ചൂരൽ വാരഫലപ്രയോഗത്തിന്റെ അവശ്യകത ഇപ്പോൾ നന്നായി മനസ്സിലാകുന്നു കൃഷ്ണൻ നായർ സാർ

0
351
Sunil Narayanan
കുട്ടിക്കൃഷ്ണമാരാര് ഒരിക്കല് എം കൃഷ്ണൻ നായർ സാറിനോട് പറഞ്ഞത്രേ: “ജീവിച്ചിരിക്കുന്നവരുടെ കൃതികള് വിമര്ശിക്കുകയേ അരുത്.” ആ മഹാനുഭാവന്റെ ഉപദേശം സ്വീകരിക്കാതെ സാഹിത്യ വാരഫലത്തിലൂടെ മാരാരുടെ ആത്മാവിനെ നിരന്തരം വേദനിപ്പിച്ചുകൊണ്ടിരുന്നുവെന്ന് ഒരിക്കൽ കൃഷ്ണൻ നായർ സാർ തന്നെ എഴുതി. എഴുത്തുകാർക്ക് ഒരേ സമയം വിമർശകനായും സുഹൃത്തായും കരുതാൻ പാകത്തിൽ അദ്ദേഹം മലയാള നാടിലും തുടർന്ന് കലാകൗമുദിയിലും പിന്നീട് സമകാലിക മലയാളത്തിലും തന്റെ പ്രതിവാര പംക്തി തുടർന്നു പോന്നു. പലപ്പോഴും വർത്തമാനകാല വാരികകളിൽ അച്ചടിച്ചു വരുന്ന കഥകളും കവിതകളും വായിക്കാനിടവരുമ്പോൾ എം കൃഷ്ണൻ നായർ സാറിന്റെ ചൂരൽ വാരഫലപ്രയോഗത്തിന്റെ അവശ്യകത നന്നായി മനസ്സിലാകുന്നു.
ബാല്യകാല സ്മരണകൾ:
പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന പ്രായത്തിൽ അത്താഴം കഴിഞ്ഞ് കഥ കേൾക്കാനിരിക്കുക ഒരു സുഖകരമായ കാര്യമായിരുന്നു. ഊണ് കഴിഞ്ഞ് ഒരു പാളയംതോടൻ പഴം കഴിക്കുന്ന സുഖം. വല്യേട്ടനാണ് കാഥികൻ. യൂണിവേഴ്സിറ്റി കോളേജിലെ മലയാളം ക്ലാസ്സിൽ സാഹിത്യ വാരഫലം എം.കൃഷ്ണൻ നായർ സാർ ഖണ്ഡശ്ശ പകർന്നു നല്കിയ ലോക ക്ലാസ്സിക്കുകൾ അങ്ങനെ വല്യേട്ടനിൽ നിന്നും കേട്ടറിഞ്ഞതാണ് ആദ്യാനുഭവങ്ങൾ. കാരുണ്യവും നന്മയുമെല്ലാം വിജയപഥത്തിലേക്കെത്തിച്ചേരുന്ന വിക്തോർ യൂഗോയുടെ വാഴ്ത്തപ്പെട്ട മനുഷ്യഗാഥ. നായകനായ ഴാങ്ങ് വാൽ ഷാങ്ങിനെക്കാൾ അന്നായിളം മനസ്സിനെ തളർത്തിയത് തീർച്ചയായും കൊസെത്തും അവളുടെ നിരവധി അനവധി ദുരിതങ്ങളുടെ സ്വാംശീകരണവുമാണെന്നതാണ് സത്യം. പാവങ്ങൾ അങ്ങനെയാണ് പിന്നീട് വായിക്കാനിടയായത്.
