കൈവെട്ട് കേസിന് പത്ത് വയസ്സ്

79

Sunil Menon

കൈവെട്ട് കേസിന് പത്ത് വയസ്സ്

കഴിഞ്ഞ ഒരു ദശകത്തിലെ ഇസ്ലാം/പ്രവാചക വിമർശനത്തിന്റെ ബാക്കിപത്രം പരിശോധിക്കുകയാണിവിടെ.

2010 ജൂലൈ 4, ഞാറാഴ്ച്ച. ഇന്ത്യയിൽ ഹൈന്ദതീവ്രവാദമെന്നപോലെ കേരളത്തെ ഇസ്ലാമിക തീവ്രവാദത്തിന്റെ കരിമ്പടം ഒട്ടാകെ ഗ്രസിച്ചിരിക്കുന്നു എന്ന യാഥാർത്ഥ്യത്തിലേക്ക് മലയാളി ഞെട്ടിയുണർന്നത് അന്നായിരുന്നു. ഇസ്ലാമിന്റെ പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് മലയാളം അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്റെ വലത് കൈപ്പത്തി ഇസ്ലാമിക തീവ്രവാദികൾ വെട്ടിമാറ്റിയതായിരുന്നു കേസിന് ആസ്പദമായ സംഭവം. ഉൽസവപ്പറമ്പുകളിൽ കിടന്നുറങ്ങി വെടിക്കെട്ടിന്റെ ഒച്ച കേട്ട് മാത്രം ഞെട്ടിയുണരുന്ന ആളുകളുടെ മനോഭാവത്തോടാണ് ഹിന്ദു വർഗ്ഗീയവാദം പ്രചരിപ്പിക്കുന്ന ശശികല ടീച്ചർ മലയാളിയുടെ ഇസ്ലാമിക ഭീകരവാദത്തോടുള്ള സമീപനത്തെ ആ സംഭവവുമായി ബന്ധപ്പെടുത്തി വിശേഷിപ്പിച്ചത്. മലയാളിയുടെ ബോധമണ്ഡലത്തെ പിടിച്ചുലയ്ക്കാൻ പോന്നതായിത്തീർന്നു ജോസഫ് മാഷിന്റെ ആ ദാരുണ സംഭവം എന്നതിൽ തർക്കമില്ല.

1987-ൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ കാലത്ത് അന്ന് അദ്ദേഹത്തെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്ന ഇസ്ലാമിക തീവ്രവാദികളുടെ ഗൂഢാലോചന പുറത്തു വന്നപ്പോൾ ഭരണനേതൃത്വം അതിനെ ലാഘവബുദ്ധിയോടെയാണ് കണ്ടത്. ആ കാലഘട്ടത്തിൽ ഇസ്ലാമിക ഭീകരവാദത്തിന്റെ പ്രകടമായ ഭീഷണി ഉണ്ടായിരുന്നില്ലെങ്കിലും പിന്നാമ്പുറങ്ങളിൽ പതുക്കെ പതുക്കെ ഇസ്ലാമിക ഭീകരവാദത്തിന്റെ പത്തി തലപൊക്കിക്കൊണ്ടേയിരുന്നു. സംഘപരിവാർ നേതൃത്വത്തിൽ ബാബറി മസ്ജിദിന്റെ തകർക്കലിനെത്തുടർന്ന് കേരളത്തിൽ മുസ്ലീങ്ങളുടെ മിശിഹയായിത്തീർന്ന അബ്ദുൾ നാസർ മദനിയുടെ രാഷ്ട്രീയ രാഷ്ട്രീയ രംഗത്തെ മുന്നേറ്റം, ഇസ്ലാമിന്റെ നവീകരണത്തിന് ശ്രമിച്ച മനുഷ്യസ്നേഹിയായിരുന്ന ചേകന്നൂർ മൗലവിയുടെ കൊലപാതകം, ഇതേ കാലഘട്ടത്തിൽത്തന്നെ മലപ്പുറം ജില്ലയിൽ സിനിമാ തീയറ്ററുകൾ അഗ്നിക്കിരയാക്കിയ സംഭവങ്ങൾ, ഇതെല്ലാം ഈ വിഷസർപ്പത്തിന്റെ ഉഗ്ര ഫണം സമൂഹത്തിൽ വിഷം ചീറ്റിക്കൊണ്ടിരിക്കുന്നതിന്റെ അശുഭ സൂചനകളാണ് മലയാളികൾക്ക് നൽകിക്കൊണ്ടിരുന്നത്. എന്നിട്ടും മലയാളികൾ യാഥാർത്ഥ്യ ബോധത്തിലേക്കുയർന്നില്ല. പിന്നേയും കാലചക്രം തിരിഞ്ഞുകൊണ്ടിരുന്നു. ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ തകർക്കൽ, ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷനിൽ നടന്ന തീവണ്ടി കത്തിക്കൽ, മാറാട് കൂട്ടക്കൊല, ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിക്കവെ കശ്മീരിൽ വെച്ച് ഇന്ത്യൻ സൈനികരുടെ വെടിവെപ്പിൽ നാല് മലയാളികൾ കൊല്ലപ്പെട്ട സംഭവം, മുംബൈ ഭീകരാക്രമണം ഇതൊന്നും മലയാളികളെ ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് ഉൽബുദ്ധരാക്കാൻ പര്യാപ്തമായില്ല. ഇസ്ലാം പവിത്രമായ ഒരു മതമാണെന്നും മുസ്ലിം സമൂഹത്തിലെ ഒരു കൂട്ടം ആളുകൾ അതിനെ വളച്ചൊടിച്ച് വ്യാഖ്യാനിച്ച് ഇസ്ലാമിന് ദുഷ്പ്പേരുണ്ടാക്കുകയാണ് എന്നുമുള്ള മുസ്ലീം സമൂഹത്തിന്റെ പതിവ് പല്ലവി കേരളത്തിലെ മുസ്ലിം ഇതര സമുദായങ്ങൾ മുഖവിലക്കെടുത്തു. എന്നാൽ അവരുടെ ആ മൂഢവിശ്വാസത്തിന് പരിസമാപ്തി കുറിച്ചു എന്നതായിരുന്നു കൈവെട്ട് കേസിലെ രജതരേഖ.

തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം അധ്യാപകനായിരുന്ന പ്രൊഫ. ജോസഫ് വിദ്യാർത്ഥികൾക്കിടയിലും സമൂഹത്തിലും സമാദരണീയനായിരുന്ന വ്യക്തിയായിരുന്നു. എന്തായിരുന്നു അദ്ദേഹം ചെയ്ത പൊറുക്കാനാകാത്ത ‘മഹാപരാധം’ എന്ന് പരിശോധിക്കാം. എഴുത്തുകാരനും, തീവ്ര ഇസ്ലാമിക ആശയങ്ങൾ വെച്ചുപുലർത്തുന്നയാളും അതേസമയം ഇടതുപക്ഷ സഹയാത്രികന്റെ മേലങ്കി അണിഞ്ഞവനുമായ കെ .ഇ.എൻ കുഞ്ഞഹമ്മദിന്റെ ഒരു ചെറുകഥയിലെ കഥാപാത്രമായ പേരില്ലാത്ത ഒരു ഭ്രാന്തനും ദൈവവും തമ്മിലുള്ള സംഭാഷണത്തെ ആസ്പദമാക്കിയുള്ള ഒരു ചോദ്യം പ്രൊഫ. ജോസഫ് തന്റെ വിദ്യാർത്ഥികൾക്കുള്ള ഇന്റേണൽ ടെസ്റ്റ് പേപ്പറിൽ ഉൾപ്പെടുത്തിയിരുന്നു. അതിൽ പേരില്ലാ ഭ്രാന്തന് അദേഹം മുഹമ്മദ് എന്ന പേര് കൊടുത്തതായിരുന്നു ഇസ്ലാമിസ്റ്റുകളെ ചൊടിപ്പിച്ചത്. മുസ്ലീങ്ങൾ മതകാര്യങ്ങളിൽ എത്രമാത്രം സെൻസിറ്റീവ് ആണെന്ന അവബോധം പ്രൊഫ. ജോസഫിനുണ്ടായിരുന്നില്ല എന്നത് വ്യക്തമാണ്.

