എന്താണ് സ്വിസ് ചീസ് മോഡൽ, കൊറോണ കാലത്ത് അതിന്റെ പ്രസക്തിയെന്ത് ?

125
സുജിത് കുമാർ
*
ആരോഗ്യ – വൈമാനിക – വ്യാവസായിക മേഖലകളിൽ റിസ്ക് അനാലിസിസ് നടത്താനായും പരമാവധി അപകടങ്ങൾ ഒഴിവാക്കാനായും ഉപയോഗിക്കുന്ന ഒരു മോഡൽ ആണ്‌ സ്വിസ് ചീസ് മോഡൽ. അതായത് അപകടങ്ങൾ ഒഴിവാക്കി പരമാവധി സുരക്ഷ ഉറപ്പാക്കാനായി വിവിധ തലങ്ങളിലായി പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു. ഈ പ്രതിരോധ മാർഗ്ഗങ്ങളെയൊക്കെ ഓരോ ചീസ് പാളികൾ ആയി കണക്കാക്കാം. തികച്ചും പെർഫക്റ്റ് ആയ സാഹചര്യത്തിൽ ഇത്തരം പാളികൾ എല്ലാം വിടവുകളോ ദ്വാരങ്ങളോ ഇല്ലാതെ ഒന്ന് ഒന്നിനു മുകളിൽ ആയി ഇരിക്കുന്നതിനാൽ അപകടം ഉണ്ടാകാനുള്ള സാഹചര്യമേ ഉണ്ടാകില്ല.
Image result for swiss cheese modelപക്ഷേ ഇത്തരത്തിൽ വിടവുകൾ ഇല്ലാത്ത സുരക്ഷാ പാളികൾ ഉണ്ടാക്കുക പ്രായോഗികമല്ല. അതിനാൽ പ്രായോഗിക തലത്തിൽ ഓരോ പാളികളിലും വലുതും ചെറുതുമായതും സ്ഥാനം മാറിക്കൊണ്ടിരിക്കുന്നതുമായ വിടവുകൾ ഉണ്ടായിരിക്കും. എങ്കിലും ഒരു പാളിയിൽ ഉള്ള ദ്വാരത്തിലൂടെ ഉണ്ടാകാൻ സാദ്ധ്യതയുള്ള അപകടം അടുത്ത പാളിയിൽ തട്ടി തടയപ്പെടുന്നു. ഇനി എന്തെങ്കിലും സാഹചര്യത്താൽ ആ പാളിയിലെയും ദ്വാരം അതേ സമയത്ത് മുൻപിലുള്ള പാളിയിലെ ദ്വാരവുമായി ചേർന്ന് വന്നാൽ രണ്ട് പാളികളും കടന്ന് മൂന്നാമത്തെ പാളിയിൽ തട്ടി ഒഴിവാക്കപ്പെടാം. ഇത്തരത്തിൽ ഒരു അപകടം ഉണ്ടാകണം എങ്കിൽ സുരക്ഷാ മുൻകരുതലുകൾ എന്നറിയപ്പെടുന്ന പാളികളിലെ എല്ലാം പിഴവുകൾ എന്നറിയപ്പെടുന്ന ദ്വാരങ്ങൾ ഒരു പ്രത്യേക സാഹചര്യത്തിൽ നേർ രേഖയിൽ വന്നാൽ മാത്രമേ ഏത് അപകടവും ഉണ്ടാകൂ. അതിനാൽ അപകടം ഒഴിവാക്കാനായി വിവിധ തലങ്ങളിൽ ആയി സുരക്ഷാ മുൻകരുതലുകൾ എന്ന പാളികളുടെ എണ്ണം കൂട്ടുകയും അവയിലെ പഴുതുകൾ എന്ന ദ്വാരങ്ങൾ പരമാവധി അടയ്കാൻ ശ്രമിക്കുകയോ അല്ലെങ്കിൽ അവയുടെ വലിപ്പം കുറയ്ക്കുകയോ ചെയ്യണം.
