ഇപ്പോൾ ക്രിപ്റ്റോ കറന്സിയെ കുറിച്ചും ബിറ്റ് കോയിനെ കുറിച്ചും ബ്ളോക് ചെയിനിനെ പറ്റിയുമൊക്കെ പേരുകൾ കൊണ്ടെങ്കിലും കേൾക്കാത്തവർ ആയി ആരുമില്ല. എന്നാൽ സാധാരണ ജനങ്ങൾക്കു ഈവിധ കാര്യങ്ങൾ ഒന്നും അറിയില്ല എന്നത് ഒരു സത്യമാണ്. ലളിതമായി അക്കാര്യങ്ങൾ വിശദീകരിക്കുന്ന സുജിത് കുമാറിന്റെ പോസ്റ്റ് വായിക്കാം. നാലഞ്ച് ഭാഗങ്ങളായി എഴുതിയ പോസ്റ്റിന്റെ അഞ്ചാം ഭാഗം

സുജിത് കുമാർ

സുജിത് കുമാർ
സുജിത് കുമാർ

ബിറ്റ് കോയിനെക്കുറിച്ച് പറയുമ്പോൾ ബ്ലോക് ചെയിൻ എന്ന ആശയം മനസ്സിലായാൽ ബിറ്റ് കോയിനും മനസ്സിലായി എന്നു പറയാം. അതിനാൽ ബ്ലോക് ചെയിനെക്കുറിച്ചും അതിൽ ബിറ്റ് കോയിൻ ഇടപാടുകൾ ചേർക്കുന്ന മൈനിംഗ് എന്ന ഡാറ്റാ എൻട്രി ജോലിയെക്കുറിച്ചും പറയാം.

ബാങ്കുകളിലും മറ്റും പണ്ട് ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ സൂക്ഷിച്ചിരുന്ന തടീയൻ കണക്ക് പുസ്തകങ്ങൾ ഓർക്കുന്നില്ലേ? അതിൽ ഓരോ അക്കൗണ്ട് നമ്പരുകൾക്കും ഓരോ പേജും ആ പേജുകളിൽ ഇടപാട് വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോൾ കമ്പ്യൂട്ടറുകൾ വന്നപ്പൊൾ അത് കമ്പ്യൂട്ടർ ഡാറ്റാബേസിനു വഴിമാറി. നിങ്ങളുടെ അക്കൗണ്ടിൽ എത്ര പണം ബാക്കിയുണ്ട്, ഇതുവരെ എന്തൊക്കെ ഇടപാടുകൾ നടന്നു തുടങ്ങിയ എല്ലാ കാര്യങ്ങളും അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തുന്ന പേജിൽ ലഭ്യമായിരിക്കും. ബിറ്റ് കോയിൻ ബ്ലോക് ചെയിനും ഇതുപോലെയുള്ള ഒരു കണക്ക് പുസ്തകം തന്നെയാണ്‌. പക്ഷേ പ്രധാന വ്യത്യാസമെന്താണെന്ന് വച്ചാൽ ഇവിടെ കണക്കുകൾ രേഖപ്പെടുത്താൻ ഒരു കേന്ദ്രീകൃത സംവിധാനമില്ല, എല്ലാവരുടേയും കയ്യിൽ കണക്ക് പുസ്തകത്തിന്റെ പകർപ്പുകൾ ഉണ്ട്. ആർക്ക് വേണമെങ്കിലും കണക്ക് ചേർക്കാം. കണക്ക് ചേർക്കുന്നവന് അതിനുള്ള പ്രതിഫലം ബിറ്റ് കോയിൻ രൂപത്തിലോ ഇടപാടുകൾക്കുള്ള ഫീസ് ആയോ ലഭിക്കുകയും ചെയ്യും. ആർക്കും കണക്ക് ചേർക്കാമെന്നതിനാൽ സംഗതി വളരെ എളുപ്പമായിരിക്കുമെന്ന് കരുതേണ്ട. ഇത്തരത്തിൽ ഒരു കണക്ക് പുസ്തകം തുറന്ന് വച്ചിരിക്കുന്നു. ഇടപാടുകാർ തങ്ങളുടെ കണക്ക് നോക്കി ഇടപാട്‌ ചേർക്കാനായി കാത്ത് നിൽക്കുന്നു. അപ്പോൾ കാഴ്ച്ചക്കാരായി നിൽക്കുന്ന ധാരാളം പണിക്കാർ കണക്ക് ചേർക്കുമ്പോൾ കിട്ടുന്ന പ്രതിഫലം മോഹിച്ച് മുന്നോട്ട് വരുന്നു. കാരണം കണക്ക് പരിശോധിക്കുന്ന പണിയും ചേർക്കുന്ന പണിയും വളരെ എളുപ്പമാണ്‌. ഓരോ അക്കൗണ്ടും നോക്കുക, അതിൽ പണം ബാക്കിയുണ്ടോ എന്ന് പരിശോധിക്കുക, നിശ്ചിത പേജിൽ അത് രേഖപ്പെടുത്തുക. ഒന്നിൽ കൂടുതൽ കണക്കപ്പിള്ളമാർ ഇങ്ങനെ തിക്കും തിരക്കും കൂട്ടിയാൽ പണി ആരെ ഏൽപ്പിക്കും . അതിനായി ഒരു മത്സരം ഉണ്ട്. പത്ത് കിലോമീറ്റർ ഓടി അതിൽ ആദ്യം എത്തുന്നവനു കണക്ക് രേഖപ്പെടുത്താം. കൊള്ളാമല്ലേ കളി. നല്ല ആരോഗ്യമുള്ളവൻ ആദ്യം ഓടി എത്തി കണക്ക് രേഖപ്പെടുത്തുന്നു. രേഖപ്പെടുത്തിയ കണക്ക് മറ്റുള്ളവർ ശരിയാണെന്ന് ഉറപ്പ് വരുത്തുന്നു. അതോടെ ഇടപാട് പൂർത്തിയാകുന്നു.

