പോലീസാകുന്നതിന് മുമ്പ് പ്രതിഫലത്തിന് വേണ്ടി ചെയ്ത ജോലികൾ

0
70

പോലീസുകാരന്‍ Sunil Jaleel ന്‍റെ എഴുത്ത്:

പ്രതിഫലത്തിനു വേണ്ടി… ജീവിക്കാൻ വേണ്ടി ചെയ്ത പഴയ ജോലികളെയൊന്ന് ഓർമ്മയടരുകളിൽ നിന്ന് വീണ്ടെടുക്കുകയായിരുന്നു ഞാൻ.ശമ്പള ജോലികളിൽ പത്രവിതരണമാണ് ആദ്യം ഓർമ്മയിലെത്തുന്നത്. പുലർച്ചെ അഞ്ചുമണിയോടെ ഇടപ്പള്ളിയിൽ പോയി പത്രമെടുത്ത് പോണേക്കരയും ചേരാനെല്ലൂരും മൂലമ്പിള്ളിയുമടക്കമുള്ള സ്ഥലങ്ങളിൽ പത്രമിടണം. ഏറ്റവും ദൈർഘ്യമേറിയ റൂട്ടുകളിലൊന്നായിരുന്നു അത്. ഒരു വീട്ടിൽ പത്രമിടുന്നതിന് മാസം അഞ്ചുരൂപ വെച്ചാണ് ശമ്പളം. നൂറോളം വീടുകൾ എന്റെ ചുമതലയിൽ ഉണ്ടായിരുന്നു. പ്രതിമാസം അഞ്ഞൂറ് രൂപ കിട്ടും. പത്രവിതരണമൊക്കെ കഴിഞ്ഞ് എട്ടു മണിയാകും ഞാൻ തിരികെ വീട്ടിലെത്താൻ. മഴയില്ലാത്തപ്പോഴത്തെ കാര്യമാണിത്.

മഴക്കാലത്ത് കഥമാറും. ഗേറ്റിൽ നിന്ന് വരാന്തയിലേക്കും നടയിലേക്കും മുറ്റത്തേക്കുമൊക്കെ തൊടുത്ത് വിടുമ്പോൾ ഉന്നം തെറ്റാതെ പറക്കുമായിരുന്ന പത്രങ്ങൾ ഈർപ്പം കുടിച്ച് തൂവലൊട്ടി പിണങ്ങിക്കിടക്കും. ഓരോ വീട്ടുമുറ്റത്തും മഴ തന്റെ കൈകളാൽ ജലക്കളങ്ങൾ വരച്ചിട്ടിട്ടുണ്ടാകും. ചിലപ്പോൾ നമ്മൾ പത്രമിട്ട് പോയശേഷം മഴ പെയ്യാനും മതി. ചില വാർത്തകൾ പോലെ പത്രക്കടലാസും നിലവാരം കുറഞ്ഞതാണെന്ന് ഓർമ്മ വേണം. വെള്ളം വന്ന് പേപ്പറിൽ വീണാലും പേപ്പർ വന്ന് വെള്ളത്തിൽ വീണാലും തെറി പത്രക്കാരനാണ് കിട്ടുക.. റിസ്കെടുക്കരുത്.

ഇരുളിലാണ്ട്, മഴയിലുറങ്ങിക്കിടക്കുന്ന ഓരോ വീടിന്റെയും മുന്നിൽ സൈക്കിൾ നിർത്തി ഇറങ്ങിച്ചെന്ന് നനവില്ലാത്ത എതെങ്കിലുമിടത്ത് പത്രം വെച്ചിട്ടുപോരണം. അങ്ങനെ ഇറങ്ങിക്കയറി വരുമ്പോൾ അടുത്ത വീടുകളിൽ വൈകും. അവസാന വീട്ടുകാരൊക്കെ ഉണർന്ന് മുഖം കറുപ്പിച്ച് നിൽക്കുന്നുണ്ടാവും. എട്ടുമണിക്ക് തിരിച്ചെത്തേണ്ട എനിക്ക് ഒമ്പത് മണി പോലും പോരാതെവരും. നമ്മുടെ റോഡുകളിൽ ടിപ്പറുകൾ ഓടിത്തുടങ്ങും മുമ്പ്.എല്ലാ സാധനങ്ങളുമെത്തിക്കുന്നത് പ്ലാറ്റ്ഫോം ലോറികളിലാണ്. ഇറക്കുന്നത് ചുമട്ടുതൊഴിലാളികളും. അമ്മാവൻമാർ പലരും അവരിലുണ്ട്.

