‘സിസ്റ്റര്‍ ആഗ്നസ് മാര്‍ത്ത മറിയം എന്ന പെണ്‍കുട്ടി’എന്ന തിരക്കവിത

553

കവിത : ‘സിസ്റ്റര്‍ ആഗ്നസ് മാര്‍ത്ത മറിയം എന്ന പെണ്‍കുട്ടി’എന്ന തിരക്കവിത
കവി : സുലോജ് (Suloj)

“He is a double-minded man,unstable in all his ways.”
James 1:8

പഴയ ഫോട്ടോയിലെ
അപരിചിതമുഖത്തെ
തിരഞ്ഞിറങ്ങിയ പേരിന്റെ
ഒരു ക്ലോസ്അപ് ഷോട്ടില്‍

സിസ്റ്റര്‍ ആഗ്നസ് മാര്‍ത്ത മറിയം
വന്നു നില്ക്കുന്നു

ഒരു ശവഘോഷ യാത്രയുടെ സംഗീതം
പശ്ചാത്തലത്തെ പിടിമുറുക്കുന്നു

*

ചിത്താശുപത്രിയിലെ തുരുമ്പടര്‍ന്ന
ഭ്രാന്തന്‍കട്ടിലുകള്‍ക്കിടയില്‍
ഒരുകിതപ്പ് ഒളിച്ചിരിക്കുന്നുവെന്ന്
പുലര്‍ച്ചെ ആരും കാണാതെ
ഡയറിയില്‍കുറിച്ച് വെയ്ക്കുന്നു

*

കുരിശു വരയ്കുമ്പോഴും,
കുര്‍ബാന കൊള്ളുമ്പോഴും
നോവേനയിൽ
പാടുമ്പോഴും
അപ്പം മുറിക്കുമ്പോഴും
കൊന്ത കൈയ്യിലെടുക്കുമ്പോഴും
ദൃശ്യങ്ങളുടെ ചെറിയ കട്ട് ഷോട്ടുകള്‍ക്കിടയില്‍
പഴയ ഫോട്ടോയിലെ
അപരിചിത മുഖത്തെ
തിരഞ്ഞിറങ്ങിയ
മുഖമാകുന്നു

സിസ്റ്റര്‍ ആഗ്നസ് മാര്‍ത്ത മറിയം

*

മുകളില്‍ നിന്ന് ഹൈആങ്കിളില്‍
കുത്തനെ കാണിക്കുമ്പോള്‍
കീറിപ്പോയ
ഒരു ബൈബിളിന്റെ
സദൃശ്യവാക്യങ്ങള്‍ക്കിടയിലൂടെ
നുഴഞ്ഞു പോകുന്നു

സിസ്റ്റര്‍ ആഗ്നസ് മാര്‍ത്ത മറിയം

കുരിശിന്റെ ചിത്രത്തില്‍
മെഴുകുതിരിയുടെ പ്രതിബിംബമെരിയുന്നു
വിയര്‍പ്പുപൊങ്ങിയ
ആ ഒറ്റനിമിഷത്തില്‍ അപരിചിതമുഖത്തെ

അപ്പന്‍
അപ്പന്‍

എന്ന് വെളിപാട് പോലെ ഉറക്കെ
വായിക്കുന്നു

*

അപ്പനെകുറിച്ചുള്ള ചില ഇഴഞ്ഞ സീക്വന്സുകള്‍ .
ആടി ആടി വരുന്ന കാലുകള്‍
അമ്മച്ചിയുടെ
മുതുകില്‍ മാറി മാറി വീഴുന്ന
കൈകള്‍

ഇടറി പോയ മൂന്ന് കുഞ്ഞു-
പെണ്‍നിലവിളികള്‍
സമീപദൃശ്യമായി വളര്‍ന്നു
അവ്യക്തതയെ പുണരുന്നു

*

ബോട്ടിന്റെ സ്വരത്തില്‍
മുഖമനക്കാതെ കായലിലേക്ക്
നോക്കി കവിതയോര്‍ക്കുന്ന
സിസ്റ്റര്‍ ആഗ്നസ് മാര്‍ത്ത മറിയത്തിന്റെ
ഒരു സ്റ്റഡി ഷോട്ട് !