ബിറ്റ് കോയിൻ ബ്ലോക് ചെയിനിൽ ഇത്തരത്തിൽ കണക്ക് ചേർക്കുന്ന പ്രക്രിയയ്ക്ക് പറയുന്ന പേരാണ്‌ മൈനിംഗ്.യഥാർത്ഥത്തിൽ മൈനിംഗ് നടത്തുന്നവരാണ്‌ ബിറ്റ് കോയിൻ ശ്രുംഖലയെ നിലനിർത്തുന്നത്. ബ്ലോക് ചെയിനെ ഒരു കണക്ക് പുസ്തകത്തിനൊട് ഉപമിക്കാമെങ്കിലും ഇതിന്റെ പ്രത്യേകത ഇതിലെ ഒരു പുസ്തകത്തിന്റെ രൂപത്തിലല്ല, മറിച്ച് ഒരു ചങ്ങലയുടെ രൂപത്തിലാണ്‌ എന്നത് തന്നെ. അതായത് പുസ്തകത്തിലെ ഒരു പേജ് കീറിക്കളഞ്ഞാലോ ചെറിയ എന്തെങ്കിലും വെട്ടലും തിരുത്തലും നടത്തിയാലോ എളുപ്പത്തിൽ മനസ്സിലാക്കാനാകില്ല. പക്ഷേ‌ ബ്ലോക് ചെയിൻ അങ്ങിനെ അല്ല. വളരെ ചെറിയ ഒരു തിരുത്തൽ പോലും ചങ്ങലയുടെ കണ്ണി മുറിക്കും. അതോടെ കള്ളത്തരം വെളിച്ചത്ത് വരികയും പ്രസ്തുത കണക്ക് പുസ്തകത്തിന്റെ പകർപ്പ് വ്യാജനാണെന്ന് മനസ്സിലാക്കി ബിറ്റ് കോയിൻ ശ്രുംഖലയുടെ പുറത്ത് പോവുകയും ചെയ്യുന്നു.

