Sujith Kumar

മുഖം മിനുക്കാനുപയോഗിക്കുന്ന മേക്കപ് സാമഗ്രികളിലെ പ്രധാന ഘടകങ്ങളിൽ ഒന്നായ മൈക്ക ഖനനം ചെയ്തെടുക്കുന്ന ഝാർഖണ്ഡിലെ മൈക്കാ ഖനികളിലുള്ള ഗുരുതരമായ ബാലവേലയും മനുഷ്യാവകാശ ധ്വംസനങ്ങളും വരച്ചു കാട്ടുന്ന വാട്സപ്പ് ഫോർവേഡ് വായിച്ച് മേക്കപ്പ് ഉപയോഗിക്കുന്നതിനെതിരെ മകളെയും ശ്രീമതിയേയുമൊക്കെ ഒന്ന് ഉപദേശിച്ച് അവസാനത്തെ മെസേജും വായിച്ച് ഫോണ്‌ ഓഫ് ചെയ്ത് കിടന്ന് ഒന്ന് ഉറക്കം പിടിച്ചു വന്നപ്പോഴേക്കും ഒരു തേങ്ങൽ കേൾക്കുന്നു. കഥ വായിച്ച് വിഷമത്തിലായ ശ്രീമതിയുടെയാണോ? .. അല്ല. അവൾ നല്ല ഉറക്കത്തിലാണ്‌. തോന്നലായിരിക്കുമെന്നോർത്ത് ഒന്ന് കണ്ണടച്ചപ്പോൾ വീണ്ടും ഒരു തേങ്ങൽ.. അല്ല. ഇത് തോന്നലല്ല. ടോർച്ച് തെളിയിക്കാനായി മൊബൈൽ എടുത്തു. അതാ അൽപ്പം കൂടി ഉറക്കെ ഒരു തേങ്ങൽ. ഇനി വല്ല യൂടൂബ് വീഡിയോയോ വാട്സപ് ഫോർവേഡോ എങ്ങാൻ കൈ തട്ടി അറിയാതെ പ്ലേ ആയതാണോ? അങ്ങനെ ഒന്നും കാണുന്നില്ല. ഫോൺ ലോക്ക് ചെയ്ത് കിടക്കാൻ തുടങ്ങിയപ്പോൾ അതാ വീണ്ടും വീണ്ടും തേങ്ങലുകൾ കേൾക്കുന്നു. – അതെ ഫോണിൽ നിന്നും തന്നെയാണ്‌. ഒരു ആപ്പും ഓൺ അല്ല. എന്നിട്ടും ഈ ശബ്ദം എവിടെനിന്നും വരുന്നു? ഇനി വല്ല മാൽവെയറും കടന്നു കൂടിയോ. ഫോൺ സ്വിച്ചോഫ് ചെയ്തു. സ്വിച്ചോഫ് ചെയ്ത ശേഷവും തേങ്ങൽ അവസാനിക്കുന്നില്ല. “ഇത് ഞാനാണ്‌.. നിങ്ങളുടെ ഫോണിനകത്തെ ബാറ്ററിയിലുള്ള കോബാൾട്ട്.” തേങ്ങലോടു കൂടി വിറവാർന്ന ഒരു ശബ്ദം ഫോണിനകത്തു നിന്നും.

“അഭ്രത്തിന്റെ കഥ പോലെ എന്റെ കഥ കൂടി ഒന്നു പറയാമോ?”