കൗമാര കാഴ്ചകൾ:
ഏറ്റവും പുതിയ പുസ്തകങ്ങളുടെ ഒരു കെട്ടും കാലൻകുട മറ്റെ കൈയ്യിലുമായി ശുഭ്രവസ്ത്രധാരിയായ സാറിന്റെ ആയുർവേദ കോളേജ് ജംഗ്ഷനിലെ ഹിഗ്ഗിൻ ബോതംസ് മുതൽ സ്റ്റാച്യു ജംഗ്ഷനിലെ മാധവരായർ പ്രതിമ വരെയുള്ള സായാഹ്ന സവാരി ഓർമ്മയിൽ തെളിഞ്ഞു വരുന്നു. തലസ്ഥാനത്തെ സാഹിത്യ പ്രേമികളുടെ മനം കുളിർപ്പിച്ചു പോന്ന പതിവ് കാഴ്ചകൾ. മാധവരായർ പ്രതിമക്ക് സമീപം വഴിയരികിലെ കച്ചവടക്കാരനിൽ നിന്നും സ്ഥിരമായി ഒന്നു രണ്ട് ഇംഗ്ലീഷ്പത്രവും വാരികകളും വാങ്ങുന്നതും അദ്ദേഹത്തിന് ശീലമായിരുന്നു. ഇടയ്ക്ക് ഹോട്ടൽ അരുൾജ്യോതിയിൽക്കയറി ചായയും വടയും കഴിക്കുകയും പരിചയക്കാരോട് കുശലം പറയുകയും ചെയ്യുന്നത് കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. തുടർന്ന് സന്ധ്യമയങ്ങും നേരം, സർക്കാരുദ്യോഗസ്ഥർ പിരിയും നേരം ശാസ്തമംഗലത്തുള്ള സ്വന്തം വീട്ടിലേക്ക് സിറ്റി ബസ്സിൽ രാജകീയമായ മടക്കയാത്ര.
സാഹിത്യവിമർശനം:
കഥ, കവിത എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി എഴുതപ്പെടുന്ന ചപ്പുചവറുകളുടെ കർത്താക്കളെ കൊല്ലണമെന്നാഗ്രഹം. കുഞ്ഞുണ്ണി മാഷ് പറഞ്ഞത് പോലെ എനിക്കതിന് കഴിവില്ലാത്തതിനാൽ അവരോട് ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെടാം. സാഹിത്യ വാരഫലക്കാലത്ത് അതിന്റെ ആവശ്യം തന്നെയില്ലായിരുന്നു. സാഹിത്യകാരന്മാര് കായങ്കുളം കൊച്ചുണ്ണി, മുളമൂട്ടിൽ അടിമ, ഇത്തിക്കരപ്പക്കി ഈ തസ്കരപ്രമാണിമാരെപ്പോലെ തസ്‌കരന്മാരായി മാറിയിരിക്കുന്നുവെന്ന് കൃഷ്ണൻ നായർ സാർ എഴുതിയതായി ഓർക്കുന്നു.
മലയാള സാഹിത്യത്തിൽ അപ്രഖ്യാപിത അടിയന്തിരാവസ്ഥ നിലനിന്നിരുന്ന കാലഘട്ടമെന്ന് ചിലർ വാരഫലക്കാലത്തെ പകുതി പരിഹാസമായി പറഞ്ഞതായി വായിച്ചിരുന്നു. 2006 ഫെബ്രുവരി 23-ാം തീയതി ആ സൂര്യൻ അസ്തമിച്ചു. ആ സൗരോർജ്ജത്തിൽ കത്തിജ്വലിച്ചു നിന്ന മലയാളത്തിലെഴുതപ്പെട്ട സാഹിത്യ കൃതികൾ മലയാളികൾ വായിച്ചാസ്വദിച്ചു. വിദേശഭാഷകളിലെ സാഹിത്യത്തെ നമ്മെ വാരഫലം പംക്തിയിലുടെ ബോധവാന്മാരാക്കുകയും ചെയ്തു. അക്ഷര ലോകത്തെ കള്ളനാണയങ്ങൾ ആ സൂര്യപ്രഭയിൽ കത്തിക്കരിഞ്ഞ് ചാമ്പലായി. പലരും മാളങ്ങളിൽ ഒളിവാസമായിരുന്നു. ഇന്നിപ്പോൾ അന്ധകാരത്തിൽപ്പെട്ടുഴലുന്ന വായനക്കാർക്ക് നെല്ലേത് പതിരേത് എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥ. വഴികാട്ടിയായി സാഹിത്യ വാരഫലവുമില്ല, വാരഫലക്കാരനുമില്ല. വായനക്കാർ ആ ശൂന്യത നന്നായി മനസ്സിലാക്കുന്നു.
