ഫ്ളെക്സിബിളിസ കാലത്തെനഗ്നതയുടെ മന:ശാസ്ത്രം

141

Sunil Ce

ഫ്ളെക്സിബിളിസ കാലത്തെ നഗ്നതയുടെ മന:ശാസ്ത്രം

നഗ്നത ഒരേ സമയം ഭാരവും ഭാഷയുമായി മാറിയ കാലത്തിൻ്റെ പ്രതിനിധികളാണ് നാം.അതുകൊണ്ടുതന്നെ നമ്മുടെ സദാചാര ബോധത്തിൽ കാഴ്ചയുടെ അശാന്തി കലരുന്നു. ശരീരത്തെ കർമ്മാനുഭവങ്ങളുടെ രംഗവേദിയായി കാണാൻ വിസമ്മതിക്കുന്നിട
ത്താണ് ശരീര കാഴ്ചകൾ തടവറകളായി മാറുന്നത്. ശരീരം വാക്കുകളെ ഒഴിവാക്കുന്ന ചില മുഹൂർത്തങ്ങളുണ്ട്. അപ്പോൾ ശരീരവുമായി ഏറ്റവും എളുപ്പത്തിൽ അടുപ്പത്തിലാകുന്ന ഒരു നിറമോ ആംഗ്യമോ ഒക്കെ ഭാഷയുടെ ശരീരം ധരിച്ചെത്തും. അപ്പോഴും അശരീരിയായ സ്വത്വം സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ ശരീരത്തിൻ്റെ വാതിൽക്കൽ കാത്തു കിടക്കുന്നുണ്ടാവാം. ശരീരത്തിൻ്റെ മഹാസന്നിധിയിലിരുന്നു വേണം അതിൻ്റെ ശൂന്യതയെ വിചാരണ ചെയ്യാൻ. ഒരാളുടെ മനസ് ചുമരുകളില്ലാത്ത കോടതിയായി മാറുമ്പോൾ ആ ശൂന്യത അഥവാ നഗ്നതയ്ക്കുമേൽ അയാൾ ചായം കൊണ്ട് സ്വാതന്ത്ര്യത്തിൻ്റെ പുതിയ ഭാഷ തീർക്കും.ശരീരത്തിൻ്റെ ഈ എഴുതപ്പെട്ട ആകൃതി
ചിത്ര/ ശിൽപ്പകലയിലും സാഹിത്യത്തിലുംകാർട്ടൂണിൻ്റെ പുതിയ രൂപമായ ട്രോളുകളിലും എത്രയോ കണ്ടിരിക്കുന്നു.

അപ്പോൾ ഇതൊക്കെ നമ്മുടെ കാഴ്ചപ്പാടിൻ്റെ പ്രശ്നങ്ങളാണ്. ഓരോ ശരീരചേഷ്ടകളും മന്ത്രനിധികളാണ്. ചില നേരങ്ങളിൽ പ്രത്യക്ഷമാകുന്ന ആംഗ്യചലനങ്ങൾ ‘പോലും ഭാഷയുടെ മിന്നൽവെട്ടങ്ങളാണ്. ശരീരത്തിനുമേൽ നിറങ്ങൾ ഉചിതമായി ഒരുമിച്ചാൽ അപാരമായ പ്രഭാവലയമുണ്ടാകുമെന്ന് ചില ചിത്രകാരൻമാർ തിരിച്ചറിഞ്ഞപ്പോൾ അതിനെ കലയായി സാക്ഷര കേരളം ഉൾക്കൊണ്ടു.ശരീരത്തിലെ വെളിച്ചത്തിൻ്റെ ഉടവാളാണ് നഗ്നത. അതിൻ്റെ ശൂന്യസ്ഥലികളെ വികാരദേവതകളായി ചിത്രീകരിക്കുന്നത് നമ്മുടെ ബോധവികാസ കുറവുകളാണ്.ഒരു സ്ത്രീ (രഹ്ന ഫാത്തിമ)നഗ്നതയെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുള്ള അഗ്നിയുടെ പടച്ചട്ടയാക്കിക്കിനെ നാം എതിർക്കുന്നുണ്ടെങ്കിൽ ഇവിടുത്തെ ശിൽപ്പ / ചിത്ര കലയെയും സാഹിത്യത്തെയും എതിർക്കേണ്ടി വരും. ശരീര കാഴ്ചകൾ പഠിപ്പിച്ചുതരുന്ന പാഠങ്ങൾ വിപരീത ചിന്തകളിലേക്കുള്ള അവതാരികയായി മാറുന്നുണ്ടെങ്കിൽ നമ്മുടെ മനോഭാവങ്ങളെ അഴിച്ചുപണിയേണ്ടിയിരിക്കുന്നു. സ്ത്രീയുടെ സ്ത്രൈണ ചാപല്യമോർത്ത് സഹതപിക്കുന്നവരല്ലല്ലോ ഇവിടുത്തെ സദാചാരവാദികൾ. എങ്കിൽ കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടില്ലായിരുന്നല്ലോ. ഇന്ത്യൻ തത്വശാസ്ത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒരു ദർശനമുണ്ട് –

