ഉപ്പിലിട്ടതെന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ വായിൽ വെള്ളമൂറും . ഉപ്പിലിട്ട നെല്ലിക്കയും കാരക്കയും മാങ്ങയും അമ്പഴങ്ങയും …ഓർക്കുമ്പോൾ തന്നെ കൊതിയൂറുന്നു. ഈയിടെ കോഴിക്കോട് നഗരത്തിൽ ഉപ്പിലിട്ടതിനെ നിരോധിച്ചിരുന്നു. എന്താണ് കാരണം ? കോഴിക്കോട് ബീച്ചിൽ ഉപ്പിലിട്ടത് വിൽക്കുന്ന കടയിൽ വച്ചിരുന്ന പാനീയം വെള്ളമെന്നു കരുതി എടുത്തു കുടിച്ചു . അതുകോടിച്ച കുട്ടി ഛർദിക്കുകയും ആ ഛർദ്ദി ദേഹത്തുവീണ കുട്ടിക്ക് പൊള്ളൽ ഏൽക്കുകയും ചെയ്തേത്രെ. ഉടനെ തന്നെ ഉപ്പിലിട്ടതിൽ മായമെന്നും അമിതരാസവസ്തുക്കളുടെ ഉപയോഗമെന്നും പ്രചരിപ്പിച്ചു . ഇതുകാരണം കോഴിക്കോട് നഗരത്തിൽ ഉപ്പിലിട്ടത് നിരോധിച്ചു. എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണ് ? സുജിത് കുമാറിന്റെ പോസ്റ്റ് വായിക്കാം.
കോഴിക്കോട് ബീച്ചിൽ ഉപ്പിലിട്ടത് വിൽക്കുന്ന കടയിൽ നിന്ന് ഉപ്പിലിട്ടത് കഴിക്കുന്നതിനിടെ എരിവ് തോന്നിയപ്പോൾ അവിടെ ഇരുന്ന കുപ്പിയിലെ ദ്രാവകം വെള്ളമാണെന്ന് കരുതി ഒരു കുട്ടി എടുത്ത് കുടിച്ചപ്പോൾ വായ് പൊള്ളിപ്പോയത് വാർത്തയായിരുന്നു. അന്നേ പ്രതീക്ഷിച്ചതാണ് ഒരു നിരോധനം വരാൻ പോകുന്നു എന്ന്. ഉപ്പിലിടാൻ ഉപയോഗിക്കുന്നത് ആസിഡ് ആണെന്നും അത് കഴിച്ചാൽ കുടൽ കരിഞ്ഞ് പോകുമെന്നുമൊക്കെ പണ്ടേ പ്രചാരത്തിലുള്ള ഒരു ഹോക്സ് ആണ്.
ഉപ്പിലിടാൻ ഉപയോഗിക്കുന്നത് ആസിഡ് തന്നെയാണ്. പക്ഷേ ആസിഡ് എന്നു കേട്ടാൽ ആകെ കേശവൻ മാമന്മാർക്ക് ഓർമ്മ വരിക ബാറ്ററിയിൽ ഒഴിക്കുന്നതും റബ്ബർ പാൽ ഉറയിടുന്നതും മാത്രമായിരിക്കുമെന്നതിനാൽ ഈ പ്രചരണത്തിനു നല്ല മൈലേജ് ആണ് കിട്ടാറുള്ളതും. അതിന്റെ ഇടയ്കാണ് ഇങ്ങനെ വീണുകിട്ടുന്ന ഓരോ സംഭവങ്ങളും. ഉപ്പിലിടാൻ ഉപയോഗിക്കുന്ന ആസിഡ് നമ്മൾക്കൊക്കെ സുപരിചിതമായ അസറ്റിക് ആസിഡ് തന്നെയാണ്. 5 ശതമാനം മുതൽ 8 ശതമാനം വരെ വീര്യം ഉള്ള അസറ്റിക് ആസിഡ് ആണ് വിപണീയിൽ ഉള്ള സുർക്ക, വിനാഗിരി എന്നൊക്കെ വിളിക്കുന്ന വിനിഗർ. ഇതിൽ കൂടുതൽ വീര്യമുള്ളതും ഫുഡ് പ്രിസർവേഷൻ ഇൻഡസ്ട്രിയിൽ ഉപയോഗിക്കാറുണ്ട്.
