ഈണങ്ങളുടെ സഹയാത്രികൻ, നിരുപമ കല്പനകളുടെ ചേതോഹര കാവ്യങ്ങൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
31 SHARES
366 VIEWS

സുലഭ പോരുവഴി ✍️

ഈണങ്ങളുടെ സഹയാത്രികൻ, നിരുപമ കല്പനകളുടെ ചേതോഹര കാവ്യങ്ങൾ

“മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവിങ്കൽ മഞ്ഞളരച്ചുവെച്ചു നീരാടുമ്പോൾ….”
ഹാ! എത്ര സുന്ദരമായ കല്പനയാണല്ലേ! ഈ ഗാനം കേൾക്കുമ്പോൾ മലയാളസംഗീതാസ്വാദകരുടെ മനസ്സിലേക്കോടിയെത്തുന്ന ഒരു മുഖമുണ്ട്. കൈരളിയുടെ ഈണങ്ങളിൽ മധുപകർന്ന പി. ഭാസ്കരൻ മാഷ്. മലയാളഗാനരചനാശാഖയിൽ നിരുപമകല്പനകൾകൊണ്ട് കാവ്യമെഴുതിയ പ്രതിഭാശാലിയായ കവി.
നന്തിലത്ത് പത്മനാഭമേനോന്റെയും പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മയുടെയും മകനായി 1924 ഏപ്രിൽ 21 നു കൊടുങ്ങല്ലൂരിൽ ജനിച്ചു. ചെറുപ്പത്തിലേ പിതാവിന്റെ സംഗീതാഭിരുചിക്കൊപ്പം താല്പര്യത്തോടെ സഞ്ചരിച്ച ഭാസ്കരൻ മാഷ് അന്നേ, ഈണങ്ങളുടെ സഹയാത്രികനായിരുന്നു.

കവി, സംവിധായകൻ ഗാനരചയിതാവ്, നിർമ്മാതാവ്, പത്രപ്രവർത്തകൻ, നടൻ,
സ്വാതന്ത്ര്യസമരസേനാനി എന്നീ നിലകളിലൊക്കെ പേരെടുത്ത ഭാസ്കരൻ മാഷ് , ഫോർത്ത് ഫോമിൽ പഠിക്കുമ്പോഴാണ് ആദ്യമായി കവിതയെഴുതുന്നത്. വിദ്യാലയത്തിലെ കൈയെഴുത്ത് മാസികയിൽ പ്രസിദ്ധീകരിച്ച ആ രചന ആത്മവിശ്വാസം നൽകി. പിന്നീട് മാതൃഭൂമിയുടെ ബാലപംക്തിയിൽ ആദ്യത്തെ കഥയും അച്ചടിച്ചു വന്നതോടെ എഴുത്തിനെ ഗൗരവത്തോടെ കാണാൻ തുടങ്ങി.

പഠനകാലത്ത് പുരോഗമനരാഷ്ട്രീയപ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഭാസ്കരൻ മാഷ്, സ്വാതന്ത്ര്യസമരപ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു. ആകാശവാണിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായി ഔദ്യോഗിക ജീവിതം തുടങ്ങിയ അദ്ദേഹം ദീപിക, ജയകേരളം എന്നീ പത്രങ്ങളുടെ പത്രാധിപസമിതിയിലും അംഗമായിരുന്നു.