ചെറുകഥയിലെ സംഭാഷണശകലത്തിൽ ദൈവം പേരില്ലാ ഭ്രാന്തനെ “പട്ടി” എന്ന് വിളിക്കുന്നുണ്ട്. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന തരത്തിലുളള മുൻവിധിയോടെ ദൈവം മുഹമ്മദ് എന്നൊരാളോട് സംവദിക്കണമെങ്കിൽ അത് പ്രവാചകൻ മുഹമ്മദ് നബിയാകാതെ തരമില്ല എന്ന അബദ്ധ ജടിലമായ നിഗമനമാണ് ഇസ്ലാമിക തീവ്രവാദികളെക്കൊണ്ട് ഈ ഹീന കൃത്യം ചെയ്യിച്ചത്. രസകരമായ വസ്തുത എന്തെന്നാൽ മുഹമ്മദ് എന്നത് ലോകത്തിലെ തന്നെ ഏറ്റവും സർവ്വസാധാരണമായ പേരായിട്ടാണ് ഗണിക്കപ്പെടുന്നത്. ഗൾഫ് നാടുകളിൽ പേരറിയാത്ത ഒരുവനെ അവന്റെ ജാതിയോ മതമോ പരിഗണിക്കാതെ അന്നാട്ടുകാർ സംബോധന ചെയ്യുന്നത് പോലും മുഹമ്മദ് എന്നാണെന്ന് കേട്ടിട്ടുണ്ട്. എന്നാൽ മതാന്ധത ബാധിച്ച കേരളത്തിലെ ഇസ്ലാമിസ്റ്റുകൾക്ക് ഇതൊന്നും വിചിന്തനം ചെയ്യാനുള്ള നേരമുണ്ടായില്ല. അവർ പ്രൊഫസറിന്റെ കൈ വെട്ടാൻ തക്കം പാർത്തിരുന്നു. കിട്ടിയ ആദ്യത്തെ അവസരത്തിൽത്തന്നെ അവർ പ്രവാചകനെ ‘അവഹേളിച്ച’ കുറ്റത്തിന് ശരിയാ നിയമം നടപ്പാക്കുക തന്നെ ചെയ്തു.

രാജ്യത്തെ നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കിയ ഗുരുതരമായ ഈ വീഴ്ച്ചയിൽ അന്നത്തെ അച്യുതാനന്ദൻ സർക്കാരിന് കൈകഴുകാനാവില്ല. നിർഭാഗ്യകരമായ ഈ സംഭവത്തിൽ കേരളത്തിലെ മാധ്യമപ്പരിഷകളും പോലീസുമെല്ലാം തുല്ല്യ ഉത്തരവാദികളാണ്. ഏതോ തീവ്രവാദ കേസിലെ പ്രതിയെന്ന പോലെ കൈവിലങ്ങു വെച്ചാണ് പോലീസ് പ്രൊഫ. ജോസഫിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. അദ്ദേഹത്തിന്റെ മുഖം ചാനലുകളിൽ കാണിച്ചത് തീവ്രവാദികൾക്ക് അവരുടെ ശിക്ഷാവിധി കൃത്യമായി നടപ്പാക്കാൻ സഹായകവുമായി. നല്ല ഒരു അവസരത്തിനായി അവർ തക്കം പാർത്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രൊഫസർ ഇതിനെപ്പറ്റി ഒരു സ്പഷ്ടീകരണ കുറിപ്പ് ഇറക്കിയിരുന്നു. അതിൽ മുസ്ലിം സമൂഹത്തിന് താൻ നിമിത്തമുണ്ടായ വേദനക്ക് അദ്ദേഹം മാപ്പും പറഞ്ഞിരുന്നു. എന്നാൽ ഇസ്ലാമിസ്റ്റുകൾ അതുകൊണ്ടൊന്നും അടങ്ങിയില്ല. അവർ പ്രൊഫസറിന്റെ ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്നു. അങ്ങനെ വിധി നിർണ്ണായകമായ ആ ഞായറാഴ്ച പള്ളിയിൽ തന്റെ കുടുംബത്തോടൊത്ത് കാറിൽ പോകാനിരിക്കെ സുഡാപ്പികൾ അദേഹത്തെ കടന്നാക്രമിച്ച് പ്രവാചക നിന്ദക്ക് ശരിയാ നിയമം അനുശാസിക്കുന്ന പ്രകാരം അദേഹത്തിന്റെ വലതുകരം വെട്ടിയെടുത്തെറിഞ്ഞു. ഇടത് കാൽ വെട്ടിയരിയുന്നതിനിടയിൽ അദ്ദേഹത്തിന്റെ മകൻ പ്രതിരോധിക്കുകയും ഒച്ചവെക്കുകയും ചെയ്തപ്പോൾ അക്രമികൾ ഓടിമറഞ്ഞു.

