ഭരണകൂടത്തിന്റെ മർമ്മം പിളർക്കുന്ന കാര്യങ്ങളുണ്ടായാൽപ്പോലും ഈ ദുരന്തകാലത്താണോ രഷ്ട്രീയം കളിക്കേണ്ടത് ?

0
42

Sunil Ce

“രാഷ്ട്രീയ വഴക്കുകൾ “

എല്ലാ വഴക്കുകളും അസ്ഥിരമാണ്. പക്ഷെ അവ ഹൃദ്യമായ മുന്നറിയിപ്പുകളാണ്. പല വഴക്കുകളും നിലനിൽപിനു വേണ്ടിയുള്ളവിലാപങ്ങളാണ്. വ്യത്യസ്ത രാഷ്ട്രീയ ശിക്ഷണം കിട്ടിയ നമ്മുടെ രാഷ്ട്രീയക്കാർ കൊറോണക്കാലത്തും ചിന്താപരമായ ചില ഏറ്റുമുട്ടലുകളുമായി മാധ്യമങ്ങൾക്കു മുമ്പിൽ എത്തുന്നുണ്ട്. പക്ഷെ ചിലരുടെ ഒച്ചകളിൽ മുഴങ്ങി നിൽക്കുന്നത് സ്വന്തം രാഷ്ട്രീയ ഭാവിയെ ചൊല്ലിയുള്ള അങ്കലാപ്പാണെന്ന് തിരിച്ചറിയാൻ ഒരു തൃക്കണ്ണിന്റെ ആവശ്യമില്ല. ശരീരത്തിൽ പറ്റിച്ചേർന്നു കിടക്കുന്ന ഖദറിനു പുറത്തേക്ക് ശുദ്ധിയുള്ള രാഷ്ട്രീയ പ്രസ്താവനകൾ ഇറങ്ങി വരാതെയിരിക്കുമ്പോൾ അത് ഒരു പൊതു-വഴക്കായി മാറും. അപ്പോൾ എണ്ണിയാലൊടുങ്ങാത്ത ട്രോൾരൂപങ്ങളുണ്ടാവും. വിമർശനങ്ങളുടെ അമ്പു പെരുന്നാൾ നടക്കും.

ഒരു ശരാശരി രാഷ്ട്രീയാനുഭാവ ശരീരത്തിന്റെ ചേതനയിൽ അഗാധമായ മുറിവുണ്ടാക്കുന്ന മനുഷ്യവൈറസിന്റെ കാലത്തും അസംതൃപ്തികളുടെ പ്രേരണകളുമായിട്ടാണ് നമ്മുടെ രാഷ്ട്രീയനേതാക്കൾ താർക്കികമായ കരുത്ത് ആർജ്ജിക്കുന്നത്. ഇത് കൊവിഡ് 19 വൈറസിനേക്കാൾ മാരകമാണ്. ഇടിമിന്നലിന്റെ വെളിച്ചമേ പല വഴക്കുകൾക്കുമുള്ളുവെന്നറിയാവുന്ന മാധ്യമ പ്രവർത്തകർ സകല തലങ്ങളിലും വ്യാപിച്ചു നിൽക്കുന്ന അവരുടെ ചെറിയ വഴക്കുകളിലേക്ക് എരിവിന്റെ എണ്ണ പിഴിഞ്ഞൊഴിക്കുമ്പോഴും ആ വഴക്കുകൾ അവിടെ അവസാനിക്കുകയും , രാഷ്ട്രീയക്കാരന്റെ രക്തം ഊറ്റിക്കുടിക്കുന്നഅട്ടകളായി അവർ ഒടുങ്ങുകയും ചെയ്യുന്നു.

പക്ഷെ ഇടപെടൽ കൊണ്ട് ജനഹൃദയങ്ങളിൽ നവ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ചില രാഷ്ട്രീയ നേതാക്കളുമുണ്ട്‌. ഇപ്പോൾ നടക്കുന്ന കൊറോണ അതിജീവന പ്രവർത്തനങ്ങൾ തങ്ങളുടെ രാഷ്ട്രീയഭാവിക്ക് വെല്ലുവിളിയാകുമെന്ന് തിരിച്ചറിയുന്ന പ്രതിപക്ഷത്തിലെ (എല്ലാവരുമല്ല) ചിലർ ബഹളം കൂട്ടുമ്പോൾ അതിനെ തണുപ്പൻ മട്ടിൽ ഉൾക്കൊള്ളാൻ ഭരണകൂടത്തിനു കഴിയുന്നെങ്കിൽ , അത് രാഷ്ട്രീയ സാക്ഷരതയുടെ വിജയം തന്നെയാണ്. ഇവിടുത്തെ ഒരു രാഷ്ട്രീയ പ്രവർത്തകന്റെ ശബ്ദകോശത്തിൽ നിന്നും പക്ഷെ ഇപ്പോൾ പുറത്തുവരേണ്ടവയല്ല വന്നുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റർ ബിരുദം എടുക്കേണ്ട ആവശ്യമില്ല.

