thangka_paintingകലെ വച്ചേ കണ്ടു, കാര്‍പോര്‍ച്ചില്‍ സ്റ്റേറ്റ്‌ കാര്‍ കിടപ്പുണ്ട്‌. അതായത്‌ സുധി വീട്ടിലുണ്ടെന്ന് അര്‍ത്ഥം. സുധിയെ കാര്യം അറിയിച്ചിട്ട്‌ വീട്ടിലേക്ക്‌ പോകാം.

തന്റെ വീടും കഴിഞ്ഞ്‌ രണ്ട്‌ വീടുകള്‍ക്കപ്പുറമാണ്‌ സുധിയുടെ വീട്‌.

സുധി എന്ന സുധീര്‍ കുമാര്‍ ഐ.എ.എസ്‌ തന്റെ സഹപാഠിയും ഇപ്പോള്‍ അയല്‍വാസിയും ആണ്‌. സുധിയെ അറിയിക്കേണ്ട കാര്യം തങ്ങളുടെ ഒരു പൂര്‍വ്വകാല അദ്ധ്യാപകനായ ശശാങ്കന്‍ സാര്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്നു എന്ന വിവരമാണ്‌.

പ്രതീക്ഷിച്ചതു പോലെ സുധി വീട്ടിലുണ്ടായിരുന്നു. സുധിയെ കാര്യം അറിയിച്ചു.

പൂര്‍വ്വകാല സുഹൃത്തുക്കളേയും അദ്ധ്യാപകരേയും സംബന്ധിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളുമൊക്കെ എളുപ്പത്തില്‍ തനിക്കാണു ലഭിക്കുക. ആ വാര്‍ത്തകള്‍ തങ്ങളുടെ പൊതു സുഹൃത്തിനെ കുറിച്ചാണെങ്കില്‍ അതു സുധിക്കും കൈമാറും. ഇതിപ്പോള്‍ അത്തരമൊരു വാര്‍ത്തയാണ്‌. പി.ജി. ക്ലാസ്സില്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപകനായിരുന്നു ശശാങ്കന്‍ സാര്‍.

വാര്‍ത്ത കേട്ടതും സുധി വല്ലാതെ വികാരാധീനനാകുന്നത്‌ കണ്ടു. തീര്‍ച്ചയായും മനസ്സിനെ വിഷമിപ്പിക്കുന്ന വാര്‍ത്ത തന്നെയാണിത്‌. എന്നാലും…

അതും സുധിക്ക്‌ ഇത്രയധികം ദു:ഖം തോന്നത്തക്കവിധം?

ശ്യാമ പോയി സാറിനെ കണ്ടോ?

കുറച്ചു നേരത്തെ മൗനത്തിനു ശേഷം ആകാംക്ഷയോടെ സുധി ചോദിച്ചു.

ഇല്ല. നാളെ കോളേജില്‍ നിന്ന് രണ്ടുമൂന്നുപേര്‍ പോകുന്നുണ്ടെന്നു കേട്ടു. അവരുടെ ഒപ്പം കൂടാം എന്നാ വിചാരിക്കുന്നത്‌. പോയാലും സാറിനെ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല. ഐ.സി. യൂണിറ്റിലാണെന്നാ കേട്ടത്‌.

ഏതായാലും ഞാനൊന്നു പോയി അന്വേഷിച്ചു വരാം. ഇപ്പോള്‍ തന്നെ.

സുധി പോക്കറ്റില്‍ നിന്ന് മൊബെയില്‍ എടുത്തു ഡ്രൈവറെ വിളിച്ചു വരുത്താന്‍ തുനിഞ്ഞു.

സുധീ, നാളെ സമയം കിട്ടുമെങ്കില്‍ ഞങ്ങളോടൊപ്പം കൂടരുതോ?

വെറുതേ പറഞ്ഞു നോക്കി. ഒരു ഐ.എ.എസ്സുകാരന്റെ സമയം അയാള്‍ക്കു തന്നെ സ്വന്തമല്ലല്ലോ.

ഇല്ല ശ്യാമേ, ഞാനിന്നു തന്നെ പോകുന്നു.

ശരി എന്നാല്‍ പോയി വിവരം അറിഞ്ഞു വരൂ. വന്നിട്ട്‌ വിളിക്കാന്‍ മറക്കരുത്‌.

ഇല്ല.

സുധി ഒരിക്കല്‍ കൂടി മൊബൈല്‍ എടുക്കുന്നതു കണ്ടുകൊണ്ടാണ്‌ വീട്ടിലേക്കു നടന്നത്‌.

ശശാങ്കന്‍ സാറിനെ ഇന്നു തന്നെ പോയി കണ്ടേ തീരൂ എന്ന സുധിയുടെയാ ധൃതി കണ്ടപ്പോള്‍ ചെറിയൊരു അത്ഭുതം തോന്നാതിരുന്നില്ല.

