വിൻസന്റ് – ദുരൂഹമായ ഉദയാസ്തമയങ്ങൾ

0
178
Sunil Kumar
ജയഭാരതിയെ ബലാത്സംഗം ചെയ്യുന്ന കൊടുംവില്ലനായ പ്രേംനസീർ. ചിന്തിക്കാൻ പറ്റാത്ത ഇങ്ങനെയൊരു വേഷം ‘അഴകുള്ള സലീന ‘ എന്ന ചിത്രത്തിൽ അദ്ദേഹം ചെയ്തിട്ടുണ്ട്. അതും തന്റെ താരപ്രഭ പരമാവധിയിൽ നിൽക്കുന്ന 1973ൽ. അതിലെ നായകൻ വിൻസെന്റ് ആയിരുന്നു..
Vincent (actor) - Wikipediaനൂറോളം ചിത്രങ്ങളിൽ നായകനാവുക. അതിൽ ഭൂരിപക്ഷവും ഹിറ്റാവുക. ഒരു പതിറ്റാണ്ട് സൂപ്പർതാരപദവിയിൽ നിൽക്കുക. 35 വയസിനു മുൻപേ ഒട്ടും പ്രാധാന്യമില്ലാത്ത ചെറുവേഷങ്ങളിലേയ്ക്ക് ഒതുങ്ങുക. നാടകീയമായ ചലച്ചിത്രജീവിതമായിരുന്നു വിൻസെന്റിന്റേത്.
ഫാക്ടറി തൊഴിലാളിയായിരുന്നു വൈപ്പിൻകരയിലെ എടവനക്കാട്ട് ജനിച്ച ഇദ്ദേഹം. തൊഴിൽസമരത്തെ തുടർന്ന് ഇരുപതാംവയസിൽ ചലച്ചിത്രമോഹവുമായി കോടമ്പാക്കത്തെത്തി. സിനിമയിൽ അദേഹത്തിന്റെ ഉയർച്ച അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നു.
പ്രേംനസീറിനൊത്ത സൗന്ദര്യവും ആക്ഷൻ രംഗങ്ങളിലെ മികവും ഒരു പതിറ്റാണ്ട് അദ്ദേഹത്തെ താരാരാധനയുടെ ഉന്നതിയിൽ എത്തിച്ചു. അവിടെ നിന്നുള്ള പടിയിറക്കവും അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നു. പിന്നീട് ഏതാനും രംഗങ്ങളിൽ മാത്രം മിന്നിമറയുന്ന വേഷങ്ങളിലേക്ക് വിൻസെന്റ് ചുരുങ്ങി.
ഗാനഗവേഷകൻ രവിമേനോൻ പങ്കുവെച്ച ഹൃദയസ്പർശിയായ ഒരനുഭവംകൂടി.
80കളുടെ അവസാനം പത്രപ്രവർത്തകനായി ഏതോ സൂപ്പർതാരചിത്രത്തിന്റെ സെറ്റിൽഎത്തിയപ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാതെ ദൂരെ ഏകനായിരുന്ന തന്റെ പഴയ ആരാധനാപാത്രമായിരുന്ന വിൻസെന്റിനെ പരിചയപ്പെട്ടു. ഒരുപാട് നാളുകൾകൂടി തന്നെ കാണാനെത്തിയ ഒരു ആരാധകനെ കണ്ടതോടെ അദ്ദേഹം അതീവസന്തോഷവാനായി. ഏറെനേരം അരികിൽ പിടിച്ചിരുത്തി സംസാരിച്ചു. പിരിയാൻ നേരം ഒരു അഭ്യർത്ഥന. ഇപ്പോൾ എടുത്ത എന്റെ ഫോട്ടോയുടെ ഒരു കോപ്പി അയച്ചുതരണം. എന്റെ കയ്യിൽ ഫോട്ടോയൊന്നുമില്ല. ആരും ഇപ്പോൾ എന്റെ ഫോട്ടോ എടുക്കാറില്ല.തന്റെ ഹൃദയം ഒന്നുപിടഞ്ഞതായി രവിമേനോൻ ഓർത്തെടുക്കുന്നു.
1991ൽ കേവലം നാൽപ്പത്തിരണ്ടാം വയസിൽ മദ്രാസിൽ വെച്ച് ആ പുഞ്ചിരി കാലയവനികയിൽ മറഞ്ഞു.