തുടയിൽ വാക്കത്തി കെട്ടിവച്ച വളവില്പനക്കാരി അഥവാ സുൽത്താൻ പറഞ്ഞ കഥ

286

തുടയിൽ വാക്കത്തി കെട്ടിവച്ച വളവില്പനക്കാരി അഥവാ സുൽത്താൻ പറഞ്ഞ കഥ

മലയാളത്തിൽ കഥയെഴുതി സുൽത്താൻ ആയ ഒരാളുണ്ട്.കേരളചരിത്രം,ഇന്ത്യാ ചരിത്രം,ലോകചരിത്രം ഇങ്ങനെ പഴയമട്ടിലുള്ള ചരിത്രപുസ്തകങ്ങളിലും മേലാള ചരിത്രം, ആൺപക്ഷചരിത്രം ആർത്തവാൺപക്ഷചരിത്രം, ,തൊഴിലാളിപക്ഷ ചരിത്രം,തുടങ്ങിയ നവീന ചരിത്രപുസ്തകങ്ങളിലും വാളെടുത്തു മറ്റുള്ളവരുടെ കഥകഴിച്ച് സുൽത്താൻ ആയവരെക്കുറിച്ച് അല്ലാതെ മറ്റുള്ളവരോട് കഥപറഞ്ഞ് സുൽത്താൻ ആയ ആരെയും കാണാൻ കഴിയില്ല.എന്നാൽ അങ്ങനെ ഒരാൾ തലയോലപ്പറമ്പ് എന്ന് സ്ഥലത്ത് ഭൂജാതനായി കാശിരാമേശ്വരം പാണ്ടി മലയാളം ആദിയായ ഭാരതഭൂമി ഒട്ടുമുക്കാലും കറങ്ങിത്തിരിഞ്ഞ് ഒടുവിൽ ബേപ്പൂർ എന്ന സ്ഥലം ആസ്ഥാനമാക്കി ഈ മലയാളനാട് വാണിരുന്നു.
ചെങ്കോലും കിരീടവും പോലീസും പട്ടാളവും എസ്കോർട്ടും പരിചാരകരും ഒന്നുമില്ലാതിരുന്നിട്ടും
സുൽത്താൻ ആയി വാണിരുന്നു.

ചുമ്മാ ഓരോ നുണ പറഞ്ഞു ആളുകളെ വിശ്വസിപ്പിക്കുന്ന പണിക്കാണ് കഥാരചന എന്ന് പറയുക.
ഇദ്ദേഹം നേര് പറഞ്ഞു നുണക്കഥയാക്കും(എന്ന് നൂലൻ എന്ന് സുൽത്താൻ വിളിച്ചിരുന്ന വിശ്വവിഖ്യാതനായ കാഥികൻ പണ്ട് രേഖപ്പെടുത്തി യിട്ടുണ്ട്).നേരേത് നുണ ഏത് എന്ന് തിരിച്ചറിയാൻ പാടാണ്.അറിഞ്ഞിട്ടും ഒരു കാര്യവുമില്ല.ഈ സുൽത്താൻ പണ്ട് പറഞ്ഞൊരു കഥയാണ്.
കഥയുടെ സുൽത്താൻ പറഞ്ഞ കഥ കഥയുടെ വാല്യക്കാരൻപോലും അല്ലാത്ത നമ്മള് നമ്മളുടെ വാക്കുകളിൽ പറയുന്നത് ശരിയല്ല.കഥപ്പുസ്തകം കൈയ്യിലില്ല.ഓർമ്മയും കുറവ്.നമ്മള് പറഞ്ഞത് മറക്കുന്ന നമ്മൾ വല്ലോരും പറഞ്ഞത് നന്നായി ഒർത്തിരിക്കില്ല എന്ന് വായനക്കാർക്ക് അറിയാമെന്നതിനാൽ പറയാം.നമ്മുടെ കാഥികൻ ഒറ്റയ്ക്ക് ഒരു വാടകവീട്ടിൽ ആണ് താമസം.നമ്മൾ ഇപ്പോഴും ഇതിന് മുമ്പ് പലപ്പോഴും ചെയ്തു പോന്നത് പോലെ തന്നെ.പക്ഷേങ്കി ഒരു വ്യത്യാസമുണ്ട്.ഈ കഥികൻ താമസിച്ചിരുന്ന വീട്ടിൽ ഒരു വളവില്പനക്കാരിപ്പെണ്ണു വന്നു. നമ്മളിരിക്കുന്നമാതിരി പ്ലാസ്റ്റിക് കസേരയല്ല.പഴയ തടിക്കസേര.കാഥികന് പഴയ ചാരുകസേരയോടാണ് കമ്പം.നമ്മള് കുട്ടിക്കാലത്ത് അച്ചൻവീട്ടിൽ ഇല്ലാത്ത നേരത്ത് ചാരുകസേരയിൽ കയറി കിടക്കുമായിരുന്നു.അന്നത് ഒരു രസമായിരുന്നു എങ്കിലും ഇപ്പോൾ അത് ഇഷ്ടമല്ല.