ബ്ലോക് ചെയിനെക്കുറിച്ച് പറയുമ്പോൾ ബ്ലോക്കുകളുടെ ഒരു ചങ്ങല ആണെന്നുള്ള ഒരു ധാരണയെങ്കിലും വരുന്നുണ്ടല്ലോ അല്ലേ? അതായത് ഇടപാടുകൾ രേഖപ്പെടുത്തിയ ബ്ളോക്കുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടൂള്ള ഒരു ചങ്ങലാണ്‌ ബ്ലോക് ചെയിൻ. അപ്പോൾ ചങ്ങലക്ക് ഒരു തുടക്കം ഉണ്ടാകുമല്ലോ അല്ലേ? തുടക്കം ഉണ്ട്. ചങ്ങലയുടെ ആദ്യത്തെ ബ്ലോക്ക് ഉണ്ടാക്കിയത് ആരായിരിക്കും? സംശയം വേണ്ട ബിറ്റ് കോയിനിന്റെ പിതാവെന്ന് അറിയപ്പെടുന്ന അജ്ഞാതനായ സതോഷി നക്കാമോട്ടോ എന്ന ജീനിയസ് തന്നെ. ഇത്തരത്തിൽ ബിറ്റ് കോയിൻ നിയമാവലിപ്രകാരം ആദ്യമായി ഉണ്ടാക്കിയ ബ്ലോക്കിന്റെ പേരാണ്‌ ജെൻസിസ് ബ്ലോക്ക് (Gensis Block). ജെൻസിസ് എന്ന വാക്കിന്റെ അർത്ഥം ഉൽപ്പത്തി, തുടക്കം എന്നൊക്കെയാണല്ലോ. അതുകൊണ്ട്‌ ഇത് ബിറ്റ് കോയിൻ ഇടപാട് കണക്ക് പുസ്തകമായ ബ്ലോക്ക് ചെയിനിന്റെ ആദ്യ ബ്ലോക് ആയി. ഇതിന്റെ പേജ് നമ്പർ അഥവാ ബ്ളൊക് നമ്പർ 0 ആണ്‌. ബിറ്റ് കോയിനിന്റെ തുടക്കമായതിനാൽ ചേർക്കാൻ കണക്കുകളൊന്നുമില്ലല്ലോ. അതിനാൽ ആദ്യ പേജിൽ സതോഷി ഇങ്ങനെ രേഖപ്പെടുത്തി “The Times 03/Jan/2009 Chancellor on brink of second bailout for banks”. എന്താണീ വാചകമെന്ന് വല്ല പിടിയുമുണ്ടോ ? 2009 ജനുവരി മൂന്നാം തീയ്യതിയിലെ ടൈംസ് ദിനപ്പത്രത്തിന്റെ തലക്കെട്ട് ആയിരുന്നു ഇത്. കണക്ക് പുസ്തകത്തിൽ പ്രത്യേകിച്ച് ഇടം കൊടുക്കേണ്ട ആവശ്യമൊന്നുമില്ലാത്ത ഈ വാചകം കൊണ്ട് സതോഷി എന്തായിരിക്കാം ഉദ്ദേശിച്ചത്? ഒന്ന് ആദ്യ ബ്ലോക് ചേർത്തത് ജനുവരി മൂന്നാം തീയ്യതി എന്നോ അല്ലെങ്കിൽ പരമ്പരാഗത ബാങ്കിംഗ് സിസ്റ്റത്തിന്റെ തകർച്ചയെ സൂചിപ്പിക്കാനോ ആകാം. എന്തായാലും ആ ജീനിയസ്സിന്റെ ജെൻസിസ് ബ്ലോക്കിലെ ഈ കുറിമാനത്തിൽ തുടങ്ങിയ ബ്ളോക് ചെയിൻ ഇന്ന് ലോകമെമ്പാടും പരമ്പരാഗത അർത്ഥ വ്യവസ്ഥയ്ക്ക് ഒരു വെല്ലുവിളിയായി പുതിയ മാനങ്ങൾ നൽകുകയാണ്.

ബിറ്റ് കോയിൻ ആദ്യ ബ്ളോക്ക് ആയ ജെൻസിസ് ബ്ലോക്കിലേക്ക് തിരിച്ചു വരാം. ഇടപാടുകൾ ഒന്നും ചേർക്കാനില്ലെങ്കിലും ആദ്യ ബ്ളോക്ക് ഉണ്ടാക്കിയതിന്റെ പ്രതിഫലമായി സതോഷിക്ക് 50 ബിറ്റ് കോയിനുകൾ സ്വന്തമാകുന്നു. ഇതിനെ കോയിൻ ബേസ് ട്രാൻസാൿഷൻ എന്നാണു വിളിക്കുന്നത്. അതായത് ഇടപാടുകൾ ചേർക്കുന്നതിനു പ്രതിഫലമായി സ്വന്തം പേരിൽ എഴുതി എടുക്കാവുന്ന തുക. ഈ തുകയും സ്വന്തം ബിറ്റ് കോയിൻ വിലാസത്തിന്റെ നേരേ ചേർത്ത് ഒന്നാമത്തെ ബ്ളോക് തയ്യാറാക്കി. ഇവിടെയും മത്സരാത്മകമായ ഒരു പ്രക്രിയയാണ്‌ കണക്ക് ചേർക്കൽ പിന്നെങ്ങനെ സതോഷി മത്സരമൊന്നുമില്ലാതെ കണക്ക് ചേർത്തു എന്ന് സംശയം തോന്നിയേക്കാം. മത്സരിക്കാൻ ആരുമില്ലെങ്കിലും കള്ളക്കളിക്കൊന്നും സതോഷിയും തയ്യാറായിരുന്നില്ല. വീടീന്റെ ചുറ്റും ഒരു റൗണ്ട്‌ ഓടിയതിനു ശേഷമാണ്‌ കണക്ക് ചേർത്തത്. എന്താണ്‌ ഈ ഓട്ടം എന്ന് മനസ്സിലാക്കിയാൽ ബിറ്റ് കോയിൻ മൈനിംഗിനെക്കുറിച്ച് മനസ്സിലാക്കാം .
ബിറ്റ് കോയിൻ ബ്ലോക്കിൽ കണക്കുകൾ ചേർക്കുന്നതിനു മുൻപ് ഒരു പ്രശ്നത്തിന് ഉത്തരം കണ്ടുപിടിച്ചാലേ കണക്ക് ചേർക്കാൻ അനുവദിക്കൂ. അത് എന്താണെന്ന് പറയുന്നതിനു മുൻപ് നേരത്തേ സൂചിപ്പിച്ച (കഴിഞ്ഞ ഭാഗത്ത്) ക്രിപ്റ്റോഗ്രാഫിക് ഹാഷ് എന്താണെന്ന് ചെറിയ ഒരു ധാരണയെങ്കിലും വേണം. ക്രിപ്റ്റോഗ്രാഫിക് ഹാഷ് എന്നാൽ ഡാറ്റയുടെ ഫിംഗർ പ്രിന്റ് ആയി കണക്കാക്കാം. അതായത് എത്ര വലിയ മനുഷ്യൻ ആയാലും ചെറിയൊരു വിരലടയാളം കൊണ്ട് തിരിച്ചറിയാമെന്നതുപോലെ.. ഫിംഗർ പ്രിന്റിലെ ചെറിയ വ്യത്യാസം നോക്കിത്തന്നെ ആളുമാറി എന്ന് മനസിലാക്കാൻ കഴിയുന്നതുപോലെ, ഫിംഗർ പ്രിന്റിൽ നിന്നും തിരിച്ച് ആളെ ഉണ്ടാക്കാൻ കഴിയാത്തതുപോലെയുള്ള ഒരു സംവിധാനമാണ്‌ ഹാഷിംഗ്. ഏത് ഡാറ്റയിൽ നിന്നും നിശ്ചിത വലിപ്പത്തിലുള്ള ഒരു വാക്ക് ആയ ഹാഷ് ഉണ്ടാക്കിയെടുക്കാൻ കഴിയും. രണ്ട് വ്യത്യസ്ത ഡാറ്റകൾക്ക് ഒരേ ഹാഷ് ഒരിക്കലും ഉണ്ടായിരിക്കില്ല. ഹാഷിൽ നിന്നും തിരിച്ച് ഡാറ്റ ഉണ്ടാക്കാനാകില്ല. ഡാറ്റയിലുള്ള വളരെ സൂഷ്മമായ വ്യത്യാസം പോലും ഹാഷിൽ വലിയ വ്യത്യാസങ്ങൾ വരുത്തും. പെട്ടന്ന് ഒരു ഉദാഹരണം പറയാം .