ഭരണകൂടത്തിന്റെ മർമ്മം പിളർക്കാൻ ഉതകുന്ന കാര്യങ്ങൾ ഉണ്ടായാൽപ്പോലും (if at all) അതിനെ ചോദ്യങ്ങളുടെ മുൾമുനയിൽ നിർത്തേണ്ടത് ഈ ദുരന്തകാലത്താണോ? ഖദറിനുള്ളിൽ ധീരമായ ചിന്തയുടെ തിളക്കമുള്ളവരും പ്രതിപക്ഷത്തുണ്ട്. വൈദ്യ രംഗത്തുള്ള ഡോ.എം.കെ.മുനീർ സംസാരിക്കുന്നതു പോലെ അനാട്ടമിയെയും ബയോളജിയെയും ആൻറി വൈറസിനെയും
ഒക്കെ കുറിച്ച് സംസാരിക്കാനും സംശയദുരീകരണം നടത്താനും എല്ലാവർക്കുമാകുമോ? പന പോലെ വളർന്ന ഒരു രാഷ്ട്രീയ ശരീരം ഒരു ഔചിത്യവുമില്ലാതെ ഭരണകൂടത്തെ എതിർക്കുമ്പോൾ അവിടെ എന്തോ ചില വ്യാകരണ പിശകുകൾ ആവർത്തിക്കുന്നുണ്ട്. ഓഖി,നിപ ,രണ്ടു പ്രളയങ്ങൾ, കൊറോണ എന്നു തുടങ്ങി ഒരുപാട് പ്രശ്നങ്ങളെ അതിജീവിക്കാൻ ഒരു സർക്കാർ നിയുക്തമായെങ്കിൽ അതിനെ ആലോചനയുടെ ഉയരങ്ങൾ കൊണ്ട് പിൻതാങ്ങുകയാണ് വേണ്ടത്.

കേന്ദ്ര ഭരണകൂടവും കേരളത്തോട് കാട്ടുന്നത് അനീതിയാണ്. അതിനു പിന്നിലും രാഷ്ട്രീയവഴക്കിന്റെ മുഖമാണ് തെളിയുന്നത്. കേരളത്തിന്റെ കാര്യം വരുമ്പോൾ പ്രാവിന്റെ ഭാവനയും ഗുജറാത്തിന്റെ കാര്യത്തിൽ ഗരുഡഭാവനയുമുളളയാളാണ് പ്രധാനമന്ത്രി . ഇന്ത്യയിലെ കക്ഷിരാഷ്ട്രീയത്തിന്റെ തർക്ക ങ്ങൾക്ക് കൈയോടെ ഉത്തരം തരാനുള്ള പ്രാദേശിക നേതാവുമാത്രമായി( ചിലപ്പോഴൊക്കെ) പ്രധാനമന്ത്രി ചുരുങ്ങിപ്പോകുന്നുവെന്നുസാരം. അദ്ദേഹം ബി.ജെ.പിയുടെ മാത്രം പ്രധാനമന്ത്രിയാണ്. ഹൈന്ദവ രാഷ്ട്രീയത്തിന്റെ പ്രചാരക ഇരകളുടെ പ്രധാനമന്ത്രിയാണ്. അല്ലാതെ മതേതര ഇന്ത്യയുടെ പ്രധാനമന്ത്രിയല്ല.