പ്രതികളിൽ ചിലർ ആ ഓട്ടവും ഒളിച്ചു നടക്കലും ഇപ്പോഴും തുടരുന്നു. ഈ സംഭവം ദേശീയ ശ്രദ്ധയും ആകർഷിച്ചു. പിന്നീട് ദേശീയ അന്വേഷണ ഏജൻസി ഈ കേസ് ഏറ്റെടുത്തു. കേസിൽ പ്രതികളായവർ പിന്നീട് എട്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്ത് ഇസ്ലാമിസ്റ്റുകൾ നടപ്പാക്കാൻ ശ്രമിക്കുന്ന ഭരണക്രമത്തിന്റേയും നിയമവ്യവസ്ഥയുടേയും പരിച്ഛേദമായി ഈ സംഭവം വിലയിരുത്തപ്പെട്ടു. ഒരു ന്യൂനപക്ഷ സമുദായക്കാരനാണ് ഈ അക്രമത്തിന് ഇരയായത് എന്നതും കേസിലെ ശ്രദ്ധേയമായ ഘടകമായിരുന്നു. ഈ സന്നിഗ്ധ ഘട്ടത്തിൽ പ്രൊഫസർക്ക് ശക്തമായ പിന്തുണയും കേസിൽ ഉറച്ച നിലപാടും എടുക്കേണ്ടിയിരുന്ന സഭയും ന്യൂമാൻ കോളേജ് മാനേജ്മെന്റും പക്ഷെ പ്രൊഫസറെ പൂർണ്ണമായും കൈയ്യൊഴിഞ്ഞു. തുടർന്ന് അദ്ദേഹം സസ്പെൻഷനിലാവുകയും പിന്നീട് അദ്ദേഹത്തിന്റെ ഉപജീവന മാർഗ്ഗം തന്നെ അടയും വിധത്തിൽ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്യപ്പെട്ടു. കുറച്ചു വർഷങ്ങൾക്ക് ശേഷം തന്റെ വ്യക്തിജീവിതത്തിൽ സഹധർമ്മിണിയുടെ ആത്മഹത്യയുടെ രൂപത്തിൽ മറ്റൊരു ദുരന്തവും കൂടി അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു.

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലും രാഷ്ട്രീയ രംഗത്തും ഈ സംഭവം സജീവമായി ചർച്ച ചെയ്യപ്പെട്ടു. മതേതര മേനി ചമയുന്ന മുസ്ലീം ലീഗ് നാമമാത്രമായി ഇസ്ലാമിസ്റ്റുകളെ വിമർശിച്ചു. വാസ്തവത്തിൽ മുസ്ലീം ലീഗിന്റെ സമീപനങ്ങൾക്ക് തീവ്രത പോരാ എന്ന് തോന്നുന്നവർ തന്നെയാണ് ലീഗ് വിട്ട് എസ്ഡിപിഐ പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളിൽ അണി ചേരുന്നത് എന്നത് ആർക്കാണറിയാത്തത്?!. പകൽ മതേതരത്വം പ്രസംഗിക്കുന്നവരും ഇരുട്ടിന്റെ മറവിൽ തീവ്രവാദ പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നവരും ഹിന്ദുയുവാക്കളിൽ എന്നപോലെ മുസ്‌ലിം യുവാക്കളിലും ധാരാളമുണ്ട്‌, ഒരുപക്ഷെ ഹിന്ദുക്കളേക്കാൾ ഒരുപടി മുന്നിൽ.

മുസ്ലിം ന്യൂനപക്ഷ വോട്ട് ബാങ്കിനെ ഭയന്ന് പതിവു പോലെ ഭരണകക്ഷിയായിരുന്ന സിപിഎമ്മും മറ്റ് ഇടതുപക്ഷ പാർട്ടികളും പ്രതിപക്ഷമായ കോൺഗ്രസും ഈ വിഷയത്തിൽ പൊളിറ്റിക്കൽ കറക്റ്റനസിന്റെ മാർഗ്ഗം സ്വീകരിക്കുകയാണുണ്ടായത്. മതേതരത്വത്തിന്റെ അപ്പോസ്തലന്മാരായ ഇവർ ഇസ്ലാമിന്റെ മാനവിക മുഖത്തെക്കുറിച്ച് വാചാലരായി. തീവ്രവാദവും ഇസ്ലാമും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് വരുത്തിത്തീർക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ഇവരെല്ലാം. സ്വയം പ്രഖ്യാപിത സാംസ്കാരിക നായകർ മുൻ സൂചിപ്പിച്ച കശ്മീരിലെ വെടിവെപ്പിൽ മരിച്ച ഒരുവന്റെ ഉമ്മ എടുത്ത നിലപാട് ചൂണ്ടിക്കാട്ടി വാചാലരായി. രാജ്യദ്രോഹ പ്രവർത്തനം ചെയ്യാൻ ഇറങ്ങിത്തിരിച്ച തന്റെ മകന്റെ മയ്യിത്ത് കാണണ്ട എന്ന് പറഞ്ഞ ആ ഉമ്മയുടെ നിലപാടാണ് ഭൂരിപക്ഷ മുസ്ലിം സമൂഹത്തിനുള്ളതെന്ന് പറഞ്ഞ് അവർ കൈവെട്ട് കേസിന് ഇസ്ലാമായോ മുസ്ലീങ്ങളായോ ഒരു ബന്ധവുമില്ലെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു.

