നിങ്ങൾ സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യണോ വേണ്ടയോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
32 SHARES
378 VIEWS

നമ്മുടെ നാട്ടിൽ പരക്കെ കണ്ടുവരുന്ന ഒന്നാണ് സോളാർ പാനലുകൾ പുരപ്പുറത്തു ഫിറ്റ് ചെയുന്ന രീതി. പഴയ ടെലിവിഷൻ ആന്റിനപോലെ ഇതൊരു അഭിമാനമായി പലരും കരുതുന്നു. എന്നാൽ വലിയ തുക ചിലവാക്കി ഇങ്ങനെ ചെയുമ്പോൾ അതിന്റെ ഗുണങ്ങൾ ഉണ്ടാകുന്നുണ്ടോ ? സുജിത് കുമാറിന്റെ പോസ്റ്റ് വായിക്കാം

സുജിത് കുമാർ :

സുജിത് കുമാർ
സുജിത് കുമാർ

അപ്പുറത്തെ വീട്ടിലും ഇപ്പുറത്തെ വീട്ടീലും പുരപ്പുറ സോളാർ വച്ചു അപ്പോൾ പിന്നെ ഞാനും വച്ചില്ലെങ്കിൽ മോശമാകുമോ എന്ന ശരാശരി മലയാളി സൈക്കോളജി ചൂഷണം ചെയ്യാനായി മത്സരിച്ചുകൊണ്ട് സോളാർ ബിസിനസ് സ്ഥാപനങ്ങളുടെ പരസ്യങ്ങൾ ആണ് എവിടെയും. പണ്ടൊക്കെ ടെലിവിഷൻ ഇല്ലെങ്കിലും മീൻമുള്ള് ആന്റിന വീടീന്റെ മുകളിൽ കാണുന്നത് ഒരു അന്തസ്സായി കണക്കാക്കിയിരുന്നതുപോലെ സോളാർ പാനലുകൾ വീടൂകളുടെ മുകളിൽ കാണപ്പെടുന്നത് ഒരു അഭിമാന പ്രശ്നമായി കാണുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തുന്നത് നല്ലതു തന്നെയാണ്. ഇല്ലാത്ത കാശും മുടക്കി ഇതു വച്ചാൽ എന്തോ വലിയ ലാഭം ഉണ്ടാകും എന്ന തരത്തിലുള്ള പ്രചരണങ്ങളിൽ എത്രമാത്രം വസ്തുതയുണ്ടെന്നും നിങ്ങൾ സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യണോ വേണ്ടയോ എന്ന തിരുമാനത്തിൽ എത്താനും സഹായിക്കുന്ന കുറച്ച് വിവരങ്ങൾ പങ്കുവയ്ക്കാം.

