രവീന്ദ്രൻ മാസ്റ്ററുടെ ഓർമകൾക്കിന്ന് പതിനേഴു വയസ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
44 SHARES
526 VIEWS

മലയാളത്തിന്റെ മഹാസംഗീതജ്ഞൻ ആയിരുന്നു രവീന്ദ്രൻ മാസ്റ്റർ. എത്രയോ ചേതോഹരങ്ങളായ ഗാനങ്ങൾ നമുക്ക് തന്ന മഹാപ്രതിഭ. അദ്ദേഹം വിടവാങ്ങിയിട്ട് ഇന്നേക്ക് 17 വർഷങ്ങൾ കഴിയുകയാണ് . വായിക്കാം..സുലഭ പോരുവഴി രവീന്ദ്രൻ മാസ്റ്ററെ സ്മരിച്ചുകൊണ്ട് എഴുതിയത്.

സുലഭ പോരുവഴി

രവീന്ദ്രൻ മാസ്റ്ററുടെ ഓർമകൾക്കിന്ന് പതിനേഴു വയസ്…..

“ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം….
ഗാനം… ദേവഗാനം.. അഭിലാഷഗാനം…
മാനസവീണയിൽ കരപരിലാളന ജാലം…..
ജാലം.. ഇന്ദ്രജാലം…അതിലോലലോലം…!”

ഏഴുസ്വരങ്ങളെയും തഴുകിയുണർത്തിയ രവീന്ദ്രവിസ്മയം. മലയാളികളുടെ ഓർമ്മകളിൽ തേനും വയമ്പും ചാലിച്ച് ഹരിമുരളീരവമായ്, രാഗങ്ങളും മോഹങ്ങളുമുണർത്തി ഒറ്റക്കമ്പി നാദം കൊണ്ട് ദേവസഭാതലത്തിൽ മാമാങ്കമൊരുക്കിയ രവീന്ദ്രൻ മാസ്റ്റർ. സംഗീതസംവിധായകൻ, ഗായകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നിങ്ങനെ ബഹുമുഖ പ്രതിഭയായ ശ്രീ. രവീന്ദ്രൻ മാസ്റ്റർ അഥവാ കുളത്തൂപ്പുഴ രവി. സ്വന്തം രചനയിൽ ഗാനരചയിതാക്കൾ മുദ്ര ചാർത്തുന്നതു പോലെ, ഈണം പകർന്ന ഗാനങ്ങളിലെല്ലാം തന്റേതായ മുദ്രപതിപ്പിച്ച് കടന്നുപോയ സംഗീതസംവിധായകനാണദ്ദേഹം.

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ 1943 നവംബർ 9 ന് വേലായുധൻ മാധവന്റേയും പാർവ്വതി ലക്ഷ്മിയുടേയും മകനായാണ് രവി ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ രവി സംഗീതത്തിൽ ശ്രദ്ധപതിപ്പിച്ചിരുന്നു. കുളത്തൂപ്പുഴ ഗവണ്മെന്റ് സ്കൂൾ, എരൂർ ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ രവി, യുവജനോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വീട്ടിലെ കഷ്ടപ്പാട് കാരണം ഹൈസ്കൂൾ പഠനത്തിനു ശേഷം മകനെ പട്ടാളത്തിലയക്കാനായിരുന്നു പിതാവിന്റെ തീരുമാനം. എന്നാൽ സംഗീതത്തോടുള്ള തന്റെ പ്രണയം രവി വീട്ടുകാരെ അറിയിച്ചു. സംഗീതം പഠിക്കാൻ വിട്ടില്ലെങ്കിൽ വീടുവിട്ടുപോകുമെന്നുവരെ ഭീഷണിപ്പെടുത്തി. ഒടുവിൽ 1960ൽ തിരുവനന്തപുരം സംഗീതക്കോളേജിൽ ചേർന്നു. സംഗീതത്തിന്റെ ബാലപാഠങ്ങൾ മാത്രം അഭ്യസിച്ചിരുന്ന രവിയെ ഇന്റർവ്യൂ ചെയ്തത് സാക്ഷാൽ ശെമ്മാങ്കുടി ശ്രീനിവാസയ്യരായിരുന്നു.

