സാംസ്കാരിക ജീർണ്ണതയുടെകാലത്തെ മലയാളി

0
76

Sunil Ce എഴുതുന്നു 

സാംസ്കാരിക ജീർണ്ണതയുടെകാലത്തെ മലയാളി.

കവിതയിൽ ഇപ്പോഴും ദർശന ലഹരി കാത്തുവയ്ക്കുന്ന കവിയാണ് ചുള്ളിക്കാട് .പക്ഷെ ബൗദ്ധികത മരിച്ച ഫ്ളെക്സിബിളിസ കാലത്തിലെ മലയാളിക്ക് അതു ഗ്രഹിച്ചെടുക്കാനാവില്ല. മലയാളിയുടെ മനസ് ജീർണ്ണതയുടെ നീരുകൊണ്ടു വിങ്ങിയിരിക്കുകയാണ്.ഈ രോഗവിവരം വെളിപ്പെടുത്തുന്നതിനു പകരമാണ് ചിലർ ചുള്ളിക്കാടിനെ പോലെയുള്ള ബഹുമുഖപ്രതിഭകൾക്കുമേൽ
വാക് കലാപം നടത്തുന്നത്.ശ്രീശങ്കരാചാര്യരുടെ കാലദർശനത്തിൻ്റെ അരികു പിടിച്ചുവേണം കാലം ഭൂമിയിലേക്ക് വിക്ഷേപിച്ച പ്രതിഭകളെ കുറിച്ച് തർക്കിക്കാനും കലഹിക്കാനും. ശങ്കരാചാര്യരുടെ ആ വചന ക്ഷേത്രം ഇങ്ങനെയാണ്- ” വിപരിണാമ ഹേതു: കാല: “/ എല്ലാ പരിണാമത്തിനും കാരണമായി നിൽക്കുന്നത് കാലമാണ്. ഈ വിധം കാലത്തിൻ്റെ വിളിക്ക് പ്രത്യുത്തരം നൽകിയ ഒരു മനുഷ്യനെ നാം വിട്ടു കളയുകയും അയാളിലെ തസ്തികകളെ എടുത്തു കൈകാര്യം ചെയ്യുകയും ചെയ്യുന്നപ്രവണതയെ സാംസ്കാരിക ജീർണ്ണത എന്നല്ലാതെ മറ്റെന്തു വിളിക്കും? എല്ലാ ദിവസവും കവിതയെഴുതുന്ന സച്ചിദാനന്ദനല്ല മലയാള കവിതയിലെ സൂപ്പർസ്റ്റാറെന്നു നാം മനസ്സിലാക്കണം. ചുള്ളിക്കാട് മലയാള കവിതയിലെ സൂപ്പർസ്റ്റാറാണ്. ടാപ്പ് തുറന്നാലോ സ്വിച്ചിട്ടാലോ ഒക്കെ കവിത വരുന്ന കവികളുടെ കൂട്ടത്തിൽ നിർത്തി ചുള്ളിക്കാടിനെ വായിക്കുന്നവരാണ് സാംസ്കാരിക ജീർണ്ണതയുടെ കാലത്തെ ഏറ്റവും വലിയ ശാപം. അയഞ്ഞകാലത്തിൻ്റെ ഈ നരഭോജന സാമർത്ഥ്യത്തെ കുറിച്ചാണ് ഇനി നാം ആലോചിക്കേണ്ടത്.