1. സോളാർ പാനലിന്റെ വില കുറഞ്ഞതുകൊണ്ടാണോ ഇപ്പോൾ എല്ലാവരും സോളാറിനെക്കുറിച്ച് ചർച്ച ചെയ്യുന്നത്? അല്ല. ഈ കഴിഞ്ഞ രണ്ട് കോവിഡ് വർഷങ്ങൾ പരിശോധിച്ചാൽ സോളാർ പാനലുകളുടെ വില കുറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കാത്ത രീതിയിൽ വിപണിയിൽ കൂടുകയാണ് ചെയ്തിട്ടുള്ളത്. സോളാർ വൈദ്യുതിയെ പ്രോത്സാഹിപ്പിക്കാനായി കേന്ദ്രം നൽകുന്ന സബ്സിഡി സ്കീമുകൾക്ക് പ്രചാരം ലഭിച്ചതോടെ കുറഞ്ഞ അദ്ധ്വാനത്തിലും ഇൻവെസ്റ്റ്മെന്റിലും കൂടുതൽ മാർജിൻ ലഭിക്കുന്ന ഒരു ബിസിനസ് എന്ന നിലയിൽ ആണ് ഇപ്പോൾ കേരളത്തിലെ ബിസിനസ് മേഖലയിലുള്ളവരുടെ ശ്രദ്ധയാകർഷിക്കുന്നത്. മറ്റുള്ള ഇടങ്ങളിൽ വിപണി മത്സരാധിഷ്ഠിതമാകുമ്പോൾ വില കുറഞ്ഞ് ഉപഭോക്താക്കൾക്ക് അതിന്റെ ഗുണങ്ങൾ ലഭിക്കുന്ന സാഹചര്യമുള്ളപ്പോൾ ഇവിടെ ബിസിനസ്സുകാരുടെ കൂട്ടായ ഇടപെടലുകളും നിസ്സഹകരണവും മൂലം കെഇബിയുടെ സൗര സബ്സിഡി ഒന്നാം ഘട്ട പ്രോഗ്രാം പരാജയപ്പെട്ടു പോയി. ചെറിയ വിട്ടുവീഴ്ചകൾക്ക് കെ എസ് ഇബി തയ്യാറായതുമില്ല. പക്ഷേ ഇപ്പോൾ പദ്ധതി പരാജയപ്പെടുന്ന ഘട്ടം ആയപ്പോൾ പൂർണ്ണമായും വെൻഡർമ്മാർ ഉദ്ദേശിച്ച വഴിയിലേക്ക് തന്നെ കെ എസ് ഇബിയ്ക് എത്തേണ്ടി വന്നു. വേണമെങ്കിൽ കെ എസ് ഇബിയ്ക്ക് സ്വന്തം വിഭവശേഷി ഉപയോഗിച്ചുകൊണ്ട് ഈ പ്രൊജക്റ്റ് സ്വന്തമായിത്തന്നെ ചെയ്യാമായിരുന്നു.

