✍️Sunanda Jayakumar

ബലാത്സംഗം (റേപ്പ്)

ഒരു വ്യക്തി, മറ്റൊരു വ്യക്തിയുടെ പൂർണ സമ്മതത്തോടെയല്ലാതെ നടത്തുന്ന ലൈംഗികമായ സമ്പർക്കത്തെയാണ് ബലാത്സംഗം(Rape) എന്ന് പറയുന്നത്. ബലം പ്രയോഗിച്ചോ ഭയപ്പെടുത്തിയോ നടത്തുന്ന ലൈംഗിക കീഴ്പ്പെടുത്തലുകളെല്ലാം ബലാത്സംഗം ആണെന്ന് പറയാം. ലൈംഗികമായ ആക്രമണങ്ങളേയും, മറ്റ് സമ്മതമില്ലാതെയുള്ള ലൈംഗിക അതിക്രമങ്ങളെയും ബലാത്സംഗമായി കണക്കാക്കുന്നു. വിവാഹബന്ധത്തിന് ഉള്ളിലായാലും ധാരാളം ബലാത്സംഗങ്ങൾ നടക്കുന്നു എന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

ചുണ്ടുകൾ, മാറിടം മറ്റു ശരീരഭാഗങ്ങൾ തുടങ്ങിയവ കടിച്ചു പൊട്ടിക്കുക, മാറിടത്തിൽ ഇടിക്കുക, സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിക്കുക തുടങ്ങി പല രീതിയിൽ ഉള്ള ക്രൂരമായ പീഡനങ്ങൾ ബലാത്സംഗത്തിന് ഇരയാകുന്ന വ്യക്തി അനുഭവിക്കേണ്ടി വരാറുണ്ട്. അതിക്രമത്തിനിടക്ക് പലപ്പോഴും ഇരയ്ക്ക് മരണം പോലും സംഭവിച്ചേക്കാം.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഒരു മുതിർന്ന വ്യക്തി വിവാഹം ചെയ്തോ അല്ലാതെയോ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ട്രാൻസ്ജെൻഡറുകളും ഒരുപോലെ ഇതിന്‌ ഇരയാകേണ്ടി വരാറുണ്ട്.
ചില രാജ്യങ്ങളിൽ ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനായി വ്യക്തിയുടെ സമ്മതം(Consent) എഴുതി വാങ്ങണം എന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. അമേരിക്കൻ നീതിന്യായ കണക്കെടുപ്പ് കാര്യാലയം 1999 -ൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ബലാത്സംഗത്തിനിരയാകുന്നവരിൽ 91% സ്ത്രീകളും, 9% പുരുഷൻ‌മാരുമാണ്. സ്ത്രീകൾക്കിടയിൽ നടത്തിയ മറ്റൊരു സർവ്വേ പ്രകാരം, 2% പേർക്കുമാത്രമാണ് അജ്ഞാതരിൽ നിന്നും ബലാത്സംഗശ്രമം നേരിടേണ്ടി വന്നത്. ഹ്യൂമൻ റൈറ്റ്സ് വാച്ച് സംഘടന നടത്തിയ പഠനപ്രകാരം ഏറ്റവും അധികം പുറത്തറിയാതെ പോകുന്ന ബലാത്സംഗങ്ങൾ ജയിലുകളിൽ നടക്കുന്ന പുരുഷ-പുരുഷ ബലാത്സംഗങ്ങളാണ്.

