ബി എസ് എൻ എൽ നാശത്തിന്റെ പടുകുഴിയിലേക്ക് വീണത് എങ്ങിനെയാണ്‌?

0
861

എഴുതിയത് : സുജിത് കുമാർ

കഴിഞ്ഞ മൂന്നു വർഷങ്ങളായി BSNL ന്റെ ഒരു വിധ സേവനങ്ങളൂം ഉപയോഗിക്കാതെ കടന്നുപോയി. എന്തുകൊണ്ടായിരിക്കും അത്? ഞാനിപ്പോൾ താമസിക്കുന്നത് ഒരു മെട്രോ സിറ്റിയിൽ ആണ്‌. ഇവിടെ എനിക്ക് മറ്റ് മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാണ്‌. പക്ഷേ ഞാൻ ഇതിനു മുൻപ് ഉണ്ടായിരുന്ന ഇടത്തരം നഗരങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ എന്തൊക്കെ കുഴപ്പങ്ങൾ ഉണ്ടായിരുന്നിട്ടും ബി എസ് എൻ എലിന്റെ ഏതെങ്കിലുമൊക്കെ തരത്തിലുള്ള സേവനങ്ങൾ ഉപയോഗിച്ചുപോന്നിരുന്നു. ഒരു കാലത്ത് ബി എസ് എൻ എൽ പ്രീ പെയ്ഡ് സിം കാർഡിന്റെ അപേക്ഷയുമായി ഓഫീസുകളിൽ ക്യൂ നിന്നിരുന്നു. പത്തും നൂറൂം ഇരട്ടി വിലയ്ക്ക് ബി എസ് എൻ എൽ സിം കാർഡുകൾ മറിച്ചു വിറ്റിരുന്നു. ഇതൊക്കെ മൊബൈൽ സേവനങ്ങളുടെ ആദ്യ തലമുറയുടെ കാലഘട്ടങ്ങളിൽ ആയിരുന്നു എങ്കിലും രണ്ടാം തലമുറയും കടന്ന് 3ജി സേവനങ്ങൾ നൽകാൻ തുടങ്ങിയപ്പോഴും ബി എസ് എൻ എൽ ഓഫീസുകളിൽ 3ജീ സിം കാർഡുകൾകായി തിരക്കായിരുന്നു. മറ്റ് സർവീസ് പ്രൊവൈഡറുകൾ മാറിയും മറഞ്ഞുമൊക്കെ ഒറ്റപ്പെട്ട ഇടങ്ങളിൽ 3ജി സേവനങ്ങൾ നൽകിയിരുന്നപ്പൊൾ ഏറ്റവും നല്ല വേഗത്തിൽ ഗ്രാമ പ്രദേശങ്ങളിൽ പോലും 3 ജി നൽകിയത് ബി എസ് എൻ എൽ ആയിരുന്നു. ഈ സാഹചര്യത്തിൽ നിന്നും ബി എസ് എൻ എൽ നാശത്തിന്റെ പടുകുഴിയിലേക്ക് വീണത് എങ്ങിനെയാണ്‌? ആരാണിതിനുത്തരവാദി? നമ്മളോട് പലപ്പോഴും കയർത്ത് സംസാരിക്കുന്നതും ദുരനുഭവങ്ങൾ മാത്രം സമ്മാനിക്കുന്നതുമായ താഴെ തട്ടിലുള്ളതും ഇടത്തട്ടിലുള്ളതുമായ ചില ഉദ്യോഗസ്ഥരിലൂടെയാണ്‌ നമ്മൾ മിക്കപ്പോഴും ബി എസ് എൻ എലിനെ കണ്ടിട്ടുള്ളതും കാണാറുള്ളതും എന്നതിനാൽ തകർച്ചയുടെ കഥ പറയുമ്പോൾ എണ്ണത്തിൽ വളരെ ചുരുക്കം വരുന്ന അവരെയാണ്‌ പ്രതിസ്ഥാനത്ത് നിർത്താറ്‌ . പക്ഷേ‌ ഒരു കാര്യം ഓർത്തു നോക്കുക. ലാഭത്തിൽ നിന്നും ലാഭത്തിലേക്ക് കുതിച്ചുയർന്നുകൊണ്ടിരുന്ന ബി എസ് എൻ എലിന്റെ പ്രതാപകാലത്തും ഇതേ ഉദ്യോഗസ്ഥരെയൊക്കെ തന്നെ ആയിരുന്നു നമ്മൾ കണ്ടിരുന്നത് എന്നതിനാൽ ആ വിലയിരുത്തലിൽ അർത്ഥമില്ല എന്ന് ഒന്ന് ചിന്തിച്ചാൽ മനസ്സിലാകും. ഈ പറയുന്ന കുറച്ച് ഉദ്യോഗസ്ഥരൊന്നും വിചാരിച്ചാൽ ഒരിക്കലും ഇങ്ങനെ ഒരു കമ്പനിയെ താഴെ ഇടാൻ കഴിയില്ല. അവർക്കൊന്നും ബി എസ് എൻ എലിന്റെ തകർച്ചയിൽ ചെറിയ ഒരു പങ്കുപോലും ഇല്ല. ഒരു വൻ മരത്തിന്റെ ഏതാനും പുഴുക്കുത്ത് വീണ ഇലകൾ മാത്രമാണ്‌ അവരൊക്കെ. ഈ മരം മറിഞ്ഞ് വീഴണമെങ്കിൽ അതിന്റെ തായ് വേരു മുറിയണം. ആരാണ്‌ ബി എസ് എൻ എലിന്റെ തായ് വേരറുത്തത്? ആരാണ്‌ ബി എസ് എൻ എൽ എന്ന വടവൃക്ഷത്തെ നശിപ്പിച്ചത്?

ഒരു ഉപഭോക്താവ് എന്ന നിലയിൽ നമ്മൾ ബി എസ് എൻ എലിനെ മറ്റ് സ്വകാര്യ മൊബൈൽ നെറ്റ് വർക്കുകളുമായാണ്‌ താരതമ്യം ചെയ്യുന്നത്. അതിൽ തെറ്റൊന്നും പറയാനില്ല. പക്ഷേ സർക്കാരും അങ്ങനെ കാണാൻ തുടങ്ങുന്നതിൽ വലിയ നീതികേടുണ്ട്. അപ്പോൾ സ്വാഭാവികമായും ചോദിച്ചേക്കാം എന്താ ബി എസ് എൻ എലിനു കൊമ്പുണ്ടോ എന്ന്. അവരും സ്വകാര്യ മൊബൈൽ നെറ്റ് വർക്കുകളും തമ്മിൽ എന്തു വ്യത്യാസമാണ്‌ ഉള്ളത് എന്ന് .ബി എസ് എൻ എൽ വെറും ഒരു മൊബൈൽ നെറ്റ് വർക്ക് അല്ല. അത് രാജ്യത്തിന്റെ ടെലികോം പോളിസി നേരിട്ട് നടപ്പിലാക്കാൻ സർക്കാരുകൾ ഉപയോഗിക്കുന്ന ഒരു ഉപകരണം കൂടീ ആണ്‌. ലാഭ നഷ്ടക്കണക്കുകൾ നോക്കാതെ കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള കുഗ്രാമങ്ങളിലെ സാധാരണക്കാരിലേക്ക് വരെ ടെലികോം സേവനങ്ങളും മൊബൈൽ സേവനങ്ങളും എത്തിച്ച നെറ്റ്‌‌വർക്കിനെ എങ്ങിനെ സ്വകാര്യ മൊബൈൽ നെറ്റ് വർക്കുകളുമായി താരതമ്യം ചെയ്യാനാകും? ഇപ്പോഴും ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളിലും നക്സൽ ബാധിത പ്രദേശങ്ങളിലും എല്ലാം വലിയ നഷ്ടം സഹിച്ചും സേവനങ്ങൾ നൽകുക എന്ന ബാദ്ധ്യത ബി എസ് എൻ എലിനു മാത്രമാണ്‌. സ്വകാര്യ മൊബൈൽ നെറ്റ് വർക്കുകൾക്ക് അത്തരം ബാദ്ധ്യതകൾ ഒന്നുമില്ല. അവർ അവർക്ക് ലാഭമുണ്ടാക്കുന്ന ഇടങ്ങളിൽ മാത്രം സേവനങ്ങൾ നൽകാൻ ശ്രമിക്കുന്നു. അതുപോലെത്തന്നെ ബി എസ് എൻ എലിന്റെ വരുമാനത്തിന്റെ 60 മുതൽ 70 ശതമാനം വരെ ജീവനക്കാർക്കുള്ള ശമ്പളം ആയാണ്‌ പോകുന്നത്. മറ്റ് സ്വകാര്യ മൊബൈൽ കമ്പനികളുടെ കാര്യം പറയുമ്പോൾ ഇത് പത്തോ ഇരുപതോ ശതമാനം മാത്രമേ വരൂ. സർക്കാരിനെപ്പോലെത്തന്നെ ബി എസ് എൻ എലും ഒരു മാതൃകാ തൊഴിൽ ദാതാവാണ്‌. അതായത് തൊഴിലാളികളെ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കാനായി മാത്രം ഉണ്ടാക്കിയ ഒരു സ്ഥാപനം അല്ല എന്നർത്ഥം.ലാഭമുണ്ടാക്കിയിരുന്ന ബി എസ് എൻ എൽ നഷ്ടത്തിന്റെ പടുകുഴിയിലേക്ക് വീണ്‌ ഇപ്പോൾ ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കുന്നതിന് ആരാണ്‌ ഉത്തരവാദി? സംശയലേശമന്യേ പറയാം ബി എസ് എൻ ലിന്റെ പോളിസി മേക്കേഴ്സ് ആയ മേൽത്തട്ടിലുള്ള ഉദ്യോഗസ്ഥരം കേന്ദ്ര സർക്കാരും തന്നെ. തെറ്റായ പോളിസികളും ഒട്ടും തന്നെ ദീർഘവീക്ഷണം ഇല്ലാതെ നടപ്പിലാക്കിയ പദ്ധതികളും രണ്ടാം യു പി എ മുതൽ ഇങ്ങോട്ടുള്ള കേന്ദ്ര സർക്കാരുകളുടെ നടപടികളും ആണ്‌ ബി എസ് എൻ എലിനെ ഈ നിലയിൽ എത്തിച്ചത്.

ഡാറ്റാ വൺ എന്ന പേരിൽ 2005 ൽ ബി എസ് എൻ എൽ ബ്രോഡ് ബാൻഡ് സേവനങ്ങൾ ആരംഭിച്ചതോടെയാണ്‌ ഇന്ത്യയിൽ ഇന്റർനെറ്റിന്റെയും അനുബന്ധ സേവനങ്ങളുടെയും വസന്തകാലം തുടങ്ങിയത്. നിലവിലുള്ള ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌‌വർക്കുകളും മൈക്രോവേവ് ലിങ്കുകളും അണ്ടർഗ്രൗണ്ട് കേബിളുകളുമൊക്കെയായി ഗ്രാമ-നഗര പ്രദേശങ്ങളിൽ ഇന്ത്യയിലുടനീളം അതിവേഗ ഇന്റർനെറ്റ് ലഭ്യമായി. അപ്പോഴും ബി എസ് എൻ എൽ അണ്ടർ ഗ്രൗണ്ട് കേബിളുകൾ ഇല്ലാത്ത ഇടങ്ങളിൽ ഇന്റർനെറ്റ് കണൿഷനുകൾ നൽകാൻ വിഷമതകൾ നേരിട്ടു. അപ്പോഴാണ്‌ 2004-06 കാലഘട്ടങ്ങളിൽ അമേരിക്കയിലും യൂറോപ്പിലുമൊക്കെ വയർലെസ് ബ്രോഡ് ബാൻഡ് സാങ്കേതിക വിദ്യയായ വൈമാക്സ് നിലവിൽ വരുന്നത്. ബി എസ് എൻലിനും ഈ വൈമാക്സ് വളരെ ആകർഷണീയമായി തോന്നി. കാരണം ബി എസ് എൻ എൽ ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടിരുന്നത് കേബിളുകൾ ഇടുന്നതിനും അവ പരിപാലിക്കുന്നതിനുമായിരുന്നു. വയർലെസ് ബ്രോഡ് ബാൻഡ് നടപ്പിലാക്കുന്നതിനായി സ്പെക്ട്രം ആവശ്യമുണ്ടായിരുന്നു. 