ആൽക്കഹോൾ സാനിറ്റൈസർ ഉണ്ടാക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ?

468
സുജിത് കുമാർ
ഈ കൊറോണാക്കാലത്ത് കൈകൾ അണുവിമുക്തമാക്കാൻ സോപ്പും വെള്ളവും ഉപയോഗിക്കുകയാണ്‌ എറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗം എങ്കിലും യാത്രകളിലും മറ്റും സോപ്പും വെള്ളവും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആൾക്കഹൊൾ ബേസ്ഡ് ആയ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കണമെന്നതിനാൽ വിപണിയിൽ ഇപ്പോൾ ഹാൻഡ് സാനിറ്റൈസറുകൾ ലഭ്യമല്ലാത്തതോ അല്ലെങ്കിൽ വില പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നതോ ആയ സാഹചര്യം ആണല്ലോ. ഇവിടെ മാത്രമല്ല ലോകത്ത് എല്ലായിടത്തും അതു തന്നെ അവസ്ഥ. അതുകൊണ്ട് ലോകാരോഗ്യ സംഘടന എങ്ങനെ ഹാൻഡ് സാനിറ്റൈസർ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം എന്നതിനെക്കുറിച്ചും അതിന്റെ ചേരുവകളെക്കുറിച്ചുമൊക്കെ വിശദമായി അവരുടെ വെബ് സൈറ്റിൽ പ്രതിപാദിക്കുന്നുണ്ട്. അതനുസരിച്ച് ഇപ്പോൾ നമ്മുടെ നാട്ടിലും പലയിടത്തും ഇത് ഉണ്ടാക്കുന്നുമുണ്ട്. ഉണ്ടാക്കുന്നത് കുഴപ്പമില്ല പക്ഷേ അവസരം മുതലെടുത്ത് ഉണ്ടാക്കി വിൽക്കാൻ ഡ്രഗ് കണ്ട്രോളറുടെ ലൈസൻസ് വേണം എന്നതിനാൽ അത്തരത്തിൽ പുലിവാലു പിടിക്കാൻ പോകരുത്. ഇവിടെ പറയാൻ ഉദ്ദേശിച്ചത് മറ്റൊന്നാണ്‌.
എഥനോൾ, ഈതൈൽ ആൾക്കഹോൾ, റബ്ബിംഗ് ആൾക്കഹോൾ, സർജ്ജിക്കൽ സ്പിരിറ്റ്, ഐസോ പ്രൊപ്പൈൽ ആൾക്കഹോൾ, ഡീനാച്ചേഡ് സ്പിരിറ്റ് , മെതിലേറ്റഡ് സ്പിരിറ്റ്, മീതൈൽ ആൾക്കഹോൾ, റബ്ബിംഗ് ആൾക്കഹൊൾ . ഇങ്ങനെയൊക്കെ പല പേരുകളിൽ ആൾക്കഹോൾ വിപണിയിൽ ഉള്ളതിനാൽ ആശയക്കുഴപ്പത്തിലായ ആളുകൾ പലരും ഈ വിഷയത്തിൽ സംശയങ്ങൾ ഉന്നയിച്ചു കണ്ടു. അതുപോലെ ഹൈഡ്രജൻ പെറോക്സൈഡ് എന്തിനു ചേർക്കണം, ഗ്ലിസറിൻ എന്തിനു ചേർക്കണം , അലോവിര ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ അങ്ങനെ പല സംശയങ്ങളും.
ഇവിടെ ആശയക്കുഴപ്പം ഉണ്ടാക്കുന്നത് രാസനാമവും വ്യാവസായിക നാമവും വിളിപ്പേരും എല്ലാം കൂടി ഒരു അവിയൽ രൂപത്തിൽ ആയതുകൊണ്ടാണ്‌. രസതന്ത്രത്തിൽ ഹൈഡ്രോക്സിൽ (-OH) ചേർന്ന കാർബണിക സംയുക്തങ്ങളെ ആണ്‌ ആൾക്കഹൊൾ എന്നും മലയാളത്തിൽ ചാരായം എന്നും വിളിക്കുന്നത്. ഇത്തരത്തിലുള്ള ആൾക്കഹോളുകൾ പലതുണ്ട്. ഈതൈൽ ആൾക്കഹോൾ അഥവ എഥനോൾ, മീതൈൽ ആൾക്കഹോൾ അഥവാ മെതനോൾ, പ്രൊപ്പൈൽ ആൾക്കഹോൾ അഥവ 2-പ്രൊപ്പനോൾ, ഐസോ ബ്യൂട്ടൈൽ ആൾക്കഹോൾ .. തുടങ്ങിയവ. ഇവയൂടെയെല്ലാം രാസ സമവാക്യങ്ങളും ഘടനയും ഭൗതിക സ്വഭാവങ്ങളും വ്യത്യസ്തമാണ്‌.