അക്കാലത്ത് തീവ്ര ഇടതുപക്ഷ അനുഭാവിയായിരുന്ന പി. ഭാസ്കരൻ മാഷുടെ രചനകൾക്ക് അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ. രാമസ്വാമി അയ്യങ്കാർ നിരോധനമേർപ്പെടുത്തി.
പിന്നീട് രാഷ്ട്രീയത്തിൽ നിന്നുമകന്ന് മദിരാശിയിലേക്ക് പോവുകയും ചെന്നൈ ആകാശവാണിയിൽ ജോലിക്ക് കയറുകയും ചെയ്തു. “അപൂർവസഹോദരർഗൾ ” എന്ന പേരിൽ 1949ൽ പുറത്തിറങ്ങിയ തമിഴ്ചലച്ചിത്രത്തിലെ, “ലഡ്ഡു ലഡ്ഡു മിട്ടായി വേണുമാ” ഗാനരംഗത്തിലെകടക്കക്കണ്ണിൻ തലപ്പത്തിൽ കറങ്ങും വണ്ടേ..
കളിച്ചെങ്ങും പറക്കുന്നതെന്തിനോ വണ്ടേ….എന്ന മലയാളവരികൾ
എഴുതിക്കൊണ്ടാണ് പി.ഭാസ്കരൻ ചലച്ചിത്രഗാനരചനാലോകത്തെ ആദ്യചുവടുവയ്പ്പ് നടത്തുന്നത്.
1950ൽ പുറത്തിറങ്ങിയ, “ചന്ദ്രിക” എന്ന ചിത്രത്തിലൂടെ മാതൃഭാഷയിലും അരങ്ങേറ്റം കുറിച്ചു. പിന്നീടങ്ങോട്ട് മധുവൂറുന്ന ഗാനശ്രേണികളുടെ നിറവസന്തമായിരുന്നു ഭാസ്കരൻ മാഷ് മലയാളിക്കായി കരുതി വച്ചിരുന്നത്. കൽപ്പനാലോകത്ത്, ഭാവനാചാതുരിയുടെ അസാധ്യതലങ്ങളിൽ സ്വൈര്യവിഹാരം നടത്തിയ കവിയായിരുന്നു പി. ഭാസ്കരൻ മാഷ്. മുന്നൂറോളം ചലച്ചിത്രങ്ങൾക്കായി ഏകദേശം ആയിരത്തിയഞ്ഞൂറോളം ഗാനങ്ങളെഴുതി അദ്ദേഹം.
“വയലാർ ഗർജ്ജിക്കുന്നു”, എന്ന കൃതിയായിരുന്നു മലയാളസാഹിത്യശാഖയിൽ പി. ഭാസ്കരൻ മാഷിനെ അടയാളപ്പെടുത്തിയത്.

ഓടക്കുഴലും ലാത്തിയും,വില്ലാളി, പാടുന്ന മൺതരികൾ, മുൾക്കിരീടം, സത്രത്തിൽ ഒരു രാത്രി, ഓർക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തംബുരു എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികൾ.
“കരിമുകിൽപ്പെൺകൊടി” എന്ന കവിതയിൽ മഴയുടെ ആഗമനത്തിനായി, ഒരിറ്റു ജലത്തിനായി കാത്തിരിക്കുന്ന ഭൂമിയുടെയും കിളികളുടെയും രോദനം നിഴലിക്കുന്ന ഭാസ്കരൻ മാഷിന്റെ വരികൾ:-
“ഒരു കുടം തണ്ണീരുമൊക്കത്തു വച്ചൊരാ- ക്കരിമുകിൽപ്പെൺകൊടിയെങ്ങുപോയി വയലിന്‍റെ തൊണ്ട വരണ്ടുകിടക്കുമ്പോ– ളുയിരറ്റു തോപ്പുകൾ നിന്നിടുമ്പോൾ തളിരുകളൊക്കെക്കൊഴിഞ്ഞൊരു മാന്തോപ്പിൽ കുയിലുകൾ പാടിത്തളർന്നിടുമ്പോൾ .”

1981-ൽ ഓടക്കുഴൽ പുരസ്കാരവും 1982-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടി. കൂടാതെ കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പും 2000 ലെ വള്ളത്തോൾ അവാർഡും ലഭിക്കുകയുണ്ടായി.
1954 ൽ രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ “നീലക്കുയിൽ” എന്ന സിനിമയിലാണ് ശ്രീ രാമു കാര്യാട്ടിനൊപ്പം അദ്ദേഹം സംവിധായകൻ്റെ കുപ്പായം അണിയുന്നത്. ഏകദേശം നാല്പത്തിയേഴോളം സിനിമകൾ സംവിധാനം ചെയ്യുകയും എട്ടോളം ചിത്രങ്ങളുടെ നിർമ്മാണമേറ്റെടുക്കുകയും ആറ് ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു ഭാസ്കരൻ മാഷ്. മലയാളസിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനകൾ മാനിച്ച് 1994 ൽ അദ്ദേഹത്തിന് “ജെ സി ഡാനിയൽ പുരസ്കാരം” നൽകി ആദരിച്ചു.
നഷ്ടപ്രണയത്തിന്റെ തീവ്രവേദന പ്രമേയമാക്കിയ ഭാസ്കരൻ മാഷിന്റെ കവിതയാണ്, “ഓർക്കുക വല്ലപ്പോഴും”.

