനങ്ങൾ ആവശ്യമാണ്‌. പരസ്യവും സബ്സ്ക്രിപ്ഷനും ഇല്ലാതെ ഒരു സർവ വിജ്ഞാന കോശം എന്ന നിലയിൽ പ്രശസ്തമായ വിക്കീ പീഡിയ പോലെയുള്ള വെബ് സൈറ്റുകൾ നടത്തിക്കൊണ്ടുപോകാൻ കഴിയുന്നത് സംഭാവനകളിലൂടെയാണ്‌.

ആ സാഹചര്യത്തിൽ എന്തായാലും പരസ്യങ്ങൾ കാണണം. എങ്കിൽ എന്തുകൊണ്ട് ഈ പരസ്യങ്ങൾ നമുക്ക് ആവശ്യമായ വസ്തുക്കളുടേത് ആയിക്കൂടാ? നമുക്ക് ആവശ്യമുള്ള വസ്തുക്കളുടെ പരസ്യങ്ങൾ നമ്മൾ സന്ദർശിക്കുന്ന വെബ് സൈറ്റുകളിൽ കാണുന്നതിനെ യഥാർത്ഥത്തിൽ ഒരു മോശമായ അർത്ഥത്തിൽ കാണേണ്ടതില്ല. അതിനെ നിങ്ങളെ ആരൊക്കെയോ രഹസ്യമായി നിരീക്ഷിക്കുന്നു എന്ന് കരുതി പേടിക്കേണ്ട കാര്യവുമില്ല. കാരണം ഈ പറയുന്ന നിരീക്ഷണങ്ങൾ ഒന്നും വ്യക്തിപരമായ തലങ്ങളിൽ അല്ല നടക്കുന്നത്. ഒരു പ്രത്യേക കീവേഡ് സേർച്ച് ചെയ്ത വ്യക്തികൾ, പ്രത്യേക സ്ഥലം സന്ദർശിച്ച വ്യക്തികൾ അല്ലെങ്കിൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ, നിശ്ചിത പ്രായത്തിനു മുകളിലുള്ള വ്യക്തികൾ എന്നു തുടങ്ങി ഒരു ഉല്പന്നത്തിന്റെയോ സേവനത്തിന്റെയോ വിപണി ആകാൻ സാദ്ധ്യതയുള്ള ഒരു കൂട്ടം വ്യക്തികളിലേക്ക് പരസ്യം എത്തിക്കാൻ ആണ് ഇത്തരം ‘ബിഹേവിയറൽ റീ ടാർഗറ്റിംഗ് ‘ തന്ത്രങ്ങൾ ഉപയോഗപ്പെടുത്തുന്നത്. അല്ലാതെ സുജിത് എന്ന വ്യക്തി അയാളൂടെ വിട്ടിൽ കരിമീൻ കറി വയ്ക്കുന്നതോ അല്ലെങ്കിൽ സാമ്പാർ വയ്ക്കുന്നതോ ഒന്നും ഒരു പരസ്യ ഏജൻസിയെ സംബന്ധിച്ചിടത്തോളം ഒരു വിഷയമേ അല്ല.

ബിഹേവിയറൽ റീ ടാർഗറ്റിംഗ് രീതികൾക്കായി പ്രധാനമായി ഉപയോഗപ്പെടുത്തിയിരുന്നത് ‘ട്രാക്കിംഗ് കുക്കീസ്’ സംവിധാനങ്ങൾ ആണ്. ഉപയോഗപ്പെടുത്തിയിരുന്നത് എന്നതുകൊണ്ട് ഇപ്പോൾ ഉപയോഗപ്പെടുത്തുന്നില്ല എന്ന് അർത്ഥമാക്കുന്നില്ല. ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ട്, പക്ഷേ സ്മാർട്ട് ഫോണുകൾ കൂടൂതൽ വ്യാപകമായപ്പോൾ മറ്റ് സാങ്കേതിക വിദ്യകൾ ആണ് ഇവിടെ ഇതിനായി ഉപയോഗപ്പെടുത്തുന്നത്. എന്താണ് ട്രാക്കിംഗ് കുക്കീസ് എന്നു പറയുന്നതിനു മുമ്പ് എന്താണ് കുക്കീസ് എന്ന ഒരു സാമാന്യ ധാരണയെങ്കിലും ഉണ്ടാകണം.