ആൾക്കഹോളുകളുടെ ഉപയോഗത്തെ അടിസ്ഥാനമാക്കി പ്രധാനമായും മൂന്നാക്കി തരം തിരിക്കാം.
(1) ലഹരി പദാർത്ഥമായ പാനീയം ആയി ഉപയോഗിക്കാൻ കഴിയുന്നവ
(2) വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവ
(3) അണു നാശിനി ആയി ഉപയോഗിക്കുന്നവ
ഒരു ലഹരി പാനീയമായാണ്‌ ആൾക്കഹോളുകൾ ഏറ്റവും കൂടുതലായി മനുഷ്യർ ഉപയോഗപ്പെടുത്തുന്നത്. എല്ലാ ആൾക്കഹോളുകളും ഇത്തരത്തിൽ ലഹരി പാനീയമായി ഉപയോഗിക്കാൻ കഴിയില്ല. എഥനോൾ അഥവാ ഈഥൈൽ ആൾക്കഹോൾ ആണ്‌ ലഹരിപദാർത്ഥമായ മദ്യം ആയി ഉപയോഗിക്കുന്നത്. ഇത് തന്നെ രണ്ട് തരത്തിൽ മദ്യങ്ങളിലുപയോഗിക്കുന്നു. കള്ള്, വൈൻ, ബിയർ തുടങ്ങി പൂർണ്ണമായും ശൂദ്ധീകരിക്കാത്ത രൂപത്തിലും ശുദ്ധീകരിച്ച ഇഥൈൽ ആൾക്കഹോളിന്റെ വീര്യം നിശ്ചിത ശതമാനം വെള്ളവും മറ്റ് പദാർത്ഥങ്ങളും ചേർത്ത് നേർപ്പിച്ച് റം, വിസ്കി, ബ്രാൻഡി തുടങ്ങിയ രൂപത്തിലും. ഈഥൈൽ ആൾക്കഹോൾ അല്ലാത്ത മറ്റ് ആൾക്കഹോളുകളും ലഹരി നൽകും എങ്കിലും അവ മരണകാരണം ആകുന്നു. ഈ ആൾക്കഹോളുകൾ ആണ്‌ വിഷ മദ്യ ദുരന്തങ്ങൾക്ക് കാരണമാകുന്നത്.
എല്ലാ രാജ്യങ്ങളിലും ലഹരി പാനീയമായി ഉപയോഗിക്കുന ആൾക്കഹോളിന്റെ നിർമ്മാണത്തിലും വിതരണത്തിലുമൊക്കെ ഗവണ്മെന്റ് നിയന്ത്രണങ്ങൾ ഉണ്ട്. അതിനാൽ എല്ലാവർക്കും ഇത് നിർമ്മിക്കാനോ വിതരണം ചെയ്യാനോ അനുവാദമില്ല.