അതായത് ഒട്ടൂം തന്നെ വെള്ളം ചേർക്കാത്ത അസറ്റിക് ആസിഡിനെ വിളിക്കുന്ന പേരാണ് ഗ്ലേഷ്യൽ അസറ്റിക് ആസിഡ്. ഇതിൽ ആവശ്യമായ അളവിൽ വെള്ളം ചേർത്ത് ആണ് വിനാഗിരി ഉണ്ടാക്കുന്നത്. ഉപ്പിലിടുന്ന കച്ചവടക്കാർക്ക് ധാരാളമായി വിനാഗിരി ഉപയോഗിക്കേണ്ടീ വരുന്നതിനാൽ കടകളിൽ ലഭ്യമായ വിനാഗിരിക്ക് പകരമായി നിർദ്ദിഷ്ട അളവിൽ അസറ്റിക് ആസിഡിൽ വെള്ളം ചേർത്ത് വിനാഗിരി ഉണ്ടാക്കുന്നത് ലാഭകരമാണെന്നതിനാൽ ഈ പണി ചെയ്തു വരുന്നുണ്ട്. ഉപ്പിലിടുന്നവർ മാത്രമല്ല, അച്ചാറൂം മറ്റും ഉണ്ടാക്കുന്ന ഫുഡ് പ്രോസസ്സിംഗ് യൂണിറ്റുകളിലും ഇതു തന്നെയാണ് ചെയ്തു വരുന്നത്.
ഒരു വലിയ ഭരണിയിലെ വെള്ളത്തിൽ ഒരു കുപ്പി വിനാഗിരി ഒഴിക്കുന്നതിനു പകരം ഒന്നോ രണ്ടോ സ്പൂൺ കോൺസണ്ട്രേറ്റഡ് അസറ്റിക് ആസിഡ് ഉപയോഗിച്ചാലും ഫലത്തിൽ സംഭവിക്കുന്നത് ഒന്നു തന്നെയാണ്. അതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാകാനും പോകുന്നില്ല. അനിയന്ത്രിതമായ അളവിൽ ഉപ്പിലിട്ടതെന്നല്ല ഏത് ഭക്ഷണ പദാർത്ഥം കഴിച്ചാലും അത് ശരീരത്തിനു ദോഷകരമായി ബാധിക്കും എന്ന വിഷയം മാത്രമേ ഇവിടെയുമുള്ളൂ. ആപ്പിൽ സിഡർ വിനാഗിരിയൊക്കെ തടി കുറയ്കാനും അരോഗ്യം വർദ്ധിപ്പിക്കാനുമൊക്കെയുള്ള ഒറ്റമൂലികൾ ആണെന്ന് വിശ്വസിച്ച് വെറുതേ എടുത്ത് കുടിക്കുന്നവർ വരെ ഉണ്ട്. അതും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
കോഴിക്കോട് സംഭവത്തിൽ ഉപ്പിലിട്ട ജാറിലെ ദ്രാവകം പരിശോധിച്ചപ്പൊൾ അതിൽ വിനിഗർ തന്നെയാണ് കണ്ടെത്തിയത്. കുപ്പിയിൽ ഉണ്ടായിരുന്നത് കോൺസണ്ട്രേറ്റഡ് അസറ്റിക് ആസിഡും. പക്ഷേ സംഭവത്തിൽ ആ കടക്കാരൻ കുറ്റക്കാരൻ തന്നെയാണ്. വിനാഗിരി ആയാലും കോൺസണ്ട്രേറ്റഡ് അസറ്റിക് ആസിഡ് ആയാലും മണ്ണെണ്ണ ആയാലും വെള്ളമെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടൂന്ന രീതിയിൽ ആരും എടുത്ത് കുടിക്കാൻ പാകത്തിൽ അത് പുറത്ത് വച്ചത് ഗുരുതരമായ കുറ്റം തന്നെയാണ്. അതിന് അയാൾ ശിക്ഷിക്കപ്പെടൂക തന്നെ ചെയ്യണം. അതോടൊപ്പം തന്നെ ഇത്തരത്തിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കോൺസട്രേറ്റഡ് അസറ്റിക് ആസിഡീൽ വെള്ളം ചേർത്ത് വിനിഗർ ആക്കി നേരിട്ട് ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നത് അനുവദനീയമാണോ അല്ലയോ എന്നു കൂടി ഫുഡ് സേഫ്റ്റി വകുപ്പ് വ്യക്തമാക്കണം.
ഇതിന്റെയെല്ലാം പേരിൽ വ്യാജ പ്രചരണങ്ങൾ നടത്തി ഉപ്പിലിടുന്നത് വിൽക്കുന്ന കച്ചവടം നിരോധിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണ്. ഇതിലൂടെ ഉപജീവനം കഴിക്കുന്ന അനേകായിരം പേർ നമ്മുടെ കേരളത്തിൽ ഉണ്ട്. അവരുടെ വയറ്റത്തടിയ്കരുത്.