ലൈംഗിക ആക്രമണം എന്ന വാക്ക് ബലാത്സംഗവുമായി വളരെ അടുത്തുനിൽക്കുന്ന ഒന്നാണ്. ചില അധികാ‍രാതിർത്തികളുടെ നിർവചനം അനുസരിച്ച്, ഒരു പ്രവൃത്തി ബലാത്സംഗം ആകുന്നത് ലിംഗം യോനിയിൽ പ്രവേശിക്കുന്ന സന്ദർഭങ്ങളിൽ മാത്രമാണ്. അല്ലാതെയുള്ളവയെ ലൈംഗിക ആക്രമണങ്ങളായി കണക്കാക്കുന്നു. ചിലപ്പോൾ ഇത്തരം ആക്രമണങ്ങളെ സൂചിപ്പിക്കാൻ “ക്രിമിനൽ ലൈംഗിക സ്വഭാവം” എന്ന പദം ഉപയോഗിക്കാറുണ്ട്. മറ്റു ചിലയിടങ്ങളിൽ പീഡിതന്റെ ശരീരത്തിൽ വസ്തുക്കളുടെ നുഴഞ്ഞുകയറ്റത്തോടെയോ അല്ലാതെയോ ഉള്ള ആക്രമണവും, അതുപോലെ തന്നെ ഏതെങ്കിലും ഒരാളുടെ ലൈംഗിക അവയവം ഉൾപ്പെടുന്ന പ്രവർത്തികളും, ഉദാഹരണത്തിന് വദനസുരതം, ഹസ്തമൈഥുനം തുടങ്ങിയവയും, ബലാത്സംഗമായി കണക്കാക്കപ്പെടുന്നു.

ഏതൊരു ലൈംഗികബന്ധത്തിലും സമ്മതം(Consent) വളരെ പ്രധാനമാണ്. ഉഭയസമ്മതത്തോടെ അല്ലാതെ നടക്കുന്ന ലൈംഗികബന്ധം ഇരയ്ക്ക് പൂർണ്ണമായും ഒരു പീഡനമായി അനുഭവപ്പെടുകയും ചെയ്യും. ബലാത്സംഗവുമായി ബന്ധപ്പെട്ട ഏതൊരു ആരോപണത്തിലും, പീഡിതന്റെ ഭാഗത്തുനിന്നും ലൈംഗികബന്ധത്തിനുള്ള സമ്മതത്തിന്റെ അഭാവം നിർണ്ണായകമാണ്. ഇവിടെ സമ്മതം സൂചിപ്പിക്കണമെന്നില്ല, മറിച്ച് ആരോപണവിധേയമായ സന്ദർഭത്തിലും, പക്ഷക്കാർ തമ്മിലുള്ള ബന്ധത്തിലും സമ്മതത്തിന്റെ ധ്വനി ഉണ്ടായാലും മതി. എന്നുവച്ച് എതിർപ്പിന്റെ അഭാവം മാത്രം സമ്മതത്തിന് തെളിവാവുന്നില്ല.

കുട്ടികൾ, മാനസികവൈകല്യമുള്ളവർ എന്നിവർ ഉൾപ്പെട്ട സന്ദർഭങ്ങളിലും നിയമസാധുതയുള്ള സമ്മതത്തിന്റെ അഭാവം അപര്യാപ്തമാണ്. ഒരിക്കൽ നൽകപ്പെട്ട സമ്മതം എപ്പോൾ വേണമെങ്കിലും പിൻ‌വലിക്കാവുന്നതും, പിൻ‌വലിച്ചതിനു ശേഷമുള്ള ലൈംഗിക പ്രവർത്തനങ്ങൾ ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്നതുമാണ്.

കാരണങ്ങൾ

ബലാത്സംഗത്തിന് സാമൂഹികവും സാംസ്കാരികവും വ്യക്തിത്വപരവും ലിംഗപരവും മാനസികവും ആയ വിവിധ കാരണങ്ങളുണ്ടെന്ന് സമർത്ഥിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ ഇനിയും ഗവേഷണങ്ങളും പഠനങ്ങളും അനിവാര്യമാണ്.

