സുലഭ പോരുവഴി 🖋️
പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.എം. ജി. രാധാകൃഷ്ണന്റെ ഓർമ്മകൾക്കിന്ന് പന്ത്രണ്ട് വയസ്സ്.
“പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ
നിലവറമൈന മയങ്ങി
സരസസുന്ദരീമണീ നീ
അലസമായ് ഉറങ്ങിയോ
കനവുനെയ്തൊരാത്മരാഗം
മിഴികളിൽ പൊലിഞ്ഞുവോ
വിരലിൽ നിന്നും വഴുതിവീണു
വിരസമായൊരാദിതാളം.”
അശുഭകരമെന്നും വിലക്കപ്പെട്ട രാഗമെന്നും സംഗീത സംവിധായകർക്കിടയിൽ പരക്കെ വിശ്വാസമുള്ള ആഹിരി രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ രംഗങ്ങൾക്കനുയോജ്യമായ രാഗത്തിൽ തന്നെ ഈ ഗാനം ഈണമിട്ടത് നമ്മുടെയെല്ലാം പ്രിയങ്കരനായ ലളിതഗാനചക്രവർത്തി ശ്രീ. എം. ജി രാധാകൃഷ്ണനാണ്. മലയാളികളൊന്നടങ്കം നെഞ്ചിലേറ്റിയ ഗാനവും സിനിമയും. മലയാള ലളിതഗാനശാഖയിലും ചലച്ചിത്രഗാനശാഖയിലും എം ജി രാധാകൃഷ്ണനെപ്പോലെയൊരാളെ കണ്ടെത്താനാവുകയില്ലെന്ന് നിസ്സംശയം പറയാം.
കേരളത്തനിമയുള്ള ലളിതഗാനങ്ങളും അതിലുപരി ശ്രവണസുന്ദരമായ ഒരുപിടി ചലച്ചിത്രഗാനങ്ങളും സമ്മാനിച്ച ശ്രീ. എം ജി രാധാകൃഷ്ണൻ, സംഗീത സംവിധായകന്‍, കര്‍ണാടക സംഗീതജ്ഞന്‍ എന്നീ നിലകളിലെല്ലാം തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. എം. ജി. രാധാകൃഷ്ണന്‍ ആകാശവാണിക്കുവേണ്ടി സൃഷ്ടിച്ച ലളിതഗാനങ്ങള്‍ ചലച്ചിത്ര ഗാനങ്ങളോളം തന്നെ ജനപ്രിയവും കേരളത്തിലെ കലോത്സവ വേദികളിലേറ്റവുമധികം ആലപിക്കപ്പെടുന്നവയുമാണ്.
ദക്ഷിണേന്ത്യയിലെ നാടകവേദികളിൽ ഏറെ പ്രശസ്തനായിരുന്ന സംഗീതജ്ഞൻ മലബാർ ഗോപാലൻ നായരുടേയും ഹരികഥാ പ്രാവീണ്യം നേടിയ കമലാക്ഷിയമ്മയുടേയും മൂന്നു മക്കളിൽ മൂത്തയാളായിരുന്നു ശ്രീ. രാധാകൃഷ്ണൻ. 1940 ജൂലായ് 29 ന് ഹരിപ്പാടാണ് അദ്ദേഹത്തിന്റെ ജനനം. പ്രശസ്ത ഗായകൻ എം.ജി. ശ്രീകുമാറും പ്രശസ്ത സംഗീതജ്ഞ, ശ്രീമതി. ഓമനക്കുട്ടി ടീച്ചറും സഹോദരങ്ങളാണ്.
ആലപ്പുഴയിലും പിന്നീട് തിരുവനന്തപുരത്തുമായാണ് എം.ജി.രാധാകൃഷ്ണൻ പഠിച്ചത്.
ആലപ്പുഴ എസ്. ഡി. കോളേജിലെ പഠനത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്നും ഗാനഭൂഷണം നേടി. സംഗീതഭൂഷണം കരസ്ഥമാക്കിയ ശേഷം കേരളത്തിനകത്തും പുറത്തുമായി നിരവധി സംഗീതക്കച്ചേരികളിൽ അസാമാന്യ പ്രാഗത്ഭ്യം തെളിയിച്ച രാധാകൃഷ്ണൻ തന്റെ അനുജനായ എം. ജി. ശ്രീകുമാറിനെയും കച്ചേരി വേദികളിൽ കൂട്ടിയിരുന്നു. 1962 ൽ ആകാശവാണിയിൽ തംബുരു ആർട്ടിസ്റ്റായി ജോലിയാരംഭിച്ച രാധാകൃഷ്ണൻ സംഗീത സംവിധായകനായിരുന്നു.
നിരവധി പ്രഗത്ഭന്മാരൊത്ത് ആകാശവാണിയിൽ ജോലി ചെയ്യുവാൻ സാധിച്ചത് രാധാകൃഷ്ണന്റെ ലളിതസംഗീതത്തിലും ശാസ്ത്രീയസംഗീതത്തിലുമുള്ള കഴിവുകളെ കൂടുതൽ മെച്ചപ്പെടുത്തുവാൻ സഹായിച്ചിരുന്നു. മികച്ച കവികളുടെ, പ്രധാനമായും കാവാലം നാരായണപ്പണിക്കരുടെ വരികളില്‍ നിന്ന് ആകാശവാണിക്കു വേണ്ടി അദ്ദേഹം സൃഷ്ടിച്ചെടുത്ത ലളിതഗാനങ്ങള്‍ ഒരു ശാഖയായിത്തന്നെ മലയാളത്തിൽ തഴച്ചു വളര്‍ന്നു.
ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരും, ജയദേവകവിയുടെ ഗീതികള്‍, ഘനശ്യാമസന്ധ്യാ ഹൃദയം, പ്രാണസഖി നിന്‍ മടിയില്‍, അഷ്ടപദീലയം തുള്ളിത്തുളുമ്പുന്ന, മയങ്ങിപ്പോയി ഒന്നു മയങ്ങിപ്പോയി, ഖേദകീസുമങ്ങൾ, രാധയെ കാണാത്ത മുകിൽവർണ്ണനോ നീ സീതയെ വേർപെട്ട ശ്രീരാമനോ, ഇന്ദ്രനീലത്തിനൊടെന്തു കൊണ്ടോ തുടങ്ങിയവ ലളിതഗാനങ്ങളിൽ ശ്രദ്ധേയമായതില്‍ ചിലതാണ്. ആകാശവാണിയില്‍ ലളിതഗാനം പാടി പഠിപ്പിക്കുന്ന പരിപാടിയിലൂടെ അദ്ദേഹത്തിന്‍റെ ശബ്ദം വളരെ പ്രശസ്തമായി. വൈകാതെതന്നെ സിനിമാമേഖലയിലും അവസരങ്ങൾ അദ്ദേഹത്തെത്തേടി വന്നു.
ഗായകനായാണ് സിനിമയിലേക്ക് വന്നതെങ്കിലും സംഗീതസംവിധാനരംഗത്താണ് ഏറെ പ്രശസ്തനായത്. കള്ളിച്ചെല്ലമ്മയിലെ “ഉണ്ണി ഗണപതിയേ…” എന്നതായിരുന്നു സിനിമയിൽ ആദ്യമായി ആലപിച്ച ഗാനം. 1978 ൽ പുറത്തിറങ്ങിയ ജി. അരവിന്ദന്റെ തമ്പിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തെത്തിയത്. രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ ‘മൗനമേ നിറയും മൗനമേ’ എന്ന തകരയിലെ ഗാനത്തിന് എസ്. ജാനകിക്ക് സംസ്ഥാന പുരസ്ക്കാരം ലഭിച്ചിരുന്നു. തുടർന്ന് വളരെയധികം സിനിമകൾക്ക് ഹൃദയസ്പർശിയായ ഗാനങ്ങളദ്ദേഹം ചമച്ചു.
ചാമരം, ഞാൻ ഏകനാണ്, ജാലകം, രാക്കുയിലിൻ രാഗസദസ്സിൽ, അയിത്തം, ദേവാസുരം, മണിച്ചിത്രത്താഴ്, അദ്വൈതം, മിഥുനം, അഗ്നിദേവന്‍, രക്ഷസാക്ഷികള്‍ സിന്ദാബാദ്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി എണ്‍പതിലധികം ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനങ്ങളൊരുക്കി. കെ. എസ്. ചിത്ര, ജി.വേണുഗോപാൽ, കെ. എസ്. ബീന, അരുന്ധതി തുടങ്ങി ഒട്ടേറെ പ്രഗത്ഭഗായകരെ മലയാള സംഗീത ശ്രോതാക്കൾക്ക് ആദ്യമായി പരിചയപ്പെടുത്തിയത് രാധാകൃഷ്ണനാണ്.
“ഓർമ്മകൾ ഓർമ്മകൾ ഓലോലം തകരുമീ തീരങ്ങളിൽ ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ മറക്കാനെളുതാമോ.”
“പ്രണയവസന്തം തളിരണിയുമ്പോൾ
പ്രിയസഖിയെന്തേ മൗനം….”
“പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ.”
“ഒരു വാക്കിൽ ഒരു നോക്കിൽ എല്ലാമൊതുക്കി
വിട പറയൂ ഇനി വിട പറയൂ..”
“ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ
മുകുളമായ് നീയെന്റെ മുന്നിൽ നിന്നു.”
“എത്ര പൂക്കാലമിനി എത്ര മധുമാസമതിൽ
എത്ര നവരാത്രികളിലമ്മേ.”
“അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ
എന്തു പരിഭവം മെല്ലെയോതിവന്നുവോ.”
“അല്ലിമലർക്കാവിൽ പൂരം കാണാൻ
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ.”
“മൃദുലേ, ഹൃദയമുരളിയിലൊഴുകി വാ
യാമിനിതന്‍ മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേര്‍ന്നിടാം.”
തുടങ്ങി എത്രയെത്ര മനോഹരഗാനങ്ങളാണ് അദ്ദേഹത്തിന്റെ ഈണത്തിലൂടെ ജനഹൃദയം കവർന്നത്.
2001-ൽ ‘അച്ഛനെയാണെനിക്കിഷ്ടം’ എന്ന ചിത്രത്തിനും 2005-ൽ ‘അനന്തഭദ്രം’ എന്ന ചിത്രത്തിനുമായി രണ്ടു തവണ സംസ്ഥാന സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. കരള്‍രോഗത്തെത്തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്ന അദ്ദേഹം 2010 ജൂലൈ 2 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽവച്ച് യാത്രയായി. ആത്മപ്രണാമം 🙏.