പഴയ ആ കോളേജ്‌ ദിനങ്ങള്‍ ഓര്‍മ്മ വരുന്നു. പോസ്റ്റ്‌ ഗ്രാഡ്വേഷന്‍ ക്ലാസ്സിലാണ്‌ താനും സുധിയും സഹപാഠികളാകുന്നത്‌.

അന്ന് ശശാങ്കന്‍ സാര്‍ ചെറുപ്പക്കാരനും ഊര്‍ജ്ജസ്വലനുമായ ഒരദ്ധ്യാപകന്‍. പഠിപ്പിക്കുക എന്ന കര്‍മ്മം വളരെ കൃത്യനിഷ്ഠയോടേയും ആത്മാര്‍ത്ഥതയോടേയും നിര്‍വഹിച്ചിരുന്ന മാതൃകാദ്ധ്യാപകന്‍. കോളേജിനടുത്തു തന്നെ താമസവും.

കോളേജിനടുത്തു തന്നെ താമസക്കാരനായതിനാല്‍ മിക്ക ദിവസങ്ങളിലേയും ആദ്യപീരിയേഡ്‌ അദ്ദേഹം തന്നെയാവും എന്‍ഗേജ്‌ ചെയ്യുക. അദ്ധ്യാപകരില്‍ ആര്‍ക്കെങ്കിലും ഒന്‍പതരക്ക്‌ കോളേജില്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ആദ്യപീരിയേഡ്‌ ശശാങ്കന്‍ സാറുമായിട്ടാണ്‌ അഡ്ജസ്റ്റ്‌ ചെയ്യുക.

ഒന്‍പതരയ്ക്കുള്ള ബെല്‍ മുഴങ്ങുന്നതും ശശാങ്കന്‍ സാര്‍ ക്ലാസ്സ്‌ മുറിയിലേക്കു പ്രവേശിക്കുന്നതും തമ്മില്‍ അണുവിട വ്യത്യാസമുണ്ടാകില്ല.

അദ്ധ്യാപകന്റെ ഈ കൃത്യനിഷ്ഠതക്ക്‌ നേര്‍ വിപരീതമായിട്ടായിരുന്നു അന്ന് ഈ സുധീര്‍ കുമാര്‍ എന്ന വിദ്യാര്‍ത്ഥി പെരുമാറിയിരുന്നത്‌.

ക്ലാസ്സിലെ സ്ഥിരം ലേറ്റ്‌കമര്‍. ഒന്‍പതരയ്ക്ക്‌ തുടങ്ങുന്ന ക്ലാസ്സിന്‌ സുധി എത്തുക മിക്കപ്പോഴും പത്തു മണി കഴിഞ്ഞാകും.

പലേ തവണ ഇതാവര്‍ത്തിച്ചപ്പോള്‍ ശശാങ്കന്‍ സാറിന്‌ വല്ലാത്ത ദേഷ്യം വന്നു.

പി.ജി.ക്ലാസ്സില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ഇങ്ങനെ ഉത്തരവാദിത്വമില്ലാതെ പെരുമാറിയാലോ‍?

അങ്ങനെ ലേറ്റായി വന്ന ഒരു ദിവസം, സാര്‍ സുധിയെ ക്ലാസ്സിലേക്കു കടന്നിരിക്കാനനുവദിക്കാതെ പിടിച്ചു നിര്‍ത്തി ചോദിച്ചു എന്താണിങ്ങനെ പതിവായി താമസിച്ചു വരാനുള്ള കാരണമെന്ന്.

സുധി ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നതല്ലാതെ യാതൊരക്ഷരവും ഉരിയാടിയില്ല.

ചോദിച്ചതിന്‌ ഉത്തരം പറയാതെയുള്ള ആ നില്‍പ്പ്‌ കണ്ടപ്പോള്‍ സാറിന്‌ ദേഷ്യം ഇരട്ടിച്ചു.

ഇനിയിതാവര്‍ത്തിക്കയാണെങ്കില്‍ ക്ലാസ്സില്‍ കയറ്റില്ല എന്ന് കുറച്ച്‌ കടുപ്പിച്ചു തന്നെ താക്കീതു നല്‍കി.

സുധി ആ താക്കീത്‌ സര്‍വ്വഥാ ഏറ്റെടുക്കുന്നു എന്ന മട്ടില്‍ തലയാട്ടി സമ്മതിച്ചു.

ക്ലാസ്സില്‍ ഏറ്റവും പിന്നിലായാണ്‌ അയാള്‍ ഇരിക്കുക. വലിയ മിണ്ടാട്ടമൊന്നും ആരുമായും ഇല്ല. ബോയിസ്‌ എന്തെങ്കിലും ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഒരുത്തരം, അല്ലെങ്കില്‍ ഒരു നനുത്ത ചിരി. പെണ്‍കുട്ടികളോട്‌ യാതൊരു വിധമായ സല്ലാപത്തിനും അയാള്‍ മുതിരാറേയില്ല.

