ഇലക്ട്രോണിക്സ് എഞ്ചിനീയർമ്മാർക്കും ടെക്നീഷ്യന്മാർക്കും മാത്രം അറിയുന്ന ഒരു രഹസ്യം പറയാം. എല്ലാ ഇലക്ട്രോണിക് കമ്പോണന്റുകൾക്കും ചിപ്പുകൾക്കും ഉള്ളിൽ ഒരു പ്രത്യേക തരം പുക നിറച്ചിട്ടുണ്ട്. അതിന്റെ പേരാണ് ‘മാജിക് സ്മോക്ക്’. മാജിക് സ്മോക്ക് ഉപകരണത്തിന്റെ അകത്ത് ഇരിക്കുന്നിടത്തോളം കാലം അത് ശരിയായി പ്രവർത്തിക്കും. സ്മോക്ക് എവിടെ നിന്നെങ്കിലും ലീക്ക് ചെയ്യാൻ തുടങ്ങിയാൽ ഉപകരണത്തിനു തകരാറുണ്ട് എന്നാണ് അതിന്റെ അർത്ഥം. അതി രൂക്ഷ ഗന്ധമുള്ളതും ഓരോ ഇലക്ട്രോണിക് കമ്പോണന്റിനുമനുസരിച്ചും ഈ മാജിക് സ്മോക്കിന്റെ നിറത്തിലും ഗന്ധത്തിലുമൊക്കെ വ്യത്യാസമുണ്ടായിരിക്കും. എൽ പി ജി സിലിണ്ടർ ലീക്ക് ആയാൽ മണത്തിലൂടെ പെട്ടന്ന് തിരിച്ചറിയാൻ കഴിയുന്നതുപോലെ മാജിക് സ്മോക്ക് ഏത് തരത്തിലുള്ളതാണെങ്കിലും ലീക്ക് ആയാൽ പെട്ടന്ന് തന്നെ അതിന്റെ രൂക്ഷ ഗന്ധത്തിലൂടെ തിരിച്ചറിയാൻ കഴിയുന്നു. ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പ്രമുഖ ചിപ് നിർമ്മാതാക്കളായ ഐ ബി എമ്മിന്റെ മാജിക് ഗ്യാസ് റീഫിൽ സിലിണ്ടർ ആണ്. മാജിക് ഗ്യാസ് ലീക്ക് ആയാൽ ലീക്കുണ്ടായ കമ്പോണന്റ് മാറ്റി പുതിയത് വച്ചതിനു ശേഷം ഈ പറഞ്ഞ റീഫിൽ ഉപയോഗിച്ചാൽ മതിയാകും. – പ്രസ്സിലിരിക്കുമ്പോൾ മാജിക് സ്മോക്കുമായി ബന്ധപ്പെട്ട ഒരു അനുഭവമുണ്ടായപ്പൊൾ ഓർമ്മയിൽ വന്നതാണ്.മലയാളത്തിൽ ഇതിനെ ‘പൊക കാണുക’ എന്നും പറയാറുണ്ട്. പക്ഷേ അങ്ങനെ പറഞ്ഞാൽ ഒരു ഗുമ്മില്ലാത്തതിനാൽ ആ പൊകയേ ‘മാജിക് സ്മോക്ക് ‘ എന്ന് വിളിക്കുന്നു എന്നേ ഉള്ളൂ.