Sujith എന്നതിന്റെ ഹാഷ് ആണ്‌ 8691DD14CB5E57C529007FA104D40864B8FCC140FF516ED6E2B2BE3D8334A1D9
Sujith! എന്നതിന്റെ ഹാഷ് 569EE8FF3D99C56BE13300E8EC62C314FB15410F55B0B85EDA885C7C95B86228
ഇത് രണ്ടും ഒന്ന് താരതമ്യം ചെയ്തു നോക്കുക. ഒറ്റ നോട്ടത്തിൽ തന്നെ രണ്ട് ഹാഷുകളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാം. ഒരു ചെറിയ ആശ്ചര്യ ചിഹ്നം ചേർത്തതോടെ ഹാഷ് മൊത്തം മാറി മറിഞ്ഞിരിക്കുന്നു. അതായത് ഹാഷ് പരിശോധിച്ചാൽ തന്നെ ഡാറ്റയിലുള്ള അതി സൂഷ്മമായ വ്യത്യാസം പോലും ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം.

ബ്ലോക് ചെയിനിൽ കണക്കുകൾക്കൊപ്പം അവയുടെ ഹാഷുകൾ കൂടി പ്രത്യേക രീതിയിൽ കൂട്ടിച്ചേർത്ത് വീണ്ടും ഹാഷ് ചെയ്താണ്‌ രേഖപ്പെടുത്തുന്നത്. അതായത് ഡാറ്റയിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ ഹാഷ് മൊത്തമായി മാറും. അത് എളുപ്പത്തിൽ മനസ്സിലാക്കുവാനും കഴിയും . ഇനി ബ്ലോക് ചെയിൻ കണക്ക് പുസ്തകത്തിന്റെ കണ്ണികളിൽ ഒന്നായ ബ്ലോക്കുകളിൽ എന്തെല്ലാമൊക്കെയാണുള്ളതെന്ന് നോക്കാം

1. ബ്ലോക് ചെയിൻ വേർഷൻ നമ്പർ,
2. തൊട്ട്‌ മുൻപുള്ള ബ്ലോക്കിന്റെ ഹാഷ് നമ്പർ,
3. പ്രസ്തുത ബ്ലോക്കിൽ രേഖപ്പെടുത്താൻ ഉദ്ദേശിക്കുന്ന ഇടപാടുകളെ എല്ലാം കൂടി ഒരു പ്രത്യേക രീതിയിൽ കൂട്ടങ്ങളായി അവയുടെ ഹാഷ് കണ്ടുപിടിച്ച് ഈ ഹാഷുകളേ വീണ്ടും ഹാഷ് ചെയ്ത് ഒരൊറ്റ ഹാഷ് ആക്കി മാറ്റിയ ഇടപാടുകളുടെ റൂട്ട് ഹാഷ്.
4. ഇടപാടു രേഖപ്പെടുത്തുന്ന സമയം (ടൈം സ്റ്റാമ്പ്)
5. നിലവിൽ ഒരു ബ്ലോക്ക് ഉണ്ടാക്കാൻ ആവശ്യമായ വിഷമതയെ സൂചിപ്പിക്കുന്ന ഒരു നമ്പർ (അത് ഒരു പ്രത്യേക രീതിയിൽ കണക്കാക്കി എടുക്കുന്നതാണെന്ന് മാത്രം മനസ്സിലാക്കുക)
6. നൗൺസ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു റാൻഡം നമ്പർ ( ഇതിനെക്കുറിച്ച് തുടർന്ന് വിശദമാക്കാം)
നമുക്ക് സതോഷി ഉണ്ടാക്കിയ ആദ്യ ബ്ലോക്കിലേക്ക് തിരിച്ചു വരാം . മേൽ സൂചിപ്പിച്ചതിൽ ഒന്നു മുതൽ അഞ്ചു വരെയുള്ള കാര്യങ്ങളെല്ലാം നിർദ്ദിഷ്ട ഇടങ്ങളിൽ ചേർത്ത് അതിനെ ഒരൊറ്റ ഡാറ്റയായി കണക്കാക്കാം. അതായത് ബ്ലോക് ചെയിൻ വേർഷൻ നമ്പർ (ബ്ലോക് ചെയിൻ നിയമാവലിയുടെ പതിപ്പിനെ സൂചിപ്പിക്കുന്ന ഒരു നമ്പർ- 1),