വെള്ളം ഉപയോഗിക്കാൻ കഴിയാത്തിടത്ത് ഉപയോഗിക്കാൻ കഴിയുന്ന വളരെ നല്ലൊരു ലായകം ആയതിനാലും നല്ല ബാഷ്പീകരണ ശീലമുള്ളതിനാലും ആൾക്കഹോളുകൾക്ക് വളരെ അധികം വ്യാവസായിക ഉപയോഗങ്ങൾ ഉണ്ട്. വ്യാവസായിക ആവശ്യങ്ങൾക്കായി മേൽപ്പറഞ്ഞ പല തരത്തിലുള്ള ആൾക്കഹോളുകൾ ഉപയോഗപ്പെടുത്തുന്നു. വളരെ സുലഭമായതും എളുപ്പത്തിൽ നിർമ്മിക്കാൻ കഴിയുന്നതുമായ ഈഥൈൽ ആൾക്കഹോൾ അബ്കാരി നിബന്ധനകൾക്ക് വിധേയമായതിനാൽ വ്യാവസായിക ആവശ്യങ്ങൾക്ക് ഇവ നൽകുന്നത് ദുരുപയോഗ സാദ്ധ്യതകൾ കൂട്ടുന്നതിനാൽ അതൊഴിവാക്കാനായി ഈഥൈൽ ആൾക്കഹൊളിനെ കുടിക്കാൻ പറ്റാതാക്കുന്ന വിധം മീഥൈൽ ആൾക്കഹോളോ‌ മറ്റ് വിഷ പദാർത്ഥങ്ങളോ‌ ചേർത്ത് ആണ്‌ വിപണിയിൽ ഇറക്കാൻ അനുവദിക്കുന്നത്. മെഥിലേറ്റഡ് സ്പിരിറ്റ് , ഡീനാച്വേഡ് ആൾക്കഹോൾ എന്നൊക്കെയുള്ള വ്യാവസായിക നാമങ്ങളിൽ നമുക്ക് കാണാൻ കഴിയും. പെട്ടന്ന് മനസ്സിലാക്കാനും കുടിക്കാതിരിക്കാനും വേണ്ടി രൂക്ഷ ഗന്ധവും രുചിഭേദവും ഉണ്ടാക്കുന്ന അഡിക്റ്റീവുകൾ ചേർക്കാറുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ മുക്കുടിയന്മാർ ഇതൊക്കെ എടുത്ത് കഴിച്ച് ജീവൻ അപകടത്തിൽ ആക്കാറുണ്ട്.
വ്യാവസായിക ആവശ്യങ്ങൾക്ക് പ്രത്യേകിച്ച് ഇലക്ട്രോണിക്സ് ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ ആയി ഉപയോഗിക്കുന്ന ഒന്നാണ്‌ ഐസോ പ്രൊപ്പൈൽ ആൾക്കഹോൾ (2- പ്രൊപ്പനോൾ). 99.9 ശതമാനം ശൂദ്ധമായ ഐസോ പ്രൊപ്പൈൽ ആൾക്കഹോൾ ഒരു ക്ലീനിംഗ് ഏജന്റ് ആയാണ്‌ ഇലക്ട്രോണിക് ഇൻഡസ്ട്രിയിൽ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. ശുദ്ധമായ ഐസോ പ്രൊപ്പൈൽ ഒരു വൈദ്യുത വാഹി അല്ലാത്തതിനാലും വളരെ പെട്ടന്ന് തന്നെ ബാഷ്പീകരിച്ച് പോകുന്നതിനാലും ഇലക്ട്രോനിക് ഉപകരണങ്ങളെ ഷോർട്ട് ആക്കില്ല. പൊതുവേ ഇലക്ട്രോണിക് ഇൻഡസ്ട്രിയിൽ ഉപയോഗിക്കുന്ന സിലിക്കണുമായും മറ്റ് ലോഹങ്ങളുമായൊന്നും ഇത് പ്രതിപ്രവർത്തിക്കാത്തതിനാൽ വൃത്തിയാക്കാൻ വളരെ അനുയോജ്യമാണ്‌. പക്ഷേ ചില ഇനം പ്ലാസ്റ്റിക്കുകളുമായി പ്രതിപ്രവർത്തിക്കുന്നതിനാൽ അത്തരം ഇടങ്ങളിൽ നേർപ്പിച്ച ഐസോ പ്രൊപ്പൈൽ ആൾക്കഹോൾ ആണ്‌ ഉപയോഗിക്കാറ്‌. ഐസോ പ്രൊപ്പൈൽ ആൾക്കഹോളും പാനീയമായി ഉപയോഗിക്കാൻ കഴിയുന്നതല്ല. ബാഷ്പം ശ്വസിക്കാവുന്നതുമല്ല, വിഷ പദാർത്ഥവുമാണ്‌. പക്ഷേ മീഥൈൽ ആൾക്കഹോളിനെ അപേക്ഷിച്ച് നോക്കുമ്പോൾ താരതമ്യേന കുഴപ്പങ്ങൾ കുറവായതും മറു മരുന്നുകളും ചികിത്സയുമൊക്കെ ഫലപ്രദമായതുമാണ്‌.
ബാക്റ്റീരിയകളുടെയും വൈറസ്സുകളുടെയുമൊക്കെ കോശാവരണങ്ങളുമായി പ്രതിപ്രവർത്തിച്ച് അവയെ നശിപ്പിക്കാനുള്ള ശേഷിഉള്ളതിനാൽ ആൾക്കഹോളുകൾ നല്ല അണുനാശിനികൾ ആണ്‌. ഈഥൈൽ ആൾക്കഹോളും മീഥൈൽ ആൾക്കഹോളും ഐസോ പ്രൊപ്പൈൽ ആൾക്കഹോളുമൊക്കെ ഇത്തരത്തിൽ അണുനാശിനികൾ ആയി ഉപയോഗിക്കാൻ കഴിയുന്നതാണെങ്കിലും ദുരുപയോഗ സാദ്ധ്യതകൾ ഉള്ളതിനാൽ ഈഥൈൽ ആൾക്കഹൊളിനോടൊപ്പം മീഥൈൽ ആൾക്കഹൊളോ മറ്റേതെങ്കിലും പദാർത്ഥങ്ങൾ കൂടി ചേർത്ത് പാനീയ യോഗ്യമല്ലാതാക്കിയോ അല്ലെങ്കിൽ ഐസോ പ്രൊപ്പൈൽ ആൾക്കഹോളോ ആണ്‌ ആരോഗ്യ രംഗത്ത് ഉപയോഗിക്കാറ്‌. റബ്ബിംഗ് ആൾക്കഹോൾ , സർജ്ജിക്കൽ സ്പിരിറ്റ് എന്ന പേരിലൊക്കെ ഇത് അറിയപ്പെടാറുണ്ട്. ഹാൻഡ് സാനിറ്റൈസറുകൾക്ക് അനുയോജ്യമായത് എഥനോൾ അല്ലെങ്കിൽ ഐസോ പ്രൊപ്പൈൽ ആൾക്കഹോൾ ആണെന്നാണ്‌ ലോകാരോഗ്യ സംഘടന പറയുന്നത്. ഇതിൽ എഥനോൾ കടകളിലോ മെഡിക്കൽ ഷോപ്പുകളിലോ ലഭിക്കില്ല. കാരണം അബ്കാരി നിയമങ്ങൾ തന്നെ. കോളേജ് ലബോറട്ടറികളിലും രാസ വസ്തുക്കൾ വിൽക്കുന്ന കടകളിലും ലഭിക്കുമെങ്കീലും പൊതുജനങ്ങൾക്ക് അവ ലഭ്യമാകില്ല. മെഡിക്കൽ ഷോപ്പുകളിൽ കിട്ടുന്നത് സർജിക്കൽ സ്പിരിറ്റ് ആണ്‌. അവ മെഥിലേറ്റഡ് ആകാം അല്ലെങ്കിൽ മറ്റേതെങ്കിലും വസ്തുക്കൾ ചേർത്ത് ഡീനാച്വർ ചെയ്തത്. അതിനാൽ ലോകാരോഗ്യ സംഘടനയുടെ ഗൈഡ് ലൈൻസ് അനുസരിക്കുകയാണെങ്കിൽ മെഥിലേറ്റഡ് സ്പിരിറ്റ് അടങ്ങിയവ സാനിറ്റൈസർ നിർമ്മാണത്തിനായി ഉപയോഗിക്കാൻ പാടില്ല. അല്ലെങ്കിൽ അതിന്റെ കാര്യത്തിൽ വ്യക്തതക്കുറവുണ്ട്. ഈ അവസരത്തിൽ ലഭ്യമായതും വിലക്കൂറവുള്ളതും ആയത് ഐസോ പ്രൊപ്പൈൽ ആൾക്കഹോൾ ആണ്‌. 99.9 ശതമാനം ശുദ്ധമായ ഐസോ പ്രൊപ്പൈൽ ആൾക്കഹോൾ ഓൺലൈൻ ആയി ലഭ്യമാണ്‌. അല്ലെങ്കിൽ ഇലക്ട്രോണിക്സ് സ്പെയർ പാർട്സ് വിൽക്കുന്ന കടകളിലൊക്കെ ഉണ്ടാകേണ്ടതാണ്‌. മെഡിക്കൽ ഷോപ്പുകളിൽ നിന്നും ലഭിക്കുന്ന റബ്ബിംഗ് ആൾക്കഹോൾ ഐസോപ്രൊപ്പൈൽ ആണോ എന്ന് ലേബൽ നോക്കി ഉറപ്പ് വരുത്തുക.