2.5 ഗിഗാഹെട്സ് സ്പെക്ട്രത്തിൽ ആയിരുന്നു അമേരിക്കയിലും മറ്റും ഇത് നടപ്പിലായിരുന്നത് എന്നതിനാൽ ബി എസ് എൻ എലും ആവശ്യപ്പെട്ടത് ഇതേ സ്പെക്ട്രം തന്നെ ആയിരുന്നു. ബി എസ് എൻ എലിന്റെ വൈമാക്സ് ആരംഭിക്കാനുള്ല നടപടികൾ സർക്കാർ ചുവപ്പു നാടകളിലും ടെൻഡർ നടപടികളിലും അഴിമതി ആരോപണങ്ങളിലുമെല്ലാം കുരുങ്ങിക്കിടന്ന് അവസാനം 2009 ൽ ആണ്‌ ബി എസ് എൻ എലിനു 3ജി സേവനങ്ങൾ നൽകാനുള്ള 2.1 ഗിഗാഹെട്സ് സ്പെക്ട്രത്തോടൊപ്പം വയർ ലെസ് ബ്രോഡ് ബാൻഡ് സേവനങ്ങൾക്കായുള്ള 2.5 ഗിഗാഹെട്സ് സ്പെക്ട്രവും കൂടി അനുവദിക്കപ്പെട്ടത്. Rs 18,500 കോടി രൂപയാണ്‌ ഇതിനായി സ്പെക്ട്രം വകയിൽ ബി എസ് എന്ന് എൽ നൽകിയത് (Rs 10,186 കോടി 3Gയ്ക്കും Rs 8,314 കോടി വയർലെസ് ബ്രോഡ് ബാൻഡിനും ). ബി എസ് എഎൻ എലിനെ സംബന്ധിച്ചിടത്തോളം ഈ പതിനെട്ടായിരം കൊടി രൂപ എന്നത് ഭീമമായ തുക ആയിരുന്നു. ബി എസ് എൻ എലിന്റെ തകർച്ചയുടെ കഥയും ഇവിടെ തുടങ്ങുന്നു. ബി എസ് എൻ എലിനു വയർലെസ് ബ്രോഡ് ബാൻഡ് സ്പെക്ട്രം കിട്ടിയപ്പോഴേയ്ക്കും ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്ന വൈമാക്സ് സാങ്കേതിക വിദ്യയെ നാലാം തലമുറ LTE സങ്കേതിക വിദ്യകൾ മറികടക്കാൻ തുടങ്ങിയിരുന്നു. വൈമാക്സും ഒരു 4ജി സാങ്കേതിക വിദ്യ തന്നെയാണ്‌. വൈമാക്സ് സാങ്കേതിക വിദ്യ 4ജി തന്നെ ആയിരുന്നു എങ്കിലും അത് ഒരു മൊബൈൽ ബ്രോഡ് ബാൻഡ് എന്ന രീതിയിൽ വികസിക്കാതിരുന്നതും മൊബൈൽ ഫോൺ കമ്പനികൾ വൈമാക്സ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകൾ അധികം വികസിപ്പിക്കാതിരുന്നതും വൈമാക്സിനെ 4ജിയ്ക്ക് പുറത്താക്കി. അമേരിക്കയിലും ദക്ഷിണകൊറിയയിലുമൊക്കെ അൾട്രാ മൊബൈൽ ബ്രോഡ് ബാൻഡ് എന്ന പേരിൽ വിഭാവനം ചെയ്യപ്പെട്ട IEEE മൊബൈൽ വൈമാക്സിനെ പിൻതുണച്ചാലോ എന്നൊരു ആശയക്കുഴപ്പം ഉണ്ടായി. പക്ഷേ അമേരിക്കയിലെ പ്രമുഖ മൊബൈൽ സേവന ദാതാക്കളെല്ലാം LTE യെ പിൻതുണച്ചതൊടെ ലോകമെമ്പാടും 4ജി മൊബൈൽ കമ്യൂണിക്കേഷൻ സാങ്കേതിക വിദ്യയായി LTE യുടെ പതിപ്പുകൾ തെരഞ്ഞെടുക്കപ്പെട്ടു. വൈമാക്സും 4ജിയുടെ രൂപത്തിൽ സാങ്കേതിക ലോകം ഏറ്റെടുത്തിരുന്നു എങ്കിൽ ബി എസ് എൻ എലിന്റെ ഭാവി ഒരുപക്ഷേ മറ്റൊന്നാകുമായിരുന്നു.

