✍️സൺ.കെ.ലാൽ
(ഒരു സിനിമ തിയറ്റർ പ്രേമി)
തിയറ്റർ വ്യവസായം സ്തംഭനത്തിലേയ്ക്ക് മലയാള ചിത്രങ്ങൾ കാണാൻ തിയറ്ററിൽ ആള് കയറുന്നില്ല
ലോക് ഡൗൺ പ്രതിസന്ധിയ്ക്ക് ശേഷം പുറത്തിറങ്ങിയ ഏകദേശം മുപ്പതോളം മലയാള സിനിമകൾ കേവലം ഒരാഴ്ച പോലും പിന്നിടാതെ കാഴ്ചക്കാരില്ല എന്ന ഒറ്റ കാരണത്താൽ തിയറ്ററുകളിൽ നിന്ന് പുറത്താകുന്നു. ഇതിൽ ബഹുഭൂരിപക്ഷവും ആദ്യദിവസം തന്നെ കാണികളില്ലാതെ ഷോ നിർത്തി വയ്ക്കേണ്ട സ്ഥിതി വിശേഷം വരികയും ചെയ്തു… പുതുമുഖ താരങ്ങളുടേയും സംവിധായകരുടേയും ചിത്രങ്ങളാണ് കൂടുതലും ഈ പ്രതിസന്ധിക്കയത്തിൽ അകപ്പെട്ടത്.
മുൻപ് ലോബഡ്ജറ്റ് ചിത്രങ്ങൾ പോലും ഒരാഴ്ച വരെ ആവറേജ് നിലവാരം ആണെങ്കിൽ പോലും ആളുകേറുമായിരുന്നെങ്കിൽ ഇന്ന് സൂപ്പർ സ്റ്റാർ ഒഴികെയുള്ള പല പ്രമുഖ താരങ്ങളുടേയും ചിത്രങ്ങൾ ആദ്യ ദിവസം തന്നെ ഹോൾഡ് ഓവർ ആകുന്നു…ഇതിൽ തന്നെ കോടികൾ ചിലവഴിച്ച് പുറത്തിറങ്ങിയ സിനിമകൾ വരെയുണ്ട് എന്നതാണ് വാസ്തവം…
മമ്മൂട്ടി മോഹൻലാൽ സുരേഷ്ഗോപി ഉൾപ്പെടെയുള്ള സൂപ്പർ താരചിത്രങ്ങൾ വരെ ആദ്യദിവസം തന്നെ വൻ ഇനീഷ്യൽ കളക്ഷൻ നേടുകയും, തുടർന്ന് നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് കളക്ഷനിൽ പിന്നോക്കം പോവുകയും ചെയ്യുന്നത് പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു…ഈ കൂട്ടത്തിൽ ജാൻ എ മൻ ഉൾപ്പെടെയുള്ള ചില ലോബഡ്ജററ് ചിത്രങ്ങൾ അട്ടിമറി വിജയം നേടി എന്നതും ശ്രദ്ധേയമാണ്.
KGF2 ,RRR, വിക്രം ഉൾപ്പെടെയുള്ള അന്യഭാഷാ ചിത്രങ്ങൾ നമ്മുടെ തിയറ്ററുകളിൽ നിന്ന് തന്നെ കോടികൾ കളക്ട് ചെയ്ത് ദിവസങ്ങളോളം പ്രദർശിപ്പിക്കുമ്പോൾ അവയുടെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ മലയാള സിനിമകൾ മൂക്ക് കുത്തി വീഴുകയാണ്.കോടികൾ മുതൽ മുടക്കുന്ന അന്യഭാഷാ ചിത്രങ്ങൾ തിയറ്റർ എക്സ്പീരിയൻസിൽ തന്നെ കാണണമെന്ന പൊതു ചിന്ത മലയാളി പ്രേക്ഷകർക്ക് വന്നിരിക്കുന്നു… അതോടൊപ്പം മലയാള സിനിമകൾ ഒരാഴ്ച കൂടി കാത്തിരുന്നാൽ വീട്ടിലെ യമണ്ടൻ തിയറ്റർ പോലുള്ള ടിവിയിൽ ഫാമിലിയോടൊപ്പം ആസ്വദിക്കാമെന്ന കൗതുകകരമായ ഒരു വീക്ഷണവും പ്രേക്ഷകർക്ക് ഇടയിൽ വന്നു കഴിഞ്ഞു..