മൊബൈൽ ഫോണുകളിലും ലാപ് ടോപ്പുകളിലും വൈദ്യുത വാഹനങ്ങളിലും എന്നു വേണ്ട ബഹിരാകാശ വാഹനങ്ങളിൽ വരെ ഒഴിച്ചുകൂടാനാകാത്ത ലിഥിയം ബാറ്ററികളിൽ ലിഥിയം എത്ര ശതമാനമുണ്ടെന്നറിയാമോ? പേരു ലിഥിയം ബാറ്ററി എന്നായതിനാൽ മുഴുവനോ അല്ലെങ്കിൽ പ്രഥാനമായും ലിഥിയം ആയിരിക്കും എന്നൊരു തെറ്റിദ്ധാരണ ഉണ്ടായേക്കാം. എന്നാൽ അങ്ങനെ അല്ല. തൂക്കത്തിന്റെ കണക്ക് നോക്കിയാൽ ലിഥിയം ഒരു ബാറ്ററിയുടെ മൊത്തം തൂക്കത്തിന്റെ 6 മുതൽ 8 ശതമനം വരെയേ വരൂ. നമ്മൾ ലിഥിയം ബാറ്ററി എന്ന് പേരിട്ട് വിളിക്കുന്ന റീചാർജബിൾ ബാറ്ററികൾ എല്ലാം തന്നെ വെറും ലിഥിയം ബാറ്ററികൾ അല്ല. പൊതുവേ എല്ലാവരും കേട്ടിട്ടുണ്ടാവുക ലിഥിയം അയോണ്‌, ലിഥിയം പോളിമർ ബാറ്ററികൾ എന്നൊക്കെയുള്ള രണ്ട് വിഭാഗങ്ങൾ മാത്രമായിരിക്കും. പക്ഷേ യഥാർത്ഥത്തിൽ ഈ രണ്ട് വിഭാഗങ്ങളും ലിഥിയം അയോൺ ബാറ്ററിയുടെ തന്നെ രണ്ട് വകഭേദങ്ങൾ മാത്രമാണ്‌. അതായത് ലിഥിയം പോളിമർ ബാറ്ററിയുടെ മുഴുവൻ പേര് ലിഥിയം അയോൺ പോളിമർ ബാറ്ററി എന്നാണ്‌. വിഷയത്തിൽ നിന്നും മാറുന്നില്ല. ലിഥിയം ബാറ്ററികളുടെ യഥാർത്ഥ തരം തിരിവ് അതിന്റെ കാഥോട് ഏത് വസ്തു ഉപയോഗിച്ചാണ്‌ നിർമ്മിച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഈ കാഥോട് മെറ്റീരിയലിനനുസരിച്ച് പ്രധാനമായും 6 തരം ലിഥിയം ബാറ്ററി സാങ്കേതിക വിദ്യകൾ ആണ്‌ ഇപ്പോൾ നിലവിലുള്ളത്. കോബാൾട്ട്, അയേൺ, മാംഗനീസ്, ടൈറ്റാനിയം, അലുമിനീയം തുടങ്ങിയ പല വസ്തുക്കളും ഓരോ ഉപയോഗത്തിനനുസരിച്ച് ലിഥിയത്തിന്റ സംയുക്തങ്ങൾക്കൊപ്പം കാഥോഡ് ആയി ഉപയോഗിക്കുന്നു. അതായത് സാംസംഗ് മൊബൈൽ ഫോണിൽ ഉള്ള ലിഥിയം ബാറ്ററി ആയിരിക്കണമെന്നില്ല ആപ്പിൾ ഐഫോണിലുള്ളത്, ഇത് രണ്ടും ആയിരിക്കില്ല ടെസ്ലയുടെ കാറിൽ ഉള്ളത്. ഇത് മൂന്നും ആയിരിക്കില്ല ഉപഗ്രഹങ്ങളിൽ ഉള്ളത്. ലിഥിയം കോബാൾട്ട് ഓക്സൈഡ്, ലിഥിയം മാംഗനീസ് കോബാൾട്ട് നിക്കൽ ഓക്സൈഡ്, ലിഥിയം മാംഗനീസ് ഓക്സൈഡ്, ലിഥിയം അയേൺ ഫോസ്ഫേറ്റ്, ലിഥിയം കോബാൾട്ട് അലുമിനിയം ഓക്സൈഡ്, ലിഥിയം ടൈറ്റാനൈറ്റ് എന്നിവയൊക്കെയാണ്‌ ലിഥിയം ബാറ്ററിയിലെ കാഥോഡ് മെറ്റീരിയൽസ് ആയി പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിനു പുറമെയും കാഥോഡുകൾ ഉണ്ട് എങ്കിലും അവയൊക്കെ പലതും ഗവേഷണ ഘട്ടങ്ങളിൽ ഇനിയും പല വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ടിരിക്കുന്നവയാണ്‌.
ഏറ്റവും കൂടുതൽ എനർജി ഡെൻസിറ്റി ഉണ്ടെന്ന കാരണത്താൽ മേൽ പറഞ്ഞ കാഥോഡ് മെറ്റീരിയലുകളിൽ കൊബാൾട്ട് ആണ്‌ കഴിഞ്ഞ ഒരു ദശാബ്ദ കാലമായി ഏറ്റവും കൂടുതൽ ആയി മൊബൈൽ ഫോണുകളിലും ലാപ് ടോപ്പുകളിലും എല്ലാം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇനിയാണ്‌ ഈ കോബാൾട്ടിന്റെ കഥ തുടങ്ങുന്നത്. ലോകത്തിലെ കോബാൾട്ട് ഉല്പാദനത്തിന്റെ അറുപതു ശതമാനവും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്ന ആഫ്രിക്കൻ രാജ്യത്തു നിന്നാണ്‌. ഒരു കാലത്ത് വലിയ തോതിൽ ഉള്ള വംശീയ കലാപങ്ങളിൽ നിന്നും കൊടി കുത്തി വാണ ദാരിദ്ര്യത്തിൽ നിന്നും ഒക്കെ കരകയറി വന്ന കോംഗോയിലെ കോബാൾട്ട് ഖനനം എന്നത് വളരെ പരിതാപകരമായ അവസ്ഥയിൽ ആണ്‌. രണ്ടായിരത്തി ഏഴിൽ ആംനസ്റ്റി ഇന്റർനാഷണൽ പുറത്തു വിട്ട ഒരു റിപ്പോർട്ടിലൂടെ ആണ്‌ കോംഗോയിൽ കോബാൾട്ട് ഖനനത്തെക്കുറിച്ചും തങ്ങളുടെ കയ്യിലുള്ള മൊബൈൽ ഫോണിൽ പറ്റിയിരിക്കുന്ന കുഞ്ഞുങ്ങളുടെ വിശപ്പിന്റെയും വിയർപ്പിന്റെയും കഥകളെക്കുറിച്ച് ലോകം ശ്രദ്ധ ആകർഷിക്കുന്നത്.