സംഗീതക്കോളേജിലെ ജീവിതമായിരുന്നു അദ്ദേഹത്തിലെ സംഗീതജ്ഞനെ രുപപ്പെടുത്തിയെടുത്തത്. ഇവിടെവച്ചായിരുന്നു യേശുദാസുമായി പരിചയപ്പെടുന്നത്. ശ്രീ. നെയ്യാറ്റിൻകര വാസുദേവൻ രവിക്കു സംഗീതത്തിൽ ട്യൂഷൻ നൽകിയിരുന്നു. അടുത്തുള്ള അമ്പലങ്ങളിൽ വില്ലടിച്ചാൻ പാട്ടിനും മറ്റും പോയിട്ടായിരുന്നു അദ്ദേഹം അന്ന് ചെറിയ വരുമാനം കണ്ടെത്തിയിരുന്നത്. 1968 ൽ തിരുവന്തപുരത്തുവച്ചു നടത്തിയ കലാപരിപാടിയിൽനിന്നും കിട്ടിയ പണവുമായി അന്ന് മലയാളസിനിമയുടെ ആസ്ഥാനം എന്നറിയപ്പെട്ടിരുന്ന മദിരാശിയിലേക്കു വണ്ടി കയറി.

സംഗീത സംവിധായകനായിരുന്ന ബാബുരാജാണ് ആദ്യമായി സിനിമയില്‍ പാടുവാന്‍ രവീന്ദ്രന് അവസരം നല്‍കിയത്. ‘വെള്ളിയാഴ്ച’ എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി പിന്നണി ഗായകനായി. പിന്നീട് മുപ്പതോളം സിനിമകളില്‍ പാടി. അവയില്‍ ചുരുക്കം ചിലതു ശ്രദ്ധിക്കപ്പെട്ടു. ഗായകനെന്ന നിലയില്‍ അവസരം കുറഞ്ഞതോടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചു. 1970-കളില്‍ പ്രശസ്തനായിരുന്ന രവികുമാറിനു വേണ്ടി മിക്ക ചിത്രങ്ങളിലും ശബ്ദം നല്‍കിയത് രവീന്ദ്രനായിരുന്നു.

ഗായകനെന്ന നിലയിൽനിന്ന് രവീന്ദ്രനെ സംഗീത സംവിധാനരംഗത്തേക്കു വഴിതിരിച്ചു വിട്ടത് യേശുദാസാണ്. രവീന്ദ്രന്‍ ചിട്ടപ്പെടുത്തിയ ഏതാനും ഗാനങ്ങള്‍ കേട്ട യേശുദാസ്, അദ്ദേഹത്തെ സംവിധായകന്‍ ശശികുമാറിന് പരിചയപ്പെടുത്തുകയായിരുന്നു. അങ്ങനെ 1979-ല്‍ ‘ചൂള’ എന്ന ചിത്രത്തിലൂടെ രവീന്ദ്രന്‍ ചലച്ചിത്ര സംഗീതസംവിധായകനായി. പാട്ടുകൾ നിങ്ങൾക്കിഷ്ടപ്പെട്ടില്ലെങ്കിൽ സ്വന്തം ചെലവിൽ വേറെപാട്ടുകൾ ചെയ്തുതരാം എന്ന ഉറപ്പോടുകൂടിയായിരുന്നു അത്.

സത്യന്‍ അന്തിക്കാട് രചിച്ച ‘താരകേ മിഴിയിതളില്‍ കണ്ണീരുമായി’ എന്ന ഗാനം ചിട്ടപ്പെടുത്തി സംഗീത സംവിധാനത്തിലേക്ക് പ്രവേശിച്ച കുളത്തുപ്പുഴ രവി അങ്ങനെ രവീന്ദ്രന്‍ മാസ്റ്ററായി. അതുവരെ കുളത്തൂപ്പുഴ രവി എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിനോട് രവീന്ദ്രൻ എന്ന പേരുമതിയെന്നു നിർദ്ദേശിച്ചതും യേശുദാസായിരുന്നു.