ഇക്കാലയളവിൽ സമാന്തരമായി മറ്റൊരു വിപത്തിനേയും മലയാളികൾ നേരിട്ടുകൊണ്ടിരുന്നു. അത് ലൗ ജിഹാദിനെ കുറിച്ചുള്ള സംവാദങ്ങളും വിവാദങ്ങളും സംശയങ്ങളുമായിരുന്നു. സാക്ഷാൽ അച്യുതാനന്ദൻ പോലും ഒരവസരത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന തരത്തിൽ പ്രസ്താവന ഇറക്കേണ്ടി വന്നു. അതിന്റെ അനന്തരഫലം തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഭരണത്തിൽ നിന്നുള്ള സ്ഥാനഭ്രംശം ആയിരുന്നു. സാന്ദർഭികമായി പറയട്ടെ, ഈ പുതിയ പദാവലി മുസ്ലിം പൊതുബോധത്തിനുണ്ടാക്കിയ ക്ഷീണം ചില്ലറയല്ല. പ്രേമം എന്ന തരള വികാരത്തേയും ഇസ്ലാമികമായ വീരശൂര പരാക്രമത്തെ ദ്യോതിപ്പിക്കുന്ന ജിഹാദിനേയും കൂട്ടിക്കെട്ടുമ്പോൾ അതിനൊരു ‘ആണും പെണ്ണും കെട്ട’ സ്വഭാവം കൈവരുന്നു. മുസ്ലീം യുവാക്കൾ പ്രേമം നടിച്ച് അമുസ്ലിം യുവതികളെ വിവാഹക്കുരുക്കിലാക്കി ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്ത് അവരെ സിറിയയിലും ഇറാക്കിലും എത്തിച്ച് ലൈംഗിക അടിമകളും തീവ്രവാദിനികളുമൊക്കെ ആക്കുന്ന ഈ കുതന്ത്രം പ്രവൃത്തിക്കുന്നതായി ഹിന്ദുവർഗ്‌ഗീയവാദികൾക്കൊപ്പം ക്രിസ്തീയ സമൂഹവും ഏറ്റുചൊല്ലി. സംഘപരിവാർ വിരചിതമായ ഈ പേര് അവരുടെ മാസ്റ്റർ സ്ട്രോക്കായി വിലയിരുത്തപ്പെടുന്നു. മറ്റു മതങ്ങളിലെ പെണ്ണുങ്ങളെ പ്രണയം നടിച്ചു മതംമാറ്റുന്ന ഒരു കൂട്ടർ ഉണ്ടെങ്കിൽ തന്നെ അത് ഇസ്ലാമിൽ തുലോം ന്യൂനപക്ഷം ആയിരിക്കാം എന്ന സത്യത്തെ മുന്നിൽ കാണാതെ വർഗ്ഗീയമായ പ്രചാരണങ്ങൾ മുറുകി .

യാദൃശ്ചികതയെന്നോ മറ്റോ പറയാവുന്നതായിരുന്നു കഴിഞ്ഞ ദശകത്തിൽ വിവരസാങ്കേതിക രംഗത്തെ കുതിച്ചു ചാട്ടം. ഫേസ്ബുക്ക്, വാട്സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങൾക്ക് ലഭിച്ച വൻ പ്രചാരവും ജനപ്രീതിയും നിമിത്തമായി വിവരവും വിജ്ഞാനവും യഥേഷ്ടം കൈമാറ്റം ചെയ്യപ്പെട്ടു. എന്നാൽ നവമാധ്യമങ്ങളിൽ വിവരങ്ങളുടെ ഈ കുത്തൊഴുക്കിൽ വലിയ വില കൊടുക്കേണ്ടി വന്നത് മതങ്ങളും അവയുടെ കപടതയും പ്രകൃതവാദവും ഒക്കെയാണ്.. ഈ നവമാധ്യമങ്ങളിൽ ഓരോ വിഷയത്തെക്കുറിച്ചുമുള്ള ഗ്രൂപ്പുകൾ സജീവമായി. യുക്തിവാദ ഗ്രൂപ്പുകളിലും സ്വതന്ത്ര ചിന്താ ഗ്രൂപ്പുകളിലും സ്വാഭാവികമായും ഇസ്ലാം ഉൾപ്പടെ മതങ്ങൾ ഹോട്ട് സബ്ജക്റ്റായി. എന്നാൽ ഇസ്‌ലാം വളരെ ശക്തമായി വിചാനചെയ്യപ്പെട്ടു.