2. കാർബൺ എമിഷൻ കുറയ്ക്കുക എന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിനു മറ്റെന്തിനേക്കാൾ പ്രാധാന്യം നിങ്ങൾ കൊടൂക്കുന്ന ആളാണെങ്കിൽ മറ്റൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല, യാതൊരു കണക്കു കൂട്ടലുകളും നടത്തേണ്ടതില്ല തീർച്ചയായും സോളാർ പ്ലാന്റുകൾ സ്ഥാപിക്കുക തന്നെ വേണം. വ്യക്തിഗത കാർബൺ എമിഷൻ ഗണ്യമായി കുറയ്ക്കുന്നതിൽ ഹോം സോളാർ പ്ലാന്റുകൾക്ക് വലിയ പങ്കുണ്ട്. വ്യക്തിഗത കാർബൺ എമിഷനും ആഡംബരവും നേർ അനുപാതത്തിലാണ് ബന്ധപ്പെട്ടിരിക്കുന്നത്. ലോകത്തിൽ ഏറ്റവും കുറവ് വ്യക്തിഗത കാർബൺ എമിഷൻ ഉള്ളത് വികസ്വര- ദരിദ്ര രാഷ്ട്രങ്ങളിൽ ആണ്. സ്വന്തമായി വാഹനം ഇലാത്ത, പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുന്ന, സുഭിക്ഷമായി ഭക്ഷണം കഴിക്കാൻ വകയില്ലാത്ത, വിമാന യാത്ര ചെയ്യാത്ത ഒരു സാധാരണക്കാരന്റെ വ്യക്തിഗത കാർബൺ എമിഷൻ ഇതെല്ലാം ചെയ്യുന്ന ആളുടേതിന്റെ പത്തിലൊന്നു പോലും ഉണ്ടാകില്ല. ഈ അടുത്ത കാലത്ത് നടത്തിയ ഒരു പഠനപ്രകാരം ഇന്ത്യയിൽ ദരിദ്രരുടെ ഏഴിരട്ടിയാണ് ഉയർന്ന വരുമാനമുള്ളവരുടെ കാർബൺ എമിഷൻ എന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ സാധാരണക്കാർ കാർബൺ എമിഷൻ കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വല്ലാതെ തലപുണ്ണാക്കേണ്ട കാര്യമില്ല. കാരണം അത് ഉമിനീർ കുടിച്ച് ദാഹം മാറ്റാൻ ശ്രമിക്കുന്ന ഫലം മാത്രമേ നൽകുന്നുള്ളൂ. ആഢംബര സൗകര്യങ്ങൾ ഉപയോഗിക്കുന്ന പണക്കാർ ആണ് അവരുടെ കാർബൺ എമിഷൻ കുറയ്ക്കാനുള്ള വഴികൾ നോക്കേണ്ടത്. സർക്കാർ അവരെക്കൊണ്ട് കാർബൺ എമിഷൻ കുറയ്ക്കാൻ ആവശ്യമായ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാക്കുന്നതോ അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുന്നതോ ആയ നിയമങ്ങളും പദ്ധതികളുമൊക്കെയാണ് ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതാണ്. അതിനാണ് സോളാർ പ്ലാന്റുകൾക്ക് സബ്സിഡിയുൾപ്പെടെയുള്ള പ്രോത്സാഹനങ്ങൾ നൽകുന്നത്. അതായത് ഒറ്റ വാചകത്തിൽ പറഞ്ഞാൽ പുരപ്പുറ സോളാർ പ്ലാന്റുകൾ സാധാരണക്കാരെ ഉദ്ദേശിച്ചുള്ളതല്ല മറിച്ച് ഉയർന്ന വൈദ്യുത ഉപഭോഗം ഉള്ളവരെ മാത്രമാണ് ലക്ഷ്യമാക്കുന്നത്. അവരാണ് ഇത് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കേണ്ടത്. നിശ്ചിത വലിപ്പത്തിൽ കൂടുതൽ ഉള്ള വീടുകൾ പണീയുന്നവർക്കും കണക്റ്റഡ് ലോഡ് നിശ്ചിത പരിധിയിൽ കൂടുതൽ ഉള്ളവരുമെല്ലാം സോളാർ പ്ലാന്റുകൾ നിർബന്ധമാക്കണമെന്നത് നിയമമാക്കിയാൽ പണക്കാർ കൂടുതലായി സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്തു തുടങ്ങും. പാവപ്പെട്ടവനു ലോണും മറ്റും നൽകി അവനെക്കൊണ്ട് സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയല്ല മറിച്ച് പണക്കാരനെക്കൊണ്ട് സബ്സിഡീ നൽകാതെ തന്നെ ആർഭാടത്തിനനുസരിച്ച് ഇൻസ്റ്റാൾ ചെയ്യിക്കാൻ നിർബന്ധിതരാക്കുന്നതായിരിക്കണം സർക്കാർ നയം.

