“ഐ മിസ് യു” എന്ന ആംഗലേയ വാക്യത്തെ ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ’ എന്ന് ആവിഷ്കരിച്ച കവി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
44 SHARES
526 VIEWS

സുലഭ പോരുവഴി ✍️

ഒ. എൻ. വി.കുറുപ്പ്
********************
“ഐ മിസ് യു”, എന്ന ആംഗലേയ വാക്യത്തെ “അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ” എന്ന് മനോഹരമായി ആവിഷ്കരിച്ചു മൺമറഞ്ഞ പ്രിയകവി ശ്രീ. ഒ. എൻ. വി.കുറുപ്പ്. എൺപതുകളിൽ പ്രണയിക്കാൻ പഠിച്ചവർക്കും പിന്നീടങ്ങോട്ട് പ്രേമം തുടങ്ങിയവർക്കും ഈ ഗാനം, ഒഴിച്ചുകൂടാൻ വയ്യാത്തതായി. കാമുകിയുടെ കാതോരത്ത്, ഈ ഗാനം എത്തിയെങ്കിലെന്നാഗ്രഹിച്ചുനിന്നിട്ടുണ്ടാകും പലരും. പറയാതെ പ്രണയം പറയാൻ കൊതിച്ചവരറിയാതെ മൂളിയ ഗാനം, “അരികിൽ നീയുണ്ടായിരുന്നെങ്കിൽ…”

പ്രണയികൾ സ്നേഹത്തിന്റെ ആഴങ്ങളിൽ ഓർമ്മിച്ചിരുന്ന പാട്ട്. ജാലകവാതിലിൽ കാതരയായി വന്നിരുന്ന പക്ഷി സ്വകാര്യം പറയുന്നത് തങ്ങളോട് മാത്രമാണെന്ന് ഉറച്ചു വിശ്വസിച്ചു അവർ.
ക്രാന്തദർശിയായ അദ്ദേഹം, അമ്മയായ ഭൂമീദേവിക്ക് മുൻകൂട്ടി ചരമഗീതം കുറിച്ചു. മുലപ്പാല്‍ കുടിച്ചു തെഴുത്ത മക്കള്‍ അമ്മയുടെ മാറിടം മാന്തിപ്പൊളിച്ചു ചോരകുടിച്ചു മൃതിതാളത്തിലാടിത്തിമിര്‍ക്കുന്ന ആസുരതയുടെ ചിത്രം, മനുഷ്യന്റെ ക്രൂരതയ്‌ക്കുമുന്നില്‍ നിരാലംബയായിമാറിയ ഭൂമിയുടെ നിലവിളിയും മുറിപ്പാടും മക്കളാല്‍ അപമാനിക്കപ്പെട്ട അമ്മയായ പ്രകൃതിയെ മനുഷ്യരാകുന്ന മക്കള്‍ നശിപ്പിക്കുന്നത് ഒരോർമ്മപ്പെടുത്തലുതന്നെയായിരുന്നു.

“പൊന്നരിവാളമ്പിളിയില്‌ കണ്ണെറിയുന്നോളേ
ആമരത്തിന്‍ പൂന്തണലില്‌ വാടിനില്‍ക്കുന്നോളേ
വാടി നില്‍ക്കുന്നോളേ..” ഒരു കാലത്ത് കേരളത്തിലെ ജനമനസ്സുകൾ ഏറ്റുപാടിയതാണ് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’, എന്ന നാടകത്തിലെ ഈ വിപ്ലവനാടകഗാനം.
കോതമ്പുമണികൾ, കുഞ്ഞേടത്തി, അമ്മ, അക്ഷരദുഃഖം, പെങ്ങൾ, സ്നേഹത്തിന്റെ മുഖം തുടങ്ങി സ്ത്രീഹൃദയത്തിലെ സ്നേഹലാവണ്യത്തെ തന്റെ വരികളിലൂടാവാഹിച്ച ഒ. എൻ .വിയുടെ സ്ത്രീകളോടുള്ള ആദരവിന്റെ അടയാളപ്പെടുത്തലുകൾക്ക് സാക്ഷ്യങ്ങളായ കവിതകൾ.