സെറാമിക് പാത്രങ്ങൾക്കും ഗ്ലാസ് പാത്രങ്ങൾക്കുമൊക്കെ നീല നിറം കൊടുക്കാൻ പ്രാചീന കാലം മുതൽ ഉപയോഗിച്ച് വന്നിരുന്ന കോബാൾട്ട് പിന്നീട് യന്ത്രവത്കരണവും വ്യവസായ വിപ്ലവവുമൊക്കെ വന്നതോടെ സ്ഥിര കാന്തങ്ങൾ കൂടി ഉണ്ടാക്കാൻ കൂടുതൽ ആയി ഉപയോഗപ്പെടൂത്തി വന്നു. മൊത്തം കോബാൾട്ട് ഉൽപ്പാദനത്തിന്റെ 25 ശതമാനവും ഇത്തരത്തിൽ മാഗ്നറ്റുകൾ നിർമ്മിക്കാൻ ആയിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്. ലിത്തിയം അയോൺ ബാറ്ററികളിലെ കാഥോഡ് ആയി കോബാൾട്ട് ഉപയോഗപ്പെടുത്താമെന്ന കണ്ടുപിടുത്തത്തോടെ കോബാൾട്ടിന്റെ വിപണി മൂല്ല്യം അന്താരാഷ്ട്ര വിപണിയിൽ കുതിച്ചുയർന്നു. നാലോ അഞ്ചോ വർഷങ്ങൾ കൊണ്ട് തന്നെ ഇരുനൂറു ശതമാനമൊക്കെയാണ്‌ കോബാൾട്ടിന്റെ വില വർദ്ധിച്ചത്. പക്ഷേ ഈ വിലവർദ്ധനയോടൊപ്പം തന്നെ ചൂഷണവും ബാലവേലയും പതിന്മടങ്ങ് വർദ്ധിച്ചു. പണ്ടൊക്കെ നമ്മുടെ നാട്ടിലും പുഴകളിലെ മണൽ അരിച്ച് അരിച്ച് സ്വർണ്ണം വേർതിരിക്കുന്ന തരത്തിലുള്ള ഒരു ഖനന രീതി ഉണ്ടായിരുന്നു. ഏകദേശം അതിനു സമാനമായ കൈകൾ കൊണ്ടുള്ള ഖനനമാണ്‌ കോബാൾട്ടിന്റേതും. കോബാൾട്ട് അടങ്ങിയ മണ്ണും ചെമ്പ് ഖനികളിൽ നിന്നുള്ള അവശിഷ്ടവും വെള്ളത്തിൽ അരിച്ച് അരിച്ച് അതിൽ നിന്നും കോബാൾട്ട് അയിര് വേർതിരിക്കുന്നു. പ്രത്യേകിച്ച് യന്ത്രങ്ങൾ ഒന്നും ഉപയോഗിക്കാതെ മൺവെട്ടിയും പിക് ആക്സുമൊക്കെയാണ്‌ ഇവിടത്തെ ഖനനോപകരണങ്ങൾ. തികച്ചും അപകടകരമായ അന്തരീക്ഷത്തിൽ മുപ്പതിനായിരത്തിലധികം കുഞ്ഞു കുട്ടികൾ കോംഗോയിൽ കോബാൾട്ട് ഖനനത്തിൽ ഏർപ്പെടുന്നു. ഇവരെ ചൂഷണം ചെയ്യുന്നതാകട്ടെ ചൈനീസ് ഇടനിലക്കാരും.

ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ട് പൂറത്തു വന്നതോടെ പ്രതിരോധത്തിലായ പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിർമ്മാതാക്കൾ എല്ലാം തങ്ങളുടെ ഉപകരണങ്ങളിൽ ബാറ്ററികൾ കുഞ്ഞുങ്ങളൂടെ രക്തം പുരളാത്തവയാണെന്ന് ഉറപ്പു വരുത്തുമെന്ന പ്രഖ്യാപനം നടത്തുകയുണ്ടായി. എങ്കിലും ആ ഉറപ്പുകൾ കോംഗോയിൽ എത്രമാത്രം പ്രാവർത്തികമാക്കപ്പെടുന്നുണ്ടെന്ന് സംശയമാണ്‌. ചിലരൊക്കെ കോംഗോയിൽ നിന്നല്ലാതെ കോബാൾട്ട്‌ ശേഖരിക്കുന്ന മറ്റ് ഏജൻസികളുമായി കരാർ ഉണ്ടാക്കി. ഇതോടെ ലഭ്യതക്കുറവ് കോബാൾട്ടിന്റെ വില മാനം മുട്ടിച്ചു. കോബാൾട്ടിന്റെ വിലയും ഇതുപോലെയുള്ള പ്രശ്നങ്ങളുമൊക്കെ വളരെ പെട്ടന്ന് വികസിച്ചുകൊണ്ടിരുന്ന ഒരു മേഖലയായ വൈദ്യുത വാഹന വിപണിക്ക് ഒരു തിരിച്ചടിയായെങ്കിലും കോബാൾട്ട് ഉപയോഗിക്കാത്ത അല്ലെങ്കിൽ വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്ന കാഥോഡ് സാങ്കേതിക വിദ്യകൾ വികസിപ്പിച്ചാണ്‌ ടെസ്‌‌ലയെപ്പോലെയുള്ള വാഹന നിർമ്മാതാക്കൾ ഈ പ്രതിസന്ധിയെ മറികടക്കുന്നത്. എങ്കിലും ഇപ്പോഴും ലിഥിയം അയോൺ ബാറ്ററി സാങ്കേതിക വിദ്യയിൽ കോബാൾട്ട് കാഥോഡ് തന്നെയാണ്‌ കൂടുതലായും ഉപയോഗിക്കുന്നത്. പ്രത്യേകിച്ചും മൊബൈൽ ഫോണുകളെപ്പോലെയും ലാപ് ടോപ്പുകളെപ്പോലെയുമൊക്കെയുള്ല പോർട്ടബിൾ ഗാഡ്ജറ്റുകളിൽ.
മേക്കപ്പ് ഉപേക്ഷിച്ചാലും മൊബൈൽ ഫോൺ ഉപേക്ഷിക്കാൻ പറ്റുമോ ?