തൊട്ട് മുൻപുള്ള ബ്ലോക്കിന്റെ ഹാഷ് നമ്പർ- ഇത് ആദ്യ ബ്ലോക്ക് ആയതിനാൽ സ്വാഭാവികമായും തൊട്ട് മുൻപുള്ള ബ്ലോക്കിന്റെ നമ്പർ 0000000000000000000000000000000000000000000000000000000000000000 ആയിരിക്കുമല്ലോ.

എല്ലാ ഇടപാടുകളുടെ ഹാഷ് – ഇവിടെ ഒരേ ഒരു ഇടപാടല്ലേ‌ നടക്കുന്നുള്ളൂ.. അതായത് ബ്ലോക്ക് ഉണ്ടാക്കിയതിന് സതോഷിക്ക് പ്രതിഫലമായി ലഭിക്കുന്ന 50 ബിറ്റ് കോയിനുകളും അവ ഏത് ഏത് എഴുതി എടുക്കുന്ന സതോഷിയുടെ ബിറ്റ് കോയിൻ വിലാസവും ഉൾപ്പെടുത്തിയ ഡാറ്റയും അതിന്റെ ഹാഷും.
ഇനി മൈനിംഗ് വിഷമതയെ സൂചിപ്പിക്കുന്ന ഒരു നമ്പർ. ആദ്യ ബ്ലോക്ക് ആയതിനാൽ അത് 1 ആയി കണക്കാക്കിയിരിക്കുന്നു.

സമയം സതോഷി കണക്ക് രേഖപ്പെടുത്തിയ കമ്പ്യൂട്ടറിന്റെ സമയം 2009-01-03 18:15:05 ആയിരുന്നു.
മേൽ സൂചിപ്പിച്ച ഡാറ്റയെ ഒക്കെ ഒരൊറ്റ ബ്ലോക് ഡാറ്റയായി കണക്കാക്കി അതിനോടൊപ്പം ഒരു പ്രത്യേക നമ്പർ (നൗൺസ്) കൂടി ചേർത്ത് അതിനെ ഹാഷ് ചെയ്താൽ കിട്ടുന്ന ഹാഷ് ആയിരിക്കും പ്രസ്തുത ബ്ളോക്കിന്റെ ഹാഷ് നമ്പർ. അതായത് ഇവിടെ ആദ്യ ബ്ലോക്കിന്റെ ഹാഷ് നമ്പർ. ഇവിടെയാണ്‌ കളി കിടക്കുന്നത്. ആ‌ കളി മനസ്സിലായാൽ മൈനിംഗും മനസ്സിലാകും