ചിലപ്പോൾ യൂണിയൻകാരെല്ലാം പണിക്ക് പോയിക്കഴിഞ്ഞും ലോറികൾ വരും. അതിൽ പണിയറിയുന്ന നാട്ടുകാര് തന്നെ കയറിപ്പോയി ചരക്കിറക്കി വരും. അതിനുള്ള കൂലി അവർക്ക് കിട്ടും. അങ്ങനെ മൂന്നാലുതവണ ഞാനും പോയിട്ടുണ്ട്. സ്ഥിരം ചെയ്യാത്തവർക്കിത് കഷ്ടപ്പണിയാണ്. ഇഷ്ടിക ഇറക്കൽ ഒരു കല കൂടിയാണ്. നാലിഷ്ടിക വീതം നെടുകെയും കുറുകെയും നിരത്തിയാണ് ഇത് അടുക്കുക. ശ്രദ്ധിച്ചില്ലെങ്കിൽ ഇഷ്ടികയടുക്കുകൾക്കിടയിൽ പെട്ട് വിരലുകൾ ചതഞ്ഞുപൊട്ടും. കാര്യമിങ്ങനെയാണെങ്കിലും ഇഷ്ടികപ്പണി താരതമ്യേന വേഗത്തിൽ കഴിയും.

തീരാത്തത് മണലിറക്കലാണ്. മണൽ ലോറി കാണുമ്പഴേ അറിയാനാവും. ഒരു പുഴയുടെ ഉടലിന്റെ തുണ്ടാണതിലുണ്ടാവുക. മുറിവുകളിൽ നിന്ന് കിനിയുന്ന ചോര പോലെ, പുഴയുടെ മണമുള്ള വെള്ളം ലോറിയുടെ ഷാസിയെയും റോഡിനെയും നനച്ച് അപ്പോഴുമിറ്റുന്നുണ്ടാവും. കൂട്ടത്തിൽ നിന്ന് വേർപെടുത്തി വലിച്ചുകൊണ്ടുപോകുന്ന ഒരറവുമാടിന്റെ നിലവിളി പോലെ, പോകുന്ന വഴികളിലൊക്കെ അത് പടരുന്നുണ്ടാവും.ലോറി റോഡരികിൽ നിർത്തിയശേഷം ഇറക്കേണ്ട വശത്തെ തിരശ്ചീനമായ അരികുവാതിൽ തുറക്കും. നനവുണങ്ങാത്ത സ്വർണ്ണമണൽ കുറച്ചൊക്കെ നമ്മെ ബുദ്ധിമുട്ടിക്കാതെ അടർന്നുവീഴും. അതിൽ കാലൂന്നുമ്പോൾ പുഴയുടെ അടിത്തട്ടിൽ നിൽക്കുകയാണെന്ന് തോന്നും. വെള്ളാരങ്കല്ലുകൾ മുതൽ പായലുകൾ വരെ അതിൽ പുഴയെ അടയാളപ്പെടുത്തുന്നുണ്ടാവും.

വെട്ടിനുറുക്കിക്കയറ്റുമ്പോൾ മുറിഞ്ഞ് പെട്ടുപോയ പുഴയുടെ കരൾത്തുണ്ടുകൾ പോലെ കറുത്ത ചെളിക്കട്ടകൾ അങ്ങിങ്ങ് ചിതറിക്കിടപ്പുണ്ടാവും.ഷവൽ കൊണ്ടാണ് മണലിറക്കുക. പ്ലാറ്റ്ഫോമിലെ തകിടിൽ ഷവൽ ഉരഞ്ഞുമാറുന്ന ശബ്ദമുയരും. മണൽ ഇടിയുന്തോറും പൊലിഞ്ഞുപൊലിഞ്ഞുകൂടും. എത്രയിറക്കിയാലും തീരാത്തത്ര മണലിതിലുണ്ടോയെന്ന് നാം സംശയിച്ചുപോവും.
നെടുകെയുള്ള പകുതി ലോഡിറക്കിയ ശേഷം നമ്മൾ വണ്ടിയിൽ നിന്നിറങ്ങും. ഇനി ലോറി മുന്നോട്ടു പോയി തിരിച്ചുവരണം. അപ്പുറത്തെ വശം നമുക്ക് ഇറക്കാൻ പാകത്തിന് കിട്ടാനാണിത്. അതത്രയും കൂടി ഇറക്കിത്തീർത്ത് ആ വണ്ടിയുടെ പ്ലാറ്റ്ഫോമിൽ പിടിച്ചുനിന്ന് നമ്മൾ കയറിയിടത്തേക്ക് ഒരു തിരിച്ചുവരവുണ്ട്. അധ്വാനത്തിന്റെ വിയർപ്പാറ്റുന്ന കാറ്റുകൾ അപ്പോൾ നമ്മെ പൊതിയും. അസാമാന്യമായൊരു വികാര മാണത്.