കെ.എം.ഷാജിയെ പോലുള്ള ക്ഷുദ്രജീവികൾ നടത്തിയ പ്രസ്താവനയൊക്കെ ബാലിശമായിപ്പോയി. കേരളാ മുഖ്യമന്ത്രി ബഹു. പിണറായി വിജയൻ മഴുവെറിഞ്ഞിട്ടല്ല കേരളം ഉണ്ടായതെന്നൊക്കെ പറയുമ്പോൾ, ഷാജിയിലെ ചരിത്ര നിരക്ഷരനാണ് പുറത്തു വരുന്നത്. സ്വന്തം ദേശത്തെക്കുറിച്ച് ഒരു ഡ്രീം ഇല്ലാത്തവന്റെ മർദ്ദക ഭാഷയാണിതൊക്കെ.ബുദ്ധിപരമായ ജീവിതത്തിന്റെ സുപ്രധാന ഭാഗമാണ് ഭാഷ. കുരങ്ങിൽ നിന്നും ഇതുവരെ പരിണാമരൂപത്തിലെത്താത്തവർ അതിനെവിനിയോഗിക്കുമ്പോൾ അത് അർത്ഥ പ്രഭയില്ലാത്ത വാക്കുകളായി സ്വയം ഒടുങ്ങിക്കോള്ളും. ബെൻ ഓക്രിയുടെ “A time for New Dreams എന്ന പുസ്തകത്തിന്റെ അവസാന പുറത്തിൽ ഒരു പൊയറ്റിക് ഡിക്ഷനുണ്ട്:
And out of the wilderness
The songbird sang:
Nothing is what it seems
This is a time for new dreams.
കൊറോണക്കാലം രാഷ്ട്രീയ വഴക്കുകൾക്ക് വളവും തീറ്റയും നൽകാനുള്ളതല്ല.പുതിയ വികസന സ്വപ്നങ്ങൾ ഡിസൈൻ ചെയ്യാനുള്ളതാണ്. ബെൻ ഓക്രി ആഫ്രിക്കയ്ക്കു വേണ്ടി സ്വപ്നം കണ്ടതുപോലെ നമ്മുടെ രാഷ്ട്രീയ നേതാക്കൾ നമ്മുടെ ദേശത്തിനു വേണ്ടി സ്വപ്നം കാണാൻ ബാധ്യസ്ഥരാണ്. സച്ചിദാനന്ദന്റെ “നിൽക്കുന്ന മനുഷ്യൻ ” എന്നൊരു രാഷ്ട്രീയ കവിതയുണ്ട്. അതു
ലോകത്തിലെ നിലവിലുള്ള ഏതൊരു രാഷ്ട്ര നേതാവിന്റെയും ആന്തരിക നഗ്നതയെയാണ് വെളിപ്പെടുത്തുന്നത്. അതുദ്ധരിച്ചാൽ എല്ലാ രാഷ്ട്രീയ വഴക്കുകളും അസ്ഥിരമാകേണ്ടവയാണെന്ന തത്വദർശനമാണ് കൺപോള പൊളിച്ചെത്തുന്നത്. ഒരു മനുഷ്യൻ നിൽക്കുന്നു നിശ്ചലം, നിശ്ശബ്ദം,പ്രകടനങ്ങൾ നിരോധിച്ച പാർക്കിൽ അയാൾ എങ്ങും പോകുന്നില്ല എങ്ങോട്ടും വരുന്നില്ല അയാളുടെ മുന്നിലൂടെ ലോകം കടന്നു പോകുന്നു അയാളുടെ പിന്നിലൂടെ കാലം കടന്നു പോകുന്നു. രണ്ടിനും ഒത്ത നടുവിൽ അയാൾ, കൊടിയില്ലാതെ മുദ്രാവാക്യങ്ങളില്ലാതെ നിശ്ചലം , നിശ്ശബ്ദം പ്രകടനങ്ങൾ നിരോധിച്ച പാർക്കിൽ .സൂര്യൻ നീങ്ങുന്നതിനോടൊപ്പം ലോകം നീങ്ങുന്നു.

ഒരാൾ നൂറാളാകുന്നു നൂറാൾ ആയിരമാളാകുന്നു അവർ നിൽക്കുന്നു കീശയിൽ കയ്യിട്ട്, വെറുതെ, നിശ്ചലം, നിശ്ശബ്ദം. ഇതൊരു രാജ്യമാണ് അനീതിയോട് എതിരിടുന്ന ഒരു രാജ്യം സ്വേച്ഛാധിപതികൾക്കെതിരെ നിലയുറപ്പിച്ച ഒരു രാജ്യം ഭാവിയുടെ തിളങ്ങുന്ന ഒരു തുണ്ട്. ഒരു മനുഷ്യൻ നിൽക്കുന്നു, നിശ്ചലം,നിശ്ശബ്ദം. സൂര്യൻ അയാളെ ചുറ്റുന്നു. നിരോധിച്ച ഒരിടത്ത് ഒറ്റയ്ക്ക് നിൽക്കുന്ന മനുഷ്യനാണ് കവിത. നമ്മെ ഒരു വിഷാദ തത്വചിന്തയിലേക്ക് നയിക്കുന്ന ഈ കവിത നാം ജീവിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയുടെ ഭൂപട രേഖയാണ്.ദേശമേ ദേശമേ എന്ന് ആവർത്തിച്ച് ഉച്ചരിക്കുന്നിടത്തു മാത്രമേ രാഷ്ട്രീയ വഴക്കുകൾ അസ്ഥിരമാകുകയുള്ളൂ.!