ഈ ഗ്രൂപ്പുകളിൽ ഖുറാനിക സൂക്തങ്ങളും പ്രവാചക ചര്യക്ക് നിദാനങ്ങളായ ഹദീസുകളും, തഫ്സീറുകളും ഇഴകീറി പരിശോധിക്കപ്പെട്ടു. പ്രധാനമായും രണ്ട് ചേരികളാണ് ഇസ്ലാമിനെക്കുറിച്ചുള്ള ചർച്ചകളിലും സംവാദങ്ങളിലും രൂപപ്പെട്ടത്. ഇസ്ലാമിനെ നഖശിഖാന്തം എതിർക്കുന്ന അമുസ്ലീമുകളുടെ ചേരിയും മറുപക്ഷത്ത് മുസ്ലീങ്ങളുടെ ചേരിയും. അമുസ്ലിം പക്ഷം ഖുറാനും പ്രവാചകന്റെ സമകാലികരായ ഇസ്ലാമിക പണ്ഡിതരാൽ എഴുതപ്പെട്ട വ്യാഖ്യാനങ്ങളും ഉദ്ധരിച്ച് ഇസ്ലാം ഒരു തീവ്രവാദ പ്രത്യയശാസ്ത്രം തന്നെയാണെന്ന് തെളിയിച്ചു കൊണ്ട് ആക്രമണോത്സുകമായി മുന്നേറുന്നു.

മുസ്ലീം പക്ഷംഅവരുടെ വിശ്വാസത്തേയും അവരുടെ പ്രിയങ്കരനായ പ്രവാചകനേയും ഏതറ്റം വരെയും പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. മുഹമ്മദ് എന്ന് കേൾക്കുന്ന മാത്രയിൽ മതവികാരം പൊട്ടിയൊലിച്ചിരുന്ന മുസ്ലിം സമുദായം ഇന്ന് അവരുടെ പ്രവാചകനാണ് ലോകത്ത് ഏറ്റവുമധികം വിമർശിക്കപ്പെടുന്ന വ്യക്തി എന്ന യാഥാർത്ഥ്യവുമായി സമരസപ്പെട്ടിരിക്കുന്നു. മുൻകോപികളായ അവരുടെ പെരുമാറ്റങ്ങൾക്ക് ഒരു പതം വന്നിരിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പൊരിഞ്ഞ ‘പോരാട്ടത്തിൽ’ മുസ്ലീം വിഭാഗം അവർക്കിനി വിശ്രമം ആവശ്യമാകും വിധം പരിക്ഷീണിതരാണ്. ഇസ്ലാമിനേയും പ്രവാചകനേയും അവഹേളിക്കാൻ അമുസ്ലിം പക്ഷം ഖുറാനിനെത്തന്നെ ആയുധമാക്കുമ്പോൾ അതിന് ബദലായി പ്രതിരോധിക്കാൻ ഖുറാനിൽ ഒന്നുമില്ലെന്ന് മുസ്ലിം സമൂഹത്തിലെ കുറച്ചു പേരെങ്കിലും തിരിച്ചറിയുന്നു.

ഈ സത്യം മനസ്സിലാക്കിയിട്ടുള്ള മുസ്ലിം ചെറുപ്പക്കാരിൽത്തന്നെ ഒരു വിഭാഗം ഇസ്ലാമിനെ വിമർശിക്കുന്നതിലേക്കും യുക്തിവാദ ചിന്തയിലേക്കും തിരിഞ്ഞിരിക്കുന്നു എന്നത് പ്രതീക്ഷക്ക് വക നൽകുന്നു. അവരുടെ നേതൃത്വം വഹിക്കുന്നത് പ്രശ്സത യുക്തിവാദിയായ ജബ്ബാർ മാഷാണ്. ജബ്ബാർ മാഷിന്റെ ബ്രദേഴ്സ് എന്ന അർത്ഥത്തിലാണോ എന്നറിയില്ല മുസ്ലീങ്ങൾ ഈ വിഭാഗത്തെ ‘ജബ്രകൾ’ എന്ന് സംബോധന ചെയ്യുന്നു. ഇസ്ലാമിന് മൊത്തത്തിൽ ക്ഷീണം സംഭവിച്ചിരിക്കുന്ന ഈ അവസ്ഥാവിശേഷത്തിൽ മുസ്ലിം പൗരോഹിത്യവും ആശങ്കാകുലരാണ്. ഖുറാനും ഹദീസുകളും മലയാളത്തിലേക്ക് പരിഭാഷ ചെയ്യപ്പെട്ടതാണ് ഇതിനെല്ലാം കാരണമെന്ന് അടുത്തിടെ ഒരു മൗലവി അഭിപ്രായപ്പെട്ടത് ഒരു വിശ്വാസ സംഹിത എന്ന നിലയിൽ ഇസ്ലാം നേരിടുന്ന പ്രഹേളിക വിളിച്ചോതുന്നു.

