സിനിമയിലെ സൗമ്യനും ശാന്തനും തന്നെയാണ് ജീവിതത്തിലും എന്നത് ഈ കഥ വായിച്ചാൽ മനസിലാകും

51

Suniel Kuttan

എൺപതുകളുടെ തുടക്കത്തിലൊക്കെ നസീർസാറിനു കൈനിറയെ പടങ്ങളാണ്. ഡേറ്റ് മൊത്തം പല സംവിധായകർക്കും വീതിച്ചു നൽകി അദ്ദേഹം ഓടി നടന്നു പടം തീർക്കുന്ന കാലം. അന്ന് തിരക്കുള്ള മറ്റൊരു സംവിധായകനാണ് പി ചന്ദ്രകുമാർ. പറഞ്ഞ സമയത്തിനും നേരത്തെ പടം തീർക്കുന്നതിൽ ചന്ദ്രകുമാറിനു പ്രത്യേക മിടുക്കാണ്. പക്ഷേ എയർ ഹോസ്റ്റസ് എന്ന പടത്തിന്റെ ഷൂട്ടിംഗ് മാത്രം ആ പതിവ് തെറ്റിച്ചു.രാത്രിയിലും ഷൂട്ടിംഗ് ചെയ്യേണ്ട അവസ്ഥയായി. രാത്രി പത്തുമണിക്ക് ശേഷമൊന്നും നസീർ സാർ സെറ്റിൽ ഉണ്ടാവാറില്ല. പക്ഷേ അദ്ദേഹം പടം തീർക്കാൻ ആ ക്രമമൊന്നും നോക്കാതെ അങ്ങനെ ഇല്ലാത്ത സമയം കണ്ടെത്തി അഭിനയിക്കുകയാണ്. അന്ന് സത്യൻ അന്തിക്കാട് ചന്ദ്രകുമാറിന്റെ അസിസ്റ്റന്റ് ആണ്.

ഏകദേശം 12 മണി ആയപ്പോൾ ചന്ദ്രൻ നസീറിനോട് ഒരു മണിക്കൂർ കൂടി നിന്നാൽ നമ്മുക്ക് ഒരു സീൻ തീർക്കാം എന്ന് പറഞ്ഞു.അങ്ങനെ എങ്കിൽ സീനൊക്കെ എടുത്തു പാക്കപ്പ് കഴിഞ്ഞു ഉറങ്ങാൻ സമയം ചുരുങ്ങിയത് മൂന്നു നാലു മണി ആവുമല്ലോ എന്ന് നസീർ തിരിച്ചു പറഞ്ഞു, പോരാത്തതിന് രാവിലെ ഷൂട്ടിംഗ് നേരത്തെ തുടങ്ങേണ്ടതുമാണ്. എങ്കിലും അതൊന്നും ആലോചിക്കാതെ നസീർ പറഞ്ഞ സമയം അവിടെ നിന്നുകൊണ്ട് സീനുകൾ തീർത്തു. പോവാൻ നേരം ഇങ്ങനെ പറഞ്ഞു.’അപ്പൊ നാളെ ഒരു ഒമ്പത് മണിക്ക് ആരംഭിച്ചാൽ പോരെ ചന്ദ്രാ ‘എന്ന്. അയ്യോ പറ്റില്ല സാർ ഏഴുമണിക്ക് തന്നെ തുടങ്ങിയാലെ സെറ്റ് പൂർത്തിയാവൂ എന്നും ഞങ്ങൾ ആറുമണിക്ക് എത്തുമെന്നും ചന്ദ്രകുമാറും അദ്ദേഹത്തോട് സൂചിപ്പിച്ചു. ‘നിങ്ങൾ റെഡി എങ്കിൽ ഞാനും റെഡി’ എന്ന് മറുപടി നൽകി അദ്ദേഹം പോയി.

രാവിലെ ലോഡ്ജിൽ സ്റ്റിൽ ഫോട്ടോഗ്രാഫർ മോമിയും സത്യനും ചന്ദ്രനുമൊക്കെ ഒരു റൂമിലാണ് ഉറക്കം. രാവിലെ റൂമിൽ നല്ല പ്രകാശം കണ്ടുണർന്ന സത്യൻ ഞെട്ടിത്തെറിച്ചു വാച്ചിലേക്ക് നോക്കിയപ്പോൾ സമയം എട്ടുമണി. നല്ല ഉറക്കത്തിലായിരുന്ന ചന്ദ്രകുമാറിനെ വിളിച്ചു പൊക്കി എല്ലാരും നൂറിൽ നൂറു സ്പീഡിൽ കുളിയൊക്കെ കഴിഞ്ഞു സെറ്റിൽ എത്തിയപ്പോൾ സമയം എട്ടര കഴിഞ്ഞു.
സ്പോട്ടിൽ എത്തിയ ശേഷം നസീർ സാറെത്തിയൊ എന്നാണ് ആദ്യം ചന്ദ്രകുമാർ ചോദിച്ചത്.’ അദ്ദേഹം കൃത്യം 6.55നു എത്തി വിത്ത്‌ മേക്കപ്പ് ‘ എന്ന സഹപ്രവർത്തകന്റെ മറുപടി കേട്ടപ്പോൾ ചന്ദ്രന്റെ മനസ്സിൽ പേടിയായി.നോക്കിയപ്പോൾ കൈലിയും ബനിയനും ഇട്ടു കസേരയിൽ ഇരുന്ന് ന്യൂസ്‌ പേപ്പർ വായിക്കുകയാണ് നസീർ സാർ.കോപത്തിന്റെ ഉച്ചസ്ഥായിയിലുള്ള ശകാരമോ അല്ലെങ്കിൽ വേറെ ആരെയെങ്കിലും വെച്ച് പടം എടുത്തു തീർക്കേടോ എന്നോ നസീർ പറയുമെന്ന് പ്രതീക്ഷിച്ച് രണ്ടും കല്പിച്ചു ചന്ദ്രകുമാർ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു.

ചന്ദ്രകുമാറിനെ കണ്ട അദ്ദേഹം ചിരിച്ചുകൊണ്ടു ഇങ്ങനെ പറഞ്ഞു.’ഉറങ്ങിപോയി അല്ലെ?. ഞാൻ പറഞ്ഞില്ലേ രാത്രി വൈകി ഷൂട്ട്‌ നിർത്തിയാൽ കാലത്ത് നേരത്തെ തുടങ്ങാൻ പറ്റില്ല എന്ന്. ഓക്കേ സാരമില്ല. നിങ്ങൾ റെഡിയായി വരൂ. നമുക്ക് തുടങ്ങാം ‘….
എത്രയോ സിനിമയിൽ നസീർ സാറിനെ സൗമ്യനായും ശാന്തനായും നമ്മൾ കണ്ടിട്ടുണ്ട്, പക്ഷേ അദ്ദേഹം ജീവിതത്തിലും അതെ സൗമ്യഭാവം കാത്തുസൂക്ഷിക്കുന്നയാളാണ് എന്നു മനസിലാക്കാൻ ഇതിൽ കൂടുതൽ ഒരു ഉദാഹരണത്തിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.
നസീർ സാർ ഇഷ്ടം❤.