‘വികാരം പല തവണ വിചാരം ചെയ്യപ്പെടുന്നു.’ശരീരത്തെ മിണ്ടുന്ന പ്രതിമയാക്കുന്നതിനെയാണ് നാം ശിൽപ്പം എന്നു വിളിക്കുന്നത്.കാനായി കുഞ്ഞിരാമൻ ശിൽപ്പകലയെ ജനകീയമാക്കാനും അതിനെ ഒരു പബ്ലിക് ആർട്ടാക്കാനും ” യക്ഷി”യെ സൃഷ്ടിച്ചപ്പോൾ അതിനെ എതിർത്തവരാണ് ഇവിടുത്തെ സദാചാരവാദികളായ മലയാളികൾ .ശരീരത്തെ ജ്ഞാനപത്രികയായി അവതരി-
പ്പിച്ചപ്പോഴൊക്കെ ഇതു തന്നെയാണ് സംഭവിച്ചിട്ടുള്ളത്.സാഹിത്യത്തിലെ വാക്യവിചാരങ്ങൾ ജ്ഞാനത്തിൽ കുളിപ്പിച്ച് പുതിയ ദേഹം തരുമെന്ന് നമുക്കറിഞ്ഞുകൂടാത്തതുകൊണ്ടാണ് മാധവിക്കുട്ടിയുടെ തുറന്നെഴുത്തുകളെ നാം തെറ്റായി വ്യാഖ്യാനിച്ചതുപോലും. കമലാദാസിൻ്റെ തിരഞ്ഞെടുത്ത കവിതകൾ എന്ന പുസ്തകത്തിൽ “ഒരു മുഖവുര ” എന്ന ശീർഷകത്തിൽ ഒരു
കവിതയുണ്ട്. അതിലെ ചില വരികൾ ഉദ്ധരിച്ചാൽ ഇപ്പോഴും നാം സ്ത്രീക്കു കൽപ്പിച്ചു നൽകിയിരിക്കുന്ന ജ്യാമിതികളെ കുറിച്ച് ഒരുഒരു ഏകദേശ ധാരണ ലഭ്യമാകും.എങ്കിലും എൻ്റെ സ്ത്രീശരീരം പ്രഹരമേറ്റപോലെ തളർന്നു മുലകളുടെയും ഗർഭപാത്രത്തിൻ്റെയും ഭാരം എന്നെ തളർത്തി ഞാൻ ദയനീയയായി എന്നിലേക്ക് ചുരുണ്ടുകൂടി പിന്നീട് ഷർട്ടും കാലുറകളും ധരിച്ചു.മുടി മുറിച്ചു. എന്നിലെ സ്ത്രീത്വത്തെ അവഗണിക്കുവാൻ ഞാൻ പഠിച്ചു.

സാരിയുടുക്കുക പെൺകുട്ടിയാവുക ഭാര്യയാവുക അവർ പറഞ്ഞു. പാചകക്കാരിയാവുക വേലക്കാരിയുമായി വഴക്കിടുന്ന വീട്ടമ്മയാവുക ഒരു ഗൃഹത്തിന് യോജിച്ച ഭൂഷണമാവുക. മാറുക, മാറുക, മാറുക മാറ്റങ്ങൾക്കായി തരം തിരിക്കുന്നവർ വിളിച്ചു കൂവി. – ഒരു മുഖവുര / മാധവിക്കുട്ടി.അനേകം നിബന്ധനകൾ കൽപ്പിച്ചു നൽകപ്പെട്ടിട്ടുള്ള ഒരു ജയിലറയാണിപ്പോഴും സ്ത്രീശരീരം. അതിനെ നിശ്ശബ്ദമായി പ്രോത്സാഹിപ്പിക്കുന്ന സദാചാരവാദികൾ യക്ഷി എന്ന ശിൽപ്പത്തിൻ്റെ ഗുഹ്യഭാഗത്തിരുന്നു സെൽഫി എടുത്ത് പോസ്റ്റിടും. സ്ത്രീ ശരീരത്തെ സുകൃതങ്ങളുടെ സമ്പുഷ്ടവിള ഭൂമിയായി കലയിൽ മാത്രം കണ്ടു കൊള്ളണമെന്ന ശാഠ്യത്തിൻ്റെ കൊടിയിറങ്ങിയേ മതിയാവു. റ്റാറ്റൂവിൻ്റെ രാഷ്ട്രീയം റ്റാറ്റൂവെന്ന ശരീരകലയ്ക്ക് വ്യാപകമായ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൻ്റെ നിർമ്മാതാക്കൾ മുറിവ് നൽകുന്ന പടയാളികളാണ്. അവർ മുറിവ് നിർമ്മിക്കാനുള്ള ആയോധനം പരിശീലിച്ചവരാണ്. റ്റാറ്റുവും നഗ്നശരീരത്തിൽ കൊത്തിയെടുക്കുന്ന ഭാഷയാണ്.ശരീരത്തെ ധിക്ഷണാ മന്ദിരമായികരുതുന്നവർ (ക്രിക്കറ്റ്/ഫുട്ബോൾ / ടെന്നീസ് തുടങ്ങിയ സ്പോർട്സ് താരങ്ങൾ)

റ്റാറ്റു പതിപ്പിക്കുമ്പോൾ അതിനെ മുന്തിയഇനം ശരീര കലയായി വാഴ്ത്തുന്നവർ ഒരു പെൺകുട്ടിയുടെ ബോഡി ആർട്ടിനെ വിമർശിക്കുന്നതിനു പിന്നിലെ രാഷ്ട്രീയം പിടികിട്ടുന്നതേയില്ല.അവർ ശരീരത്തിനു മുകളിൽ പണിത പെയിൻ്റിങ്ങിനെ ടിക്കറ്റെടുത്തു കാണാൻ ആരെയും നിർബന്ധിച്ചില്ല. ഇതു കേരള ചരിത്രത്തിലെ ആദ്യത്തെ കേസ് സ്റ്റഡിയാണ്. അവരുടെ കുട്ടികൾക്ക് പ്രായപൂർത്തിയായിട്ടില്ല. ഇതൊക്കെ അതുമായി ബന്ധപ്പെട്ട സാധാരണ വശങ്ങൾ.മറുവശത്ത് , ബോഡി ആർട്ട് എന്ന സൗന്ദര്യ
തത്വം ഇപ്പോഴും നിലനിൽക്കുകയാണ്. കാനായി അടക്കമുള്ളവരുടെ ചിത്ര/ ശിൽപ്പകലകളെയും കിം കി ഡുക്കിൻ്റെ സെഷ്യൽ വയലൻസ് അടക്കം ചെയ്ത സിനിമകളെയും സിനിമ / സ്പോർട്സ് താരങ്ങളുടെ ഗുഹ്യഭാഗ റ്റാറ്റു നിർമ്മാണത്തെയും നെഞ്ചേറ്റുന്ന മലയാളി നിശ്ചയമായും സ്ത്രീയുടെ ഇത്തരം സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളെയും ഹൃദയം തുറന്ന് ഉൾക്കൊള്ളേണ്ടിയിരിക്കുന്നു.

