“ജല്സയും ട്രാൻസ്ജെൻഡറിസവും “

145

Sunil Ce എഴുതുന്നു

“ജല്സയും ട്രാൻസ്ജെൻഡറി സവും “

നിലനില്പിന്റെ വിഷമാവസ്ഥയാണ് പുതിയ മനുഷ്യന്റ പ്രശ്നം. അതു പ്രതീകങ്ങളിലൂടെയുള്ള ഒരു അപഗ്രഥനം ആവശ്യപ്പെടുന്നു. ഏതെങ്കിലും ചിന്താപദ്ധതിയിൽ പൂർണ്ണമായും ഒതുങ്ങിക്കൂടാൻ സാധിക്കാതെ വരുന്ന ചില മനുഷ്യരുണ്ട്. അവർ നിലനിൽക്കാൻ വേണ്ടി പാഞ്ഞു ജ്വലിക്കുന്നവരാണ്. അപ്പോൾ ജീവിതം അണഞ്ഞുപോകാതിരിക്കാൻ അവർ രക്തത്തിലേക്ക് തങ്ങൾക്കിഷ്ടപ്പെട്ട ജെൻഡറിന്റെ ജീനുകളെ അയയ്ക്കുന്നു. അതിനവർ ഒരുപാട് വിപത്തുകൾ നിറഞ്ഞ അനാട്ടമിക്കൽ എഡിറ്റിങ്ങിലൂടെ കടന്നുപോകുന്നു. അങ്ങനെ അവർ സമൂഹത്തിലെ / ചരിത്രത്തിലെ കേന്ദ്ര വ്യക്തികളാവാനുള്ള ജീവിത പരീക്ഷ എഴുതുന്നു. ട്രാൻസ്ജെൻഡേഴ്സിന്റെ ഇത്തരം സാന്നിദ്ധ്യപ്പെടുത്തലിനെ നാം ഗൗരവമായി കാണേണ്ടതുണ്ട്. അല്ലാതെ രോഗാതുരമായ സംസ്കാരമായിട്ടല്ല വിലയിരുത്തേണ്ടത്.

ഒരു പുരുഷനിലെ സ്ത്രൈണാരോഗ്യം എന്നെന്നേക്കുമായി സ്ത്രീത്വം എന്ന കത്തിമുനയുടെ കീഴിലാക്കാൻ അനിവാര്യമായ അനേകം കാരണങ്ങൾ ഉണ്ട്. ചെറുപ്പത്തിൽ അവരുടെ ഹൃദയത്തിൽ പിടഞ്ഞു വീണിട്ടുള്ള മുറിപ്പെടുത്തുന്ന അനുഭവങ്ങളുണ്ടായേക്കാം. അവരുടെ വേദനയുടെ നാദത്തിൽ നിന്നുമാണ് വിപുലമായ ഈ ചരിത്രം ശരീരമെടുക്കുന്നത്. മനുഷ്യരുടെ രൂപ വൈചിത്ര്യങ്ങൾ പരിശോധിച്ചു നോക്കുന്നതിൽ സദാ തൽപരരാണ് മലയാളികൾ.മാതൃകയില്ലാത്ത ഈ അന്വേഷണവും സ്ഥാപിക്കലും യാഥാർത്ഥ്യദർശനത്തിലേക്കല്ല പക്ഷെ നയിക്കുന്നത്. അവരുടെ ആന്തരസത്ത നിരാർഭാടമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. ബാഹ്യമായി ഒരുപാട് കുരുക്കുകളിലൂടെയാണ് അവർ കടന്നു പോകുന്നത്. സ്വദേശത്ത് ഇനി അവർ പ്രവാസികളെപ്പോലെ കഴിയേണ്ടതില്ലെന്നതിന്റെ സാക്ഷ്യമായി കുറച്ചധികം ആചാരങ്ങൾ അവർക്കുണ്ട്. സമകാലിക സാമൂഹ്യ ചേതനയിലെ നടുക്കങ്ങൾ അനുഭവിച്ചുകൊണ്ടാണ് അവർ അത്തരം ആചാരങ്ങൾ നടത്തി വരുന്നത്. ആയതിനാൽ “ജല്സ പൂജ ” എന്ന ആചാരവിശേഷത്തെയും തീക്ഷ്ണമായ യുക്തിവിചാരങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്.