അസുഖം ബാധിച്ച് ഒരിക്കൽ ഡോക്ക്ടറുടെ അടുത്ത് പോയാൽ ഡോക്ടർ മരുന്ന് കുറിച്ച് നൽകുന്ന കുറിപ്പടി നമ്മൾ സൂക്ഷിച്ച് വയ്ക്കാറില്ലേ? അടുത്ത തവണ പോകുമ്പോൾ അതേ കുറിപ്പടി കാണിച്ചാൽ ഡോക്ടർ നിങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങളുടെ എണ്ണം കുറയാറുണ്ടല്ലോ. വേറെ അസുഖത്തിനുള്ള ചികിത്സയ്ക്ക് പോയാലും ചുരുങ്ങിയത് നിങ്ങളുടെ പേരും വയസ്സും എങ്കിലും ഈ കുറിപ്പടി നോക്കി ഡോക്ടർക്ക് മനസ്സിലാക്കാൻ കഴിയുന്നു. അതുകൊണ്ട് എന്താണ്‌ ഗുണം? അനാവശ്യമായി നിങ്ങളോട് ഈ വിവരങ്ങളൊക്കെ ചോദിച്ച് സമയം കളയേണ്ട ആവശ്യവും അതിലൂടെയുള്ള ഊർജ്ജ നഷ്ടവുമൊക്കെ ഡോക്ടർക്ക് ഒഴിവാക്കാൻ കഴിയുന്നു. ഇവിടെ ഒരു കുറിപ്പടി പല കാരണങ്ങളാൽ നിങ്ങൾക്കും ഡോക്ടർക്കും ഒരേ പോലെ ഉപകാരപ്രദമാകുന്നു. ഇതിനു സമാനമായ ഒരു സംവിധാനം നമ്മൾ കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന വെബ് ബ്രൗസറുകളിലും ഉണ്ട്. അതിന്റെ പേരാണ്‌ ‘കുക്കീസ്’. അതായത് നിങ്ങൾ ഒരു വെബ് സൈറ്റ് സന്ദർശിക്കുമ്പോൾ പ്രസ്തുത വെബ് സൈറ്റിന്റെ സെർവ്വർ നിങ്ങളെക്കുറിച്ചുള്ള ചില അടിസ്ഥാന വിവരങ്ങൾ ഒരു ചെറിയ ടെക്സ്റ്റ് ഫയലിൽ ആക്കി നിങ്ങളുടെ കമ്പ്യൂട്ടറിൽ തന്നെ സൂക്ഷിച്ച് വയ്ക്കുന്നു. മരുന്നു കുറിപ്പടിയിൽ ഡോക്ടർ നിങ്ങളുടെ തന്നെ പേരും വയസ്സുമൊക്കെ എഴുതി നിങ്ങൾക്ക് തരുന്നതുപോലെത്തന്നെ. പിന്നീട് ഈ വെബ് സൈറ്റ് നിങ്ങൾ സന്ദർശിക്കുമ്പോൾ നിങ്ങളിൽ നിന്ന് അറിയേണ്ട വിവരങ്ങൾ വെബ് സർവ്വറിനു രണ്ടാമത് ചോദിക്കേണ്ട ആവശ്യമില്ല, മറിച്ച് നേരത്തേ സൂക്ഷിച്ചു വച്ചിരിക്കുന്ന കുകീസ് എന്ന ഫയലിൽ നിന്ന് ആ വിവരങ്ങൾ പ്രസ്തുത വെബ് സൈറ്റ് സ്വയമേവ എടുത്തുകൊള്ളും. അതുകൊണ്ടുള്ള ലാഭം ഒരു ഉദാഹരണത്തിൽ കൂടി വ്യക്തമാക്കാം. നിങ്ങൾ ഫേസ് ബുക്ക് സന്ദർശിക്കുന്നു. ലോഗിൻ ചെയ്യാനായി യൂസർ നേമും പാസ് വേഡും നൽകുന്നു. ഈ വിവരങ്ങൾ ഫേസ് ബുക്കിന്റെ സെർവ്വർ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പ് വരുത്തി നിങ്ങളുടെ ഫേസ് ബുക്ക് പ്രൊഫൈലിലേക്ക് കടക്കാൻ അനുവദിക്കുന്നു. അതിനു ശേഷം നിങ്ങൾ ഒരു പോസ്റ്റ് ടൈപ്പ് ചെയ്ത് ഷെയർ ചെയ്യുന്നു. അപ്പോഴും ഫേസ് ബുക്കിന് വീണ്ടും പരിശോധിക്കേണ്ടി വരും ഇതും നിങ്ങൾ തന്നെയാണോ യഥാർത്ഥത്തിൽ പോസ്റ്റ് ചെയ്യുന്നതെന്ന്. അതിനായി വീണ്ടും നിങ്ങളെക്കൊണ്ട് യൂസർ നേമും പാസ് വേഡും ചോദിച്ച് അവ സെർവ്വറിൽ വെരിഫൈ ചെയ്ത് പോസ്റ്റ് ചെയ്യാനായി അനുവദിക്കുക എന്നൊക്കെ പറഞ്ഞാൽ വലിയ സമയ നഷ്ടവും ഊർജ്ജ നഷ്ടവുമുള്ള പരിപാടിയാണ്‌. അത് ഒഴിവാക്കാനായി ഒരു തവണ നിങ്ങൾ ലോഗിൻ ചെയ്തു കഴിഞ്ഞാൽ ഫേസ് ബുക്ക് നിങ്ങൾ ലോഗിൻ ചെയ്തു കഴിഞ്ഞു എന്നതിനു തെളിവായി നിങ്ങൾക്ക് മാത്രമായുള്ള ഒരു പ്രത്യേക കോഡ് അടങ്ങിയ ഒരു ഫയൽ നിങ്ങളുടെ ബ്രൗസറിൽ സ്റ്റോർ ചെയ്തു വയ്ക്കുന്നു. പിന്നീട് ഓരോ പ്രാവശ്യവും നിങ്ങൾ ഫേസ് ബുക്കിന്റെ ഏതൊക്കെ പേജ് നോക്കാൻ ശ്രമിക്കുമ്പോഴും സെർവ്വറിലേക്ക് പോകാതെ നിങ്ങളുടെ ബ്രൗസറിൽ നിന്നുള്ള ഈ പറഞ്ഞ ‘കുക്കീസ്’ ഫയൽ നോക്കി പ്രവേശനം അനുവദിക്കുന്നു. ഇതുകൊണ്ട് സെർവ്വറും ബ്രൗസറും തമ്മിൽ അനാവശ്യമായ ഡേറ്റാ കൈമാറ്റം ഒഴിവാക്കപ്പെടുന്നു. ഇത്തരത്തിൽ വെബ് ബ്രൗസറുകളെയും വെബ് സൈറ്റുകളെയും വെബ് സൈറ്റ് സന്ദർശകരെയും സംബന്ധിച്ചിടത്തോളം ഒഴിച്ചു കൂടാൻ കഴിയാത്തവയാണ്‌ വെബ് കുക്കീസ് എന്ന ഉപകാരികൾ. നിങ്ങൾ ഓരോ വെബ് സൈറ്റ് സന്ദർശിക്കുമ്പോഴും നിങ്ങളുടെ ബ്രൗസിംഗ് സുഗമമാക്കാനായി അവയിൽ നിന്നൊക്കെ നിങ്ങളുടെ കമ്പ്യൂട്ടറിൽ കുക്കികൾ നിക്ഷേപിക്കപ്പെടുന്നു. ഈ കുക്കികളിൽ നിന്നുള്ള നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അത് നിക്ഷേപിച്ച വെബ് സൈറ്റുകൾക്ക് ഉപയോഗിക്കാൻ കഴിയുന്നു. ഇവിടെ ഒരുകാര്യം ശ്രദ്ധികുക നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നാൽ നിങ്ങളുടെ പേരും വയസ്സും ഫൊട്ടോയും ഉൾപ്പെടെ നിങ്ങളെ വ്യക്തിപരമായി തിരിച്ചറീയാൻ കഴിയുന്ന വിവരങ്ങളൊന്നും അല്ല കുക്കികൾ ആയി രേഖപ്പെടുത്തുക. ഒരു വെബ് സൈറ്റ് സന്ദർശിക്കുമ്പോൾ തന്നെ നിങ്ങളെക്കുറിച്ച് അത്തരം വിവരങ്ങളൊന്നും ചോർത്തിയെടുക്കാൻ ഒരു സൈറ്റിനും സാങ്കേതികമായി കഴിയില്ല. അപ്പോൾ സ്വാഭാവികമായും ഒരു സംശയം തോന്നിയേക്കാം ഒരു വെബ് സൈറ്റ് സന്ദർശിക്കുമ്പോൾ എന്തെല്ലാം വിവരങ്ങൾ ആയിരിക്കും പ്രസ്തുത വെബ് സൈറ്റിനു പിറകിലുള്ളവർക്ക് നിങ്ങളെക്കുറിച്ച് ലഭിക്കുക എന്ന്.

നിങ്ങളുടെ പബ്ലിക് ഐപി അഡ്രസ്, ഓപ്പറേറ്റിംഗ് സിസ്റ്റം, ബ്രൗസറിനെക്കുറിച്ചുള്ല വിവരങ്ങൾ, സമയം, ടൈം സോൺ, സ്ക്രീൻ സൈസ് , സ്ക്രീൻ റെസലൂഷൻ തുടങ്ങി പരസ്യമായി ലഭ്യമാകുന്ന കുറേ വിവരങ്ങൾ ആണ്‌ നിങ്ങളുടെ ബ്രൗസർ സാങ്കേതികമായി ഒരു വെബ് സർവ്വറുമായി പങ്കു വയ്ക്കുന്നത്. ഇത്തരത്തിൽ ഒരു സാധാരണ വെബ് സെർവ്വറിനു ലഭിക്കുന്ന വിവരങ്ങൾ എന്തെല്ലാമാണെന്ന് ഒരു ധാരണ ലഭിക്കാൻ (https://amiunique.org/fp) എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഈ പറഞ്ഞ കാര്യങ്ങൾ കൊണ്ട് തന്നെ നിങ്ങളെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ സാങ്കേതികമായിത്തന്നെ ലഭിക്കുമെങ്കിലും നിങ്ങളുടെ ആവശ്യങ്ങളെക്കുറികച്ചും നിങ്ങളുടെ സ്വഭാവത്തെക്കുറിച്ചുമൊന്നും വ്യക്തമായ വിവരങ്ങൾ ക്രോഡീകരിക്കാൻ കഴിയില്ല. അതിനായി മറ്റ് പല വിവരങ്ങൾ കൂടി വേണം. അതായത് നിങ്ങളെക്കുറിച്ച് നിങ്ങൾ തന്നെ നൽകുന്ന വിവരങ്ങൾ. സാധാരണഗതിയിൽ നിങ്ങൾ നിങ്ങളെക്കുറിച്ച് എവിടെയൊക്കെയാണ്‌ വിവരങ്ങൾ നൽകുന്നത്? ഫേസ് ബുക്ക് പോലെയുള്ള സോഷ്യൽ മീഡീയാ വെബ് സൈറ്റുകളിലും മറ്റും നിങ്ങൾ പേരും വിലാസവും വയസ്സും ജനനത്തീയതിയുമൊക്കെ നൽകുന്നു. പക്ഷേ‌ ഇത് പ്രസ്തുത വെബ് സൈറ്റിനു