ഇത്തരത്തിൽ ബ്ലോക്കിന്റെ ഹാഷ് ഉണ്ടാക്കുമ്പോൾ അത് പാലിക്കേണ്ട ഒരു നിയമം ഉണ്ട്. വെറുതേ ഒരു ഹാഷ് ഉണ്ടാക്കിയാൽ പോര. ഹാഷ് തുടങ്ങുന്നത് നിശ്ചിത എണ്ണം പൂജ്യങ്ങളിൽ ആയിരിക്കണമെന്ന ഒരു നിബന്ധന. കുഴഞ്ഞില്ലേ കാര്യം? ഏത് ഡാറ്റയ്ക്ക് ഏത് ഹാഷ് കിട്ടുമെന്ന് യാതൊരു വിധ ധാരണയുമില്ല. അങ്ങനെ മുൻകൂട്ടി കാണാനും പറ്റില്ല, പിന്നെ എന്ത് ചെയ്യും? ഡാറ്റയുടെ കൂടെ എന്തെങ്കിലും ചേർത്തുകൊണ്ട് അതിന്റെ ഹാഷുകൾ പരിശോധിച്ചുകൊണ്ടിരിക്കുക. ഇങ്ങനെ ഡാറ്റയുടെ കൂടി ചേർത്ത് പരിശോധിക്കുന്ന നമ്പരിനു പറയുന്ന പേരാണ്‌ നൗൺസ്. നൗൺസ് എന്നാൽ 32 ബിറ്റ് ഉള്ള 0 ത്തിൽ തുടങ്ങി 4294967296 ൽ അവസാനിക്കുന്ന നമ്പരുകളിൽ ഏതുമാകാം. അതായത് ഡാറ്റ എടുക്കുക – അതിനോട് നൗൺസ് കൂട്ടീച്ചേർക്കുക – അതിന്റെ ഹാഷ് പരിശോധിക്കുക, നിശ്ചിത എണ്ണം പൂജ്യങ്ങളിൽ തുടങ്ങുന്ന ഹാഷ് കിട്ടുന്നുണ്ടോ എന്ന് നോക്കുക, കിട്ടിയാൽ നിങ്ങൾ വിജയിച്ചു. നിങ്ങൾ ഒരു പുതിയ ബ്ളോക്ക് ഉണ്ടാക്കി പ്രതിഫലമായി കിട്ടുന്ന ബിറ്റ് കോയിനുകൾ നിങ്ങൾക്ക് സ്വന്തം. നിങ്ങൾ ചെയ്ത കണക്ക് ശരിയാണോ എന്ന് ബിറ്റ് കോ യിൻ നെറ്റ് വർക്കിലുള്ളവർ പരിശോധിച്ച് ഉറപ്പ് വരുത്തുകയും വേണം കേട്ടോ.

നേരത്തേ സൂചിപ്പിച്ച നൗൺസിന്റെ കണക്ക് മനസ്സിലാകാത്തവർക്കായി ഒരു ഉദാഹരണം
sujith എന്ന ഡാറ്റയോടു കൂടി ഒരു അക്കം കൂട്ടീച്ചേർത്താൽ രണ്ട് പൂജ്യങ്ങളിൽ തുടങ്ങുന്ന ഒരു ഹാഷ് ലഭിക്കണം. ആ ഹാഷ് ആയിരിക്കും ബ്ലോക്കിന്റെ ഹാഷ് നമ്പർ എന്ന നിയമമാണെങ്കിൽ
sujith എന്നതിനോട് വ്യത്യസ്ത നമ്പരുകൾ കൂട്ടീച്ചേർത്ത് പരിശോധിച്ചപ്പോൾ sujith3132222222222 എന്നതിന് 00E7078F91341C9753D82FB6B1EBB413D9BF35F53A937B1306A7F1007EB0DDB9 എന്ന ഹാഷ് ലഭിച്ചു.
( ഇതെല്ലാം നിങ്ങൾക്ക് http://passwordsgenerator.net/sha256-hash-generator/ എന്ന സൈറ്റിൽ പോയി സ്വയം പരിശോധിക്കാവുന്നതാണ്‌)