“പേടിച്ചരണ്ട നിന്‍ കണ്ണുകള്‍ രാപ്പകല്‍
തേടുന്നതാരെയെന്നറിവൂ ഞാന്‍.
മാരനെയല്ല, മണാളനെയല്ല, നിന്‍
മാനം കാക്കുമൊരാങ്ങളയെ!”
കോതമ്പുമണികളിലൂടെ
ആരോ മെനഞ്ഞ മൺപാത്രമായ, മറ്റൊരു വീട്ടിന്നകത്തളത്തിൽ ജന്മം നീറ്റുന്ന, താഴെപ്പിറന്ന കിടാങ്ങൾക്കമ്മയായി, ജീവിതത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റംവരെ അധ്വാനത്തിന്റെ ചുമടേറ്റുന്നവളുടെ ആത്മാവിന്റെ തീരാനോവ് കവിഹൃദയമറിയുന്നു. സൗന്ദര്യംപോലും ശാപമാകുന്ന അവളെ പല രൂപഭാവങ്ങളിൽക്കാണുന്ന കവിക്കവളേറെപ്പരിചിതയാണ്. അവൾ തിരയുന്നത് തന്റെ മാനം കാക്കാനൊരാങ്ങളയെയാണ്.
ഈ പെങ്ങൾക്കുള്ള മറുപടിയായിക്കുറിച്ച “പെങ്ങൾ”,എന്ന കവിത.
“നീയമ്മ, നീ പത്നി,
നീ പുത്രി, നീ ഭൂമി,
നീ ശക്തി, നീയെന്റെ
രക്തമെൻ പെങ്ങൾ നീ….”
അക്ഷരങ്ങളാൽ വിസ്മയങ്ങൾ തീർത്ത അദ്ദേഹം നമ്മളെ ഓർമ്മകളിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതെവിടേക്കാണ്?
“ഒരു വട്ടം കൂടിയെന്നോര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം.
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ
നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം
മരമൊന്നുലുത്തുവാന്‍ മോഹം.”, വെറുതേ മോഹിക്കാമല്ലേ!
“ഉജ്ജയിനി” യിലൂടെ കാവ്യസാഗരത്തിന്റെ ആഴങ്ങളിൽനിന്ന്, അമൂല്യങ്ങളായ രത്നങ്ങൾ പെറുക്കിക്കൂട്ടി കാവ്യകൈരളിയെ സമ്പന്നമാക്കി.
“സൃഷ്ടിതന്‍ സൗന്ദര്യമുന്തിരിച്ചാറിനായ്
കൈക്കുമ്പിള്‍ നീട്ടുന്നു നിങ്ങള്‍
വേദനയില്‍, സര്‍ഗ്ഗവേദനയിലെന്റെ
ചേതന വീണെരിയുന്നു
സൃഷ്ടിതന്‍ വേദനയാരറിയുന്നു.

“ഞാൻ” എന്ന കവിതയിൽ, നിറം മങ്ങിയ ഒരു കാലം കവിമനസ്സിനെ അസ്വസ്ഥനാക്കിയിട്ടുണ്ടാകാം.
ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് എന്ന ഒ.എൻ.വി കുറുപ്പ്, 1931 മെയ് 27ന് കൊല്ലം ജില്ലയിലെ ചവറയില്‍ ഒ.എന്‍. കൃഷ്ണക്കുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏറ്റവും ഇളയമകനായി ജനിച്ചു. ധനതത്ത്വശാസ്ത്രത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ അദ്ദേഹം, 1957 ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി.

