പെൺശരീരത്തിൻ്റെ ഹാസ്യാഖ്യാനങ്ങൾ

0
149

Sunil Ce

പെൺശരീരത്തിൻ്റെ ഹാസ്യാഖ്യാനങ്ങൾ

ശരീരം ഭാഷയുടെ രൂപീകരണ മണ്ഡലമാണ്. അവിടുത്തെ ലിപികളാണ് ആംഗ്യചലനങ്ങൾ.അതിനെ പുതിയ ഭാഷയുടെ ചാരുതയാൽ നിലനിർത്തുന്ന ചില ഹാസ്യതാര ശരീരങ്ങളുണ്ട്. ഹാസ്യശരീരത്തിൻ്റെ ജെൻഡർ കള്ളിപ്പെടുത്തുന്നതിനെ തെറ്റിദ്ധരിക്കാനും വിമർശിക്കാനും മാത്രം ഒരുമ്പെടുന്ന ഒരുദൃശ്യഭാഷാ സംസ്കാരം ഇപ്പോഴും നിലനിൽ നിൽക്കുന്നതിനാൽ പെൺശരീരത്തിൻ്റെ
ഹാസ്യാഖ്യാന കലയെ കുറിച്ച് ചില വിചാരങ്ങൾ അനിവാര്യമാണിപ്പോൾ. പെൺശരീരം വെറുമൊരു സുഖാന്ത്യ കാവ്യമല്ല. അതിൽ ഹാസ്യനടന ഭാഷയുടെ സൂര്യതേജസ്സും വേണ്ടുവോളമുണ്ട്. അതിനെ വികസിപ്പിച്ചെടുത്ത പല നടനശരീരങ്ങളെയും മലയാള ദൃശ്യ സംസ്കാരം വേണ്ട വിധം പരിഗണിച്ചു കാണുന്നില്ല. പെൺശരീരത്തിൻ്റെ ഈ ഭിന്നരാഗത്തെ ഉൾക്കൊള്ളാൻ പാകത്തിൽ മലയാളി വളരാത്തതുകൊണ്ടാണ് കൂടുതൽ പെൺ നടന ശരീരങ്ങൾ ഹാസ്യരംഗത്തേക്കു കടന്നു വരാത്തതു പോലും. സ്ത്രീ ശരീരത്തിൻ്റെ സൗന്ദര്യ കലയിൽ മാത്രം ഭ്രമിച്ചു വീഴുന്ന പുരുഷാസ്വാദകർക്ക് പലപ്പോഴും ഹാസ്യ പെൺ ശരീരങ്ങളെ ഉൾക്കൊള്ളാനായിട്ടില്ലെന്നതിൻ്റെ തെളിവായി വേണം ഈ മേഖലയിലെ ദാരിദ്ര്യത്തെ കണക്കാക്കാൻ .

ഹാസ്യകലയിൽ ദർശനത്തിൻ്റെ രഹസ്യ യാഥാർത്ഥ്യം തിരയുന്ന ഒരു ഡിജി മോബിനിടയിൽ ഇപ്പോഴും ചില പെൺശരീരങ്ങൾക്കുപിടിച്ചു നിൽക്കാനാവുന്നെങ്കിൽ അതിൻ്റെ അനുഭവപുഷ്ടിയെ കുറിച്ച് നാം ചില നേരങ്ങളിലെങ്കിലും ചിന്തിക്കേണ്ടതുണ്ട്. മലയാള സിനിമയിൽ ഹാസ്യത്തിൻ്റെ നല്ല അടിസ്ഥാനം ഒരുക്കിയ അഭിനേത്രിയാണ് കൽപ്പന. വെറുതെ മിന്നായം പോലെ സ്ക്രീ നിൽ വന്നു പോവുകയായിരുന്നില്ല അവർ.പല സിനിമകളിലും മുഴുനീള കോമഡി വേഷങ്ങൾ കൽപ്പന കൈകാര്യം ചെയ്തിട്ടുണ്ട്.അതിൻ്റെ നേരിയ ചില ഖണ്ഡങ്ങളെയാണ് ബിന്ദു പണിക്കരെപ്പോലെയുള്ളവർ ഏറ്റെടുത്തത്. പക്ഷെ സ്വഭാവനടന കഥാപാത്ര രൂപീകരണം ഈ നടിയെ ആ സെൻസിബിലിറ്റിയിൽ നിന്ന് ഇതിനകം നാടുകടത്തി കഴിഞ്ഞു.ചിരിയെ ജീവിതത്തിൻ്റെ പരിചയാക്കി മാറ്റിയ ഈ കലാകാരികൾക്ക് ചില തുടർച്ചകൾ ഉണ്ടാകുന്നുണ്ട്. ഹാസ്യനടനം ദൃശ്യഭാഷയിലെഒരു അപകടവിളംബരമല്ലെന്നു തെളിയിക്കുന്ന രണ്ട് ഹാസ്യ കലാകാരികളെകുറിച്ച് പറയാതെ നിവൃത്തിയില്ല.