ഇതു നടന്നതിന്റെ തൊട്ടടുത്ത ദിവസം.

അന്നും ശശാങ്കന്‍ സാര്‍ തന്നെ ആദ്യപീരിയേഡില്‍.

പതിവു പോലെ സുധി വന്നപ്പോള്‍ മണി 10.10.

കുട്ടികള്‍ അടക്കി ചിരിക്കാന്‍ തുടങ്ങി. സാറിന്‌ കലശലായ ദേഷ്യവും വന്നു.

നോ, ഡോണ്ട്‌ സ്റ്റെപ്‌ ഇന്റു ദ ക്ലാസ്സ്‌!

അദ്ദേഹം അലറി.

സുധി ഒന്നറച്ചു നിന്നു. അദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നോക്കി. പിന്നെ പതിയെ പിന്‍വലിഞ്ഞ്‌ വാതില്‍ക്കല്‍ നിന്ന് മറഞ്ഞു.

പക്ഷെ തനിക്കു കാണാമായിരുന്നു, ക്ലാസ്സില്‍ കയറാനനുവദിച്ചില്ലെങ്കിലും സുധി എങ്ങോട്ടും പോയില്ല. സാറിന്റെ കണ്ണില്‍ പെടാതെ, വരാന്തയില്‍ ചുവരിനോട്‌ ചേര്‍ന്നു നില്‍ക്കുന്നു.

അദ്ധ്യാപകര്‍ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയാല്‍ സാധാരണയായി ബോയിസ്‌ ചെയ്യുക, ഒന്നുകില്‍ നേരെ ക്യാന്റീനിലേക്ക്‌ പോകും അല്ലെങ്കില്‍ ക്യാമ്പസ്സില്‍ ചുറ്റിനടക്കും.

സുധിയാകട്ടേ എങ്ങും പോകാതെ അവിടെ തന്നെ നില്‍ക്കുന്നു. ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി അയാള്‍ സാറിന്റെ ക്ലാസ്സ്‌ അവിടെ നിന്ന് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയാണ്‌. സാറ്‌ നോട്‌സ്‌ ഡിക്റ്റേറ്റ്‌ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ അതും എഴുതിയെടുക്കുന്നു!

അന്ന്‌, ക്ലാസ്സ്‌ തീര്‍ത്ത്‌ സാര്‍ പുറത്തിറങ്ങാന്‍ തുടങ്ങുന്നു എന്നു മനസ്സിലാക്കിയപ്പോള്‍, സാറിന്റെ കണ്ണില്‍ പെടാതിരിക്കാനായി സുധി ഓടി മാറുന്നത്‌ കണ്ടു.

ക്ലാസ്സ് കഴിഞ്ഞ് സ്റ്റാഫ്‌ റൂമിലേക്ക്‌ നടക്കുന്നതിനിടയില്‍ ശശാങ്കന്‍ സാര്‍ സുധി ഓടി മാറിയ ഭാഗത്തേക്ക്‌ ‍ നോക്കുന്നതും ഒരിടവേള ഒന്നു നില്‍ക്കുന്നതും കണ്ടു.

തനിക്കു മനസ്സിലായി സാര്‍ സുധിയെ കണ്ടു എന്ന്.

എന്നാലും ഒന്നും ഉരിയാടാതെ അദ്ദേഹം നടത്ത തുടരുകയാണ് ചെയ്തത്.

അന്നുച്ചയ്ക്ക്‌ ഇന്റര്‍വെല്ലിന്‌ സുധിയോട്‌ ചോദിച്ചു എന്തിനേ ഇങ്ങനെ താമസിച്ചു വരുന്നത്‌ എന്ന്.

പതിവു പോലെ ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി.

നോക്കൂ നാളെ ഒരര മണിക്കൂര്‍ നേരത്തേ വീട്ടില്‍ നിന്ന് പുറപ്പെടണം കേട്ടോ.

ഒരുപദേശവും വച്ചു കാച്ചി.

അതിനൊരല്‍പ്പം ഫലമുണ്ടായോ? അടുത്ത ദിവസം പതിവിലും നേരത്തേ – അതായത്‌, ഒരു ഒന്‍പതേമുക്കാല്‍ കഴിഞ്ഞയുടനെ – സുധി എത്തി.

പക്ഷേ ആദ്യപീരിയേഡ്‌ ശശാങ്കന്‍ സാറിന്റേതല്ലാതിരുന്നതു കൊണ്ട്‌ അന്ന് പുറത്തു നില്‍ക്കേണ്ടി വന്നില്ല.