*

ഉപയോഗാനന്തരം ഉപേക്ഷിച്ച
കോണ്ടങ്ങള്‍ കൂട്ടിയിട്ടു കത്തിച്ച
പുക മണങ്ങള്‍ക്കിടയിലൂടെ,
കുടുസുമുറിയിലെ തുണിമറച്ച
കട്ടിലുകള്‍ രതിമൂര്‍ച്ചയില്‍
മുരളുന്നതിനു കാതുനല്ക്കി
പിമ്പുകളുടെ ഇടവഴിയില്‍

ഒച്ചയെ ഓര്‍ത്തു മഞ്ഞയും
ചുവപ്പും പൂശി
ഭാംഗ്രയുടെ താളമുറുക്കത്തില്‍
മൊര്‍ഫിന്‍ മണം വിതച്ച
പുരുഷവാര്‍ദ്ധക്യങ്ങളുടെ
ചലിക്കുന്ന ഷോട്ടുകള്‍ക്കിടയിലൂടെ

നഷ്ടപ്പെട്ട കുഞ്ഞാടിനെ
തിരയുന്ന ജോസെഫിന്റെ
പുത്രന്റെമുഖംപേറുന്നു

സിസ്റ്റര്‍ ആഗ്നസ് മാര്‍ത്ത മറിയം

*

അനിതരമായ മുഖഭാഷയിലേക്ക്
ദൃശ്യഭാഷയെ
പരിഭാഷപ്പെടുത്തി
തീപിടിച്ച തെരുവ് വിളക്കിനിപ്പുറം
ഓരോ പള്ളിമണിയടിക്കൊപ്പം
ആര്‍ത്തു വിളിച്ചലറിക്കൊണ്ട്

വീണ്ടും
വീണ്ടും

ആ വൃദ്ധശരീരത്തിലേക്ക്
കഠാര
കുത്തിയിറക്കുന്നു
സിസ്റ്റര്‍ ആഗ്നസ് മാര്‍ത്ത മറിയം….

*

ഇരുട്ട് മഴയെ ഒളിപ്പിക്കാന്‍
പാടുപെടുന്ന അരണ്ട ഒരു ഷോട്ടില്‍
രക്തം വാര്‍ന്നു കിടന്ന
മൃതശരീരത്തിലേക്ക്
സിസ്റ്റര്‍ ആഗ്നസ് മാര്‍ത്ത മറിയം
കാറി തുപ്പുന്നു !!

ത്ഫൂ….
ഒരപ്പന്‍ …. !!!

*

അനന്തരം മഴയില്‍
കഴുകിയെടുത്ത
കത്തി
വെള്ള വസ്ത്രത്തിനടിയില്‍
തിരുകി
‘ഇശോയേ’ എന്ന വിളിയോടെ
കൊന്ത കൈയിലെടുത്തു
മഴയ്ക്കൊപ്പം
ഇരുളിലേക്ക് ഒളിച്ചോടുന്ന
അവസാനത്തെ
ഷോട്ട്.

*

പാള കുത്തി മറച്ച
മേല്‍കൂരയില്‍
തൂങ്ങിയാടുന്ന രണ്ടു കുഞ്ഞു പെണ്‍ ശരീരങ്ങള്‍

തറയില്‍ കുഞ്ഞു മുലയും നാഭിയും
തകര്‍ന്ന് വസ്ത്രമേതുമില്ലാതെ
കിടന്ന പെണ്‍കുട്ടിയുടെ
പേരിന്റെ
ഒരു ഫ്ലാഷ് ബാക്ക് ഷോട്ടില്‍
സിസ്റ്റര്‍ ആഗ്നസ് മാര്‍ത്ത മറിയംവന്നു നില്ക്കുന്നു.

***
‘സിസ്റ്റര്‍ ആഗ്നസ് മാര്‍ത്ത മറിയം എന്ന പെണ്‍കുട്ടി’
എന്ന തിരക്കവിത / സുലോജ്/ 2013