1958 മുതല്‍, 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, കോഴിക്കോട്, ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി, ഗവ. വിമന്‍സ് കോളേജ്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മലയാള വിഭാഗം മേധാവിയായിരുന്നു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു.
വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ കവിതാരചന തുടങ്ങിയ ഒ.എൻ.വി, പതിനഞ്ചാം വയസ്സിലെഴുതിയതാണ് തന്റെ ആദ്യ കവിതയായ “മുന്നോട്ട്”. 1949-ൽ പുറത്തിറങ്ങിയ “പൊരുതുന്ന സൗന്ദര്യ”മാണ് അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാസമാഹാരം. ആദ്യം “ബാലമുരളി” എന്ന പേരിൽ പാട്ടെഴുതിയിരുന്ന ഒ.എൻ.വി., “ശ്രീ ഗുരുവായൂരപ്പൻ” എന്ന ചലച്ചിത്രം മുതലാണ് ഒ.എൻ.വി എന്ന പേരിൽത്തന്നെ ഗാനങ്ങളെഴുതിത്തുടങ്ങിയത്.

തലമുറകള്‍ ഒ. എന്‍. വി യുടെ കവിതകളും ഗാനങ്ങളുമേറ്റുപാടിക്കൊണ്ടിരിക്കുന്നു. ആ ഗാനശാഖിയിൽ മലയാളവും മലയാളിത്തവും കേരളവും പൂത്തുലഞ്ഞു സുഗന്ധം പരത്തിക്കൊണ്ടു പ്രിയകവിയെ അനശ്വരതയുടെ കൽപ്പടവുകളിൽ നിറുത്തുന്നു.

പൊരുതുന്ന സൗന്ദര്യം, ഞാന്‍ നിന്നെ സ്നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, മയില്‍പ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്നിശലഭങ്ങള്‍, ഉപ്പ്, ഭൂമിക്ക് ഒരു ചരമഗീതം, ശാര്‍ങ്ഗകപ്പക്ഷികള്‍, മൃഗയ, വെറുതെ, അപരാഹ്നം, ഉജ്ജയിനി, സ്വയംവരം, ഭൈരവന്‍റെ തുടി, ഈ പുരാതന കിന്നരം, മരുഭൂമി, നീലക്കണ്ണുകള്‍, മയില്‍പ്പീലി, തോന്ന്യാക്ഷരങ്ങൾ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കവിതയിലെ സമാന്തരരേഖകള്‍, കവിതയിലെപ്രതിസന്ധികള്‍, എഴുത്തച്ഛന്‍ ഒരു പഠനം, പാഥേയം തുടങ്ങിയ ഏതാനും ഗദ്യകൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.

സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠവും (2007) കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് ഇവയ്ക്കു പുറമെ, ഭാരതസര്‍ക്കാറിന്‍റെ സിവിലിയന്‍ ബഹുമതികളായ പത്മവിഭൂഷണ്‍, പത്മശ്രീ തുടങ്ങിയവയും, കേരള സര്‍വ്വകലാശാലയിലനിന്ന് ഓണററി ഡോക്ടര്‍ ബിരുദവും ലഭിച്ചു. ചലച്ചിത്ര ഗാനരചനാരംഗത്തെ സംഭാവനകള്‍ക്ക് ദേശീയതലത്തിലും സംസ്ഥാനതലത്തിലും ചലച്ചിത്ര അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
“ഒരു തത്ത്വശാസ്ത്രത്തിന്‍ തൈ നട്ടു ഞാന്‍
എന്നും പിഴുതു നോക്കുന്നു വേരെണ്ണാൻ..”
ഒരു കെട്ടകാലത്തെ ഇത്രയും സൂക്ഷ്മമായടയാളപ്പെടുത്തിയ പ്രിയ കവിശ്രേഷ്ഠന് ആദരം. ആത്മപ്രണാമം 🙏

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

സംഘട്ടന രംഗങ്ങളിൽ അഭിനയിക്കുന്നതിനേക്കാൾ സെക്സ് രംഗങ്ങളിൽ അഭിനയിക്കാനാണ് ബുദ്ധിമുട്ടെന്ന് സാമന്ത

തെലുങ്ക്, തമിഴ് സിനിമാമേഖലയിൽ അഭിനയിച്ചുകൊണ്ടാണ് സാമന്ത അഭിനയജീവിതം ആരംഭിച്ചത് . നാല് ഫിലിംഫെയർ

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്