കോളേജ് കാലത്ത് അത്യാവശ്യം മൈക്കാട് പണിക്കൊക്കെ പോയിട്ടുണ്ട്. സിജുവെന്ന സുഹൃത്തായിരുന്നു ആശാനും മേസ്തിരിയുമെല്ലാം. അസാമാന്യമായ കഴിവുണ്ടായിരുന്നു അവന്. സിമെന്റും മണലും മെറ്റലുമെല്ലാം ആശാൻ പറയുന്ന അനുപാതത്തിൽ കലർത്തി എത്തിച്ചു കൊടുക്കലായിരുന്നു ആദ്യഘട്ടം. പ്രീഡിഗ്രിക്ക് സെക്കൻഡ് ഗ്രൂപ്പെടുത്ത് ‘ഡോക്ടറാകാൻ’ പഠിക്കുന്ന എന്നെ പണിക്കുനിർത്താൻ അവന് ലേശം വിഷമമൊക്കെ ഉണ്ടായിരുന്നെന്ന് തോന്നുന്നു. സിമെന്റ് തട്ടി വിരലുകൾക്കിടയിലെയും കൈവെള്ളയിലെയും തൊലി അലിഞ്ഞുപൊട്ടുന്നതായിരുന്നു എന്റെ വിഷമം. എത്ര എണ്ണമയം പുരട്ടിയാലും മുടി കട്ടപിടിച്ച പോലെ നിൽക്കും. ഇതാ ഒരു സിമന്റുപണിക്കാരനെന്ന് വരണ്ടതൊലി നമ്മെ മറ്റുളവർക്ക് ചൂണ്ടിക്കാണിക്കും.പോകെപ്പോകെ അൽപം കല്ലുകെട്ടാനൊക്കെ പഠിച്ചു. കോൺക്രീറ്റിംഗിന്റെയും അടിസ്ഥാനപാഠങ്ങൾ അറിയാം.തേപ്പുപണിയിൽ അത്രക്കങ്ങ് കൈ തെളിഞ്ഞില്ല. ഇനി പഠിക്കാനുള്ളത് വെൽഡിംഗ് ആണ്. ഇതുവരെ വേണ്ടിവരാഞ്ഞതു കൊണ്ടാണ്. ഒന്ന് പയറ്റി നോക്കണം.

പക്ഷേ പ്ലംബിംഗ്, വയറിംഗ് തുടങ്ങി വീട്ടിൽ അത്യാവശ്യം വേണ്ട പണികളൊക്കെ ഞാൻ തന്നെയാണ് ചെയ്യുക. കുറച്ചു നാൾ മുമ്പ് പഴയ ഇൻഡ്യൻ ടൈപ്പ് മാറ്റി യൂറോപ്യൻ ക്ലോസറ്റ് വെച്ചപ്പോൾ ആരെയും വിളിക്കേണ്ടെന്ന് പറയാൻ ആ ആത്മവിശ്വാസം തന്നെയാണ് തുണച്ചത്. പൂർത്തിയാക്കപ്പെടുന്ന ജോലി തരുന്ന സന്തോഷവും അഭിമാനവും ഒന്ന് വേറെ തന്നെയാണ്.
ഒരു അലുമിനിയം ഫാബ്രിക്കേഷൻ കടയിൽ ഇടയ്ക്ക് കുറച്ചുനാൾ ജോലിക്ക് പോയിരുന്നു. കോളേജ് കാലഘട്ടത്തിൽ ഒരു കമ്പനിയുടെ സെയിൽസ് റെപ് ആയി പോയത് പിന്നൊരിക്കൽ എഴുതാം. ഒരിക്കലും സെയിൽസിന്റെ മേഖല എനിക്ക് വഴങ്ങില്ലെന്ന് മനസ്സിലാക്കിത്തന്ന കാലം.

ബിരുദമെടുത്ത ശേഷം ഞാൻ ജോലിക്ക് കയറിയത് ഒരു പത്രത്തിൽ പ്രൂഫ് റീഡറായിട്ടായിരുന്നു. പ്രൂഫ് റീഡിംഗ് വിഭാഗം നിർത്തലാക്കാൻ പത്രങ്ങൾ ആലോചിച്ചുവന്ന സമയമായിരുന്നു അത്. എൺപത് രൂപ ദിവസക്കൂലിക്ക് ഒരു കോൺട്രാക്റ്റ് പേപ്പർ പോലും കിട്ടാതെയാണ് അവിടെ ജോലി ചെയ്തത്. അഞ്ചുവർഷത്തോളം ഞാനവിടെ 3200 രൂപ ശമ്പളത്തിൽ ജോലി ചെയ്തു.
കുടുംബം പുലർത്താൻ അത് തികയാതെ വന്നതോടെ പത്രത്തിലെ രാപ്പണിക്കൊപ്പം മാർക്കറ്റിലെ ഒരു കടയിൽ 2000 രൂപ ശമ്പളത്തിൽ പകൽ ജോലിയും നോക്കിയിരുന്നു ഞാൻ. രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴ് വരെ കടയിൽ. തുടർന്ന് ഏഴുമുതൽ രണ്ട് – മൂന്ന് മണി വരെ പത്രത്തിൽ. ദിവസവും പതിനാറു മണിക്കൂർ ജോലി തന്നെയായിരുന്നു. അങ്ങനെ ഒന്നുരണ്ടു വർഷം കൂടി തുടർന്നിരുന്നെങ്കിൽ ഞാൻ രോഗിയായി മാറിയേനെ.