2009-10 കാലഘട്ടത്തിൽ 8000 കോടി രൂപയും കൊടുത്ത് ബി എസ് എൻ എലിനു കിട്ടിയ 2.5 ഗിഗാഹെട്സ് സ്പെക്ട്രം ഒരു പൊതിക്കാത്ത തേങ്ങ ആയിരുന്നു. എങ്കിലും കിട്ടിയ സ്പെക്ട്രം വച്ച് വൈമാക്സ് നടപ്പിലാക്കാൻ ബി എസ് എൻ എൽ നിർബന്ധിതരായി. പ്രതീക്ഷിച്ചതുപോലെത്തന്നെ വൈമാക്സ് വലിയ ഒരു പരാജയം ആയിരുന്നു. പ്രത്യേകിച്ച് ഒരു ഉപകാരവുമില്ലാത്ത സ്പെക്ട്രത്തിനു കൊടുത്ത പണവും വൈമാക്സ് ഉപകരണങ്ങൾക്കായി നിക്ഷേപിച്ച പണവും നല്ല രീതിയിൽ നടന്നു പോയിരുന്ന ബീ എസ് എൻ എലിന്റെ നടുവൊടിച്ചു. വൈമാക്സ് പോയെങ്കിൽ പോയി എന്നാൽ ഇനി 4ജി നടപ്പിലാക്കാൻ പറ്റുമോ എന്ന് നോക്കുമ്പോൾ ആണ്‌ കയ്യിലിരിക്കുന്ന 2.5 ഗിഗാഹെട്സ് സ്പെക്ട്രം സപ്പോർട്ട് ചെയ്യുന്ന LTE നെറ്റ്‌‌വർക്കും ഉപകരണങ്ങളൂം മൊബൈൽ ഫോണുകളുമൊന്നും വ്യാപകമല്ല എന്നും അത് പ്രായോഗികമല്ല എന്ന തിരിച്ചറിവുണ്ടാകുന്നത്. വൈമാക്സ് ഉപകരണങ്ങൾ വിൽക്കുന്ന കമ്പനികളുടെ സ്വാധീനത്തിന്റെ ഫലമായായിരുന്നു ഈ തീരുമാനം എന്ന ആരോപണങ്ങളും അതിനെത്തുടർന്ന് സി ബി ഐ അന്വേഷണവുമൊക്കെ ഉണ്ടായി.

2010 ൽ നടന്ന 4ജി സ്പെക്ട്രം ലേലത്തിൽ ബി എസ് എൻ എലിനു പങ്കെടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ലല്ലോ കാരണം സർക്കാർ അവർക്ക് 2.5 ഗിഗാഹെട്സ് 4ജി സ്പെക്ട്രം ആദ്യമേ തന്നെ നൽകിയിരുന്നുവല്ലോ. മൊബൈൽ കമ്പനികളുടെ ആവശ്യപ്രകാരം 4ജി സ്പെക്ട്രം ലേലം ചെയ്തത് ലോകത്തെമ്പാടും 4ജിയ്ക്കായി ഉപയോഗിക്കുന്ന പ്രധാന ബാൻഡുകൾ ആയ 2.1 ഗിഗാഹെട്സും 2.3 ഗിഗാഹെട്സും ആണ്‌. ഇപ്പോൾ 4ജി സേവനങ്ങൾ നൽകുന്ന ജിയോ (ജിയോ ഇൻഫോ ടെൽ ബ്രോഡ്ബാൻഡ് എന്ന ബിനാമി കമ്പനിയിൽ നിന്നും സ്പെക്ട്രം വാങ്ങുകയായിരുന്നു)‌ ഉൾപ്പെടെയുള്ള പ്രമുഖ മൊബൈൽ കമ്പനികൾ എല്ലാം അന്ന് അവർക്ക് ഇഷ്ടമുള്ള സർക്കിളുകളിൽ 4ജി നടപ്പിലാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യകൾ അന്താരാഷ്ട്ര വിപണിയിൽ നിലവിലുള്ള സ്പെക്ട്രം കരസ്ഥമാക്കി. അപ്പോഴും ബി എസ് എൻ എൽ കുറുക്കൻ ആമയെ കിട്ടിയതുപോലെ 2.5 ഗിഗാഹെട്സ് സ്പെക്ട്രവും കയ്യിൽ വച്ചുകൊണ്ട് സർക്കാരിന്റെ കനിവിനായി കാത്തിരിക്കുകയായിരുന്നു.