ജല്സ പൂജയെക്കുറിച്ച് ഒരു ഖണ്ഡിക

ഏതെങ്കിലും ഒരു ആചാര വീക്ഷണം ഭദ്രമാണെന്ന് അതിന്റെ എതിരാളികൾ സമ്മതിച്ചതായി സാംസ്കാരിക വീക്ഷണങ്ങൾ ഒന്നും തന്നെ പറയുന്നില്ല. അതുകൊണ്ടുതന്നെ ജല്സയും സ്വീകൃതമാകാൻ (കേരളത്തിൽ) കാലങ്ങൾ ഏറെയെടുത്തേക്കാം .അതിശയോക്തി അൽപവും ആവശ്വമില്ലാത്ത ജല്സ എന്ന ആചാരത്തെ ട്രാൻസ്ജെൻഡറിനെ സ്വീകരിക്കുന്നതു പോലെ തന്നെ മലയാളി സ്വീകരിച്ചേ മതിയാകു.സ്വത്വത്തിന്റെ ഭ്രാന്തമായ ആഴത്തെ തിരിച്ചറിയുന്ന ഒരാൾ ഹൃദയത്തിന്റെ നാവുകൊണ്ട് സംസാരിച്ചു തുടങ്ങുമ്പോൾ നാം അയാളെ പുറത്തിരുത്തേണ്ടതില്ലെന്ന് ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി തീരുമാനിക്കുകയാണ്.ഒരു പുരുഷൻ സ്ത്രീരൂപം (ഓദ്യോഗിക ചടങ്ങുകൾ) എടുക്കാൻ നാൽപത്തിയൊന്നുനാൾ വ്രതമെടുക്കുകയും അതിനു ശേഷം പച്ച സാരിയും നീല ബ്ലസും ധരിച്ച്, ശിരസ്സിൽ ഒരു ചെറു കുടം പാലുമായി കടൽക്കരയിൽ എത്തുന്നു.കുടത്തിലെ പാൽ മൂന്നു തവണകളിലായി കടൽ ജലത്തിലേക്ക് ലയിപ്പിക്കുന്നു. എന്നിട്ട് അതേ കുടത്തിൽ കടൽജലം എടുക്കുകയും കടലിലേക്ക് കലർത്തുകയും ചെയ്യുന്നു.എന്നിട്ട് കടൽ ജലത്തിൽ മുങ്ങിനിവരുന്നു. തിരികെ ആ സമൂഹത്തിലേക്ക് വന്ന് ഉടുത്തിരുന്ന സാരി വലിച്ചുരിഞ്ഞ് പിറകിലേക്ക് വലിച്ചെറിയുന്നു. അങ്ങനെ പുരുഷത്വം എന്ന അംഗബലത്തെ ഉപേക്ഷിക്കുകയും സ്ത്രീത്വത്തിന്റെ പോട്രയ്റ്റ് ഒപ്പിയെടുക്കുകയും ചെയ്യുന്നു. ട്രാൻസ്ജെൻഡേഴ്സിനെ ഉൾക്കൊള്ളുന്ന പലരും ജല്സ എന്ന പുജയെ നിരാകരിക്കുന്നതാണ് നാം കാണുന്നത്. എല്ലാ ഭക്താനുഷ്ഠാങ്ങൾക്കും യുക്തിയുള്ളതു പോലെ ഈ ആചാരത്തിനും യുക്തിയുണ്ട് എന്നു മാത്രം തിരിച്ചറിയുക.

അനുബന്ധം

ആരുടെയും അകമ്പടി കൂടാതെ ലിംഗമാറ്റത്തിന് പശ്ചാത്തലാർത്ഥമാകുന്ന ഒരു ട്രാൻസ്ജെൻഡർ ജീവിതത്തിന്റെ രണ്ടാം അദ്ധ്യായം ആരംഭിക്കുന്നത് ശരിക്കും ജല്സ പൂജയിലൂടെയാണ്. ചുറ്റുമുള്ള കൂരിരുട്ടിൽ നിന്നും ആത്മശക്തിയിലൂടെ തേജസ്സ് കടഞ്ഞെടുക്കാൻ അവർ നടത്തുന്ന ഈ ആചാരത്തെ നിഷേധിച്ചുകൊണ്ട് നമുക്കവരെ സ്വീകരിക്കാനാവില്ല. ആശയങ്ങളുടെയും ചിന്തകളുടെയും ഒരു
“പോസ്റ്റ് – മനുഷ്യൻ ” കാലഘട്ടത്തിലാണ് നാം നിൽക്കുന്നത്. അതുകൊണ്ടുതന്നെ ട്രാൻസ്ജെൻഡറുകളെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന നമ്മൾ ”ജല്സ പൂജ ” യെയും അംഗീകരിച്ചേ മതിയാകു.ഇതിനെ ട്രാൻസ്ജെൻഡറുകളുടെ ആധ്യാത്മിക സംവാദമായി കണ്ടേ മതിയാകൂ. ആത്മീയതയുടെ ഒരു മിശ്രവ്യാകരണമായി ജല്സ പൂജയെ കാണാനായാൽ വരാനിരിക്കുന്ന അവരുടെ സിനിമ / സാഹിത്യം / കല / സംസ്കാരം എന്നിവയെയും നമുക്ക് ഉൾക്കൊള്ളാനാവും. ഇനി സാംസ്കാരിക അമ്പരപ്പുകൾ സംഭവിക്കുന്നത് അവരിലൂടെയായിരിക്കും, തീർച്ച!