അതിനടുത്ത ദിവസം. വീണ്ടും ശശാങ്കന്‍ സാര്‍ തന്നെ ആദ്യപീരിയേഡില്‍. ക്ലാസ്സ്‌ തുടങ്ങി. മണി 9.50 കഴിഞ്ഞിരിക്കുന്നു. സുധി എത്തിയിട്ടില്ല ഇതുവരെ.

വീണ്ടും ഒരഞ്ചു മിനിറ്റ്‌ കൂടി കടന്നുപോയപ്പോള്‍ വരാന്തയുടെ അങ്ങേ തലയ്ക്കല്‍ അതാ പ്രത്യക്ഷപ്പെടുന്നു സുധി. വെപ്രാളത്തില്‍ നടന്നു വരികയാണ്‌.

ക്ലാസ്സില്‍ നിന്ന് ശശാങ്കന്‍ സാറിന്റെ ഘനഗാംഭീര്യസ്വരം ഒഴുകിയെത്തി ചെവിയില്‍ പതിഞ്ഞതും അയാള്‍ ബ്രേക്കിട്ട പോലെ നിന്നു.

പിന്നെ മുന്നോട്ട്‌ നടന്ന് വാതില്‍ക്കലേക്ക്‌ വന്നില്ല.

പകരം ആദ്യദിവസം പുറത്താക്കിയപ്പോള്‍ ചെയ്തതു പോലെ സാറിന്റെ ദൃഷ്ടിയില്‍ പെടാതെ ചുവരു ചാരി നിന്നു.

തന്റെ കണ്ണുകള്‍ അയാളുടെ മേല്‍ ആണെന്നു മനസ്സിലായപ്പോള്‍ മിണ്ടരുതേ എന്ന് വായ്‌ പൊത്തി ആംഗ്യം കാണിച്ചു.

അങ്ങനെ സുധി ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും താനിത്‌ ആരോടും വെളിപ്പെടുത്താനും ഉദ്ദേശിച്ചിരുന്നില്ല. തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരിയോട്‌ പോലും.

സുധി, ശശാങ്കന്‍ സാറിന്റെ ക്ലാസ്സ്‌ ശ്രദ്ധിക്കുകയും നോട്‌സ്‌ കുറിച്ചെടുക്കുകയും ചെയ്തു. പീര്യേഡ്‌ തീരാറായി എന്നു മനസ്സിലായപ്പോള്‍ ഓടി മാറുകയും ചെയ്തു.

ക്ലാസ്സില്‍ താനിരിക്കുന്ന പൊസിഷനില്‍ നിന്നു മാത്രം കാണാവുന്നതായിരുന്നു സുധിയുടെ ഈ വിക്രിയകള്‍ ഒക്കെ.

അയാളോട്‌ സഹതാപവും ഒപ്പം ദേഷ്യവും തോന്നിയിട്ടുണ്ട്‌. ഒരല്‍പ്പം നേരത്തേ വീട്ടില്‍ നിന്ന് പുറപ്പെടാന്‍ മിനക്കെട്ടിരുന്നെങ്കില്‍ ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടായിരുന്നോ?

ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണല്ലോ.

അടുത്തൊരു ദിനം തന്നെ ഇതൊക്കെ വീണ്ടും ആവര്‍ത്തിക്കപ്പെട്ടു.

ആദ്യപീരിയേഡില്‍ ശശാങ്കന്‍ സാര്‍. താമസിച്ചെത്തിയ സുധി വരാന്തയില്‍ നിന്ന് ക്ലാസ്സ്‌ ശ്രദ്ധിക്കുന്നു.

അതങ്ങനെ പുരോഗമിക്കവേ പെട്ടെന്നാണ്‌ സാറിന്‌ ഒരു തുമ്മല്‍ വന്നത്‌. അതിനോടനുബന്ധമായി ഒരു മൂക്കു ചീറ്റലും.

മൂക്കു ചീറ്റാനായി സാര്‍ വരാന്തയിലേക്കിറങ്ങി.

സാര്‍ പറയുന്ന നോട്‌സ്‌ ശ്രദ്ധാപൂര്‍വ്വം കുറിച്ചെടുക്കുകയായിരുന്ന സുധിക്ക്‌ വരാന്‍ പോകുന്ന ഈ അപകടത്തെ കുറിച്ച്‌ യാതൊരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല.

പെട്ടെന്ന് വരാന്തയിലേക്ക്‌ ഇറങ്ങിയ സാറിനെ കണ്ട്‌ സുധി അന്ധാളിച്ചുപോയി.