ഒരു ലക്ഷം രൂപ മുതൽ മുടക്കിയാൽ വീട്ടിൽ വന്നു ഒരു മിനി തിയറ്റർ സെറ്റ് ചെയ്ത് വീട് തന്നെ ഒരു തിയറ്റർ ആക്കി മാറ്റുന്ന നിരവധി കമ്പനികൾ ഇപ്പോ നിലവിലുണ്ട് .. മലയാള സിനിമകൾ കൂടുതലുംOTT വഴി റിലീസ് ചെയ്യുന്നതും ഇതിന് വലിയൊരു കാരണമാണ്…കുറച്ചു പോപ് കോൺ കൂടി സംഘടിപ്പിച്ചാൽ അതും കൊറിച്ച് അവനവൻറെ വീട്ടിൽ തന്നെ ഇരുന്നു ഏറ്റവും പുതിയ മലയാള സിനിമകൾ അതും ദ്യശ്യശ്രവ്യ സുഖത്തിൽ ആസ്വദിക്കാൻ പറ്റിയാൽ പിന്നെങ്ങനെ അവർ തിയറ്ററിൽ വരും.. അഥവാ വന്നാൽ തന്നെയും ഈ മൾട്ടിപ്ലക്സ് യുഗത്തിൽ ചുരുങ്ങിയത് ആയിരം രൂപയെങ്കിലും ഇല്ലാതെ നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് ഒരു സിനിമ കാണാൻ കഴിയില്ല എന്നതും മറ്റൊരു സത്യമാണ്…
അതുകൊണ്ടുതന്നെ കൊടുക്കുന്ന കാശ് മുതലാകുന്ന അന്യഭാഷാ ചിത്രങ്ങൾ കാണാൻ മാത്രം അവർ തിയറ്ററിൽ വരുമെന്ന അവസ്ഥ ആയി….കോവിഡിന് ശേഷം കോടികൾ മുടക്കി നവീകരിച്ച കേരളത്തിലെ പല തിയറററുകളും ഇപ്പോ വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്..വലിയ തുക അഡ്വാൻസ് നൽകി പ്രദർശിപ്പിക്കുന്ന പല മലയാള ചിത്രങ്ങളും കാണാൻ ആളില്ലാത്ത കാരണത്താൽ പ്രദർശനം ക്യാൻസൽ ചെയ്യുന്നത് പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു…
…നമ്മുടെ പരിസരപ്രദേശത്തെ ആറ്റിങ്ങൽ ഉൾപ്പെടെ പോത്തൻകോട് കഴക്കൂട്ടം വെട്ടുറോഡ് കഠിനംകുളം വെഞ്ഞാറമൂട് എന്നിവിടങ്ങളിലെ റിലീസ് സെൻററുകൾ പലതും ഷോ ഇല്ലാത്ത അവസ്ഥയാണ്.. ഒരു സിനിമ റിലീസ് ആകുന്നതും പോകുന്നതും പൊതുജനം അറിയുന്നില്ല..ദ്യശ്യ മാധ്യമങ്ങളിലും പത്രതാളുകളിലും നിറഞ്ഞു നിന്ന ആ പഴയ സിനിമാ പരസ്യങ്ങൾ ഇന്നില്ല.. എന്തിന് സിനിമാ സംബന്ധിയായ ഒരു നല്ല പരിപാടി പോലും ഇപ്പോൽ ടെലികാസ്റ്റ് ചെയ്യാൻ ചാനലുകൾക്ക് പോലും താൽപര്യം ഇല്ലാതായി.ഈ പോക്കുപോയാൽ സിനിമയെ തിയറ്ററിൽ പോയി ആസ്വദിക്കുന്നതൊക്ക പഴങ്കഥയായി മാറും…
OTT സിനിമ തിയറ്ററുകളുടെ നെഞ്ചത്ത് ആണി അടിക്കുമ്പോഴും,OTT എന്ന പൊൻമുട്ട ഇടുന്ന താറാവിനെ കൈവിടാൻ താരങ്ങൾ ഉൾപ്പെടെ ഉള്ള സിനിമാക്കാർ തയ്യാറല്ല..
മുടക്കിയ കാശ് OTT വിറ്റ് കിട്ടുമെങ്കിൽ ഇവിടെ തിയറ്ററിൽ പ്രദർശിപ്പിച്ചു റിസ്ക് എടുക്കാൻ ആർക്കാ താൽപര്യം…. താരങ്ങൾക്ക് അവരുടെ സിനിമകൾ OTT ആയാലും തിയറ്റർ ആയാലും അവർക്കുള്ള പ്രതിഫലം കിട്ടും.. തിയറ്റർ റിലീസ് ചെയ്ത് സോഷ്യൽ മീഡിയയിലെ നെഗറ്റീവ് ക്യാപ്യെൻ ഉണ്ടാക്കി ഉള്ള ഇമേജ് കളയാതെ അവനവന്റെ നിലനിൽപ് സുരക്ഷിതമാക്കാനാണ് അവർക്കും താൽപര്യം..
