കെ ജി ജോർജ് എന്ന മാസ്റ്റർക്ക് ഐറ്റംഡാൻസ് ഉൾപ്പെടുത്തേണ്ട ഗതികേട് ഉണ്ടാക്കിയ ചിത്രം

0
423

Sunil Kumar

കെ ജി ജോർജ് എന്ന മാസ്റ്റർക്ക് ഐറ്റംഡാൻസ് ഉൾപ്പെടുത്തേണ്ട ഗതികേട് ഉണ്ടാക്കിയ ചിത്രം. അദേഹത്തിന്റെ അവസാനചിത്രം- ഇലവങ്കോട് ദേശം

1975ൽ ‘സ്വപ്നാടന’ത്തിലാരംഭിച്ച ചലച്ചിത്രയാത്രയുടെ ദുഃഖപര്യവസാനം.1990ൽ ‘ഈ കണ്ണികൂടി’ എന്ന ചിത്രത്തിനുശേഷം 8 വർഷത്തെ ഇടവേളയുണ്ടായി അദ്ദേഹത്തിന് ‘ഇലവങ്കോട് ദേശ’ത്തിലെത്താൻ.. ഒരു പീരിയഡ്സിനിമ ചെയ്യണമെന്ന ആഗ്രഹത്തിന്റെ പൂർത്തീകരണത്തിനായി ഇറങ്ങിപ്പുറപ്പെട്ട ജോർജിന് എട്ടുവർഷംകൊണ്ട്‌ സിനിമയിലുണ്ടായ മാറ്റങ്ങൾ ഭീകരമായി തോന്നിയിരിക്കണം. മാറിയ നിർമാണസാഹചര്യങ്ങളിൽ പല വിട്ടുവീഴ്‌ചകൾക്കും അദ്ദേഹം വഴങ്ങാനിടയായി .

ശ്രീവരാഹം ബാലകൃഷ്ണനൊപ്പം സംവിധായകൻ രചന നിർവഹിച്ച ചിത്രത്തിന് മികവുറ്റ അഭിനേതാക്കളുടെയും സാങ്കേതികവിദഗ്ദ്ധരുടെയും പിന്തുണയുണ്ടായിരുന്നിട്ടും രക്ഷപെടാനായില്ല. താരാധിപത്യമാണ് ചിത്രത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന് ജോർജ് പക്ഷവും സെറ്റിലെ അദ്ദേഹത്തിന്റെ അച്ചടക്കമില്ലായ്മയാണ് ചിത്രത്തെ നശിപ്പിച്ചതെന്ന് മറുപക്ഷവും ആരോപണമുന്നയിച്ചു. കെ ജി ജോർജ് എന്ന ഇന്ത്യൻസിനിമ കണ്ട വലിയ സംവിധായകരിലൊരാൾ ചെക്ക്കേസിൽ ലോക്കപ്പിലാകുന്ന കാഴ്ചയ്ക്കും ഈ ചിത്രം കാരണമായി.

പ്രതീക്ഷകളൊന്നുമില്ലാതെ ഒരു സാധാരണ കൊമേർഷ്യൽ പടം എന്നനിലയിൽ കാണാൻ പോയാൽ, അൽപ്പം ഇഴച്ചിൽ ഉണ്ടെന്നതൊഴിച്ചാൽ ഭേദപ്പെട്ട സിനിമയായി നമുക്ക് തോന്നാം. പക്ഷെ സംവിധായകന്റെ സ്ഥാനത്ത് കെ ജി ജോർജ് എന്ന വലിയ പ്രതീക്ഷനൽകുന്ന പേര് വന്നതാകാം ഈ ചിത്രത്തെ മോശം സിനിമയെന്ന അഭിപ്രായത്തിലെത്തിച്ചത്. ഒഎൻവി-വിദ്യാസാഗർ എന്ന അപൂർവകോമ്പിനേഷനിൽ പിറന്ന മൂന്ന്, നാലു മനോഹരഗാനങ്ങൾ മാത്രം ഈ ചിത്രം അവശേഷിപ്പിച്ച നല്ല ഓർമയായി നിലനിൽക്കുന്നു.