മുജാഹിദ് ബാലുശ്ശേരിയെപ്പോലുള്ളവർ പര മത അവഹേളന പ്രഭാഷണങ്ങളിലുടേയും തികഞ്ഞ വർഗ്ഗീയ പ്രസ്താവനകളിലൂടേയും ഇസ്ലാം നേരിടുന്ന ഈ അവസ്ഥക്ക് ആക്കം കൂട്ടുന്നു. എം.എം അക്ബർ തന്റെ സംവാദങ്ങളിലൂടെയും സെമിനാറുകളിലൂടെയും ഇസ്‌ലാമിനെക്കുറിച്ച് മറ്റു മതവിശ്വാസികളെ ബോധവൽക്കരിക്കാൻ ശ്രമിക്കുമ്പോൾ ബുദ്ധിയും യുക്തിയുമുള്ള ചെറുപ്പക്കാർ കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളും വിമർശനങ്ങളും ഉന്നയിച്ച് അയാളെ വെള്ളം കുടിപ്പിക്കുന്നു. ചുരുക്കത്തിൽ വെളുക്കാൻ തേച്ചത് പാണ്ടാവുന്ന കാഴ്ച്ചയാണ് കണ്ടുവരുന്നത്. എടുത്ത് പറയേണ്ട ഒരു കാര്യം സംഘികളെ പോലെ രാജ്യസ്നേഹം നടിച്ചു കുറച്ച് കൃസ്ത്യൻ സൈബർ പോരാളികൾ സമൂഹമാധ്യമങ്ങളിൽ അവരുടെ ചിന്തോദ്ദീപകങ്ങളായ പോസ്റ്റുകൾ കൊണ്ട് തീവ്ര ഹിന്ദുത്വവാദികൾക്കിടയിൽ താരമായി മാറിയിട്ടുണ്ട് എന്നതാണ്. മാത്യു ജെഫ്, ലിയോ ചാൾസ്, ജിതിൻ ജേക്കബ്, ഡെൻസൺ തോമസ് എന്നിവർ അവരിൽ ചിലർ മാത്രം. ഇത്തരക്കാർ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും മദ്ധ്യേ നിന്നുകൊണ്ടു മുട്ടനാടുകലുഡ്‌ മദ്ധ്യേ നിന്ന ചെന്നായകളുടെ പരിവേഷം അണിയുന്നു.

എന്നാൽ ഇസ്ലാമിസ്റ്റുകളെ പ്രീണിപ്പിച്ചു കൊണ്ട് അധികനാൾ മുന്നോട്ട് പോവാനാവില്ല എന്ന തിരിച്ചറിവിന്റെ ബഹിർസ്ഫുരണമായിരിക്കാം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ രണ്ട് ദിവസം മുമ്പ് അഭിമന്യുവിന്റെ രണ്ടാം ചരമവാർഷികത്തിലിട്ട ഫേസ്ബുക്ക് പോസ്റ്റിൽ ഇസ്ലാമിക തീവ്രവാദികൾ എന്ന് തന്നെ ഊന്നിപ്പറഞ്ഞത്. കുറച്ച് ദിവസം മുമ്പ് മുതിർന്ന ബിജെപി താത്വികാചാര്യനായ ശ്രീ ടി.ജി. മോഹൻ ദാസ് ഒരു ചാനൽ ചർച്ചയിൽ പറഞ്ഞത് ഇസ്ലാമിക തീവ്രവാദികളല്ല ഇസ്ലാം തന്നെയാണ് പ്രശ്നം എന്നാണ്. ബിജെപിയുടെയും പരിവാരങ്ങളുടെയും വർഗ്ഗീയവിഷം കൊണ്ടാണ് ഇതൊക്കെ പറയുന്നത് എന്നുവച്ചാൽ തന്നെ മുസ്ലീങ്ങൾ ഇസ്ലാമിനെ പ്രത്യയശാസ്ത്രപരമായി പ്രതിരോധിക്കുന്നതിൽ അമ്പേ പരാജയപ്പെട്ടിരിക്കുന്നു എന്ന് തന്നെയാണ്.