സിനിമ കാണാൻ ആളില്ലാതെ തിയറ്ററും അത് കൊണ്ട് ഉപജീവനം നടത്തുന്ന ജീവനക്കാരുടേയും ജീവിതം വഴിമുട്ടുന്നത് അവരെയൊന്നും ബാധിക്കുന്ന കാര്യങ്ങളേയല്ല.
നിർമ്മാതാക്കൾക്കും കാശിറക്കി കാശുണ്ടാക്കിയാൽ പോരെ, തിയറ്ററിൽ നിന്ന് തന്നെ അത് വേണമെന്ന് അവർക്കും നിർബന്ധമില്ല…. വലിയൊരു തുകയ്ക്ക് OTT വിറ്റ് പോകുമ്പോൾ തിയറ്ററിൽ രണ്ടു ദിവസം മാത്രം ഓടിയാലും അതവർക്ക് ബോണസ് ആണ്.ഈ ദുരവസ്ഥ ഇനിയും തുടർന്നാൽ സമീപഭാവിയിൽ തന്നെ മലയാള ചിത്രങ്ങളെല്ലാം റിലീസ് ചെയ്യുന്നത് സ്വീകരണമുറിയിലും, അന്യഭാഷാ ചിത്രങ്ങൾ തിയറ്ററിലുമെന്ന സ്ഥിതി വിശേഷം വന്നുചേരും…..
KGF ഉം ബാഹുബലിയും വരുമ്പോൾ പൂരപറമ്പും അല്ലാത്തപ്പോൾ ശവപ്പറമ്പും ആയി ഇനിയും നമ്മുടെ സിനിമ കൊട്ടകകൾ മാറാതിരിക്കട്ടെ. കല്യാണമണ്പങ്ങളായും ഗോഡൗണുകളായും നമ്മുടെ തിയറ്ററുകൾ മാറുന്നത് ഇനിയും കാണാൻ വയ്യ …
********
വിവേക പൂർണമായ ചിന്ത കാരണമാണ് പ്രേക്ഷകരെ തിയേറ്ററുകളിൽ വരാൻ പ്രേരിപ്പിക്കാത്തത്
സിനിമാ പ്രേമികൾക്ക് വായിക്കാം
✍️ Shyju Santhosh
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോക്ഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം ആണ് “🎬മലയാള സിനിമ കാണാൻ തിയറ്ററിൽ പ്രേക്ഷകർ വരുന്നില്ല എന്ന്”.ആദ്യം തന്നെ പറയട്ടെ കാലം ഒരുപാട് മാറി, ഒപ്പം സിനിമ കാണുന്ന പ്രേക്ഷകരുടെ രുചികളും. ഇതൊന്നും മനസ്സിലാക്കാതെ സിനിമ എടുത്താൽ ആരാണ് തിയേറ്ററിൽ പോയി പണം കൊടുത്ത് സിനിമ കാണാൻ ശ്രമിക്കുക.
മുൻകാലങ്ങളിൽ സമയം ചെലവഴിക്കാൻ കൂട്ടുകാരുമായി, കുടുംബത്തിനൊപ്പം തിയേറ്ററിൽ പോയിരുന്നു. അന്ന് മറ്റ് വിനോദ മാധ്യമങ്ങൾ കുറവ് ആയിരുന്നു. എന്നാൽ ഇന്ന് പ്രതിമാസം 250 രൂപ നൽകി ലഭിക്കുന്ന കേബിൾ ടിവി ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന ഏത് ഇടിവെട്ട് പരിപാടി കാണണം എന്ന ചിന്തയിൽ ഇരിക്കുന്ന പ്രേക്ഷകരുടെ മുന്നിൽ പഴയ പഴം ചോറ് കാണിച്ചാൽ തിയേറ്ററിൽ വരില്ല. അതിന് നല്ല അസ്സൽ ബിരിയാണി തന്നെ നൽകണം. അതിന് ഉദാഹരണമാണ് KGF 2, RRR, VIKRAM പോലെ ഉള്ള സിനിമകൾ 25 കോടി മുതൽ 70 കോടി രൂപ വരെ കേരളത്തിൽ നിന്ന് മാത്രം സ്വന്തമാക്കിയത്.
കോവിഡിൻറെ ലോക്ഡൗൺ കാലഘട്ടത്തിൽ സിനിമ കാണുന്ന പ്രേക്ഷകരുടെ രുചികൾ ഒരുപാട് മാറി. അവർ ലോക സിനിമയുടെ രുചികൾ തേടി മറ്റൊരു ലോകം കണ്ടെത്തി.അതിന് ശേഷം തങ്ങൾ നൽകുന്ന മിനിമം ടിക്കറ്റ് ചാർജ് 130 രൂപ മുതലാകുമോ , പെട്രോൾ കാശും സമയവും നഷ്ടപ്പെടുമോ എന്ന് 10 തവണ എങ്കിലും ചിന്തിക്കാൻ തുടങ്ങി. ആ വിവേക പൂർണമായ ചിന്ത ആണ് ഇന്ന് മലയാള സിനിമ കാണാൻ തിയറ്ററിൽ പ്രേക്ഷകർ വരുന്നില്ല എന്ന് പറയാൻ കാരണം. 10 വർഷം മുമ്പ് ഇൻറർനെറ്റ് ദാരിദ്ര്യം അനുഭവിച്ച തലമുറ അല്ല ഇത്. അവർ ഇൻറർനെറ്റിൻറെ സമ്പന്നതയിൽ ആണ്. ഇഷ്ടപ്പെട്ട ലോക സിനിമ കൈയിൽ ഇരിക്കുന്ന സ്മാർട്ട് ഫോണിൽ ലഭിക്കുവാൻ മിനിറ്റുകൾ മാത്രം മതി.
മാത്രമല്ല ജീവിതത്തിൽ പലപ്പോഴും റിസ്ക് എടുക്കാൻ വേണ്ടി ശ്രമിച്ചാലേ വിജയിക്കാൻ കഴിയൂ എന്ന് പല മഹാൻമാരും പറഞ്ഞിട്ടുണ്ട്. അത് പോലെ ആണ് സിനിമയും. വ്യത്യസ്തമായ അവതരണ ശൈലിയും പ്രേക്ഷകരെ തിയേറ്ററിൽ ഇരുട്ടിൽ പിടിച്ച് ഇരുത്താൻ കഴിയുന്ന തിരക്കഥയും എഴുതാൻ റിസ്ക് എടുക്കണം.
അല്ലാതെ വെറും പ്രകൃതി, റിയലിസ്റ്റിക്, ഫീൽ ഗുഡ്, ഡ്രാമ കാറ്റഗറികളിൽ ഉൾപ്പെടുന്ന സിനിമകൾ നിർമ്മിച്ച് മുന്നോട്ട് പോകാൻ ആണ് ഭാവമെങ്കിൽ മലയാള സിനിമയുടെ നെഞ്ചിൽ ചവിട്ടി അന്യഭാഷാ ചിത്രങ്ങൾ ഇവിടെ നിന്നും കോടികൾ കൊണ്ട് പോകും. എന്നും ലോക സിനിമയെ രക്ഷിച്ചിട്ടുള്ളത് വാണിജ്യ സിനിമകൾ തന്നെ ആണ്.
മാസ് സിനിമകൾ മലയാള സിനിമ ഒരുപാട് മിസ് ചെയ്യുന്നു എന്നതിന് ഉദാഹരണമാണ് അന്യഭാഷാ ഇടി പടങ്ങൾ കോടികൾ കേരളത്തിലെ തിയേറ്ററുകളിൽ നിന്നും നേടുന്നത് തന്നെ വലിയ ഉദാഹരണമാണ്. സമീപകാലത്ത് സോക്ഷ്യൽ മീഡിയയിൽ ശക്തി പ്രാപിച്ച ബുദ്ധിജീവി പുഴുക്കൾ ലോജിക്ക് നോക്കി മാസ് സിനിമകളെ പോസ്റ്റ്മോർട്ടം ചെയ്യുന്നത് പേടിച്ച് പിൻമാറി ഇരുന്നാൽ മലയാള സിനിമ ഇങ്ങനെ തന്നെ മുമ്പോട്ട് പോകും. എന്നാൽ മാറി ചിന്തിച്ചാൽ മോളിവുഡിലും നാളെ ഒരു ബാഹുബലി,എന്തിരൻ, KGF പോലെ ഉള്ള സിനിമകൾ സംഭവിക്കും.
കലാം മൂല്യം ഉള്ള സിനിമകൾ മാത്രം കൊണ്ട് ഒരിക്കലും സിനിമാ വ്യവസായം മുന്നോട്ട് പോകില്ല. അതിന് പ്രേക്ഷകരുടെ രുചികൾക്കൊപ്പം സഞ്ചരിക്കണം. അത്തരത്തിൽ സഞ്ചരിക്കാൻ മറന്നത് കൊണ്ട് ആണ് സമീപകാലത്ത് ഇറങ്ങിയ പല മലയാള സിനിമയും ഒട്ടിച്ച പോസ്റ്ററിലെ ഈർപ്പം മാറുന്നതിന് മുമ്പ് തിയേറ്റർ വിട്ടത്.