സ്പൈറൽ ടൈംമിനെ (spiral time) നെകുറിച്ച് ബോധ്യമില്ലാത്ത സാംസ്കാരിക നിരക്ഷരരാണ് ചുള്ളിക്കാടിനെ ആക്രമിക്കുന്നത്. ഒരു കലാകാരനിലെ സർപ്പിൾ സെൽഫിനെ അയാളുടെ സ്വാതന്ത്ര്യത്തിനു വിടാൻ നമ്മുടെ സാംസ്കാരിക നിലവാരം ഇപ്പോഴും അനുവദിക്കുന്നില്ല എന്നതാണ് വാസ്തവം. മലയാളിയുടെ ഇത്തരം ജീർണ്ണതകളെയും കാലത്തിൻ്റെപിരിഞ്ഞ ചുറ്റിക്കയറലുകളെയും ” ശനി “എന്ന കവിതയിൽ ചുള്ളിക്കാട് പ്രവചിച്ചിട്ടുണ്ട്. അതിൽ ഒരു കാക്കാലത്തിയേയും അവളുടെ കണ്ണില്ലാത്ത തത്തയേയും കുറിച്ചുള്ള വ്യാഖ്യാനമുണ്ട്.ഇതിൽ ആഖ്യാനിക്കപ്പെടുന്ന കണ്ണില്ലാത്ത തത്തകളുടെ പ്രതിനിധാന ശരീരങ്ങളാണ് സാംസ്കാരിക ജീർണ്ണതയുടെ കാലത്തെ മലയാളി.കാലത്തെ കുറിച്ച് എഴുതപ്പെട്ട മലയാളത്തിലെ ഏറ്റവും മികച്ച ആ കവിതയുടെ തുടർച്ചയായി വേണം “സഹശയനം”വായിക്കാൻ: “തിന്നും കുടിച്ചും മദിച്ചും രമിച്ചുമിങ്ങെന്നും രസിക്കാൻ കൊതിക്കും മനുഷ്യർക്കു പെട്ടെന്നൊരു ദിനമുദ്ധാരണ ശേഷിനഷ്ടപ്പെടുന്നതും, പക്ഷവാതം കാലുചുറ്റിപ്പിടിച്ചു നിലത്തടിക്കുന്നതും രക്തസമ്മർദ്ദത്തോടൊപ്പം പ്രമേഹമെത്തിച്ചവുട്ടിക്കുഴയ്ക്കുന്നതും, പിന്നെമൃത്യുവിൻ ദൂതുമായെത്തുന്നൊരർബ്ബുദം മുറ്റിത്തഴച്ചു വളർന്നൊരായുസ്സിനെ ചുട്ടെരിക്കുന്നതും
അങ്ങനെയങ്ങനെഓർത്താലൊരു കിടിലം മാത്രമുള്ളത്തിൽ ബാക്കിയാവുന്നു.”
– സഹശയനം/ ചുള്ളിക്കാട്

കാലഭയം ഈ കവിയെ നിരന്തരം വേട്ടയാടുന്നതുകൊണ്ടാണ് അയാൾ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നത്.അവാർഡുകളുടെയും ഡയസുകളുടെയും വിവാദങ്ങളുടെയും പിറകെ സഞ്ചരിക്കുന്ന, ഉള്ളിൽ ഈ താൽപര്യങ്ങളുടെ കൊടുങ്കാറ്റും വഹിച്ചുകൊണ്ട് സഞ്ചരിക്കുന്ന കവികളുടെ മൂടുതാങ്ങികളാണ് ചുള്ളിക്കാടിനെ വിമർശിച്ചു കൊണ്ടിപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. നിലപാടുകളുടെ നല്ല തച്ചൻ ദാനം കിട്ടുന്ന സ്ഥാനങ്ങളുടെയും പുരസ്കാരങ്ങളുടെയും പിന്നാലെ പോകുകയും സാംസ്കാരിക അധികാര കസേര പിടിച്ചു വാങ്ങുകയും ചെയ്യുന്ന എഴുത്തുകാരെയെമലയാളി കണ്ടിട്ടുള്ളു. സാഹിത്യത്തിലെ ഒരു തറവേലകളുടെയും പിന്നാലെ പോയിട്ടില്ലാത്ത കവിയാണ് ചുള്ളിക്കാട് . മലയാളിയുടെ സാംസ്കാരിക മണ്ഡലം ഒരുമൃഗീയ സാമ്രാജ്യമാണെന്ന് തിരിച്ചറിഞ്ഞ ഒരു പ്രതിഭ ഒന്നിലധികം മാധ്യമങ്ങളെ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിനെ ചിലർ എതിർത്തു കാണുമ്പോൾ, അത് ആർക്കോ വേണ്ടി നടത്തുന്ന വിടുപണിയാണെന്ന് ആർക്കാണ് മനസ്സിലാകാത്തത്. കവിത എന്നമാധ്യമത്തെ ഇത്രയും ജാഗ്രതയോടെ നേരിട്ട മറ്റൊരു കവിയുണ്ടോ ഇപ്പോൾ? വിടുപണി എന്ന രോഗമൂർച്ഛയെ വിമർശനത്തിൻ്റെ ആവേശമായി കാണരുത് എന്ന അഭിപ്രായം രേഖപ്പെടുത്താനാണ് ഈ കുറിപ്പ് എഴുതുന്നത്. പൂജ്യനായ ഒരു കവിയെ അയാളുടെ സ്വാതന്ത്ര്യത്തിന് വിടാത്ത സാംസ്കാരിക നിരക്ഷരതയെ കുറിച്ച് ഇവിടുത്തെ ടാപ്പ്/സ്വിച്ച് കവികൾ ഒന്നും മിണ്ടി കണ്ടില്ല.