Leave a Reply
You May Also Like

ട്വിറ്ററും ഫേസ്ബുക്കും നിങ്ങളുടെ ലൈംഗിക ജീവിതം കുട്ടിച്ചോറാക്കുമെന്ന് പഠനം

ട്വിറ്റര്‍, ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ അമിത ഉപയോഗം നിങ്ങളുടെ ലൈംഗിക ജീവിതം നശിപ്പിച്ച് കുട്ടിച്ചോറാക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. തങ്ങളുടെ ഇണയോടൊത്ത് ഉറങ്ങുവാനും സല്ലപിക്കുവനുമുള്ള സമയം മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്നത് ലൈംഗിക ബലഹീനത ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് കാരണമാവുമെന്ന് യു കെയിലെ ബ്രോഡ്ബാന്‍ഡ് ചോയിസസ് എന്ന വെബ്സൈറ്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തി.

64ന്റെ നിറവില്‍ അമ്പിളിചേട്ടന്‍ – ഇന്ന് ജഗതി ശ്രീകുമാറിന്റെ ജന്മദിനം..

64ന്റെ നിറവില്‍ നില്‍ക്കുന്ന മലയാളത്തിന്റെ ഹാസ്സാമ്രാട്ടിന് ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു. ഒപ്പം ആരോഗ്യം വീണ്ടെടുത്ത് ഉടനെതന്നെ അദ്ദേഹം സിനിമയില്‍ സജീവമാകട്ടെ എന്ന് വായനക്കാര്‍ക്കൊപ്പം ബൂലോകവും പ്രാര്‍ഥിക്കുന്നു..

മ്യാൻമാറും ആങ് സാൻ സൂ കീയും ജനാധിപത്യവും; ഇതെല്ലാം കണ്ടു കരയുന്ന ബുദ്ധനും

മ്യാൻമാറിൽ അനേകം ന്യൂനപക്ഷങ്ങളുണ്ട്. അവയിൽ മിയ്ക്കതിനും രണ്ടാം ക്ളാസ്സ്-മൂന്നാം ക്ളാസ്സ് പൗരത്വങ്ങളേ കിട്ടിയിട്ടുള്ളൂ. എന്നാൽ മൂന്നാം ക്ളാസ്സ് പൗരത്വം പോലും നിഷേധിക്കപ്പെട്ടൊരു ന്യൂനപക്ഷം മ്യാൻമാറിലുണ്ട്

വെണ്മണിക്കുടിയിലേക്കൊരു തീര്‍ത്ഥയാത്ര

ഒടുവില്‍, ബംഗ്ലാദേശ് യുദ്ധം കഴിഞ്ഞ ഉടനെ, 1971 ഡിസംബറിലെ ഒരു വെള്ളിയാഴ്ച, ഞങ്ങള്‍ പുറപ്പെട്ടു.