ആൾക്കഹോൾ പൂർണ്ണമായും ശുദ്ധമായത് ആയാലും അതുപോലെ വളരെ നേർപ്പിച്ചത് ആയാലും ഗുണകരമല്ല. കാരണം ബാക്റ്റീരിയയുമായി പ്രതിപ്രവർത്തിക്കണമെങ്കിൽ ജലത്തിന്റെ അംശം ആവശ്യമായതിനാൽ അല്പം വെള്ളം ചേർക്കണം. പക്ഷേ വെള്ളത്തിന്റെ അളവ് കൂടുതൽ ആയാൽ അവയുടെ അണുനാശന ശേഷി കുറയുകയും ചെയ്യുന്നു. അതുകൊണ്ട് 70-75 ശതമാനം വീര്യമുള്ള ആൾക്കഹോൾ സംയുക്തങ്ങൾ ആണ്‌ ഹാൻഡ് സാനിറ്റൈസറുകളിലൊക്കെ ഉപയോഗിക്കുന്നത്. അതുപോലെ വളരെ ശുദ്ധമായ് ആൾക്കഹോൾ പെട്ടന്ന് തന്നെ ആവി ആയി പോകുന്നതിനാൽ ത്വക്ക് വരണ്ട് പോകാനും രോഗാണുക്കളെ നശിപ്പിക്കാൻ കഴിയും വിധം നേരം തൊലിപ്പുറത്ത് നിലനിൽക്കുന്നില്ല എന്നതിനാലും ഹാൻഡ് സാനിറ്റൈസറുകളിൽ ഗ്ലിസറിൻ പോലെ മയം നൽകുന്ന എന്തെങ്കിലും വസ്തുക്കൾ കൂടി ചേർക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടന ഗ്ലിസറിൻ നിർദ്ദേശിക്കാനുള്ള കാരണം പൊതുവേ ഗ്ലിസറിൻ മനുഷ്യ ശരീരത്തിനു ഒട്ടും തന്നെ ദോഷകരമായി ബാധിക്കാത്തതും ആൾക്കഹോളുമായി പ്രതിപ്രവർത്തിക്കാത്തതുമാണെന്ന് തെളിയിക്കപ്പെട്ടതാണ്‌. ഗ്ലിസറിനു പകരം മയം നൽകുന്ന അലോവിരാ ജെൽ പോലെയുള്ള വസ്തുക്കൾ ചേർക്കുന്നതും മേൽപ്പറഞ്ഞ ഗുണങ്ങൾ നൽകുന്നതാണെങ്കിലും ഇവ എല്ലാവരിലും അലർജി ഉണ്ടാക്കുന്നതാണോ എന്നും അവയിലെ നിറങ്ങളും മറ്റ് ഘടകങ്ങളും ആൾക്കഹോളുമായി പ്രതിപ്രവർത്തിച്ച് അണുനാശക ശേഷി കുറയ്ക്കുമോ എന്ന് വ്യക്തമല്ലാത്തതിനാലും നിശ്ചിത അളവിൽ ഗ്ലിസറിൻ തന്നെ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ സുരക്ഷിതവും ഫലപ്രദവും. അതുപോലെ എന്തിനാണ്‌ ഹൈഡ്രജൻ പെറോക്സൈഡ് കൂടി ചേർക്കുന്നതെന്ന സംശയവുമുണ്ടാകും. ആൾക്കഹോളിന് ബാക്റ്റീരിയയേയും വൈറസിനെയും നശിപ്പിക്കാൻ കഴിയുമെങ്കിലും Bacterial Spores നെയും Fungal Spores നെയുമൊന്നും നശിപ്പിക്കാൻ ആൾക്കഹോളുകൾക്ക് കഴിയില്ല. ആ കഴിവുകൾ ഉള്ള ഹൈഡ്രജൻ പെറോക്സൈഡ് കൂടി ചേർത്താലേ ഒരു ഹാൻഡ് സാനിറ്റൈസർ 99.9 % അണുവിമുക്തമാക്കാൻ ശേഷിയുള്ളതാകുന്നുള്ളൂ. അതുപോലെത്തന്നെ കയ്യിൽ അഴുക്കും ഗ്രീസും എണ്ണമയവുമൊക്കെ പുരണ്ടിരിക്കുന്ന സാഹചര്യത്തിൽ ആൾക്കഹൊൾ ബേസ്ഡ് ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കുന്നത് ഗുണകരമാകുന്നില്ല.