Sunil Kolattukudy Cherian
ഭരതൻ-ലോഹിതദാസ് ടീമിന്റെ ‘വെങ്കല’ത്തിന് 30 വയസ്സ്. കമ്മാളൻ മൂശാരിമാരുടെ ഇടയിലുണ്ടായിരുന്ന ബഹുഭർതൃത്വവും ആധുനിക ജീവിത രീതികളും തമ്മിലുള്ള സംഘർഷമായിരുന്നു ചിത്രം പറഞ്ഞത്. മികച്ച ജനപ്രീതിക്കും മികച്ച ഗാനരചനയ്ക്കും (പി ഭാസ്ക്കരൻ) അവാർഡുകൾ നേടി ‘വെങ്കലം’. ഭരതന്റെ കഥ. ‘തകര’ നിർമ്മിച്ച ബാബുവാണ് നിർമ്മാതാവ്.
കുടുംബത്തിലെ ചേട്ടനും അനിയനും ഒരു പെണ്ണിനെ കല്യാണം കഴിക്കുന്നതാണ് കുടുംബം അടിച്ചു പിരിയാതിരിക്കാനുള്ള വഴി എന്ന പാരമ്പര്യമാണ് സിനിമയിൽ പ്രശ്നവിഷയം. അനിയന് വേണ്ടി കണ്ടു വെച്ച പെണ്ണിനെ ചേട്ടൻ സ്വന്തമാക്കുന്നു. തുടർന്ന് അനിയനും ഭാര്യയും തമ്മിലുള്ള ഇടപഴുകലുകൾ അയാളെ സംശയാലുവാക്കുന്നു. അനിയൻ കല്യാണം കഴിച്ചതറിഞ്ഞിട്ടേ അയാളുടെ ആശങ്കകൾ മാറുന്നുള്ളൂ. ഒപ്പം അച്ഛനായതിന്റെ ഉത്തരവാദിത്തവും അയാളിലെ മനുഷ്യത്വത്തെ പുതിയ മൂശയിലാക്കുന്നുണ്ട്. (പച്ചമനുഷ്യന് പരുക്കനായേ പെരുമാറാനാവൂ എന്ന വിധം, ഭാര്യയുടെ മേലുള്ള അയാളുടെ കരണത്തടി അന്ന് ചർച്ചയായിരുന്നു.)
‘ഒരു മെയ്മാസപ്പുലരിയിലി’ന് ശേഷം ഒന്നിച്ച പി ഭാസ്ക്കരൻ-രവീന്ദ്രൻ ടീമിന്റെ 4 ഗാനങ്ങൾ ‘വെങ്കല’ത്തെ ഹിറ്റാക്കുന്നതിൽ ഏറെ പങ്ക് വഹിച്ചിട്ടുണ്ട്. ആറാട്ടുകടവിങ്കൽ, പത്തു വെളുപ്പിന്, ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ, ശീവേലി മുടങ്ങി തുടങ്ങിയ ഗാനങ്ങൾ ഇപ്പോഴും ക്ലാവ് പിടിക്കാതെ നിലകൊള്ളുന്നു. ബിജു നാരായണന് ബ്രെയ്ക്ക് നൽകിയ ഗാനമാണ് ‘പത്ത് വെളുപ്പിന്’ (സിനിമയിൽ ചിത്ര പാടിയ വേർഷനാണ് ഉപയോഗിച്ചത്).