ഓര്‍ക്കുക വല്ലപ്പോഴും
**********************
പണ്ടത്തെ കളിത്തോഴന്‍ കാഴ്ച വെയ്ക്കുന്നു മുന്നിൽ…
രണ്ടു വാക്കുകള്‍ മാത്രം ഓര്‍ക്കുക വല്ലപ്പോഴും…
ഓര്‍ക്കുക വല്ലപ്പോഴും…
യത്രയാക്കുന്നു സഖീ…
നിന്നെ ഞാൻ മൗനത്തിന്റെ നേർത്ത
പട്ടുനൂൽ പൊട്ടിച്ചിതറും പദങ്ങളാൽ
കരയാനുഴറീടും കണ്ണുകൾ താഴ്തിക്കൊണ്ട്
വരനോടൊപ്പം നീയാ വണ്ടിയിലിരിക്കുമ്പോൾ;
വരനോടൊപ്പം നീയാ വണ്ടിയിലിരിക്കുമ്പോൾ…
വരനോടൊപ്പം നീയാ വണ്ടിയിലിരിക്കുമ്പോൾ…
ഓര്‍ക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും…
പൂക്കാലം വിതാനിക്കും ആ കുന്നിന്‍പ്പുറങ്ങളും…
ഓര്‍ക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും…
പൂക്കാലം വിതാനിക്കും ആ കുന്നിന്‍പ്പുറങ്ങളും…
രണ്ടു കൊച്ചാത്മാവുകള്‍ അവിടങ്ങളില്‍ വെച്ചു…
പണ്ടത്തെ രാജാവിന്‍ കഥകള്‍ പറഞ്ഞതും…
രണ്ടു കൊച്ചാത്മാവുകള്‍ അവിടങ്ങളില്‍ വെച്ചു…
പണ്ടത്തെ രാജാവിന്‍ കഥകള്‍ പറഞ്ഞതും…
പിന്നെയും കാലം പോകെ അവരെങ്ങെങ്ങോ വെച്ചു
സുന്ദരവാഗ്ദത്തങ്ങൾ കൈമാറി കളിച്ചതും…
ആയിരം സ്വപനങ്ങളെ പിഴിഞ്ഞ ചായം കൊണ്ടു…
മായാത്ത സങ്കല്പങ്ങൾ മനസ്സിൽ വരച്ചതും…
ആയിരം സ്വപനങ്ങളെ പിഴിഞ്ഞ ചായം കൊണ്ടു…
മായാത്ത സങ്കല്പങ്ങൾ മനസ്സിൽ വരച്ചതും…
വാകപ്പൂ മണം കന്നി തെന്നലിൽ അലയുമ്പോൾ
മൂകമാം മാവിന്തോപ്പിൽ നിർജ്ജവമുറങ്ങുമ്പോൾ
ആവണിമത്സ്യം പോലെ ഇരുന്നിട്ടവർ ഏതോ
പ്രേമകാവ്യത്തിൽ കൂടി ഒന്നായി ചരിച്ചതും…
ഇടയിൽ പരസ്പരം മൂകനായി നോക്കിക്കൊണ്ടു
ചുടുവീർപ്പുകൾ വിട്ടു സമയം കഴിച്ചതും…
അറിയാതെ അന്വോന്യം അങ്ങറിഞ്ഞും കണ്ടെത്തിയും
അവർ തൻ വികാരങ്ങൾ ഒന്നായി ചമഞ്ഞതും…
ഭാസുര ദാമ്പത്ത്യത്തിൻ മണിമേടയിൽ
സ്വൈര്യം നീ സഖീ… , നീ… സഖീ…
അമരുമ്പോൾ ഓർക്കുക വല്ലപ്പോഴും…
ഓർക്കുക വല്ലപ്പോഴും… ഓർക്കുക വല്ലപ്പോഴും…
മരിക്കും സ്മൃതികളില്‍ ജീവിച്ചു പോരും ലോകം…
മറക്കാന്‍ പഠിച്ചത്‌ നേട്ടമാണെന്നാകിലും…
ഹസിക്കും പൂക്കള്‍ പൊഴിഞ്ഞില്ലെങ്കിലൊരുനാളും…
വസന്തം വസുധയില്‍ വന്നിറിങ്ങില്ലെന്നാലും…
വ്യര്‍ത്ഥമായാവര്‍ത്തിപ്പൂ വ്രണിതപ്രതീക്ഷയാല്‍
മര്‍ത്യനീ പദം രണ്ടും ഓര്‍ക്കുക വല്ലപ്പോഴും…
ഓര്‍ക്കുക വല്ലപ്പോഴും…

അദ്ദേഹത്തിന്റെ അന്ത്യനാളുകളിലെ ജീവിതം മറവിരോഗത്തിൻ്റെ പിടിയിലായിരുന്നു. 2007 ഫെബ്രുവരി 25ന് ഭാസ്ക്കരൻ മാഷ് വിടപറഞ്ഞു. അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമങ്ങളോടെ…🙏

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