അതിനിടെ ആരോഗ്യപ്രശ്നങ്ങളാൽ കടയിലെ ജോലി ഉപേക്ഷിക്കണമെന്ന ആഗ്രഹത്തോടെ അഞ്ചുവർഷം ജോലി ചെയ്ത പത്രസ്ഥാപനത്തിന്റെ മാനേജ്മെന്റിനോട് അൽപം ശമ്പള വർധനയ്ക്ക് അപേക്ഷിച്ചെങ്കിലും ക്രൂരമായി അത് അവർ തള്ളിക്കളഞ്ഞു. ഞാൻ പോയാൽ 3000 രൂപയ്ക്ക് ജോലി ചെയ്യാൻ അവർക്ക് പുതിയ ആളുകളെ കിട്ടുമായിരുന്നു. അന്ന് വീട് കടത്തിലാണ്. എല്ലാ ദിവസവും കടക്കാര് വന്ന് ബഹളമുണ്ടാക്കുന്ന അവസ്ഥ. രണ്ട് ജോലികളിൽ നിന്നുമായി കിട്ടിയിരുന്ന 5200 രൂപ കൊണ്ട് കുടുംബം പുലർത്താൻ പാടുപെടുന്നതിനിടെയാണ് പോലീസിൽ 3050 രൂപ ശമ്പളത്തിൽ ജോലി ചെയ്യാൻ ക്ഷണം വരുന്നത്. ഒരുപാടൊരുപാട് തവണ വേണ്ടെന്നു വെച്ചതിന് ശേഷമായിരുന്നു സർക്കാർ ജോലി തെരഞ്ഞടുക്കാൻ ഞാൻ തീരുമാനിച്ചത്.

പോലീസിലെ ജോലി ഔദാര്യമായി കിട്ടിയതല്ല. പി.എസ്.സി നടത്തിയ എഴുത്തുപരീക്ഷയിൽ മുൻനിരയിൽ എത്തിയവരാണ് ഞങ്ങൾ. ശേഷം നടത്തിയ കായികക്ഷമതാ പരീക്ഷയിലും ആദ്യത്തെ അഞ്ച് ഇനങ്ങൾ തന്നെ മികച്ച രീതിയിൽ പൂർത്തിയാക്കിയവനാണ് ഞാൻ. കോളേജിലെ സ്പോർട്സ് ദിനങ്ങൾക്ക് അതിൽ നല്ല പങ്കുണ്ടായിരുന്നു.ഇപ്പോൾ പതിനാറു വർഷങ്ങളുടെ സേവനത്തിനപ്പുറം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. ഇടയ്ക്ക് ചില വെറുക്കപ്പെടുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും എന്റെ പഴയ വേഷത്തിന് മുന്നിൽ അതൊന്നുമല്ല. ഇന്നത്തെ സുനിൽ തീർച്ചയായും കേരള പോലീസിന്റെ ഭാഗമാണ്. ഇന്ന് ഞാൻ എന്തെങ്കിലുമാണെങ്കിൽ അതിനു പിന്നിൽ ഈ ജോലി തരുന്ന ധൈര്യവും സംരക്ഷണവുമാണ്. ഞാൻ എന്റെ ജോലിയെ സ്നേഹിക്കുന്നു.

അതിജീവനത്തിന്റെ വഴികളിൽ എനിക്ക് കരുത്തുപകർന്ന ഓരോ മനുഷ്യരെയും ഓർക്കുന്നു. ഓരോ വേഷപ്പകർച്ചയിലും എനിക്ക് താങ്ങായി നിന്ന സുഹൃത്തുക്കളേയും.. നന്ദി.. നന്ദി. പ്രതിഫലം പറ്റാത്ത… പ്രതിഫലം നൽകാനാകാത്ത ചിലതുമുണ്ട്.. അതെനിക്കും അവർക്കുമിടയിലെ രഹസ്യമായിരിക്കട്ടെ.