സാമൂഹിക ഘടകങ്ങൾ

ലൈംഗികതയെക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകൾ, ബലം പ്രയോഗിച്ചുള്ള ലൈംഗിക പൂർത്തീകരണത്തെക്കുറിച്ചുള്ള ധാരണകൾ, സ്ത്രീകളുടെ താഴ്ന്ന ലിംഗപദവി (ലിംഗ അസമത്വം), കലാപങ്ങൾ, താഴ്ന്ന നിലവാരത്തിലുള്ള ജീവിതസാഹചര്യങ്ങൾ, ബലാത്സംഗത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ തുടങ്ങിയവ സാമൂഹിക കാരണങ്ങളിൽ ഉൾപ്പെടുന്നു. പുരുഷാധിപത്യ സമൂഹങ്ങളിൽ ഇത്തരം അതിക്രമങ്ങൾ കൂടുതലായി കാണപ്പെടുന്നു. ദുരഭിമാനം, പ്രതികാര മനോഭാവം, വെറുപ്പ്, ലൈംഗികദാരിദ്ര്യം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ബലാത്സംഗത്തിന്റെ പ്രധാന കാരണം മറ്റൊരു വ്യക്തിയുടെ ശരീരത്തിൽ അധികാരവും ബലവും പ്രയോഗിച്ചുള്ള അതിക്രമം ആണെന്നും, ഇത് ഇരയ്ക്ക് മാനസികവും ശാരീരികവുമായ കടുത്ത പരിക്കുകൾ പറ്റാൻ ഇടയാക്കുന്നുവെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം സമൂഹം ഇരയോട് കാണിക്കുന്ന വിവേചനങ്ങളും അവഹേളനങ്ങളും മറ്റൊരു പ്രശ്നമാണ്.

മാനസിക ഘടകങ്ങൾ

ലൈംഗികമായി മറ്റൊരാളെ പീഡിപ്പിക്കുന്നതിൽ ആനന്ദവും സംതൃപ്തിയും കണ്ടെത്തുന്ന ആളുകളിൽ പ്രത്യേകതരം മാനസികാവസ്ഥയും ചിന്താഗതികളും ഉണ്ടായിരിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. വിദഗ്ദ്ധരുടെ നിഗമനത്തിൽ ഇക്കൂട്ടർക്ക് മനോരോഗമോ, മനോവൈകല്യങ്ങളോ, വ്യക്തിത്വത്തിലെ അപാകതകളോ ഉണ്ടായിരിക്കാമെന്നതാണ്. കടുത്ത അക്രമവാസനയും അനന്തരഫലങ്ങളെക്കുറിച്ച് ആലോചിക്കാതെ പ്രവൃത്തികളിലേർപ്പെടുന്നതും ഇക്കൂട്ടരിൽ സാധാരണമാണ്. വൈകാരികമായ ബന്ധങ്ങളിലെ തകർച്ചയും മറ്റുള്ളവരുമായി ഒത്തുപോകുവാൻ കഴിയാത്തതും ഇത്തരക്കാരുടെ പ്രത്യേകതയാണ്. മറ്റുള്ളവരുടെ വേദന മനസ്സിലാക്കുവാനോ, അവരുടെ ഭാഗത്തുനിന്ന് കാര്യങ്ങൾ നോക്കിക്കാണുവാനുള്ള കഴിവോ ഇവർക്ക് കുറവായിരിക്കും. താനെന്തെങ്കിലും തെറ്റു ചെയ്തുവെന്നോ, തന്റെ പ്രവൃത്തിമൂലം ഇരയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നോ ഇവർ ചിന്തിക്കാറില്ല.

ഇത്തരം കാര്യങ്ങൾ പൂർണമായും നിഷേധിക്കുവാനായിരിക്കും ഇവർ താത്പര്യപ്പെടുക. ലൈംഗികമായി മറ്റുള്ളവരെ പീഡിപ്പിക്കുന്നതായുള്ള മനോകല്പനകളിൽ ഇവർ താത്പര്യം കാണിക്കാറുണ്ടെന്നതും വളരെ പ്രാധാന്യമർഹിക്കുന്നു. ഇത് സാഡിസം പോലെയുള്ള മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
അമർത്തിവെച്ച ലൈംഗികവികാരങ്ങൾ, ആഗ്രഹപൂർത്തീകരണത്തിനുള്ള അവസരമില്ലായ്മകൾ തുടങ്ങിയവ ബലാത്കാരങ്ങൾക്ക് വഴിതെളിയിക്കുന്നു. പക്ഷേ, പീഡിപ്പിക്കുന്നവരിൽ ലൈംഗികാസ്വാദനത്തെക്കാളും കീഴടക്കാനുള്ള മനോഭാവമാണ് സാധാരണയായി മുന്നിട്ടുനില്ക്കാറുള്ളത്.