നോട്ടുബുക്കും വായയും ഒരേപോലെ തുറന്നു പിടിച്ച്‌ അയാള്‍ അങ്ങനെ ചുവരില്‍ ചാരി നില്‍ക്കുന്നു…

ശശാങ്കന്‍ സാറാകട്ടേ, മൂക്കു ചീറ്റല്‍ കര്‍മ്മം നിര്‍വഹിക്കുന്നതിനു മുന്‍പ്‌ തന്നെ ചുവരും ചാരി നില്‍ക്കുന്ന ആ ‘അഹങ്കാരിയെ’ കണ്ടു കഴിഞ്ഞു.

തുമ്മലും ചീറ്റലും ഒക്കെ തീര്‍ത്ത്‌ സാര്‍ സുധിയുടെ നേരേ തിരിഞ്ഞു.

– താനിവിടെ എന്തെടുക്കാ?

സുധി ഒന്നും മിണ്ടുന്നില്ല. മുഖം താഴ്ത്തി നില്‍പ്പാണ്‌. വല്ലാത്തൊരു കുറ്റബോധം ആ മുഖത്തു നിഴലിച്ചു കാണാം. സാററിയാതെ സാറിന്റെ ക്ലാസ്സ്‌ കവര്‍ന്നെടുക്കുകയല്ലേ താന്‍ ചെയ്തതെന്ന കുറ്റബോധമാണോ?

അയാള്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നതു കണ്ട്‌ സാര്‍ ആ നോട്ട്‌ ബുക്ക്‌ അയാളുടെ കയ്യില്‍ നിന്ന് വാങ്ങി. അതിലൂടെ കണ്ണോടിച്ച സാറിന്റെ മുഖത്ത്‌ മിന്നിമറഞ്ഞ ഭാവങ്ങള്‍ തനിക്ക് ‌ വ്യക്തമായി കാണാമായിരുന്നു.

ക്ലാസ്സില്‍ ഡിക്റ്റേറ്റ്‌ ചെയ്ത നോട്‌സ്‌ മുഴുവനും അതിലുണ്ടായിരുന്നല്ലോ.

പിന്നെ ഏറെ നേരം സാര്‍ സുധിയുടെ മുഖത്തേക്ക്‌ തന്നെ നോക്കി നില്‍ക്കുന്നത്‌ കണ്ടു.

സുധിയാകട്ടേ സാറിന്റെ മുഖത്തേക്ക്‌ നോക്കില്ല എന്ന വാശിയോടെന്നപോലെ നിലത്തേക്കു മാത്രം കണ്ണും നട്ടും.

ക്ലാസ്സിലെ കുട്ടികള്‍, ശശാങ്കന്‍ സാര്‍ ആരോടാണിത്‌ സംസാരിക്കുന്നത്‌ എന്നറിയാനുള്ള ആകാംക്ഷ മൂത്ത്‌ വരാന്തയിലേക്ക്‌ എത്തിനോക്കാന്‍ തുടങ്ങിയിരുന്നു.

ടുഡേ ഐയാം എന്‍ഡിംഗ്‌ ദ ക്ലാസ്സ്‌ ഹിയര്‍ – എന്നു വാതില്‍ക്കല്‍ തന്നെ നിന്നു പറഞ്ഞ്‌ സാര്‍ അന്നത്തെ ക്ലാസ്സ്‌ അവസാനിപ്പിച്ചു.

പോകുന്ന പോക്കില്‍ തന്നെ ഫോളോ ചെയ്യാന്‍ സുധിയോട്‌ ആംഗ്യം കാണിക്കുന്നതും കണ്ടു.

അന്നേ ദിവസം പിന്നെ സുധിയെ കണ്ടില്ല.

കുട്ടികള്‍ക്കിടയില്‍ അന്നത്തെ സംസാര വിഷയം മുഴുവന്‍ സുധി തന്നെയായിരുന്നു. ഒന്നു മനസ്സിലായി, ആര്‍ക്കും തന്നെ സുധിയെ കുറിച്ച്‌ വളരെയൊന്നും അറിയില്ല.

പതിവുപോലെ ദിനങ്ങള്‍ വരുകയും കൊഴിയുകയും ചെയ്തുകൊണ്ടിരുന്നു.

സുധിയും പഴയതു പോലെ തന്നെ. മിക്ക ദിവസങ്ങളിലും ക്ലാസ്സില്‍ എത്തുന്നത്‌ 15, 20, 25 മിനിറ്റ്‌ ഒക്കെ വൈകി തന്നെ.

തമാശരൂപത്തില്‍ ഒരിക്കല്‍ ഒരു സഹപാഠി പറയുന്നത്‌ കേട്ടു – ഈ ലോകത്ത്‌ ഒരിക്കലും നടക്കാന്‍ സാദ്ധ്യതയില്ലാത്ത ഒരു കാര്യം എന്തെന്നാല്‍ സുധീര്‍ കുമാറിനെക്കൊണ്ട്‌ ഈ കോളേജിലെ ഫസ്റ്റ്ബെല്ലടി കേള്‍പ്പിക്കുക എന്നതാണ്‌. ഈ കമന്റിനേയും സുധീര്‍ കുമാര്‍ തന്റെ സ്വതസിദ്ധമായ നനുത്ത പുഞ്ചിരിയോടെ തന്നെ ഏറ്റുവാങ്ങി.