സ്വിസ് ചീസ് മോഡൽ അനാലിസിസ് പ്രധാനമായും അടിയന്തിര സാഹചര്യങ്ങളിലും വിമാന സുരക്ഷയിലും ആരോഗ്യ രംഗത്തുമൊക്കെയാണ്‌ പരക്കെ ഉപയോഗിക്കപ്പെടുന്നത്. ഏത് അപകടം എടുത്ത് പരിശോധിച്ച് നോക്കിയാലും അവ ഒന്നും ഏതെങ്കിലും ഒരു വ്യക്തിയുടെ കുറ്റം കൊണ്ടോ അല്ലെങ്കിൽ ഏതെങ്കിലും ഒരു ഒറ്റപ്പെട്ട സംവിധാനത്തിന്റെ പരാജയം കൊണ്ടോ ഉണ്ടായതല്ല എന്ന് മനസ്സിലാക്കാൻ കഴിയും. സകല മുൻകരുതലുകളെയും മറികടന്നുകൊണ്ട് ഇപ്പോൾ പത്തനംതിട്ടക്കാരായ രണ്ടുപേരാൽ കേരളത്തിലെ ആയിരക്കണക്കിനാളുകളെ കൊറോണയുടെ മുൾമുനയിൽ നിർത്തിയ സംഭവം തന്നെ പരിശോധിച്ചു നോക്കുക.
സുരക്ഷാ പാളികളിലെ വിള്ളലുകളെക്കുറിച്ച് പറയുമ്പോൾ പെട്ടന്ന് കാണാൻ കഴിയുന്ന ഒരു വിള്ളലിനെക്കുറിച്ച് പറയാം. അതാണ്‌ എമിഗ്രേഷൻ വിഭാഗത്തിന്റെ പിഴവ്. ഒരു യാത്രക്കാരൻ കൊറോണാ ബാധിത രാജ്യത്തിൽ നിന്നാണോ വരുന്നത് എന്ന് പരിശോധിക്കാൻ ഏതാനും സെക്കന്റുകൾ മാത്രമേ വേണ്ടി വരൂ. അത് എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥൻ അത് ചെയ്തില്ല. അത് ചെയ്യാതിരിക്കാൻ അയാൾക്ക് അയാളുടേതായ കാരണങ്ങൾ വേറെയും ഉണ്ടാകും. ചിലപ്പോൾ അത്തരം ഒരു നിർദ്ദേശം അയാളുടെ മേലധികാരി നൽകിയിട്ടുണ്ടാകില്ല, സാങ്കേതിക കാരണങ്ങളുണ്ടാകാം അല്ലെങ്കിൽ അമിത ജോലിഭാരം മൂലം ചിലപ്പോൾ ഈ പറഞ്ഞ ആളെ തന്നെ വിട്ടുപോയതാകാം.. ഇനി പാസ്പോർട്ട്‌ സ്റ്റാമ്പ് ഇല്ലാത്ത സാഹചര്യമാണെങ്കിൽ അത് മുൻകൂട്ടി കാണാൻ കണ്ട് അത് മറികടക്കാൻ കഴിയാതിരുന്ന പിഴവ്.. അങ്ങനെ പല പല പിഴവുകൾ. ഇത്തരത്തിലുള്ള പ്രത്യക്ഷമായും പരോക്ഷമായുമുള്ള അനേകം പിഴവുകൾ ഒരു മാലയായി വരുമ്പോൾ മാത്രമാണ്‌ ഇതുപോലെയുള്ള വൻ ദുരന്തങ്ങൾ ഉണ്ടാകുന്നത്. ഈ വിഷയം തന്നെ ഒരു കേസ് സ്റ്റഡി ആയെടുത്ത് ഇത് തടയാൻ കഴിയുമായിരുന്ന സുരക്ഷാ പാളികളെക്കുറിച്ചും നിലവിൽ ഉള്ള സുരക്ഷാ പാളികളിൽ നിങ്ങൾക്ക് അറിയാവുന്ന വിള്ളലുകളെക്കുറിച്ചും പറയൂ.