സ്ത്രീകളോട് പൊതുവേ വെച്ചുപുലർത്തുന്ന വെറുപ്പും പകയും പീഡനങ്ങൾക്ക് കാരണമാവാറുണ്ട്. ഇങ്ങനെയുള്ളവർക്ക് സ്ത്രീയെ കീഴ്‌പ്പെടുത്തി, കോപം പ്രകടിപ്പിക്കാനുള്ള മാർഗ്ഗമാണ് ബലാത്സംഗം. ചിലർക്ക് തന്റെ പുരുഷത്വത്തെക്കുറിച്ചുള്ള അതിരുകടന്ന മിഥ്യാധാരണകൾ ബലാത്സംഗം ചെയ്യുവാൻ പ്രചോദനമാകുന്നു. സ്ത്രീകളുടെ വസ്ത്രധാരണരീതിയോ, ചേഷ്ടകളോ തന്നോട് ലൈംഗികബന്ധം പുലർത്താൻ താത്പര്യപ്പെടുന്നുവെന്നതിനുള്ള ലക്ഷണമായി ഇക്കൂട്ടർ തെറ്റിദ്ധരിക്കുന്നു. യൗവനത്തിന് വളരെ മുൻപുള്ള ലൈംഗികചൂഷണങ്ങളും മുതിരുമ്പോൾ മറ്റുള്ളവരെ പീഡിപ്പിക്കാനുള്ള താത്പര്യത്തെ ജനിപ്പിക്കാറുണ്ട്. സ്വയംനിയന്ത്രണം നഷ്ടമാവുന്നതും സാമൂഹികമായ അതിരുകൾ കാത്തുസൂക്ഷിക്കുവാൻ കഴിയാത്തതും ലൈംഗികതയോടുള്ള അമിതമായ അഭിനിവേശവും ഇത്തരക്കാരിൽ സാധാരണമാണ്.

സാംസ്കാരിക ഘടകങ്ങൾ

ചില രാജ്യങ്ങളിൽ ലൈംഗികതയെക്കുറിച്ചു സംസാരിക്കുന്നതുപോലും നിഷിദ്ധമാണ്. അടുത്ത കാലംവരെ ഇന്ത്യയിലും ലൈംഗികപീഡനങ്ങൾ നടക്കുന്നുണ്ടെന്ന് സമ്മതിക്കാനുമുള്ള വിമുഖത പ്രകടമായിരുന്നു.
ചില സമൂഹങ്ങളിൽ ആണിനും പെണ്ണിനും അടുത്തിടപഴകുവാനോ സംസാരിക്കുവാനോ അനുവാദമില്ല. ഇത് എതിർലിംഗത്തിൽപ്പെട്ടവരെ ശരിയായി മനസ്സിലാക്കുവാനുള്ള സാഹചര്യങ്ങളെ കുറയ്ക്കുകയും വികലമായ കാഴ്ചപ്പാടുകളോടെ വളരുവാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. അടിച്ചമർത്തപ്പെട്ട വികാരങ്ങൾ ചിലപ്പോൾ ലൈംഗികാതിക്രമങ്ങൾക്ക് വരെ വഴിതെളിയിച്ചേക്കാം.

സാങ്കേതികവിദ്യയുടെ വളർച്ച

വിവര സാങ്കേതിക വിദ്യയുടെ വളർച്ചയോടെ കൗമാരക്കാരും ചെറിയ കുട്ടികളും ശാസ്ത്രീയമായി ലൈംഗികത എന്താണെന്ന് മനസ്സിലാക്കുന്നതിനു മുൻപുതന്നെ ലൈംഗിക ചിത്രങ്ങൾ കാണുന്നു. ഇത് ലൈംഗികതയെക്കുറിച്ച് തെറ്റായ ധാരണകൾ ഉണ്ടാകാൻ കാരണമാവുകയും കണ്ടതെല്ലാം അന്ധമായി അനുകരിക്കാനുള്ള താത്പര്യം ജനിക്കുകയും ചെയ്യുന്നു. ഇത് ലൈംഗിക കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നു. ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യസത്തിന്റെ അഭാവം ഇവിടെ പ്രശ്നം കൂടുതൽ വഷളാക്കുന്നു