പക്ഷേ എന്തു മാജിക്‌ നടന്നു എന്നറിയില്ല, പിന്നൊരിക്കലും താമസിച്ചു വരുന്ന സുധിയെ ശശാങ്കന്‍ സാര്‍ ക്ലാസ്സില്‍ കയറ്റാതിരുന്നിട്ടില്ല.

രണ്ടു വര്‍ഷം കണ്ണുചിമ്മുന്ന വേഗതയിലാണ്‌ കടന്നുപോയത്‌. ആര്‍ക്കും ആരെ കുറിച്ചും അന്വേഷിക്കാന്‍ നേരമില്ല – ഇന്റേര്‍ണല്‍സ്‌, പ്രാക്ടിക്കല്‍സ്‌, പ്രോജക്റ്റ്‌, തീസിസ്‌ അങ്ങനെ എന്തെല്ലാം ഗുലുമാലുകള്‍.

ഫൈനല്‍ ഈയര്‍ പരീക്ഷ കഴിഞ്ഞ്‌ രണ്ടു മാസത്തിനുള്ളില്‍ വിവാഹിതയായി താന്‍. ഭര്‍ത്താവിനൊപ്പം മറുനാട്ടിലേക്ക്‌ വണ്ടി കയറുകയും ചെയ്തു. പത്തു വര്‍ഷക്കാലത്തെ വിദേശവാസം. ആ കാലഘട്ടത്തില്‍ നാട്ടുവിശേഷങ്ങളൊന്നും അങ്ങനെയിങ്ങനെ അറിയാനും അറിയാനും കഴിഞ്ഞില്ല.

നീണ്ട 10 വര്‍ഷങ്ങള്‍ക്കു ശേഷം ഒരദ്ധ്യാപന ജോലിയും തരപ്പെടുത്തി നാട്ടില്‍ എത്തിയപ്പോഴാണ്‌ പഴയ കൂട്ടുകാരുടെയൊക്കെ വിശേഷങ്ങള്‍ വീണ്ടും അറിയുവാന്‍ തരപ്പെട്ടത്‌.

അതില്‍ ഏറ്റവും അല്‍ഭുതപ്പെടുത്തിയത്‌, പുതുതായി പണികഴിപ്പിച്ച സ്വന്തം വീടിന്‌ രണ്ടു വീടപ്പുറം കുടുംബസമേതം കഴിയുന്നത്‌ പഴയ സഹപാഠിയായ സുധീര്‍ കുമാറാണ് എന്നതും അയാള്‍ ഒരു ഐ.എ.എസ്സ്‌ ഓഫീസ്സര്‍ ആണ് എന്നതും ആയിരുന്നു. സത്യം പറഞ്ഞാല്‍ മനസ്സിനു വല്ലാത്തൊരു കുളിര്‍മ്മ തോന്നിയ ഒരവസരമായിരുന്നു അത്‌.

കാലങ്ങള്‍ കഴിഞ്ഞു കണ്ടപ്പോഴും സുധിയുടെ ആ പെരുമാറ്റത്തിന്‌ യാതൊരു മാറ്റവുമില്ല.

അയാളുടെ ചിരിക്ക്‌ ഇപ്പോഴും ആ പഴയ നനുനനുപ്പ്‌ തന്നെ. ഐ.എ.എസ്സിന്റെ പ്രൌഢഗാംഭീര്യമൊന്നും അതിനു കൈവന്നിട്ടില്ല.

*** *** ***

ചായ കുടിക്കുന്നതിനിടയില്‍ ശരത്തേട്ടനോട്‌ വിശേഷമെല്ലാം പറഞ്ഞു.

അതു കഴിഞ്ഞ്, അടുക്കളയിലെ പ്രിപ്പറേഷന്‍, അടുത്തദിവസത്തേയ്ക്കുള്ള നോട്‌സ്‌ പ്രിപ്പറേഷന്‍ ഇതിന്റെയൊക്കെ തിരക്കില്‍ തല്‍ക്കാലത്തേക്ക്‌ സുധിയും ശശാങ്കന്‍ സാറും ഒക്കെ മനസ്സില്‍ നിന്നിറങ്ങിപ്പോയി.

ഏകദേശം 8 മണി കഴിഞ്ഞുകാണും ഒരു ഫോണ്‍ വന്നു. ശരത്തേട്ടനാണ്‌ അറ്റന്‍ഡ്‌ ചെയ്തത്‌.

