ഉരുൾപൊട്ടലിൽ അച്ഛനമ്മമാരെ നഷ്ടമായ സുമോദിന്റെ വാക്കുകൾ

0
302

Sumod Bdm എഴുതുന്നു 

ആഗസ്റ്റ് 8 ലെ നശിച്ച രാത്രിയിൽ കവളപ്പാറ ഉരുൾപൊട്ടലിൽ ഞങ്ങൾക്ക് നഷ്ടമായത് അച്ഛനെയും അമ്മയെയും

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം….
ഇതിലും വലിയ നഷ്ടങ്ങളൊന്നും ഇനി ജീവിതത്തിൽ സംഭവിക്കാനും പോകുന്നില്ല.

മണ്ണിടിച്ചിലുണ്ടായി വീട് നിൽക്കുന്ന സ്ഥലത്ത് ഒന്നും അവശേഷിക്കാതെ കുറച്ച് മൺകൂനകൾ മാത്രം ബാക്കിയാക്കിയപ്പോഴും
മണ്ണുമാന്തി യന്ത്രങ്ങൾ മൃതദേഹങ്ങൾക്ക് വേണ്ടി തിരച്ചിൽ നടത്തുമ്പോഴും അവരെവിടെയങ്കിലും ജീവനോടെ ഉണ്ടാകും എന്ന പ്രതീക്ഷ ഏഴാം നാൾ അച്ഛന്റെയും അമ്മയുടെയും മൃതദേഹം പുറത്ത് എടുക്കുന്നത് വരെ ഉണ്ടായിരുന്നു.
ഹിറ്റാച്ചി ഡ്രൈവർക്ക് മണ്ണ് മാന്താനുള്ള സ്ഥലം പറഞ്ഞുകൊടുത്തുകൊണ്ട് ഒപ്പം ഉണ്ടായിരുന്ന എന്റെ കാതിലേക്ക് രണ്ടുപേരുണ്ടെന്നും അത് ഒരു പുരുഷനും സ്ത്രീയും ആണ് എന്ന ശബ്‌ദം പെരുമ്പറ മുഴങ്ങുന്നതുപോലെ വന്ന് പതിച്ചപ്പോഴും അത് അവരാകരുതേ എന്ന പ്രാർത്ഥനയിലായിരുന്നു ഞാൻ

Image result for kavalappara landslideപക്ഷേ ജീവിതത്തിലും ഒപ്പം മരണത്തിലും കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് ഞങ്ങളെ തനിച്ചാക്കി അവർ ഈ ലോകത്തുനിന്നും വിടപറഞ്ഞിരിക്കുന്നു..
എന്റെ കുടുംബത്തിലെ മറ്റെല്ലാവരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് പറഞ്ഞയച്ച് ബാംഗ്ലൂരിലുള്ള എന്നെ അന്ന് ഉച്ചക്ക് ഫോണിൽ വിളിച്ചപ്പോൾ ഇവിടെ ഒരു കുഴപ്പവും ഇല്ല എന്നും അയൽവാസികളൊക്കെ ഇവിടെയുള്ളപ്പോൾ വേറൊരിടത്തേക്കും പോകേണ്ടതില്ല എന്നും എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയാൽ പോകാമെന്നും അച്ഛൻ പറഞ്ഞിരുന്നു.
വൈകിട്ടോടെ മഴ കനത്തപ്പോൾ കുറച്ച് ദൂരെയുള്ള വലിയച്ഛന്റെ വീട്ടിൽ പോയ അമ്മയും അച്ഛനും ഏഴുമണിയോടുകൂടി ഭക്ഷണം കഴിച്ച് തിരിച്ച് വരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് പോയ സമയത്താണ് ഉരുൾ പൊട്ടൽ ഉണ്ടായത്.

