സുജിത് ശങ്കർ- മലയാള സിനിമയിൽ ചുവടുറപ്പിക്കുന്ന അസാധ്യ പ്രതിഭാശേഷിയുള്ള ഒരു യുവനടൻ ആണ് . 2014 ൽ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസിൽ തുടങ്ങിയ സിനിമാ ജീവിതം വളരെ സ്റ്റെഡിയായി തന്നെ കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്. മഹേഷിന്റെ പ്രതികാരത്തിൽ മഹേഷിനെ ഇടിച്ചിട്ട ജിംസൺ അഗസ്റ്റിൻ എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.
കേരളത്തിലെ മുൻ മുഖ്യമന്ത്രി ഇ.എം.എസിന്റെ പൗത്രനാണ് സുജിത്ത്. ഇ.എം.എസിന്റെ മൂത്ത പുത്രനായ ഇ.എം. ശ്രീധരന്റെയും യാമിനിയുടെയും മകനാണ് സുജിത്ത്. ഡെൽഹി സ്ക്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങിയ സുജിത്ത് ഇപ്പോൾ തിയേറ്റർ രംഗത്തെക്കുറിച്ചുള്ള ഗവേഷണപഠനത്തിലാണ്. എസ്ര, കെയർ ഓഫ് സൈറാഭാനു, സി ഐ എ, മൂത്തൊൻ , സൗദി വെള്ളക്ക, കാക്കിപ്പട …തുടങ്ങി താരത്തിന് കൈനിറയെ ചിത്രങ്ങളാണിപ്പോൾ. സൗദി വെള്ളക്കയിലെ സത്താർ എന്ന വേഷമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. Basith Bin Bushra യുടെ ചെറുകുറിപ്പ് ഇതിന്റെ കൂടെ ചേർത്തു വായിക്കാം.
Basith Bin Bushra
“ബിനു പപ്പുവിനൊപ്പം നിൽക്കുന്ന ആ മനുഷ്യനെ കണ്ടോ? മഹേഷിനെ കയ്യൂക്കുകൊണ്ട് ഇടിച്ചിട്ട ജിംസണിൽ നിന്ന് സൗദി വെള്ളക്കയിലെ സത്താറിലേക്ക് വരുമ്പോൾ സുജിത്ത് ശങ്കർ പ്രകടനപരത കൊണ്ട് കണ്ണ് നനയിക്കുകയാണ്. പെട്ടെന്ന് വിഷമവും അസ്വസ്ഥതയും വരുന്ന, എന്ത് വേണമെന്നറിയാതെ കണ്ണ് നിറയുന്ന, പൊട്ടിക്കരയുന്ന, നിസഹായനായ, ഒരു പുരുഷനെന്ന പൊതു സങ്കല്പത്തിനു പുറത്തുനിൽക്കുന്നൊരു മനുഷ്യൻ. സുജിത്തിൻ്റെ ഓരോ ഷോട്ടുകളും മനസിൽ തറച്ചത് ശക്തമായായിരുന്നു. ഒരു ബഹളവുമില്ലാതെ, മാസ്കുലിനിറ്റിയുടെ ഒരു അടയാളങ്ങളുമില്ലാതെ സത്താർ സ്ക്രീനിൽ നിറഞ്ഞുനിന്നപ്പോൾ ചിലയിടത്തൊക്കെ ഞാൻ എന്നെ കണ്ടു. പക്ഷേ, എന്നെ ചേർത്തുപിടിയ്ക്കാൻ ആളുകളുണ്ട്. സത്താറിനെ വേണ്ടതുപോലെ ചേർത്തുപിടിയ്ക്കാൻ ആരുമുണ്ടായില്ല. അയാളെ ചേർത്തുപിടിക്കണമെന്നു തോന്നി.”
മൈൽഡ് സ്പോയിലറുകൾ
“മോളി കണ്ണമാലിയും ശൃന്ദയും മറ്റ് രണ്ട് പേരിലൂടെ സംസാരിക്കുന്നതിൻ്റെ സുഖമില്ലായ്മയും ചില ഡയലോഗുകളിലെ കല്ലുകടിയും മാറ്റിനിർത്തിയാൽ സൗദി വെള്ളക്ക ഹൃദയം നിറയ്ക്കുന്ന ചിത്രമാണ്. തെറ്റിനെ തെറ്റുകൊണ്ടല്ല, ശരികൊണ്ട് നേരിടണമെന്ന വളരെ വലിയ തത്വം തരുൺ മൂർത്തി പറയാൻ ശ്രമിക്കുന്നു. അതിൽ വലിയ മാനവികതയുണ്ട്. തരുൺ ഒരു ഗംഭീര സംവിധായകനാണ്. നല്ല എഴുത്തുകാരനുമാണ്. തിരക്കഥയിൽ അവിടവിടെയായി പറയുന്ന ചില രാഷ്ട്രീയ സൂചനകളുണ്ട്. അതിൽ എഴുത്തുകാരനെന്ന നിലയിലുള്ള തരുൺ മൂർത്തിയുടെ ക്രാഫ്റ്റ് കാണാം. ലുക്മാൻ ഒരു അസാധ്യ നടനാണ്. ഉമ്മയെ ജീപ്പിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ലുക്മാൻ്റെ റിയാക്ഷൻ കാണിക്കുന്ന ഒരു ഷോട്ടുണ്ട്. അകന്നുപോകുന്ന ജീപ്പിലേക്ക് നോക്കുന്ന കുഞ്ഞുമോൻ. സങ്കടവും ഭയവും നിസഹായതയുമൊക്കെ ഒരുമിച്ച് ചേരുന്ന ഒരു ഭാവം. നന്ദി ലുക്മാൻ ആൻഡ് തരുൺ. പ്രധാന വേഷം ചെയ്ത ദേവി വർമ അടക്കം പലരും അഭിനയിച്ച് അതിശയിപ്പിച്ച സിനിമ കൂടിയാണ് സൗദി വെള്ളക്ക.”