സുബി സുരേഷ് എന്ന ഹാസ്യ ശരീരം മലയാളിയുടെ ചിരിയുടെ മന:ശാസ്ത്രത്തെ മാറ്റിയെഴുതിയ ഒരു ഹാസ്യ പരിപാടിയായിരുന്നു സിനിമാല. പുരുഷ ചലനങ്ങൾക്കു അമിത സാധ്യതകളുള്ള ഒരു മേഖലയാണ് ബ്രേക്ക് ഡാൻസ്. സുബി സുരേഷ് എന്ന ഇന്നത്തെ ഹാസ്യ ശരീരം ആകെ പഠിച്ചിട്ടുള്ളത് ബ്രേക്ക് ഡാൻസാണ്. ആർമി ഓഫീസർ ആകാൻ മോഹിച്ച ആളാണ് സുബി. പഠിച്ച
ബ്രേക്ക് ഡാൻസ് മെയിൽ ടച്ചോടെ സെൻ്റ് .തെരേസാസ് കോളേജിൽ അവതരിപ്പിച്ച ഒരു ധൈര്യം മാത്രമുള്ള കാലത്താണ് സിനിമാലയിലെ സ്ഥിരം വരുന്ന ഒരു ആർട്ടിസ്റ്റിനു പകരമായി ഒറ്റ എപ്പിസോഡിൽ പെർഫോർമറായി സുബി എത്തിയത്. അതവിടെ അവസാനിപ്പിച്ചു പോരുകയും ചെയ്തു. ആ വേദിയിൽ ടിനി ടോമിൻ്റെ മിമിക്രിയുമുണ്ടായിരുന്നു. ഈ ഒത്തുച്ചേരൽ സുബിയുടെ ലക്ഷ്യങ്ങളെ പൊളിച്ചുപണിയുകയായിരുന്നു. സിനിമാലയിൽ പെൺനടന സാധ്യതയുണ്ടെന്നും , അതിൽ താൽപ്പര്യമുണ്ടോയെന്നും ടിനി ടോം ചോദിച്ചു.

ഇല്ല എന്ന് മറുപടി പറഞ്ഞെങ്കിലും പിന്നീട് സുബി അതു തിരുത്തുകയായിരുന്നു. കാമറയ്ക്കു മുന്നിലെത്തുന്ന ഹാസ്യ പെൺശരീരങ്ങളെ പൊതുവിൽ വിലയിരുത്തികാണുന്നത് എങ്ങനെയെന്ന് സുബി തന്നെ വെളിപ്പെടുത്തുന്നുണ്ട്- വേഷത്തിൽ മോഡേൺ ആവാൻ പാടില്ല. കുറച്ച് വണ്ണവും തടിയുമൊക്കെ വേണം. എങ്കിൽ മാത്രമേ കോമഡി ശരീരഭാഷ പൊട്ടി വരികയുള്ളുവെ-ന്നാണ് മലയാളിയുടെ ഒരു അംഗീകൃത സൗന്ദര്യ നിയമം.പക്ഷെ എല്ലാ ഹാസ്യതാരങ്ങൾക്കുമെന്ന പോലെ കണ്ണീരിൽ കുതിർന്ന ഒരു ജീവിതത്തിൻ്റെ മിച്ചനിക്ഷേപമായിരുന്നു സുബിയുടെ ഹാസ്യകല. അത്തരം ദുരിതങ്ങളുടെ കാലത്തും ഭാവിജീവിതത്തെകുറിച്ച് ചോദിച്ചാൽ സുബി പറയും- ചിരിപ്പിക്കുക ! ചിരിപ്പിച്ച് വശം കെടുത്തുക.ചിരിപ്പിച്ച് കൊല്ലുക .പക്ഷെ ചിരി നിർമ്മിതിക്കു പിന്നിലും ഒരു സ്ത്രീ ശരീരത്തിൻ്റെ കണ്ണീരുപ്പുണ്ട്.