ബി എസ് എൻ എൽ 2.5 ഗിഗാഹെട്സ് സ്പെക്ട്രം ചോദിച്ചു വാങ്ങിയതാണോ അതോ അവരിലേക്ക് അന്നത്തെ സർക്കാർ അടിച്ചേൽപ്പിച്ചതാണോ എന്ന് ചോദിച്ചാൽ അടിച്ചേൽപ്പിക്കപ്പെട്ടതു തന്നെ ആണെന്നാണ്‌ ബി എസ് എൻ എൽ ഉദ്യോഗസ്ഥരും അവരുടെ യൂണിയനുമൊക്കെ പറയുന്നത്. തങ്ങൾക്ക് ഈ സ്പെക്ട്രം വേണ്ട അതുകൊണ്ട് ഇത് തിരിച്ചെടുത്ത് പകരം പണം തരാൻ ബി എസ് എൻ എൽ സർക്കാരിനൊട് അപേക്ഷിച്ചു. സർക്കാർ ഈ ആവശ്യം അംഗീകരിച്ചെങ്കിലും ഘട്ടം ഘട്ടമായാണ്‌ തിരിച്ചു കിട്ടിയത്. തുടർന്നുള്ള സ്പെക്ട്രം ലേലങ്ങളിൽ പങ്കെടുക്കാനോ 4ജി സ്പെക്ട്രം വാങ്ങാനോ ഉള്ള സാമ്പത്തിക നിലയിൽ അല്ലായിരുന്ന ബി എസ് എൻ എലിനോട് മുഖം തിരിഞ്ഞ് നിൽക്കുന്ന സമീപനം ആയിരുന്നു സർക്കാരിന്റേയും. 2014 ൽ ആണ്‌ ഉപയോഗമില്ലാത്ത സ്പെക്ട്രം തിരിച്ചെടുത്ത് പകരം പണം നൽകാൻ സർക്കാർ തീരുമാനമെടുത്തത്. അപ്പോഴേയ്ക്കും കാലിനടിയിലെ മണ്ണ് ഒലിച്ചു പോയിട്ടുണ്ടായിരുന്നു. മറ്റു കമ്പനികളിൽ നിന്നും വ്യത്യസ്തമായി നഷ്ടം സഹിച്ചും ഗ്രാമ പ്രദേശങ്ങളിൽ ടെലിഫോൺ / ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന്റെ പ്രത്യുപകരമായി ബി എസ് എൻ എലിനു കേന്ദ്ര സർക്കാർ Universal Service Obligation Fund (USOF) എന്ന സ്കീമിൽ നിന്നും സബ്സിഡി അനുവദിച്ചിരുന്നു. ആ സബ്സിഡിയും പതുക്കെ പതുക്കെ ഇല്ലാതാക്കിയതും വൈകിപ്പിച്ചതുമൊക്കെ ബി എസ് എൻ എലിന്റെ തകർച്ചയുടെ ആക്കം കൂട്ടി. കപ്പലിനെ കപ്പിത്താന്മാർ തന്നെ മുക്കുന്ന കാഴ്ച്ചയാണ്‌ ബി എസ് എൻ എലിന്റെ കാര്യത്തിൽ നമ്മൾ കണ്ടത്. കപ്പലിനെ മുക്കാൻ വേണ്ടി പ്രത്യേകം നിയമിക്കപ്പെട്ട കപ്പിത്താന്മാർ ആരുടെ താല്പര്യങ്ങളാണ്‌ സംരക്ഷിച്ചുകൊണ്ടിരുന്നതെന്ന് കാലം തെളിയിച്ചതാണ്‌.