3. നിങ്ങൾ സോളാർ പ്ലാന്റ് ഇൻസ്റ്റാൾ ചെയ്യണോ എന്ന് തീരുമാനത്തിൽ എത്താൻ അതിസങ്കീർണ്ണമായ കണക്കുകൂട്ടലുകളൂടെ ആവശ്യമൊന്നുമില്ല. അടിസ്ഥാനപരമായ ചില സംഖ്യകൾ അറിഞ്ഞാൽ മാത്രം മതി. കേരളത്തിലെ കാലാവസ്ഥയിൽ ഒരു ദിവസം ഒരു കിലോവാട് സോളാർ പ്ലാന്റ് സ്ഥാപിച്ചാൽ ശരാശരി 4 യൂണിറ്റ് വൈദ്യുതി ആണ് ലഭിക്കുക. എത്ര അത്യാധുനിക മോഡൽ സോളാർ പാനൽ ഉപയോഗിച്ചാലും ഇതിൽ വളരെ ചെറിയ മാറ്റങ്ങൾ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ. നമുക്ക് ഒരു സാമ്പിൾ കാൽക്കുലേഷൻ നടത്തി നോക്കാം. നിലവിൽ സബ്സിഡിയോടു കൂടി 3 കിലോവാട്സ് സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യാനായി 133000 രൂപ ആണ് ചെലവു വരുന്നത്. ഈ പ്ലാന്റ് പ്രതി ദിനം പരമാവധി 13 യൂണിറ്റ് വൈദ്യുതി ഉണ്ടാക്കുകയാണെങ്കിൽ ഒരു മാസം 390 യൂണിറ്റി വൈദ്യുതി ലഭിക്കുന്നു. വർഷത്തിൽ 4680 യൂണിറ്റ്. യൂണിറ്റിനു 5 രൂപ വച്ച് കണക്കു കൂട്ടിയാൽ ഒരു വർഷം ഈ പ്ലാന്റ് ഇൻസ്റ്റാൾ ചെയ്യുന്നതുകൊണ്ട് 23400 രൂപ വൈദ്യുത ചെലവ് ഇനത്തിൽ പ്രതിവർഷം ലാഭിക്കാൻ കഴിയുന്നു. ഈ കണക്ക് പ്രകാരം നിങ്ങൾ പ്ലാന്റ് സ്ഥാപിക്കുന്നതിലേക്കായി നടത്തിയ മുടക്ക് മുതൽ തിരികെ പിടിക്കാൻ ഏറ്റവും കുറഞ്ഞത് 5 വർഷം എങ്കിലും എടുക്കും. തുടക്കത്തിലേ നിക്ഷേപിച്ച തുകയുടെ പലിശ കൂടി കണക്കിലെടുക്കുകയാണെങ്കിൽ ഇത് 8 വർഷമെങ്കിലും ആകാം. ഇനി നിങ്ങളുടെ വൈദ്യുത ഉപഭോഗം ഇതിലും വളരെ കുറവാണെങ്കിൽ ഈ വർഷക്കണക്കുകൾ ഇനിയും നീണ്ട് പോകാം. അതായത് അധിക വൈദ്യുതി ഇലക്ട്രിസിറ്റി ബോർഡ് നിങ്ങളിൽ നിന്ന് വാങ്ങുന്നത് 3 രൂപ നിരക്കിൽ ആണ് എന്നതുകൂടി മറക്കരുത്. ഈ അവസരത്തിൽ നിക്ഷേപം മുതലാകാൻ പത്തു വർഷമെങ്കിലും എടുക്കും. അങ്ങനെ എന്തെങ്കിലും ലാഭം സൗരോർജ്ജ പ്ലാന്റിൽ നിന്ന് ലഭിക്കണമെങ്കിൽ അഞ്ചു മുതൽ പത്ത് വർഷങ്ങൾ കഴിയണം എന്ന വസ്തുത മറന്നുപോകരുത്. 40 ശതമാനം സബ്സിഡി ലഭിച്ചതിനു ശേഷമുള്ള അവസ്ഥയാണ് ഇതെന്ന് ഓർക്കുക. അപ്പോൾ സബ്സിഡീ ഇല്ലാതെ 190000 രൂപയ്ക്കും മറ്റും ഇൻസ്റ്റാൾ ചെയ്താൽ ഈ കണക്കിൽ എത്ര കണ്ട് വ്യത്യാസം ഉണ്ടാകുമെന്ന് ഊഹിക്കാമല്ലോ. ഭാവിയിലെ വൈദ്യുത ചാർജ് വർദ്ധനവു കൂടി കണക്കിലെടുത്താലും ഈ പറഞ്ഞ കണക്കുകളിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകാൻ പോകുന്നില്ല. അതുകൊണ്ട് പെട്ടന്നുള്ള ലാഭം പ്രതീക്ഷിച്ചുകൊണ്ട് പുരപ്പുറ സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് മണ്ടത്തരം ആയിരിക്കും.