ആർ. ഉണ്ണിയുടെ പ്രേമകഥകളിലെ നഗ്നതയുടെ രാഷ്ട്രീയം കഥയിൽ ഫാൻ്റസിയുടെ അമിത വിനിയോഗം ഉള്ളപ്പോഴും നഗ്നതയുടെ ആഖ്യാനത്തിന് ഭാരം വെച്ച ഭാഷ തീർക്കുന്ന കഥാകാരനാണ് ഉണ്ണി. കഥയിലെ അത്തരം ഇടപെടലുകളെ അലങ്കാരപട്ടമാക്കി നിരീക്ഷിക്കുന്നവർ പോലും രഹ്നയെ എതിർത്തു കണ്ടു.നഗ്നത ഭാഷയാകുമ്പോൾ അതു ഒടുവിൽ അലഞ്ഞു തിരിഞ്ഞ് അവകാശിയുടെ ശരീരത്തിൽ എത്തിച്ചേരും. ശ്രദ്ധയുടെ വളക്കൂറുള്ള ഒരാൾക്കേ സ്വന്തം ശരീരത്തിലെ ആർട്ട് ഫോമിനെ തിരിച്ചറിയാനാവു. ഉണ്ണിയുടെ ഒന്നാമത്തെ പ്രേമകഥയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു – ” നഗരത്തിലെ തിരക്കിനിടയിലൂടെ നടക്കുന്നതിനിടയിലാണ് അവൾക്ക് തൻ്റെ ശരീരത്തിൻ്റെ ഭാരം വല്ലാതെ കുറഞ്ഞതായി അനുഭവപ്പെട്ടത്. അപ്പോഴാണ് അവൻ്റെ മുറിയിൽ ഛർദിച്ചതിനെക്കുറിച്ച്
ഓർമ വന്നത്. അവൾ തിരികെ ഓടി.” പ്രണയ ശരീരത്തിൻ്റെ ഭാരം ഭാഷയായി പരിണാമപ്പെടുകയാണിവിടെ.അതിൽ നഗ്നതയുടെ അലിഖിത ആഖ്യാനമുണ്ട്. വീണ്ടും കഥയുടെ തുടർന്നുള്ള ഭാഗത്ത് ഇങ്ങനെ എഴുതുന്നു – ” ഇന്നലെ ഛർദിച്ചപ്പോൾ എൻ്റെ ഹൃദയം ഇവിടെ വീണു പോയിരുന്നു, അവൾ പറഞ്ഞു.ഒന്നും കഴിക്കാനില്ലാതിരുന്നതുകൊണ്ട് ഞാനതെടുത്തു തിന്നു” ,അവൻ പറഞ്ഞു.” ഇനിയിപ്പോ എന്തു ചെയ്യും? അവൾ ചോദിച്ചു.”തൂറുമ്പോൾ ” അവൻ പറഞ്ഞു.അവൻ്റെ മലദ്വാരത്തിലൂടെ ഹൃദയം ഇറങ്ങി വരുന്നതോർത്തപ്പോൾ അവൾക്ക് അറപ്പ് തോന്നി .

കഥയുടെ ഭാവനയ്ക്ക് ഇത്രയും വലിയ പ്രവേശനം തരപ്പെടുത്തുമ്പോൾ അതിനെ കലയുടെ സ്വാതന്ത്ര്യമായി ഉൾക്കൊള്ളുന്നമലയാളിക്ക് ഒരു സ്ത്രീയുടെ ബോഡിആർട്ട് കാണുമ്പോൾ തോന്നുന്ന വൈകൃതങ്ങളെ നമുക്ക് ഫ്ളെക്സിബിളിസ കാലത്തിലെ നഗ്നതയുടെ മന:ശാസ്ത്രമായി വായിച്ചെടുക്കാം. ഏദൻതോട്ടത്തിൽ ആദത്തിനുംഹൗവ്വയ്ക്കും മുമ്പിൽ ദൈവം പണിതുവെച്ച
ശിൽപ്പമായിരുന്നു ആപ്പിൾ. അതു പിന്നീട് നഗ്നതയെ കണ്ടെടുക്കാനുള്ള ടൂളായി മാറിഎന്നത് ഒരു മിത്തോ ചരിത്ര കഥയോ ഒക്കെ ആവാം. അവിടെയും നഗ്നത ഭാരവും ഭാഷയും ആയിരുന്നെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.