— സുജിത് കുമാർ —
ഇന്ത്യയിലെ ആദ്യത്തെതും ഏറ്റവും ബൃഹത്തായതുമായ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌‌വർക്ക് ആണ്‌ ബി എസ് എൻ എലിന്റേത്. ഇന്നും അതിൽ മാറ്റമൊന്നുമില്ല. ഇത്ര ബൃഹത്തായ ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് ഉണ്ടായിരുന്നിട്ടും അവരുടെ Fiber To The Home പദ്ധതിപോലും പരാജയപ്പെട്ടു. 4ജി ഇല്ലെങ്കിലും ചുരുങ്ങിയ പക്ഷം നഗരങ്ങളിൽ എങ്കിലും ബി എസ് എൻ എലിന് അധികം പണച്ചെലവില്ലാതെ ഒപ്റ്റിക്കൽ ഫൈബർ കണൿഷനുകൾ വീടുകളിലേക്ക് നൽകാൻ കഴിയുമായിരുന്നു. ഡൽഹി പോലെയുള്ള നഗരങ്ങളിൽ സ്വകാര്യ കമ്പനികൾ ഇലക്ട്രിക് പോസ്റ്റുകളിലൂടെയും മറ്റും ഓവർ ഹെഡ് ആയി ഒപ്റ്റിക്കൽ ഫൈബർ കേബിൾ വലിച്ച് എളുപ്പത്തിൽ ബ്രോഡ് ബാൻഡ് കണക്റ്റിവിറ്റി നൽകിയപ്പോൾ ഭൂമിക്കടിയിലൂടെ കേബിൾ ഇട്ട് മാത്രമേ കണൿഷൻ നൽകൂ എന്ന് ബി എസ് എൻ എലിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന പോളിസി ഡിസിഷൻ ആർക്കു വേണ്ടി ആയിരുന്നു എന്ന് ഇപ്പോൾ ജിയോ ഫൈബർ വന്നപ്പോൾ എല്ലാവർക്കും മനസ്സിലായിട്ടുണ്ടാകും. ഇപ്പോൾ കെ എസ് ഇബിയുമായൊക്കെ ചേർന്നുകൊണ്ട് ഇലക്ട്രിക് പോസ്റ്റുകളിലൂടെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വലിച്ച് കണൿഷനുകൾ നൽകുന്ന പദ്ധതിയൊക്കെ എത്രയോ വർഷങ്ങൾ മുൻപ് തന്നെ ആകാമായിരുന്നു. കേരളത്തിൽ തന്നെ നഗരങ്ങളിലെ ഫ്ലാറ്റ് സമുച്ചയങ്ങൾക്കും ഹൗസിംഗ് കോളനികൾക്കുമൊക്കെ ഇത്തരത്തിൽ ബ്രോഡ് ബാൻഡ് കണൿഷനുകൾ നൽകാമായിരുന്നിട്ടും. അവ ബോധപൂർവ്വം തന്നെ വച്ച് താമസിപ്പിച്ചു.
ഒട്ടും തന്നെ ദീർഘവീക്ഷണമില്ലാത്തതും ചോറ് ഇവിടെയാണെങ്കിലും കൂറ് അവിടേയ്ക്ക് ആയതുമായ ബി എസ് എൻ എൽ പോളിസി മേക്കേഴ്സും മാറി മാറി വന്ന കേന്ദ്ര സർക്കാരുകളും ആണ്‌ ബി എസ് എൻ എലിന്റെ തകർച്ചയുടെ പൂർണ്ണ ഉത്തരവാദികൾ. ഒരു ഉപഭോക്താവ് എന്ന നിലയിൽ ബി എസ് എൻ എലിന്റെ തകർച്ച എന്നെയോ നിങ്ങളേയോ ഒരിക്കലും ബാധിക്കില്ലായിരിക്കാം. പക്ഷേ ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മറ്റ് മൊബൈൽ നെറ്റ് വർക്കുകൾ സേവനങ്ങൾ നൽകാൻ മടിച്ചു നിൽക്കുന്ന ധാരാളം ഇടങ്ങൾ നമ്മുടെ ഇന്ത്യാ മഹാരാജ്യത്തുണ്ട്. അവിടെ ഒട്ടും തന്നെ പ്രിവിലേജുകൾ ഇല്ലാത്ത ഒരു സമൂഹവുമുണ്ട്. അവർക്ക് വേണ്ടി എങ്കിലും ബി എസ് എൻ എൽ നിലനിൽക്കേണ്ടത് അത്യാവശ്യമാണ്‌. അത് വെറും ഒരു ടെലികോം നെറ്റ് വർക്ക് ആയി അല്ല മറിച്ച് സർക്കാരിന്റെ ടെലികോം നയങ്ങൾ നടപ്പിലാക്കാൻ ഉതകുന്ന ഒരു മാതൃകാ ഉപകരണം ആയിത്തന്നെ.
— സുജിത് കുമാർ —

Advertisements