ഇവിടെ sujith എന്നത് ഡാറ്റയും 3132222222222 നൗൺസും ആയിരിക്കും. ഈ നൗൺസ് കണ്ടുപിടിക്കുന്ന പ്രക്രിയയാണ്‌ മൈനിംഗ്. അതായത് ഡാറ്റയോടൊപ്പം 0 മുതൽ 4294967296 വരെയുള്ള സംഖ്യകളിൽ ഏതെങ്കിലും ഉപയോഗിച്ച് നിശ്ചിത എണ്ണം പൂജ്യങ്ങളിൽ തുടങ്ങുന്ന ഹാഷ് കണ്ടുപിടീക്കുന്ന വിദ്യ. നല്ല സ്പീഡുള്ള കമ്പ്യൂട്ടറുകളിൽ ഈ പറഞ്ഞ സംഖ്യകൾ മുഴുവനായും ഏതാനും മിനിട്ടുകൾക്കകം തന്നെ പരീക്ഷിക്കാനാകും. പക്ഷേ ഇപ്പറഞ്ഞ മുഴുവൻ നമ്പരുകളും പരീക്ഷിച്ചാലും നിശ്ചിത എണ്ണം പൂജ്യങ്ങളിൽ തുടങ്ങുന്ന ഹാഷുകൾ കിട്ടുമെന്ന് ഉറപ്പൊന്നുമില്ല. അതായത് നൗൺസ് തീർന്ന് പോകുന്ന അവസ്ഥ. ഈ അവസ്ഥയിൽ ഡാറ്റയിൽ കുറയ്ക്കലോ കൂട്ടീച്ചേർക്കലോ നടത്തേണ്ടി വരും. അതായത് പുതിയതായി കണക്ക് പുസ്തകത്തിൽ ചേർക്കാക്കാനായി കാത്തിരിക്കുന്ന ഇടപാടുകൾ കൂട്ടിച്ചേർക്കുകയോ , ഉള്ളതിൽ നിന്നും ഇടപാടുകൾ മാറ്റുകയോ ഒക്കെ ചെയ്യേണ്ടി വരും. നമുക്ക് സതോഷി മൈനിംഗ് ചെയ്ത ആദ്യ ബ്ലോക്കിലേക്ക് തിരിച്ചു വരാം. ബ്ലോക് ചെയിൻ വിഷമതയുടെ ആദ്യ ലെവൽ ആയ 1 അനുസരിച്ച് പത്ത് പൂജ്യങ്ങളിൽ തുടങ്ങുന്ന ഒരു ഹാഷ് ലഭിക്കണം എന്നായിരുന്നു നിബന്ധന (0000000000). സതോഷി അക്കാലത്ത് ഉപയോഗിച്ചിരുന്നെന്ന് വിശ്വസിക്കുന്ന പേഴ്സണൽ കമ്പ്യൂട്ടർ കൊണ്ട് തന്നെ ഏതാനും മിനിട്ടുകൾക്കകം അക്കാര്യം നടന്നിരിക്കാം . ഇത്തരത്തിൽ നിശ്ചിത എണ്ണം ബ്ലോക്കുകൾ കൂട്ടിച്ചേരുമ്പോൾ ബ്ലോക്കുകൾ കൂട്ടിച്ചേർക്കാനുള്ളത വിഷമതയുടെ സൂചകവും മാറും, അതായത് 2016 ബ്ളോക്കുകൾ കൂട്ടിച്ചേർക്കുമ്പോൾ ബിറ്റ് കോയിൻ വിഷമതാ സൂചകം പുനർ നിർണ്ണയിക്കപ്പെടും . ഒരു ബ്ലോക്ക് ഉണ്ടാക്കുന്നതിനുള്ള സമയം 10 മിനിട്ട് ആണ്‌. കൂടുതൽ ശക്തിയുള്ള കമ്പ്യൂട്ടറുകൾ ഉപയോഗപ്പെടുത്തുമ്പോൾ , കൂടുതൽ പേർ മൈനിംഗിനായി എത്തുമ്പോൾ സ്വാഭാവികമായും ഇതിനുള്ള സമയവും കുറഞ്ഞ് വരും പക്ഷേ അപ്പോൾ ആനുപാതികായി വിഷമതാ സൂചകവും കൂടുന്ന രീതിയിലാണിതിന്റെ ഗണിത സൂത്ര വാക്യം. ഹാഷിന്റെ മുന്നിൽ ആവശ്യമായ പൂജ്യങ്ങളുടെ എണ്ണം കൂടുന്തോറും വിഷമതയും പതിന്മടങ്ങായി വർദ്ധിക്കുന്നു എന്ന് പറയാം.

ഇങ്ങനെ ഒരു ബ്ളോക്കിന്റെ ഹാഷ് അടുത്ത ബ്ലോക്കിൽ ചേർക്കുന്നു. അതും കൂടി ചേർത്ത് ഇടപാടുകളും നൗൺസും ചേർത്ത് പുതിയ ബ്ളോക്ക് ഉണ്ടാക്കുന്നു. ഈ ബ്ലോക്കിന്റെ ഹാഷ് അടുത്ത ബ്ലോക്കിൽ ചേർക്കുന്നു.. അങ്ങനെ ഈ പ്രക്രിയ തുടർച്ചയായി നടന്ന് ബ്ലോക്കുകളുടെ ഒരു ചങ്ങല ഉണ്ടാകുന്നു. അതാണ്‌ ബ്ലോക് ചെയിൻ. ചെയിനിലോ ഡാറ്റയിലോ ഇടപാടുകളിലോ ചെറിയ ഒരു മാറ്റം വരുത്താൻ ആരെങ്കിലും ശ്രമിച്ചാൽ തന്നെ ഹാഷുകളീൽ വലിയ വ്യത്യാസം വരുമെന്നതിനാൽ അത് പെട്ടന്ന് തിരിച്ചറിയാനാകും . ബിറ്റ് കോയിൻ ശ്രുംഖലയിലുള്ള എല്ലാവരുടെ കയ്യിലും ബ്ലോക് ചെയിനിന്റെ പതിപ്പുകൾ ഉള്ളതിനാൽ ആരെങ്കിലും കയ്യാങ്കളിക്ക് ശ്രമിക്കുമ്പോൾ തന്നെ നെറ്റ്‌‌വർക്കിന് അത് എളുപ്പം തിരിച്ചറിയാൻ കഴിയുകയും ചെയ്യുന്നു.