കഥയുടെ വിശദാംശങ്ങൾ മറന്ന് പോയതിനാൽ ഞാൻ കാഥികനെ ചാരുകസേരയിൽ ഇരുത്തി.
വളവില്പനക്കാരി തലയിലെ കുട്ട തിണ്ണയിൽ ഇറക്കി വച്ചു. വളവില്പനക്കാരിയുടെ കുട്ട നിറയെ പലനിറത്തിലുള്ള കുപ്പിവളകൾ ,കരിവളകൾ എന്നിവയുണ്ട്. അവൾ അത് എടുത്തു കാണിച്ചിട്ട് ദേ ഈ വള പൊണ്ടാട്ടിക്ക് നല്ല വണ്ണം ചേരും ഒരു ഡസൻ എടുക്കട്ടെ.പെൺകുട്ടികൾ എത്രപേരുണ്ട് എത്രവയസ്സൊക്കെയുണ്ട്? എന്നൊക്കെ ചോദിച്ചു മറുപടിക്ക് കാത്തു നില്ക്കാതെ ചെറിയവളകളും വലിയ വളകളും എടുത്തു ഇവ നല്ല വളകളാണ് എന്നും ഒരു ഡസന് …..ത്ര പൈസയേ വിലയുള്ളൂ.
എന്നും പറഞ്ഞുകൊണ്ടിരുന്നു.

ഇതിനിടയിൽ അവൾ കാഥികന്റെ പൊണ്ടാട്ടിയെയും പിള്ളേരെയുംകുറിച്ചു ചോദിച്ചു. പറഞ്ഞു പറഞ്ഞു അവർ പെട്ടെന്ന് ലോഹ്യത്തിൽ ആയി.കാഥികൻ അവളോട് ചോദിച്ചു “നീ ഒറ്റയ്ക്ക് ഇങ്ങനെ വളയുമായി വീടുകൾ കയറിയിറങ്ങുമ്പോൾ വല്ല കശ്മലൻമാരും നിന്നെ പീഡിപ്പിക്കാനിടയില്ലേ?”(പീഡനം എന്നവാക്ക് കഥയിൽ ഇല്ല.കാലാനുസൃതമായി സഭ്യമായ പത്രഭാഷയിലേക്ക് മൊഴിമാറ്റിയതാണ്). അവൾ പാവാട പൊക്കി കാണിച്ചു.എന്നിട്ട് ചോദിച്ചു. “ദേ ഇത് കണ്ടോ? ഇതെന്തിനുള്ളതാണെന്ന് അറിയുമോ” കാഥികൻ വാപൊളിച്ചിരുന്നുപോയി.

അവളുടെ വെളുത്ത തുടയിൽ ഒരു വലിയ കത്തി തുണികൊണ്ട് കെട്ടി ഉറപ്പിച്ചു വച്ചിരുന്നു. കാഥികൻ ആ കത്തികണ്ടാണ് അത്ഭുതപ്പെട്ടത്.അമ്പടി കേമീ. NB ഇതു വായിച്ചപ്പോൾ മറ്റെന്തെങ്കിലും ആരെങ്കിലും കണ്ടെങ്കിൽ അത് എന്താണെന്ന് ഇവിടെ എഴുതരുത്. അങ്ങനെ കണ്ടതിന് കാഥികനോ,ഇപ്പോൾ ഈ കഥ ഇങ്ങനെ പറഞ്ഞ ഈയുള്ളവനോ ഒരു തരത്തിലും ഉത്തരവാദിയല്ല.അതിനാൽ ആ കാഴ്ച യുടെ ക്രഡിറ്റ്
അത് കണ്ടയാളിനുമാത്രമാണ്.

ഫോട്ടോ ഗൂഗിളിൽനിന്ന് -ഇത് കഥയിലെ വളവില്പനക്കാരിയല്ല.