അഞ്ജന എന്ന നർത്തകി കോമഡി സ്റ്റാറായപ്പോൾ ക്ലാസിക്കൽ നൃത്തം അഭ്യസിച്ച അഞ്ജനയാണ് പിന്നീട് കോമഡി താരമായി നമുക്ക് മുന്നിലേക്കെത്തിയത്.സ്റ്റേജ് ഷോകളുടെ സൗകര്യാർത്ഥം ക്ലാസിക്കൽ നൃത്തച്ചുവടുകളിൽ നിന്ന് അഞ്ജു സിനിമാറ്റിക്കിലേക്ക് മാറ്റുകയായിരുന്നു. ” ലൗ മാര്യേജ് “എന്ന കോമഡി സീരിയലിലെ വേലക്കാരിയുടെ വേഷം അഞ്ജനയിലെ ഹാസ്യാംശത്തെ മോൾഡു ചെയ്യുകയായിരുന്നു.മലയാളിയെ ചിരിയുടെ ഔഷധവീര്യത്താൽ ആയുസ് നീട്ടിപ്പിച്ച കോമഡിയും മിമിക്സും പിന്നെ ഞാനും പോലെയുള്ള പരിപാടികളിലൂടെ അഞ്ജനയിലെ ആ ക്ലാസിക്കൽ നർത്തകി പിൻവാങ്ങുകയായിരുന്നു.”എൽസമ്മ എന്ന ആൺകുട്ടി “യിൽ എൽസമ്മ ഉപദ്രവിക്കുന്ന മദ്യപാനിയുടെ ഭാര്യയായി വെറും മൂന്നു സീനുകളിലെത്തിയത് അഞ്ജനയാണ് .ഈ കലാകാരി ഇങ്ങനെയാണ് കോമഡി സ്ക്രീൻ ജീവിതത്തെ വിലയിരുത്തുന്നത് – എൻ്റെ വീട്ടുകാരാണ് പിൻബലമരുളുന്നത്. ഞാൻ ചെയ്യുന്നത് കോമഡിയാണ്, അതിനൊരു വിലയുമില്ല എന്ന രീതിയിൽ അവർ എന്നോട് പെരുമാറിയിട്ടില്ല. പെൺശരീരത്തിൻ്റെ ഹാസ്യാഖ്യാനങ്ങൾ വില കുറച്ചിടുന്ന ഒരു മലയാളി നമ്മുടെയുള്ളിലുണ്ട്.

അനുബന്ധം

ചില ത്യാഗം ചെയ്യലുകളാണ് ഹാസ്യ പെൺ ശരീരങ്ങളെ നമ്മുടെ ചിരിയുടെ കൊളുത്തഴിക്കാനുള്ള മീഡിയങ്ങളാക്കി തീർക്കുന്നത്. അവരുടെ ഉളള് നീറിപ്പുകയുമ്പോഴും നമ്മുടെ ദു:ഖങ്ങളെ തണുപ്പിക്കാനുള്ള ഹാസ്യരസങ്ങൾ അവരുടെ ശരീര ഭാഷ നമുക്ക് കൊണ്ടു തരും. ഒരു ആർമി കേഡറ്റാകാൻ മോഹിച്ച സുബി സുരേഷും ഒരു ക്ലാസിക്കൽ നർത്തകിയാകാൻ കൊതിച്ച അഞ്ജനയും തങ്ങളുടെ ലക്ഷ്യങ്ങളെ കുരുതി കൊടുത്തിട്ടാണ് മിനി സക്രീനിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും നമ്മെ ആനന്ദത്തിൽ കൊണ്ടു നിർത്തുന്നത്.അതുകൊണ്ടുതന്നെ ഇവിടുത്തെ മുഖ്യധാരാ നായികതാരങ്ങൾക്കു നൽകുന്ന ആദരവ് ഹാസ്യത്തിൻ്റെ പുതിയ ഭാഷ്യങ്ങൾ ഒരുക്കുന്ന
ഇത്തരം ഹാസ്യ ശരീരങ്ങൾക്കും കൊടുത്തേ മതിയാകൂ.