ഇതെല്ലാം സംഭവിക്കുമ്പോഴും മുസ്ലീങ്ങളുടെ മനോഭാവത്തിൽ മാറാത്ത ഒന്നുണ്ട്. അത് അവർക്കിടയിൽ കാണുന്ന ട്രയംഫലിസം (triumphalism) എന്ന സ്വഭാവ വിശേഷമാണ്. ട്രയംഫലിസത്തെക്കുറിച്ച് ഞാനാദ്യമായി കേൾക്കുന്നത് പ്രസിദ്ധ എക്സ് മുസ്ലീമും സ്വതന്ത്ര ചിന്തകനും ഹ്യൂമണിസ്റ്റുമായ അലി സീനയുടെ ഫേയ്ത്ത്ഫ്രീഡം എന്ന സൈറ്റിൽ നിന്നാണ്. അദ്ദേഹം പറയുന്നത് ഒരു മുസ്ലിം അടിസ്ഥാനപരമായി ഒരു triumphalist ആണെന്നാണ്. മലയാളത്തിൽ ഇതിന് സമാനമായ ഒറ്റവാക്കില്ല, “കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല” എന്ന പ്രയോഗം മുസ്ലീങ്ങളുടെ ഈ സ്വഭാവത്തെ സൂചിപ്പിക്കാൻ ഉതകുന്നതാണ്. അദ്ദേഹം പറയുന്നു ഇസ്ലാമിക പ്രത്യയശാസ്ത്രത്തെ പ്രത്യയശാസ്ത്രപരമായും ഇസ്ലാമിക ഭീകരവാദത്തെ സൈനികമായും നേരിടുക എന്നതാണ് ഇസ്‌ലാമിക ഭീകരതക്ക് അറുതി വരുത്താനുള്ള ഏക പോംവഴി. ഇതാണ് ലോകത്തെ എല്ലാ ജനാധിപത്യരാജ്യങ്ങളും പിന്തുടരേണ്ടത്. (Fight Islamic ideology ideologically and Islamic terrorism militarily). തന്റെ സൈറ്റിൽ അദ്ദേഹം പ്രവാചകനെക്കുറിച്ച് ആറോ ഏഴോ ഗുരുതരമായ ആരോപണങ്ങൾ മുന്നോട്ട് വെയ്ക്കുന്നു.

ഖുറാനിനെ അടിസ്ഥാനപ്പെടുത്തി ഇത് തെറ്റാണെന്ന് തെളിയിക്കുക എന്നതാണ് അദ്ദേഹം മുസ്ലീങ്ങൾക്ക് മുന്നിൽ വയ്ക്കുന്ന ചലഞ്ച്. നാളിതുവരെ ഒരു ഇസ്ലാമിക പണ്ഡിതനും അതിന് സാധിച്ചിട്ടല്ല. എന്നിട്ടും മുസ്ലീങ്ങൾ അവകാശപ്പെടുന്നത് അലി സീനയുടെ ബ്ലോഗുകൾ വായിച്ചതിന് ശേഷം അവർക്ക് ഇസ്ലാമിലും പ്രവാചകനിലുമുള്ള വിശ്വാസം കൂടിയത്രെ! ഇതാണ് മുസ്ലീങ്ങളുടെ ട്രയംഫലിസത്തിന്റെ മകുടോദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. മുസ്ലീങ്ങളുടെ പ്രത്യയശാസ്ത്രവും റോൾ മോഡലും യുക്തിപരമായും സദാചാരമായും ദുർബലങ്ങളാണ് എന്നതല്ലാതെ ധിഷണാപരമായി മുസ്ലീങ്ങൾ മറ്റേതൊരു വിഭാഗത്തേക്കാളും പിന്നിലല്ല എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. ഇസ്ലാം ഇന്ന് ഒരു നാൽക്കവലയിലാണ്. എന്ത് ചെയ്യണം, എങ്ങോട്ട് പോകണമെന്നെല്ലാം തീരുമാനിക്കേണ്ടത് മുസ്ലിം സമൂഹം തന്നെയാണ്. ഒന്നുകിൽ ചേകന്നൂർ മൗലവി വിഭാവനം ചെയ്തത് പോലെ ഇസ്ലാമിൽ കാലികമായ മാറ്റങ്ങൾ വരുത്തി നവീകരിച്ച് മുന്നോട്ട് പോകാം. അതല്ലെങ്കിൽ ഒരിക്കൽ ഒരു ചാനൽ ചർച്ചയിൽ അധ്യാപകനും ഇടതുപക്ഷ സഹയാത്രികനുമായ ഫക്രുദ്ദീൻ അലി പരാമർശിച്ചത് പോലെ മെർസേയ്ഡിസ് ബെൻസ് കാറിന്റെ ബോഡിയും അംബാസിഡർ കാറിന്റെ എഞ്ചിനും വഹിക്കുന്ന മുസ്ലിം ഉമ്മത്ത് അധികം താമസിയാതെ ബ്രേക്ക്ഡൗൺ ആകുമെന്നതിൽ സംശയമില്ല.