4. മുകളിൽ പറഞ്ഞതാണ് കണക്ക്. അപ്പോൾ പിന്നെ എന്തിനു സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യണം? സൈക്കോളജിക്കൽ ആയ കാര്യങ്ങൾ കൂടി ഇതിൽ ഉണ്ട്. നമ്മൾ ആരും ഒന്നര ലക്ഷം രൂപ ബാങ്കിലോ മ്യൂച്വൽ ഫണ്ടിലോ ഇട്ട് അതിന്റെ പലിശ കൊണ്ട് ഇലക്ട്രിസിറ്റി ബിൽ അടയ്ക്കാം എന്ന തീരുമാനത്തിൽ എത്തില്ല ( കെ എസ് ഇ ബി അത്തരത്തിൽ ഒരു പദ്ധതി കൊണ്ടു വന്നാൽ ചിലപ്പോൾ പലരും തയ്യാറായേക്കും എങ്കിലും). അതുകൊണ്ട് കണക്കിലെ കളികൾ എന്തു തന്നെ ആണെങ്കിലും തന്നെ മാസാമാസം വന്നുകൊണ്ടിരിക്കുന്ന വൈദ്യുത ബിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതോടെ പൂജ്യം ആകുന്നത് കാണുമ്പോൾ വലാത്ത ഒരു മാനസിക സംതൃപ്തി ലഭിക്കുന്നു. അതുപോലെത്തന്നെ വൈദ്യുത ബിൽ കൂടുമോ എന്ന് പേടിച്ചുകൊണ്ട് പിശുക്കി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വൈദ്യുത ഉപകരണങ്ങൾ എല്ലാം വളരെ ആർഭാടമായിത്തന്നെ ഉപയോഗിക്കാൻ കഴിയുന്നു. വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന എയർ കണ്ടീഷണറൂകൾ ധൈര്യമായി എപ്പോഴും ഉപയോഗിക്കാനാകുന്നു. ഒന്നോ‌ രണ്ടോ മുറികളിൽ നിന്ന് മാറി എല്ലാ മുറികളിലേക്കും കോമൺ ഏരിയയിലേക്കുമെല്ലാം എയർ കണ്ടീഷനിംഗ് കൊണ്ടുവരാനാകുന്നു. ഈ പറഞ്ഞതെല്ലാം വലിയ വരുമാനമുള്ള പണക്കാരുടെ കാര്യമല്ല കേട്ടോ പണക്കാരുടെയും പാവപ്പെട്ടവരുടെയും ഇടയിലുള്ള മദ്ധ്യവർഗ്ഗത്തിന്റെ കാര്യമാണ് . അവരാണ് ഇത്തരം ആവർത്തനച്ചെലവുകളൊക്കെ കണക്കു കൂട്ടി തലപുണ്ണാക്കുന്നത്.