ഫോണ്‍ വച്ചു കഴിഞ്ഞ്‌ അദ്ദേഹം വിളിച്ചു.

ശ്യാമേ, ഇന്ന് സുധി ഹോസ്പിറ്റലില്‍ തങ്ങുകയാണത്രേ. ലക്ഷ്മിയും മോളും ഇവിടെയാണ്‌ കിടക്കുന്നത്‌.

ലക്ഷ്മി സുധിയുടെ ഭാര്യയാണ്‌.

ഇപ്പോള്‍ സാറിനെങ്ങനെയുണ്ടെന്നു പറഞ്ഞു?

അവസ്ഥ തീരെ മോശം ആണെന്നാ പറഞ്ഞത്‌.

എന്നാല്‍ ശരി, ശരത്തേട്ടന്‍ പോയി ലക്ഷ്മിയേയും മോളേയും കൂട്ടി വരൂ.

ശ്യാമ അവര്‍ക്കു വേണ്ടി മുകളിലത്തെ നിലയിലുള്ള ബെഡ്‌ റൂം ഒരുക്കാന്‍ പോയി.

ലക്ഷ്മിയും മോളും വന്നു.

– ലക്ഷ്മീ അത്താഴം കഴിഞ്ഞോ?

– കഴിഞ്ഞു ചേച്ചീ.

– സുധിക്ക്‌ ആ മാഷിനോട്‌ വല്ലാത്തൊരു അറ്റാച്‌മെന്റ്‌ ഉണ്ട്‌ അല്ലേ?

ശരത്തേട്ടന്‍ ലക്ഷ്മിയോട്‌ ചോദിച്ചു.

– സുധിയേട്ടന്‌ ശശാങ്കന്‍ സാര്‍ എന്നാല്‍ സര്‍വ്വസ്വമല്ലേ?

ലക്ഷ്മി അങ്ങനെ പറഞ്ഞതിന്റെ പൊരുള്‍ അത്ര പിടികിട്ടിയില്ല.

ലക്ഷ്മി തുടര്‍ന്നു

– കഴിഞ്ഞയാഴ്ച പോയി കണ്ടപ്പോള്‍ സാറിന്‌ അത്ര സുഖമില്ലെന്നു അറിഞ്ഞ്‌ സുധിയേട്ടന്‌ വല്ലാത്ത വിഷമമായിരുന്നു. പിന്നത്തെ നാലു ദിവസം യാത്ര. നാളെ സാറിനെ കാണാന്‍ പോകാന്‍ ഇരിക്കയായിരുന്നു. അപ്പോഴാണ്‌ ചേച്ചി വന്ന് വവരം പറഞ്ഞത്‌ –

അതിശയം തോന്നി. മാഷുമായിട്ട്‌ സുധി ഇത്ര അടുപ്പത്തിലോ? ഒരിക്കല്‍ പോലും സാറിനെ ഇങ്ങനെ സന്ദര്‍ശിക്കാറുണ്ടെന്ന കാര്യം തന്നോട്‌ പറഞ്ഞിട്ടില്ലല്ലോ!

ലക്ഷ്മിയില്‍ നിന്നാണ്‌ പിന്നെ ആ ചരിത്രമെല്ലാം താനറിഞ്ഞത്‌. പതിവായി വൈകിമാത്രം ക്ലാസ്സിലെത്തുന്ന അന്നത്തെ ആ വിദ്യാര്‍ത്ഥിയായ സുധിയെ കൊണ്ട്‌ ശശാങ്കന്‍ സാര്‍ മനസ്സു തുറപ്പിക്കുകതന്നെ ചെയ്തുവത്രേ. തന്റെ വൈകി വരലിന്റെ രഹസ്യം സുധി സാറിനോട്‌ പറഞ്ഞു. അന്നന്നത്തേയ്കുള്ള അന്നത്തിനു വക തേടാനായി ടാക്സിക്കാറുകളും ഓട്ടോറിക്ഷകളും മറ്റും കഴുകുകയും തുടയ്ക്കുകയും ഒക്കെ ചെയ്തിട്ടാണയാള്‍ കോളേജിലേക്ക്‌ വന്നിരുന്നത്‌. ഒരു ദിവസത്തേക്കുള്ള അരിയും മറ്റു സാധനങ്ങളും വാങ്ങാനുള്ള കാശ്‌ തികയുന്നതു വരെ അയാളീ ജോലി ചെയ്തേ പറ്റൂ. വീട്ടില്‍ അമ്മയും പത്തു വയസ്സോളം ഇളപ്പമുള്ള പെങ്ങളും മാത്രം. അഛനില്ല. കുടുംബപ്രാരാബ്ധം മുഴുവന്‍ തന്റെ ഇളം തോളുകളില്‍. ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ ദൈവം തന്നിലര്‍പ്പിച്ച കര്‍മ്മങ്ങള്‍ സസന്തോഷം തന്നെ ഏറ്റെടുത്തു ചെയ്യുകയായിരുന്നു ആ ചെറുപ്പക്കാരന്‍. ആ പാവപ്പെട്ട വിദ്യാര്‍ത്ഥിയോട്‌ അറിയാതെയാണെങ്കിലും പരുഷമായി പെരുമാറിപ്പോയതില്‍ നല്ലവനായ ആ അദ്ധ്യാപകന്‍ മനസ്താപപ്പെട്ടു. രണ്ടു പെണ്‍മക്കളുടെ അഛനായ അദ്ദേഹം തനിക്കില്ലാത്തൊരു മകനായി സുധിയെ കണ്ടു. പഠനച്ചിലവുകള്‍ മുഴുവന്‍ വഹിച്ചു. സുധിയും സാറിനെ നിരാശപ്പെടുത്തിയില്ല. തേച്ചുരച്ചെടുത്താല്‍ പത്തരമാറ്റ്‌ തങ്കം തന്നെയാണ്‌ താനെന്ന് അയാളും തെളിയിച്ചു. സുധിയെ ഒരു ഐ.എ.എസ്സുകാരനാക്കി മാറ്റിയതിന്റെ പിന്നിലെ സകല പ്രേരക ശക്തിയും ശശാങ്കന്‍ സാര്‍ ഒരാള്‍ മാത്രമായിരുന്നത്രേ.

