എന്തുകൊണ്ട് ഞായറാഴ്ച്ച പൊതു അവധി ദിവസമായി ?
Kn Hareesh
യഹൂദ സംസ്കാരം പ്രകാരം ആഴ്ചയിലെ അവസാന ദിവസമായ ശനിയാഴ്ച സാബത്തിന്റെ ദിവസമായിരുന്നു. ആ ദിവസം ദൈവത്തിനു വേണ്ടിയുള്ളതായിരുന്നു. യഹൂദ മതത്തിന്റെ പുറകെ വന്ന ക്രിസ്തു മതത്തിൽ പക്ഷെ ആ ദിവസം പക്ഷെ ഞായറാഴ്ചയായി. ആഴ്ചയിലെ ആറു ദിവസവും ജോലി ചെയ്ത മനുഷ്യൻ അങ്ങനെ ഒരു ദിവസം അവന്റെ വിശ്രമത്തിനും വിശ്വാസത്തിനും വേണ്ടി മാറ്റിവെച്ചു. ബൈബിളിൽ പഴയനിയമത്തിൽ (യഹൂദ മതത്തിലും) ദൈവം ആറു ദിവസം കൊണ്ട് ഭൂമി സൃഷ്ടിച്ചപ്പോൾ, ഏഴാം ദിവസം വിശ്രമിച്ചതായി പറയുന്നുണ്ട്. പിന്നീട് ക്രിസ്തുമതം ലോകം മുഴുവൻ പടർന്നപ്പോൾ അറബ് രാജ്യങ്ങൾ ഒഴികെ ഞായർ ഒഴിവു ദിനമായി. ആളുകൾ പള്ളികളിൽ പോകുവാനും, കുട്ടികൾ വേദപഠനത്തിനും
ഈ ദിനം ഉപയോഗിച്ചു.
ഇന്ത്യയിൽ ക്രിസ്ത്യാനികൾ കുറവാണു എങ്കിലും, ബ്രിട്ടീഷുകാരുടെ ഭരണം ഞായറാഴ്ച അവധിയാക്കി. 1889ലാണ് ഇന്ത്യയിൽ ഞായറാഴ്ച അവധിയായതു. ഇന്ത്യയിലെ ട്രേഡ് യൂണിയൻ മൂവ്മെന്റിന്റെ പിതാവായ നാരായൺ മേഘജി ലോഖണ്ഡേയാണ് ഇന്ത്യയിൽ ഈ അവധി ദിനത്തിന് പുറകിൽ. ജ്യോതി റാവു ഫൂലെയുടെ ശിഷ്യനായിരുന്നു ലോഖണ്ഡേ. 1881 മുതൽ എട്ടു വർഷം ഒരു അവധി ദിനത്തിനു വേണ്ടി അദ്ദേഹം ശ്രമിച്ചു. സാമൂഹിക വിഷയങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കുവാൻ വേണ്ടിയാണു അദ്ദേഹം അവധി വേണം എന്ന് വാശി പിടിച്ചത് . ബ്രിട്ടീഷ് സർക്കാർ അവരുടെ വിശ്വാസ പ്രകാരം ഞായറാഴ്ച അവധി തരികയും ചെയ്തു. ഇന്ത്യയിലെ മിൽ ജോലിക്കാരുടെ അവകാശങ്ങൾ വാങ്ങി കൊടുത്തതും അദ്ദേഹമായിരുന്നു. ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ റാവു ബഹദൂർ എന്ന പദവി കൊടുത്തു ആദരിക്കുകയും ചെയ്തു. എന്നാൽ രസകരമായ കാര്യം എന്താണ് എന്ന് വെച്ചാൽ ഇന്ത്യൻ സർക്കാർ ഇത് വരെ ഞായറാഴ്ച പൊതു അവധി ആയി പ്രഖ്യാപിച്ചിട്ടില്ല. 2012ൽ രമൺ ശർമ്മ എന്ന വ്യക്തി ഈ വിഷയത്തിൽ RTI ഫയൽ ചെയ്തപ്പോഴാണ് ഇത് വ്യക്തമായത്. ബ്രിട്ടീഷ് ഭരണം ബാക്കിയാക്കി പോയതിൽ പെടും ഞായറാഴ്ച അവധിയുo.