മാത്രം ലഭ്യമായ വിവരങ്ങൾ ആണ്‌. അതായത് ഫേസ് ബുക്കിനു നൽകിയ വിവരങ്ങൾ ഫേസ് ബുക്കിനു മാത്രം ലഭിക്കുന്നു. ടിറ്ററിനുനൽകിയ വിവരങ്ങൾ ട്വിറ്ററിനു മാത്രം ലഭിക്കുന്നു. പക്ഷേ നിങ്ങൾ സേർച്ച് എഞ്ചിനുകളിൽ സേർച്ച് ചെയ്ത വിവരങ്ങൾ വെബ് സൈറ്റുകൾക്ക് കിട്ടും. അതായത് “buy fish online delhi” എന്ന് ഞാൻ സേർച്ച് ചെയ്താൽ ഓൺലൈൻ ആയി മീൻ വിൽക്കുന്ന കുറേ സൈറ്റുകളുടെ ലിങ്കുകൾ അവയുടെ സേർച്ച് എഞ്ചിൻ റാങ്കിംഗ് അനുസരിച്ച് സേർച്ച് പേജിൽ കാണിക്കുന്നു. ഇതിൽ ഏത് സൈറ്റിന്റെ ലിങ്കിൽ പോയി ക്ലിക്ക് ചെയ്താലും പ്രസ്തുത സൈറ്റിന്റെ സെർവ്വറിലേക്ക് ഇത് ഗൂഗിളിൽ ആണു സേർച്ച് ചെയ്തതെന്നും ഏത് കീവേഡ് ആണ്‌ സേർച്ച് ചെയ്യപ്പെട്ടതെന്നും കൂടിയുള്ള വിവരങ്ങൾ ലഭ്യമാകുന്നു. അതായത് ഞാൻ ഇത് സേർച്ച് ചെയ്ത് ഫ്രഷ് ടു ഹോം സൈറ്റിൽ ഗൂഗിൾ വഴി പോയാൽ ഫ്രഷ് ടു ഹോം സൈറ്റിന്റെ വെബ് മാസ്റ്റർക്ക് ഗൂഗിൾ തന്നെ നൽകുന്ന ചില സേവനങ്ങളിലൂടെയും അനലിറ്റിക്സ് സർവീസുകളിലൂടെയും “buy fish online delhi” എന്ന ഞാൻ തിരഞ്ഞ വിവരങ്ങൾ ലഭ്യുമാകുന്നു . ഇതിൽ നിന്നും അവർക്ക് വെറും ഒരു വെബ് സൈറ്റിൽ നിന്നും ബ്രൗസറുകൾ വഴി ലഭിക്കുന്ന അടിസ്ഥാന വിവരങ്ങൾക്ക് അപ്പുറമായി ഞാൻ ഡൽഹിയിൽ ഇരുന്നുകൊണ്ട് മീൻ അന്വേഷിക്കുകയാണെന്ന വിവരം കൂടി ലഭിക്കുന്നു പക്ഷേ ഇതുകൊണ്ട് മാത്രം കാര്യമില്ലല്ലോ.. എന്നെ പിൻ തുടർന്ന് എന്നെക്കൊണ്ട് മീൻ വാങ്ങിപ്പിക്കുകയും പുതിയ എന്തെങ്കിലും ഓഫറോ പുതിയ ഇനം മീനോ ഒക്കെ വന്നിട്ടുണ്ട് എന്ന പരസ്യം ഞാൻ പോകുന്ന ഓൺലൈൻ ഇടങ്ങളിലൊക്കെ കാണിക്കുകയും വേണം. ഇത്തരം പരസ്യ തന്ത്രത്തിനു പറയുന്ന പേരാണ്‌ “Behavioral Retargeting” എന്നത്. അതായത് നിങ്ങളെക്കുറിച്ചുള്ല കുറച്ച് വിവരങ്ങളൊക്കെ മനസ്സിലാക്കി നിങ്ങളുടെ ആവശ്യമെന്താണെന്നറിഞ്ഞ് അതനുസരിച്ചുള്ള പരസ്യങ്ങൾ നിങ്ങളിലേക്ക് വിവിധ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലൂടെ എത്തിക്കുന്ന മാർക്കറ്റിംഗ് തന്ത്രം. ബിഹേവിയറൽ റി ടാർഗറ്റിംഗിനായി നേരത്തേ സൂചിപ്പിച്ച ‘കുക്കീസിന്റെ’ ഒരു വകഭേദമായ ‘ട്രാക്കിംഗ് കുക്കീസ് അഥവാ തേഡ് പാർട്ടി കുക്കീസ്’ ഉപയോഗപ്പെടുത്തുന്നു. കുക്കീസ് എന്താണെന്ന് ഒരു അടിസ്ഥാന ധാരണ ലഭിച്ചിട്ടുണ്ടാകുമെന്നതിനാൽ ട്രാക്കിംഗ് കുക്കീസിനെക്കുറിച്ച് പറയാം. കുക്കീസ് എന്നത് ഒരു വെബ് സൈറ്റ് സന്ദർശിക്കുമ്പോൾ ബ്രൗസിംഗ് സുഗമമാക്കാനും മറ്റും പ്രസ്റ്റുത വെബ് സൈറ്റ് നിങ്ങളുടെ കമ്പ്യൂട്ടറീൽ നിക്ഷേപിക്കുന്ന ചെറിയ ഒരു ടെക്സ്റ്റ് ഫയൽ ആണെന്നു പറഞ്ഞല്ലോ. ഇത്തരത്തിൽ ഒരോ വെബ് സൈറ്റും അവരവരുടേതായ കുക്കീസ് നിങ്ങളുടെ കമ്പ്യൂട്ടറിൽ നിക്ഷേപിച്ചിട്ടുണ്ടാകും. ഒരു വെബ് സൈറ്റിന്റെ കുക്കീസ് മറ്റൊരു വെബ് സൈറ്റിനു കാണാനോ വായിക്കാനോ കഴിയില്ല. അതായത് ഫേസ് ബുക്കിന്റെ കുക്കീസ് ഫേസ് ബുക്കിനു മാത്രവും ആമസോണിന്റെ കുക്കീസ് ആമസോണിനു മാത്രവും ഗൂഗിളിന്റെ കുക്കീസ് ഗൂഗിളിനു മാത്രവുമേ വായിക്കാനാകൂ. ഇങ്ങനെ വരുമ്പൊൾ നിങ്ങൾ മീൻ വാങ്ങുന്ന കാര്യം ഗൂഗിളിൽ തിരഞ്ഞ് ഒരു വെബ് സൈറ്റിലേക്ക് പോയിക്കഴിഞ്ഞാൽ ആ വിവരം ഫേസ് ബുക്ക് അറിയുന്നതെങ്ങിനേ? അവിടെയാണ് ട്രാക്കിംഗ് കുക്കീസിന്റെ കളി. ഫേസ് ബുക്ക് വളരെ പ്രശസ്തമായ ഒരു സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോം ആണ്. അവർക്ക് സ്വന്തമായി പരസ്യ ബിസിനസുമുണ്ട്. ഫേസ് ബുക്കിന്റെ ലൈക്ക് ബട്ടനും ഷെയർ ബട്ടനുമൊക്കെ നിങ്ങൾ മിക്കവ്വാറും എല്ലാ വെബ് സൈറ്റുകളിലും കണ്ടിട്ടുണ്ടാകും. ഇവിടെ ലൈക്ക് ബട്ടനും ഷെയർ ബട്ടനുമൊക്കെ വെബ് സൈറ്റുകളിൽ കാണുക എന്നാൽ പ്രസ്തുത വെബ് സൈറ്റുകൾ നിങ്ങൾ സന്ദർശിക്കുമ്പോൾ നിങ്ങൾ അറിയാതെ തന്നെ ഫേസ് ബുക്ക് കൂടി ഈ വെബ് സൈറ്റുകൾ വഴി സന്ദർശിക്കുന്നുണ്ട്. അതായത് ഇവിടെ ഈ വെബ് സൈറ്റിനു നിങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങൾ ഫേസ് ബുക്കിനു കൂടി ലഭ്യമാകുന്നു. ഇവിടെ വെബ് സൈറ്റ് സന്ദർശിക്കുമ്പോൾ പ്രസ്തുത വെബ് സൈറ്റിന്റെ കുക്കീസിനു പുറമേ ഫേസ് ബുക്കിന്റെ വകയായ ഒരു കുക്കീസ് കൂടി നിങ്ങളുടെ കമ്പ്യൂട്ടറിൽ നിക്ഷേപിക്കപ്പെടൂന്നു. ഇത്തരത്തിൽ ഗൂഗിളും ആമസോണും മറ്റ് പ്രമുഖ പരസ്യ ഏജൻസികളുമൊക്കെ പരസ്യങ്ങളുടെ ആവശ്യത്തിലേക്കായി ട്രാക്കിംഗ് കുക്കീസ് ഉപയോഗപ്പെടുത്തുന്നു. ഈ ട്രാക്കിംഗ് കുക്കീസ് പലരും കരുതുന്നതുപോലെ വലിയ അപകടകാരികളോ നിങ്ങളെ ഒരു വ്യക്തി എന്ന നിലയിൽ ലോകത്തിനു മുന്നിൽ തുറന്നു കാട്ടുന്നതോ ഒന്നുമല്ല. നിങ്ങളുടെ പേരോ കുടുംബാംഗങ്ങളുടെ പേരോ മൊബൈൽ നമ്പരോ ഒന്നും നിങ്ങളുടെ വ്യക്തിത്വം വെളിവാക്കുന്ന തരത്തിൽ ഇവിടെ രഹസ്യമായി നിരീക്ഷിക്കപ്പെടുന്നുമില്ല.

ചെറുതായാലും വലുതായാലും സ്വകാര്യതയുമായി ബന്ധമുള്ളതായതിനാൽ ട്രാക്കിംഗ് കുക്കീസ് എപ്പോഴും വിവാദത്തിന്റെ നിഴലിൽ ആകുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന യൂറോപ്യൻ യൂണിയനിലും അമേരിക്കയിലുമൊക്കെ വ്യക്തികളൂടെ അനുവാദം ഇല്ലാതെ ട്രാക്കിംഗ് കുക്കീസ് എന്നല്ല ഒന്നും തന്നെ വ്യക്തികളൂടെ കമ്പ്യൂട്ടറുകളിൽ ഒരു വെബ് സൈറ്റ് സന്ദർശിക്കുമ്പോൾ നിക്ഷേപിക്കപ്പെടരുതെന്ന് നിയമം മൂലം നിഷ്കർഷ്ക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ചില വെബ് സൈറ്റുകൾ സന്ദർശിക്കുമ്പോൾ പ്രസ്തുത വെബ് സൈറ്റ് ഏതെല്ലാം തരത്തിലുള്ള കുക്കീസ് ആണ് ഉപയോഗിക്കുന്നതെന്നും തുടർ സേവനങ്ങൾ ലഭിക്കാനായി കുക്കീസ് ആവശ്യമാണെന്നൊക്കെയുമുള്ള അറിയിപ്പുകൾ പോപ് അപ് ആയും മറ്റും വെബ് സൈറ്റുകളിൽ കാണിക്കുന്നത്. നമ്മുടെ രാജ്യത്ത് സ്വകാര്യത എന്താണെന്നതിനെക്കുറിച്ച് ഇപ്പോഴും ആശയക്കുഴപ്പം തുടരുന്നതിനാൽ ഈ വക തലവേദനകളൊന്നും വെബ് സൈറ്റ് ഉടമകൾക്ക് ഇല്ല.

ഒരു തരത്തിലും ഇതുപോലെ ടാർഗറ്റ് ചെയ്യപ്പെടരുതെന്ന് നിങ്ങൾക്ക് നിർബന്ധമുണ്ടെങ്കിൽ ട്രാക്കിംഗ് കുക്കികളെ ഒഴിവാക്കാനായി വെബ് ബ്രൗസറുകളിൽ തന്നെ അതിനുള്ള സംവിധാനങ്ങൾ ഉണ്ട്. “Do not Track” എന്നത് ഇത്തരത്തിൽ വെബ് സൈറ്റുകൾക്ക് ബ്രൗസറുകൾ നിർദ്ദേശം നൽകുന്നതാണെങ്കിലും വെബ് സൈറ്റുകൾ ഇവ പാലിച്ചു കൊള്ളണമെന്ന് സാങ്കേതികമായി യാതൊരു നിർബന്ധവുമില്ല. മാന്യന്മാരായ വെബ് സൈറ്റുകൾ ആണെങ്കിൽ Do not track ബ്രൗസർ സെറ്റിംഗ്സ് മാനിക്കുകയും ട്രാക്കിംഗ് നടത്താതിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ഒരു സെറ്റിംഗ്സ് എനേബിൾ ചെയ്തതുകൊണ്ട് മാത്രം ട്രാക്കിംഗ് നടക്കാതിരിക്കുമെന്ന് കരുതേണ്ട. ഈ സാഹചര്യത്തിൽ ഗോസ്റ്ററി, ആഡ് ബ്ലോക്ക്, യു ബ്ലോക് ഒറീജിൻ തുടങ്ങി ബ്രൗസർ എക്സ്റ്റൻഷനുകളുടെ രൂപത്തിൽ ട്രാക്കിംഗ് കുക്കീസിനെ തടയാൻ കഴിയുന്ന സംവിധാനങ്ങൾ നിലവിലുണ്ട്. അതുപോലെ ബ്രേവ് ബ്രൗസർ പോലെയുള്ള ബ്രൗസറുകളും സേർച്ച് ലീക്ക് അനുവദിക്കാത്ത ഡക് ഡക് ഗോ പോലെയുള്ള സേർച്ച് എഞ്ചിനുകളുമൊക്കെ ഉപയോഗിക്കാവുന്നതാണ്.

ഈ പറഞ്ഞ കാര്യങ്ങളൊക്കെ പ്രധാനമായും ഡസ്ക്ടോപ്പ് ബ്രൗസറുകളുമായി ബന്ധപ്പെട്ടതാണെങ്കിൽ സ്മാർട്ട് ഫോണുകളുടെ കാര്യം വരുമ്പോൾ കഥ മാറുന്നു. സ്മാർട്ട് ഫോണുകളിൽ ട്രാക്കിംഗ് കുക്കീസിനു പകരം മറ്റ് ചില സംവിധാനങ്ങൾ ആണ് ബിഹേവിയറൽ റീ ടാർഗറ്റിംഗിനായി ഉപയോഗപ്പെടുത്തുന്നത്. ഇതിനെക്കുറിച്ചും നിങ്ങൾക്ക് ഏത് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാലും തടയാൻ കഴിയാൻ പരിമിതികൾ ഉള്ള മറ്റ് ചില ബിഹേവിയറൽ റീ ടാർഗറ്റിംഗ് മാർഗ്ഗങ്ങളെക്കുറിച്ചും പോസ്റ്റിന്റെ തുടക്കത്തിൽ സൂചിപ്പിച്ച തരത്തിൽ സ്മാർട്ട് ഫോണുകൾ നിങ്ങളുടെ ശബ്ദങ്ങളും ചിത്രങ്ങളുമെല്ലാം ഇത്തരത്തിൽ പരസ്യങ്ങൾക്കായി യഥാർത്ഥത്തിൽ ഉപയോഗിക്കുന്നുണ്ടോ എന്നൊക്കെയും അടുത്ത ഭാഗത്ത് വിശദമാക്കാം. Stay Tuned