*** *** ***

പിറ്റേന്ന് കോളേജില്‍ എത്തിയപ്പോള്‍ എതിരേറ്റത്‌ ശശാങ്കന്‍ സാറിന്റെ നിര്യാണ വാര്‍ത്തയായിരുന്നു.

മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഭാര്യക്കും പെണ്‍‌മക്കള്‍ക്കും ഒപ്പം സുധീര്‍ കുമാര്‍ എന്ന മകനും ഉണ്ടായിരുന്നു.

സുകൃതിയായ ആ അദ്ധ്യാപകന്റെ ആത്മാവിന്‌ ഇതില്‍പരം ഒരു സന്തോഷമുണ്ടാകാനിടയുണ്ടോ?

You May Also Like

കാത്തിരിപ്പിന്‍ അവസാന നാളുകള്‍ക്കായി..

ഓര്‍മ്മകളിലേക്ക് മടങ്ങാന്‍ മറ്റൊരു മഴക്കാലം കൂടി.. മഴ എനിക്ക് സമ്മാനിച്ചിട്ടുള്ളത് പുത്തന്‍ പ്രതീക്ഷകളുടെയും ചില നനുത്ത ഓര്‍മ്മകളുടെയും തൂവല്‌സ്പര്ശമാണ്… ഓര്‍മ്മകളിലെക്കുള്ള മടക്കയാത ഇപ്പോള്‍ എനിക്ക് സമ്മാനിക്കുന്നത് വിരഹത്തിന്റെ മഞ്ഞു മൂടിയ അവസ്ഥയാണ്… ജനാലക്കപ്പുറത്തു കോരിച്ചൊരിയുന്ന പാതിരാമഴ എന്നെ മറ്റൊരു ലോകത്തേക്ക് സ്വാഗതം ചെയ്തു..

മീനുകളെ പിടിക്കുന്ന പക്ഷികള്‍ വിചാരിച്ചു കാണില്ല ഇങ്ങനൊരു ക്ലൈമാക്സ് : വീഡിയോ

കടുവയെ പിടിച്ച കിടുവ എന്ന് കേട്ടിട്ടല്ലേയുള്ളൂ, ഇതാ മീനുകളെ ശാപ്പിടുന്ന പക്ഷിക്കൂട്ടത്തിനു കിട്ടിയ പണി ഒന്ന് കണ്ടു നോക്കൂ…

സെല്‍ഫി എടുക്കാന്‍ മാത്രമായി മാത്രം ഒരു കണ്ണാടി

. ഈ കണ്ണാടിയുടെ മുന്നില്‍ ചെന്ന് നിന്നാല്‍ മതി. ഫോട്ടോ എടുക്കുന്നതും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നതും ഒക്കെ ഈ കണ്ണാടി നോക്കികൊള്ളും.

ഡെന്നിസ് ജോസഫിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൻ സന്തോഷ് ജോർജ്‌ കുളങ്ങരയെ വിളിച്ചു നന്ദി പറഞ്ഞത് എന്തിനായിരിക്കും..

ഡെന്നിസ് ജോസെഫിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ എന്നെ വിളിച്ചിരുന്നു…. ഞാൻ താങ്കളോട് ഒരു നന്ദി പറയാൻ ആണ് വിളിച്ചത്…. ഞങ്ങളുടെ അപ്പ മരിച്ചെങ്കിലും