Image result for kavalappara landslideഎന്തിനായിരുന്നു നിങ്ങൾ വീട്ടിലേക്ക് തിരിച്ച് പോയത്… ഒരു രാത്രി അവിടെത്തന്നെ താങ്ങാമായിരുന്നില്ലേ…. എങ്കിൽ എന്റെ കുട്ടികൾക്ക് ഞങ്ങളേക്കാൾ ഇഷ്ടമുള്ള അവരുടെ അച്ഛച്ചനെയും അച്ഛമ്മയെയും നഷ്ടപ്പെടുമായിരുന്നോ…….
ഞങ്ങൾക്ക് നിങ്ങളെ നഷ്ടപ്പെടുമായിരുന്നോ…………
ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചല്ലേ ഞങ്ങളെ വളർത്തിയത്…. ഇപ്പോൾ ജീവിതം ഒരു കരക്ക് എത്തിത്തുടങ്ങിയപ്പോൾ അതിൽ പങ്കുചേരാൻ നിങ്ങളില്ലാതെ പോയില്ലേ….
ഇപ്പോഴും ഹൃദയം നുറുങ്ങുന്ന വേദനയിലും നിങ്ങളുടെ സ്നേഹവും കരുതലും ഇടനെഞ്ചിലെവിടെയോ ഒരു തേങ്ങലോടെ കണ്ണുനീരായി ഒഴുകുന്നു……….

ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ഈ പ്രതിസന്ധി ഘട്ടത്തിലും കൂടെ നിന്ന ഒരുപാട് പേരോട് നന്ദിയുണ്ട്.

Image result for kavalappara landslideപ്രതികൂല കാലാവസ്ഥയിൽ തുടക്കത്തിൽ ആശങ്ക ഉണ്ടായിരുന്നെങ്കിലും മൃതദേഹമെങ്കിലും കാണാൻ കഴിയും എന്ന പ്രതീക്ഷ ഇല്ലാത്തിടത്തുനിന്നും രണ്ടാം നാൾ മുതൽ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത സുമോദേ ഇനി എവിടെയാണ് തിരയേണ്ടത് എന്ന് ചോദിച്ച് സ്നേഹത്തോടെ മാത്രം പെരുമാറിയ,
ആവശ്യത്തിലോ അതിൽ കൂടുതലൊ ജെസിബി യും ഹിറ്റാച്ചിയും വേണം എന്നുപറഞ്ഞപ്പോൾ വിട്ടുതന്ന പോലീസ്, അഗ്നിശമന സേനഎന്നിവരോട്………
നിസ്വാർത്ഥ സേവനം നടത്തുന്ന എൻ ഡി ആർ എഫ്, സേന ടീമുകളോട് …..
റെവന്യൂ, ആരോഗ്യ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട്……
ജനപ്രതിനിധികളോട്…..
ഞങ്ങളുടെ പ്രിയപ്പെട്ട mla PV അൻവറിനോട്….
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട്….
ഹിറ്റാച്ചി ഡ്രൈവർ തഞ്ചാവൂരുകാരൻ സുരേഷിനോട്…
അച്ഛന്റെയും അമ്മയുടെയും മൃതദേഹം ഒരു പോറൽപോലും ഏൽക്കാതെ പുറത്തെടുത്ത ആലുവക്കാരൻ സെയ്തിക്കയോടും ടീമിനോടും…..
പോസ്റ്റ്മോർട്ടം നടത്താൻ പള്ളി വിട്ടുതന്ന പോത്തുകല്ലിലെ ജുമാമസ്ജിത് ഭാരവാഹികളോട്…
എടക്കര ശ്മശാന ഭാരവാഹികളോട്…..

Image result for kavalappara landslideഎല്ലാറ്റിലുമുപരി ആരും വിളിക്കാതെ ഒന്നും പ്രതീക്ഷിക്കാതെ ഇതിന് മുൻപ് എന്റെ കവളപ്പാറ എന്ന ഗ്രാമത്തെക്കുറിച്ച് ഒരിക്കൽ പോലും കേട്ടിട്ടില്ലാത്ത കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന ചെറുപ്പക്കാർ…..
പല സംഘടനകളുടെയുംമേൽവിലാസത്തിൽ വന്നവർ..
ഒരു മേൽവിലാസവുമില്ലാതെ നിസ്വാർത്ഥ സേവനം നടത്തിയവർ……
വൈകിട്ട് ചെളിയിൽ കുഴഞ്ഞ കുപ്പായവുമായി തിരിച്ചു പോകുന്നവർ…..
എന്റെ നാട്ടുകാർ…. കൂട്ടുകാർ….. സഹപ്രവർത്തകർ……

മനസ്സിൽ നന്മ വറ്റാത്ത ഞങ്ങളോടൊപ്പം നിന്ന ഞങ്ങളെ ചേർത്തുപിടിച്ച കേരളത്തിലെ സുമനസ്സുകളുടെ സ്നേഹത്തിനും കരുതലിനും മുന്നിൽ ഞങ്ങൾ കണ്ണീർ തുടക്കുകയാണ്

സുമോദ്