ഇത് ഭൂട്ടാനിലെ പാറോ ഇന്റർനാഷണൽ എയർപോർട്ട്, ഏറ്റവും അപകടം പിടിച്ച എയർപോർട്ട് എന്നിട്ടും ഇതുവരെ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല

81

സുജിത് കുമാർ

ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന മനോഹരമായ എയർപ്പോർട്ട്. ഭൂട്ടാനിലെ ഒരേ ഒരു ഇന്റർനാഷണൽ എയർപോർട്ട് ആയ പാറോ ഇന്റർനാഷണൽ എയർപോർട്ട്. മനോഹാരിത കാഴ്ച്ചയിൽ മാത്രമേ ഉള്ളൂ ലോകത്തെ തന്നെ ഏറ്റവും അപകടകരമായ എയർപ്പോർട്ടുകളിൽ ഒന്ന് ആണ്‌ ഇത്. നാലു വശത്തും വലിയ പർവ്വത നിരകൾ. രണ്ട് അപ്രോച്ചുകളും മല ഇടുക്കുകളിലൂടെ. പൈലറ്റിനു റൺവേ തൊട്ടടുത്ത് എത്തിയിട്ടേ കാണാൻ പോലും കഴിയൂ. മലയിടുക്കുകളിലൂടെ സിഗ് സാഗ് പാറ്റേണിൽ ആണ്‌ ലാൻഡിംഗ്. അപ്രോച്ച് റഡാർ, ഐ എൽ എസ് പോലെയുള്ള ആർഭാടങ്ങൾ ഒന്നും തന്നെ സഹായത്തിനില്ല. ആകെ ഉള്ളത് ഒരു VOR ആണ്‌. അതാണെങ്കിൽ മറ്റ് എയർപ്പോർട്ടുകളിൽ നിന്നൊക്കെ വ്യത്യസ്തമായി ദൂരെ ഒരു മലയുടെ മുകളിൽ ആണ്‌ വച്ചിരിക്കുന്നത്. കാരണം റൺവേയുടെ അടുത്ത് വച്ചാൽ മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ റേഞ്ച് കിട്ടില്ല എന്നതു തന്നെ.

ഏ ടി സിയുമായുള്ള കമ്യൂണിക്കേഷനും മലയിടുക്കുകൾ കാരണം എപ്പോൾ വേണമെങ്കിൽ തടസ്സപ്പെടാം. താഴ്വര ആയതിനാൽ എപ്പോഴും വീശിയടിക്കുന്ന ശക്തമായ കാറ്റും ഉണ്ട്. വൈകുന്നേരങ്ങളിൽ അതുകൊണ്ട് ലാൻഡിംഗ് വളരെ ദുഷ്കരം. ഇതൊക്കെക്കാരണം ഈ എയർപോർട്ടിൽ ഓപ്പറേറ്റ് ചെയ്ത് സർട്ടിഫിക്കേഷൻ ഉള്ള ചുരുക്കം പൈലറ്റുമാർക്ക് മാത്രമേ ഇവിടെ ലാൻഡിംഗ് പെർമിഷൻ കിട്ടൂ. അതായത് പുതിയ ഒരു വിമാനം ഇവിടെയ്ക്ക് എത്തണമെങ്കിൽ ക്യാപ്റ്റൻ ആയി ഈ പറഞ്ഞ ലിസ്റ്റിൽ ഉള്ള ആരെങ്കിലും വേണമെന്നർത്ഥം. ഈ വിമാനത്താവളത്തിന്റെ റൺവേയുടെ നീളം 1,964 മീറ്റർ ആണ്‌. ഇവിടെ നിന്ന് ദ്രുക് എയറിന്റെ എയർ ബസ് വിമാനങ്ങളും എ ടി ആർ വിമാനങ്ങളും ഓപ്പറേറ്റ് ചെയ്യുന്നു. ഇപ്പോൾ ടേബിൾ ടോപ്പിന്റെ പേരിൽ തൂക്കിക്കൊല്ലണമെന്ന് ആക്രോശമുയരുന്ന കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ നീളം 2,860 മീറ്റർ.

Paro International Airportഇതുവരെ അവിടെ കാര്യമായ അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇനി എന്നെങ്കിലും വല്ല അപകടവുമുണ്ടായാൽ ഈ പറഞ്ഞ കാര്യങ്ങളൊക്കെ ചർച്ച ചെയ്യപ്പെടും. പക്ഷേ നിലവിലെ സാഹചര്യങ്ങളിൽ ഈ പരിമിതികൾ എല്ലാം തിരിച്ചറിഞ്ഞ് എന്തെല്ലാം ചെയ്യാം എന്തെല്ലാം ചെയ്യരുത് എന്നൊക്കെ വ്യക്തമായ പ്രോട്ടോക്കോളുകളുടെ അടിസ്ഥാനത്തിലാണ്‌ എല്ലാ എയർപോർട്ടുകളും പ്രവർത്തിക്കുന്നത്. ‘സ്വിസ് ചീസ് അനാലിസിസ്’ തിയറി പ്രകാരം ഒന്നിലധികം പിഴവുകൾ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരുമിച്ച് വരുമ്പോൾ ആണ്‌ ഇത്തരത്തിലുള്ള അപകടങ്ങൾ എല്ലാം ഉണ്ടാകുന്നത്. അത് എന്തെല്ലാമാണെന്ന് വിദഗ്ദാന്വേഷണത്തിലൂടെയേ മനസ്സിലാകൂ. അതിനു സമയമെടുക്കും. അതുവരെ ക്ഷമിക്കാൻ തയ്യാറാകണം. ചിത്രത്തിലെ എയർപ്പോർട്ടിൽ രണ്ടു വർഷക്കാലം ജോലി ചെയ്യാൻ അവസരം കിട്ടിയിട്ടുണ്ട്.