Sunanda Jayakumar
നല്ല രാജ്യങ്ങളിൽ, പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളിൽ പോലീസുകാർ ജനങ്ങളെ തൊട്ടതിനും പിടിച്ചതിനും ആക്രമിക്കുകയോ ഭീഷണി/ അധികാര സ്വരത്തിൽ സംസാരിക്കുകയോ ചെയ്യാറില്ല. അവിടെ പോലീസുകാർ ജനങ്ങളോട് സൗഹാർദ്ദപരമായാണ് സംസാരിക്കാറ്. എന്നാൽ കുറ്റകൃത്യങ്ങൾ നടന്നാൽ അവർ കർശനമായ നടപടി എടുക്കുക തന്നെ ചെയ്യും. പ്രതിയെ കേസ് ചാർജ് ചെയ്തു കോടതിയിൽ ഹാജരാക്കുകയോ നിയമം പറയുന്ന രീതിയിൽ നല്ല തുക ഫൈൻ ഈടാക്കുകയോ ചെയ്യും. ആളുകളോട് എങ്ങനെ പെരുമാറണം എന്നതിൽ അവർക്ക് ശാസ്ത്രീയമായ ട്രെയിനിങ് ലഭിച്ചിട്ടുണ്ടാകും.
അക്രമം കാണിക്കുന്ന ആളുകളെ കയ്യാമം വച്ച് പ്രത്യേക മുറിയിൽ പൂട്ടിയിടും. മാനസിക രോഗികളെ, ലഹരിക്ക് അടിമ ആയവരെ ചികിത്സ കിട്ടുന്ന ഇടങ്ങളിലേക്ക് കൊണ്ടുപോകും. പൊതുവേ ജനങ്ങളെ തല്ലുന്ന പോലീസുകാരെ അവിടങ്ങളിൽ കാണാൻ സാധിക്കില്ല. പലപ്പോഴും കേസുകളിൽ റിപ്പോർട്ട് കൊടുക്കുന്ന ഇതേപറ്റി പഠിച്ച വിദഗ്ദ പ്രൊഫഷണൽ സോഷ്യൽ വർക്കർമാരും മറ്റ് പ്രൊഫഷണൽസും ആയിരിക്കും. അതല്ലാതെ തീരുമാനങ്ങൾ പോലീസ് ഏകപക്ഷീയമായി എടുക്കുന്ന പതിവ് ഇല്ല. പോലീസുകാർക്ക് കേസ് ചാർജ് ചെയ്തു കോടതിയിൽ ഹാജരാക്കുന്ന ജോലി, ആളുകൾക്ക് സെക്യൂരിറ്റി കൊടുക്കുന്ന ജോല ഒക്കെ ആയിരിക്കും. ആ രാജ്യങ്ങളിൽ ക്രിമിനൽ ചെക്ക്, സൈക്കോളജിക്കൽ ടെസ്റ്റ് എന്നിവ കൂടി പാസ്സ് അയാലേ പോലീസിൽ ജോലി കിട്ടൂ.
ക്രിമിനലുകൾ പോലീസിൽ വരുന്നത് ഒഴിവാക്കുവാനും ആളുകളുടെ സേഫ്റ്റി ഉറപ്പ് വരുത്തുവാനുമാണ് അങ്ങനെ ചെയ്യുന്നത്. അതിനാലാവാം ആളുകളുടെ മേൽ മെക്കിട്ടു കേറുന്ന പോലീസുകാരെ ഞാനവിടെ കണ്ടില്ല. പലപ്പോഴും പോലീസുകാരെ ജനങ്ങൾ പേര് പറഞ്ഞോ, ഓഫീസർ എന്നോ അല്ലെങ്കിൽ കോപ്സ് എന്നോ ആവും വിളിക്കുക. പോലീസിനെ കണ്ട് സാർ എന്ന് വിളിച്ചു തൊഴുത് പേടിച്ചു വിറച്ചു നിൽക്കുന്ന ഒരാളെയും ഞാനവിടെ കണ്ടില്ല. എന്നാൽ ഇന്ത്യയിൽ പത്താം ക്ലാസും (ഇപ്പോൾ പ്ലസ് ടു ആണെന്ന് തോന്നുന്നു) ഗുസ്തിയും കഴിഞ്ഞ ഏതൊരു ക്രിമിനലിനും ഓടാനും ചാടാനും അറിയാമെങ്കിൽ പോലീസിൽ ജോലി കിട്ടും.
Psc യുടെ നിയമനരീതി തന്നെ ആശാസ്ത്രീയമാണ്. പിന്നെ നാട്ടുകാരെ നിയമം പഠിപ്പിക്കാനും ഉരുട്ടി കൊല്ലാനും മൂന്നാം മുറ പ്രയോഗിച്ചു നന്നാക്കി എടുക്കാനും ഇക്കൂട്ടർ ഇറങ്ങുകയായി. ഒരിക്കൽ എന്റെ വീടിന്റെ അടുത്തുള്ള കടയുടെ ഫ്രണ്ടിൽ ഇരുന്ന ചെറുപ്പക്കാർ പോലീസ് ജീപ്പ് കടന്നു പോയപ്പോൾ പേടിയോടെ എഴുനേറ്റ് മാടിക്കുത്തിയ മുണ്ട് അഴിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ചിരിച്ചു പോയി. ശാസ്ത്രീയമായ ബോധമുള്ള ഒരു govt അല്ല നമ്മുടെ രാജ്യം ഭരിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.