ഇത്തരത്തിൽ ആദ്യത്തെ കുറേ ബ്ലോക്കുകൾ സതോഷി തന്നെ ഒറ്റയ്ക്ക് മൈനിംഗ് നടത്തി കാര്യമായ ഇടപാടുകളൊന്നുമില്ലാതെ ഓരോ ബ്ലോക്കും ഉണ്ടാക്കും ഉണ്ടാക്കുമ്പോൾ ലഭിക്കുന്ന ബിറ്റ് കോയിനുകൾ സ്വന്തമാക്കുകയാരുന്നു. ഇപ്പോൾ ഇത് കേൾക്കുമ്പോൾ അദ്ദേഹത്തെ സ്വന്തമായി നോട്ടടിക്കുന്ന ഒരു തട്ടിപ്പുകാരനെന്ന് വിളിക്കാൻ തോന്നുന്നുണ്ടാകും അല്ലേ? ഒരു പൈസയ്ക്ക് പോലും ഉപകാരമില്ലാതിരുന്ന ഒരു സാധനത്തിനായി സ്വന്തം കമ്പ്യൂട്ടറുകൾ മണിക്കൂറുകളോളം ഓൺ ചെയ്തിട്ട് വെള്ളവും വളവും നൽകി വളർത്തിയെടുത്ത ഒരു ചെറിയ തൈമാവിനെ അന്ന് പലരും പുച്ഛത്തോടെ നോക്കിയിരുന്നു. ഇന്നത് വളർന്ന് ഒരു വൻ മരമായപ്പോൾ വളർച്ചയുടെ പടവുകളുടെ ചരിത്രം അറിയാത്തവർക്ക് മുന്നിൽ ഇതൊരു അത്ഭുത വൃക്ഷമായി നിലകൊള്ളുന്നു. തുടക്കത്തിൽ സതോഷിയും ബിറ്റ് കോയിൻ പീർ ഗ്രൂപ്പിൽ അംഗമായിരുന്ന ക്രിപ്റ്റോ കറൻസി പ്രേമികളായിരുന്ന ഏതാനും ചിലർ വെറുതേ ഒരു തമാശയ്ക്കായി – അതിലുമുപരിയായി അക്കാദമിക താല്പര്യങ്ങൾക്ക് മുകളിൽ ആയിരുന്നു ഇതിന്റെ ഇടപാടുകൾ നടത്തിയിരുന്നത്. താരതമ്യേന മൈനിംഗ് എളുപ്പമായിരുന്ന ആദ്യ വർഷങ്ങളിലെ മൈനിംഗിലൂടെ സതോഷിയുടെ അക്കൗണ്ടിൽ മാത്രം പത്തു ലക്ഷം ബിറ്റ് കോയിനുകളെങ്കിലും ഉണ്ടായിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നു. പക്ഷേ ആരാണീ സതോഷി? ഈ ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിലിരുന്നുകോണ്ട് ഈ നാടകമെല്ലാം ആസ്വദിക്കുന്നുണ്ടാകും. ഒരു കാര്യം ഉറപ്പ്. സതോഷി ഒരു മലയാളി ആയിരിക്കുകയില്ല എന്ന കാര്യം തീർച്ച. കാരണങ്ങളെന്താണെന്ന് ഊഹിക്കാമല്ലോ?

***

Leave a Reply
You May Also Like

എന്താണ് ക്രിപ്റ്റോ കറൻസി ? അതെങ്ങിനെ പ്രവർത്തിക്കുന്നു ?

എന്താണ് ക്രിപ്റ്റോ കറൻസി ? അതെങ്ങിനെ പ്രവർത്തിക്കുന്നു ? ക്രിപ്റ്റോ കറൻസി എന്നത് ഒരു ഡിജിറ്റൽ…

എന്തുകൊണ്ടാണ് ക്രിപ്റ്റോ കറൻസികൾക്ക് ഇത്രയധികം പ്രചാരം ലഭിക്കുന്നത് ?

ഇപ്പോൾ ക്രിപ്റ്റോ കറന്സിയെ കുറിച്ചും ബിറ്റ് കോയിനെ കുറിച്ചും ബ്ളോക് ചെയിനിനെ പറ്റിയുമൊക്കെ പേരുകൾ കൊണ്ടെങ്കിലും…

വെർച്വൽ ലാൻഡ് സെയിൽസ് കൂടുന്നു

വെർച്വൽ ലാൻഡ് സെയിൽസ് കൂടുന്നു. നമുക്ക് ഭൂമിയിലുള്ള വസ്തുവകകളും മറ്റും വാങ്ങിയാണ് ഇതുവരെ പരിചയം. എന്നാൽ…

പാലക്കാട്ടെ വീട്ടമ്മയ്ക്ക് കിട്ടിയ ‘ക്രിപ്റ്റോ കറൻസി പണി’, ആപ്പ് കിടന്നിടത്ത് പൂട പോലുമില്ല

ആപ്പിൽ ആളെ കൂട്ടാനായി നിർദ്ദേശങ്ങൾ കൊടുത്തിരുന്ന വാട്സപ് ഗ്രൂപ്പും അപ്രത്യക്ഷമായി. അതിലൊക്കെ ഉണ്ടായിരുന്ന അഡ്മിൻ കോണ്ടാക്റ്റുകളുടെ ഫോൺ നമ്പരുകൾ ഒന്നും വിളിച്ചാൽ കിട്ടാതായി. പതറിപ്പോയ അവർക്ക് മുന്നിൽ ആത്മഹത്യ അല്ലാതെ വേറേ വഴിയൊന്നുമുണ്ടായിരുന്നില്ല.