ബലാത്സംഗവും ലൈംഗികതയും

ബലാത്സംഗത്തിന് ഇരയാക്കപ്പെടുന്ന ആളുകളിൽ മിക്കപ്പോഴും ശാരീരികവും മാനസികവുമായ ലൈംഗിക ഉത്തേജനം ഉണ്ടാകാറില്ല. ലൈംഗിക അതിക്രമങ്ങൾ ഇര ആസ്വദിക്കുന്നില്ല. ഇത് സ്ത്രീക്ക് കഠിനവേദനയും പരിക്കും ഉണ്ടാകാൻ കാരണമാകുന്നു. ബലം പ്രയോഗിച്ചു വേഴ്ചക്ക് ശ്രമിക്കുന്ന വ്യക്തിക്കും ശരിയായ ലൈംഗികത ആസ്വദിക്കാൻ സാധിച്ചെന്നു വരില്ല. ഇത് ഇരയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യവും തകരാറിലാക്കുന്നു. ലൈംഗികതയോടുള്ള ഭയത്തിനും ഇത് കാരണമായേക്കാം. ഇത് സ്ത്രീകളിൽ വജൈനിസ്‌മസ്‌ പോലെയുള്ള പ്രശ്നങ്ങളിലേക്കും വഴിതെളിച്ചേക്കാം. സാഡിസ്റ്റ് മനോഭാവം ഉള്ളവരിലും ക്രൂരമായ ബലാത്സംഗം ചെയ്യാനുള്ള താല്പര്യം കാണാറുണ്ട്. ഇതെല്ലാം ഇരയെ മരണതുല്യമായ അവസ്ഥയിലേക്ക് തള്ളിവിട്ടേക്കാം

Leave a Reply
You May Also Like

ആ ലൈവ് വീഡിയോ, ആർക്ക്, എന്ത് കൊടുത്താലാണ് കൊത്തുന്നതെന്ന് കൃത്യമായി അയാൾക്കറിയാം

നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്‌സംഗ കേസ് ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ സാധാരണ…

“ഈ ചെറുപ്പക്കാരൻ്റെ മയക്കുമരുന്ന് ലഹരി ഉപയോഗം വെറും നാല് വർഷം കൊണ്ട് ഈ കുടുംബത്തെ തകർത്തു തരിപ്പണമാക്കി”, അയൽവാസിയുടെ കുറിപ്പ്

മാവേലിക്കര പുന്നമ്മൂട്ടിൽ ആറ് വയസ്സുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. പുന്നമൂട് ആനക്കൂട്ടിൽ…

തിരുവനന്തപുരം പാലോടിനടുത്ത് മൈലുംമൂടെന്ന സ്ഥലത്തെ കുപ്രസിദ്ധിയാര്‍ജ്ജിച്ച സുമതി വളവിന് ആ പേര് ലഭിച്ചത് എങ്ങനെ ?

തിരുവനന്തപുരം പാലോടിനടുത്ത് മൈലുംമൂടെന്ന സ്ഥലത്തെ കുപ്രസിദ്ധിയാര്‍ജ്ജിച്ച സുമതി വളവിന് ആ പേര് ലഭിച്ചത് എങ്ങനെ ?⭐…

1995 ഓഗസ്റ്റ് മുപ്പത്തിയൊന്നിന് ഉമ്മയുടെ കൈ കൊണ്ടു വിളമ്പിയ ചോറുണ്ട് ഉമ്മയോടും വീട്ടുകാരോടുംയാത്ര പറഞ്ഞുപോയ മകൻ ഇപ്പോൾ എവിടെ ?

തിരോധാനത്തിൻ്റെ 27വർഷങ്ങൾ Sanil Vincent 1995 ഓഗസ്റ്റ് മുപ്പത്തിയൊന്നിന് ഉമ്മയുടെ കൈ കൊണ്ടു വിളമ്പിയ ചോറുണ്ട്…