5. ഇതൊക്കെയാണ് വസ്തുതകൾ എങ്കിൽ നിങ്ങൾ എന്തുകൊണ്ടാണ് സൗര സബ്സിഡി സ്കീം പ്രകാരം അപേക്ഷിച്ച് ഇതിന്റെ പിറകേ പോയി സമയം കളഞ്ഞത് ? ഒറ്റ വാക്യത്തിൽ പറഞ്ഞാൽ കെ എസ് ഇബിയെ വിശ്വാസത്തിൽ എടുത്തു എന്നതു തന്നെ. 2020 ൽ കെ എസ് ഇബി സൗര സബ്സിഡി പദ്ധതി പ്രഖ്യാപിച്ചപ്പോൾ ഒരു കിലോവാട്ട് പ്ലാന്റിനു 40 ശതമാനം സബ്സിഡി കഴിച്ച് 28000 രൂപ മാത്രമേ വരുമായിരുന്നുള്ളൂ. അതായത് 3 കിലോവാട്സ് പ്ലാന്റിന് എല്ലാ ചെലവുകളും കഴിഞ്ഞ് നമ്മൾ മുടക്കേണ്ടത് വെറും 84000 രൂപ മാത്രം. ഇതൊരു “മനം മയക്കുന്ന ഓഫർ” തന്നെ ആണെന്ന് പറയേണ്ടി വരും. ഈ നിരക്കിൽ ഫുൾ കപ്പാസിറ്റിയിൽ 3 കിലോവാട്സ് പ്ലാന്റ് ഉപയോഗിക്കാൻ കഴിഞ്ഞാൽ മൂന്നു മൂന്നര വർഷങ്ങൾ കൊണ്ട് മുടക്ക് മുതൽ തിരികെ വരും. മുകളിൽ പറഞ്ഞതുപോലെ മദ്ധ്യവർഗ്ഗത്തിന്റെ വൈദ്യുത ബിൽ ആകുലകതകൾ ഇല്ലാതെ ആർഭാടമായിത്തന്നെ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയും. നിലവിലെ കാർ 10 വർഷം തികയുന്നതിനാൽ പതുക്കെ അത് മാറ്റി വിപണിയിൽ നല്ലൊരു മോഡൽ വരുമ്പോൾ അതിലേക്ക് മാറാനൊക്കെ പദ്ധതി ഉണ്ടായിരുന്നു. അതുപോലെ പാചകത്തിനായി ഗ്യാസിനോടൊപ്പം ഇൻഡൿഷൻ ഹീറ്റർ കൂടി ഉപയോഗിക്കാമെന്നൊക്കെ കരുതി. അതനുസരിച്ചാണ് 1000 രൂപ പണമടച്ച് 2020 ൽ രജിസ്റ്റർ ചെയ്തത്. അതു പ്രകാരം പതിനായിരത്തിലധികം പേർ ഈ പദ്ധതിയിൽ ചേർന്നിട്ടുണ്ടായിരുന്നു. പക്ഷേ‌ വളരെ കുറച്ച് പേർക്ക് മാത്രമാണ് ഈ പറഞ്ഞ നിരക്കിൽ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്ത് കിട്ടിയത്. മറ്റുള്ളവരെ എല്ലാം കെ എസ് ഇബി വളരെ കൂടിയ നിരക്കിലുള്ള ഫേസ് ടുവിലേക്ക് മാറ്റി. അതുമൂലം നഷ്ടം 50000 രൂപ !!. ഒരിക്കൽ തുനിഞ്ഞിറങ്ങിയതുകൊണ്ട് ഒരു വാശിയുടെ പേരിൽ ആണ് ഇപ്പോൾ ഇതുമായി മുന്നോട്ട് പോകുന്നത്. ‘സോളാർ വന്നിട്ട് ഏസി ഓൺ ചെയ്താൽ മതി’ എന്നു പറയാൻ തുടങ്ങിയിട്ട് കാലം കുറേ‌ആയി.

***

ഇനി നിങ്ങൾ പറയൂ നിങ്ങൾ സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്തതിട്ടുണ്ടെങ്കിൽ അതിലേക്ക് നയിച്ച കാരണങ്ങൾ എന്താണ്? സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ എന്തുകൊണ്ട്? ഒരിക്കലും ചെയ്യാൻ പദ്ധതിയില്ലെങ്കിൽ അതിനും ഉണ്ടാകുമല്ലോ ചില കാരണങ്ങൾ .

Leave a Reply

Your email address will not be published. Required fields are marked *

LATEST

വരിസു ടിക്കറ്റ് ബുക്കിംഗ് അടുത്ത ആഴ്ച യുകെയിൽ, ആദ്യമായാണ് യുകെയിൽ ഒരു തമിഴ് സിനിമയുടെ ബുക്കിങ് ആരംഭിക്കുന്നത്

വരിസു ടിക്കറ്റ് ബുക്കിംഗ് അടുത്ത ആഴ്ച യുകെയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നടൻ വിജയെ

ബാബയും ശിവാജിയും നേർക്കുനേർ, രജനിക്കെതിരെ രജനി തന്നെ മത്സരിക്കുന്നു, തമിഴകം ആഘോഷ ലഹരിയിൽ

ശിവാജിയുടെ പെട്ടെന്നുള്ള അപ്‌ഡേറ്റ് ബാബയെ കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷകരമായ ഒരു സർപ്രൈസ് സമ്മാനിച്ചു.സൂപ്പർസ്റ്റാർ

“ഫാന്റ ബോട്ടിൽ സ്ട്രക്ച്ചർ”, “അസ്ഥികൂടം” കളിയാക്കിയവർക്ക് സ്റ്റാൻഡേർഡ് മറുപടിയാണ് കുറിപ്പിലൂടെ ദിവ്യ ഭാരതി നൽകിയത്

കോളേജ് കാലം മുതൽ ഇതുവരെ നേരിട്ട പരിഹാസങ്ങളെ കുറിച്ച് നടി ദിവ്യ ഭാരതി