ക്ലാസിക്‌സ് എന്ന തലക്കെട്ടില്‍ മലയാളികള്‍ പാടിനടക്കുന്ന പാട്ടുകളിലേറെയും മാസ്റ്ററുടെ സംഗീതമാണ്. പ്രമദവനം, സുഖമോ ദേവി, ഏഴുസ്വരങ്ങളും, രാമകഥാഗാനലയം, ദേവസഭാതലം, ഹരിമുരളീരവം, ഗംഗേ, ഘനശ്യാമമോഹന കൃഷ്ണാ തുടങ്ങി ഒരുപിടി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ അതേ മാസ്റ്ററാണ് അഴകേ നിന്‍ മിഴിനീർ, മൂവന്തി താഴ്‌വരയില്‍, തേനും വയമ്പും, ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കുന്ന, പത്തുവെളുപ്പിന്, ഒറ്റക്കമ്പിനാദം മാത്രം, ഒളിക്കുന്നുവോ, എന്തിനു വേറൊരു സൂര്യോദയം, ആത്മാവിൻ പുസ്തകത്താളിൽ തുടങ്ങിയ മെലഡികളും ഒരുക്കിയത്.

ആല്‍ബത്തിനായി ഒരുക്കിയ എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍, മാമാങ്കം പലകുറി കൊണ്ടാടി, അരയന്നമേ… ആരോമലേ… തുടങ്ങി നിരവധി ഗാനങ്ങളും മലയാളികള്‍ നെഞ്ചിലേറ്റി. യേശുദാസുമായുള്ള സഹോദരതുല്യമായ ആത്മബന്ധം ഇരുവരും ഒന്നിച്ച എല്ലാ ഗാനങ്ങളിലും കാണാമായിരുന്നു. യേശുദാസ് എന്ന ഗായകന്റെ ആലാപനശേഷിയെ എത്രമാത്രം പ്രയോജനപ്പെടുത്താമെന്നു തിരിച്ചറിഞ്ഞ് അദ്ദേഹമൊരുക്കിയ പലഗാനങ്ങളും അനശ്വരങ്ങളായി മാറി. നിരവധി മലയാളം-തമിഴ് ചിത്രങ്ങൾ, ലളിതഗാനങ്ങൾ, ഭക്തിഗാനങ്ങൾ, ഉത്സവഗാനങ്ങൾ എന്നിവയ്ക്കും ഈണങ്ങളൊരുക്കി.

എം.ജി.ശ്രീകുമാറിന് ആദ്യത്തെ ദേശീയ പുരസ്കാരം നേടിക്കൊടുത്തത് മാസ്റ്ററുടെ നാദരൂപിണി ശങ്കരീ പാഹിമാം (ഹിസ് ഹിനസ് അബ്ദുള്ള) എന്ന ഗാനമാണ്. ഗായികമാരിൽ ചിത്രയായിരുന്നു മാസ്റ്ററുടെ ഗാനങ്ങൾ കൂടുതൽ ആലപിച്ചത്. മലയാളത്തിലെ ഒരുവിധം എല്ലാ ഗായകർക്കും അദ്ദേഹം പാടാൻ അവസരം നൽകിയിട്ടുണ്ട്.

മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. “ഭരതം” എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 1991-ലെ സംസ്ഥാന പുരസ്കാരം നേടി. ആ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ ഇതേ ചിത്രത്തിലെ സംഗീത സംവിധാനത്തിനു വിധികർത്താക്കളുടെ പ്രത്യേക പ്രശംസയും നേടി. 2002-ൽ നന്ദനത്തിലെ ഗാനങ്ങൾക്ക് വീണ്ടും സംസ്ഥാന പുരസ്കാരം.അവസാന കാലത്ത് അർബുദ ബാധയെത്തുടർന്ന് അവശനായിരുന്നെങ്കിലും സംഗീത ലോകത്തും ടി.വി. ചാനലുകളിലും സജീവ സാന്നിദ്ധ്യമായിരുന്നു രവീന്ദ്രൻ മാസ്റ്റർ.

2005 മാർച്ച് 3 ന് ചെന്നൈയിൽ വച്ച് ആ അതുല്യപ്രതിഭ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. മലയാള സിനിമാസംഗീതത്തില്‍ അദ്ദേഹമൊഴിച്ചിട്ട ഇരിപ്പിടം ഇന്നും ശൂന്യമാണ്. ആത്മപ്രണാമം 🙏.

Leave a Reply

Your email address will not be published. Required fields are marked *

LATEST

യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ മാറ്റി നിര്‍ത്തി പുരുഷ സ്പര്‍ശം ഏല്‍ക്കാന്‍ സ്ത്രീ മോഹിക്കുകയും ദാഹിക്കുകയും ചില ഭാഗങ്ങളുണ്ട്

സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത