ഇടിമിന്നലുള്ളപ്പോൾ ജീൻസ് ധരിക്കരുതെന്ന് വാർത്ത പത്രത്തിലോ ടിവിയിലോ മറ്റോ കണ്ടാൽ നിങ്ങൾ വിശ്വസിക്കുമോ?

302

സുജിത് കുമാർ

“ജീൻസ് ധരിച്ച യുവാവ് ഇടിമിന്നലേറ്റ് മരിച്ചു.. ജീൻസ് കത്തി നശിച്ചു ” അതുകൊണ്ട് ഇടിമിന്നലുള്ളപ്പോൾ ജീൻസ് ധരിക്കരുതെന്ന് ഉപദേശിച്ചുകൊണ്ടുള്ള ഒരു പരോപകാരപ്രദമായ വാർത്ത പത്രത്തിലോ ടിവിയിലോ മറ്റോ കണ്ടാൽ നിങ്ങൾ വിശ്വസിക്കുമോ? മൂത്ത കേശവൻ മാമൻമാർ പോലും വിശ്വസിക്കാൻ സാദ്ധ്യതയില്ല. പക്ഷേ ഇവിടെ ജീൻസിനു പകരം മൊബൈൽ ഫൊൺ ആണെങ്കിൽ പത്രത്തിൽ വരെ വാർത്ത വരും. എന്തുകൊണ്ടാണ്‌ ഇങ്ങനെ ഒരു കിംവദന്തി ആളുകൾ വിശ്വസിക്കുന്നതും പത്രത്തിലും മറ്റും വാർത്തയാകുന്നതും ആളുകൾ കണ്ണടച്ച് ഫോർവേഡ് ചെയ്യുന്നതും? രണ്ടു കാരണങ്ങളാൽ ആകാം.

1. മൊബൈൽ ഫോണിലെ “ഫോൺ”. ലാൻഡ് ഫോൺ ഉപയോഗിക്കുന്ന സമയത്ത് ഇടിമിന്നൽ ഏറ്റ് അപകടം സംഭവിക്കുന്നത് പതിവായിരുന്നു. ഇപ്പോഴും ലാൻഡ് ഫോൺ ഉപയോഗിക്കുമ്പോൾ ലൈൻ വഴി ഇടിമിന്നൽ ഏൽക്കാനുള്ള സാദ്ധ്യത കൂടുതലാണ്‌. പക്ഷേ ലാൻഡ് ഫോൺ മാറി മൊബൈൽ ഫോൺ വന്നപ്പോഴും ആ പേടി അതേ പോലെ നിലനിൽക്കുന്നു.

2. മൊബൈൽ ഫൊണിനു റേഞ്ച് കുറവായിരുന്ന അവസരങ്ങളിൽ ആളുകൾ റേഞ്ച് കിട്ടാനായി ടെറസ്സിന്റെ മുകളിലും തെങ്ങിന്റെ മണ്ടയിലുമൊക്കെ കയറി നിന്നാൽ സ്വാഭാവികമായും ഇടിമിന്നൽ ഏൽക്കാനുള്ള സാദ്ധ്യതകളും കൂടുന്നു. അങ്ങനെ സംഭവിക്കുന്ന അപകടങ്ങളും പത്രലേഖകർക്കിടയിലെ കേശവൻ മാമന്മാർ വഴി വാർത്തയാകുന്നു. പഴി മൊബൈൽ ഫോണിനും

മൊബൈൽ ഫൊൺ ഉപയോഗിച്ചാലും ഉപയോഗിച്ചില്ലെങ്കിലും ജീൻസ് ധരിച്ചാലും ധരിച്ചില്ലെങ്കിലും ഇടിമിന്നൽ ഏൽക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ഇടിമിന്നൽ ഏറ്റിരിക്കും. ചാർജർ കുത്തി വച്ചുകൊണ്ട് വിളിക്കുന്ന സമയത്ത് ശ്രദ്ധിക്കുക, നിങ്ങളുടെ മൊബൈൽ ഫോൺ ഇലക്ട്രിക് ലൈനുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ താരതമ്യേന ലൈൻ വഴിയുള്ള ഇടിമിന്നൽ ഏൽക്കാനുള്ള സാദ്ധ്യതകൾ കൂടുന്നു. അതുകൊണ്ട് അത്തരം സാഹചര്യം ഒഴിവാക്കുന്നതാണ്‌ നല്ലത്.