കവിതയുടെ എന്നല്ല എല്ലാറ്റിൻ്റെയും പിള്ളത്തൊട്ടിലിൽ കിടക്കുന്ന കഴുത്തുറയ്ക്കാത്ത സഹകവികൾ ഇപ്പോൾ സന്തോഷിക്കുകയായിരിക്കും. വിഡ്ഢികളുടെ മുന്നിൽ അനുസരണയോടെ നിൽക്കുന്ന അത്തരക്കാർക്ക് നിലപാടുകളുള്ള ഒരു എഴുത്തുകാരനെ ഉൾക്കൊളളാനാവില്ല. മലയാള കവിതയിൽ സ്വയം അതിധീരൻമാരായി മാറിയവർ കരുതിക്കൂട്ടി ഉണ്ടാക്കിയ ഒരു കെണിയായി വേണം ഇത്തരം എല്ലുബലമില്ലാത്ത വിവാദങ്ങളെ കാണാൻ. ബാലചന്ദ്രൻ്റെ അഭിനയ മികവിനെയും കവിതയുടെ സൗന്ദര്യ മികവിനെയും തെറ്റായിവായിക്കുന്നതിനെയും നമുക്ക് സാംസ്കാരിക നിരക്ഷരത എന്നു തന്നെ വിളിക്കാം. കഴിവുകളുടെ പടയിളക്കത്തെ മലയാളി എക്കാലവും തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട്. മാധവിക്കുട്ടിയുടെ സ്നേഹാഖ്യാനങ്ങളെ കാമാഖ്യാനങ്ങളായി ചിത്രീകരിച്ച മലയാളി ചുള്ളിക്കാടിനെ ആക്രമിക്കുമ്പോൾ ചുള്ളിക്കാട് എന്ന ബഹുമുഖ സംസ്കാരം ഉന്നത പീoങ്ങളിലേക്ക് എടുത്തു വെയ്ക്കപ്പെടുകയാണ്.കവിതയിൽ അർത്ഥ വിജ്ഞാനപരമായ സ്വര സൃഷ്ടി നൂറിൽ താഴെ കവിതകൾ കൊണ്ടു സാധിച്ചെടുത്ത ഒരേ ഒരു കവിയാണ് ചുള്ളിക്കാട് .

അനുബന്ധം

പ്രിയ ചുള്ളിക്കാട്, നിങ്ങൾ മലയാള കവിതയിലെ ക്ഷയിക്കാത്ത ശബ്ദകോശമാണ്. നിങ്ങളുടെ ധീരമായ ശിരസ്, അതിൻ്റെ ഊറ്റമായസമ്മർദ്ധശക്തി, ധ്വനി പാo സദസ്,മറ്റാർക്കുമില്ലാത്തതാണ്. അതിനാൽ, ഇതൊന്നുമില്ലാത്ത ഇവിടുത്തെ സ്വിച്ച് / ടാപ്പ് – കവികൾ ആത്മഹത്യ ചെയ്യട്ടെ.