ജോസഫ് വൈറ്റിലയുടെ കഥയെക്കുറിച്ച്:
കൃഷ്ണൻ നായർ സാറിന് സാഹിത്യകാരന്മാരുടെ ഭാവനയുടെ പരിധിയെക്കുറിച്ച് തികഞ്ഞ ബോധ്യം തന്നെയുണ്ടായിരുന്നു. “ആ പരിധിക്കകത്തു മാത്രമേ അവർക്കു വ്യാപരിക്കാനാവൂ. സി. വി. രാമൻപിള്ളയ്ക്ക് വൈത്തിപ്പട്ടരെ സൃഷ്ടിക്കാൻ കഴിയുകയില്ല. ചന്തുമേനോനു ഹരിപഞ്ചാനനനെ സൃഷ്ടിക്കാനും സാധിക്കില്ല. വള്ളത്തോളിന്റെ റെയ്ഞ്ച് ഒരുവിധം. ശങ്കരക്കുറുപ്പിന്റേതു മറ്റൊരുവിധം. പൈങ്കിളിക്കഥകൾക്ക് ഒരു റെയ്ഞ്ചുണ്ട്. തകഴി തുടങ്ങിയവരുടെ കൃതികൾക്കു വേറൊരു റെയ്ഞ്ചും.” ഈ മണ്ഡലങ്ങൾക്ക് ഇടയ്ക്കുള്ള ഒരു മണ്ഡലത്തിലാണ് ജോസഫ് വൈറ്റില എന്ന പുത്തനെഴുത്തുകാരന്റെ സ്ഥാനം എന്ന മട്ടിൽ ആസ്വാദനമെഴുത്ത് തുടങ്ങുന്നു.
“അദ്ദേഹമെഴുതുന്നതു പൈങ്കിളിസ്സാഹിത്യമാണോ? അല്ല. തകഴി, ബഷീർ ഇവരുടെ സാഹിത്യവുമായി അദ്ദേഹത്തിന്റെ സാഹിത്യത്തിന് വല്ല ബന്ധവുമുണ്ടോ? ഇല്ല. തന്റേതായ മണ്ഡലത്തിൽ അദ്ദേഹം വിരാജിക്കുന്നു. അത് ഉത്കൃഷ്ടമല്ല, അധമവുമല്ല. ജീവിതത്തിന്റെ അദ്ഭുതാംശങ്ങളിൽ ഒന്നിലേക്കുപോലും കൈ ചൂണ്ടാത്ത ഇക്കഥ നോവലെന്ന പേരിൽ മനോരാജ്യം വാരികയിൽ കിടക്കുന്നു. ഇതു ജർണ്ണലിസം മാത്രമാണ്. ജർണ്ണലിസത്തിന്റെ പരിധിവിട്ട് ജോസഫ് വൈറ്റില പോകണമെന്നു ഞാൻ പറയുകയില്ല. പറഞ്ഞാൽ അത് സാഹിത്യവാരഫലം കോൾറിജ്ജിന്റെ നിരൂപണം പോലെ ഉയരണം എന്നഭിപ്രായപ്പെടുന്നതുപോലെയാവും. കുന്നിക്കുരു മഞ്ചാടിമുത്തു പോലെയാവണമെന്നു പറയുന്നതുപോലെയാവും. മഞ്ചാടി കോഹിന്നൂർ രത്നമാകണമെന്നു പറയുന്നതുപോലെയാവും.”
ചങ്ങമ്പുഴയെക്കുറിച്ച്:
ചോദ്യം, ഉത്തരം:
“ചങ്ങമ്പുഴ മദ്യപാനിയായിരുന്നോ?”
“പ്രകൃത്യതീത ശക്തിയുള്ളവരെക്കുറിച്ചു പറയുമ്പോള് അവരുടെ ആ ശക്തിവിശേഷത്തെക്കുറിച്ചു വേണം പറയാന്. Poetic inspiration എന്നതില് എഴുത്തച്ഛന് പോലും ഈ കവിയുടെ അടുത്തു വരില്ല. അങ്ങനെയുള്ള ഒരുജ്ജ്വല പ്രതിഭാശാലി കുടിച്ചിരുന്നോ എന്നു ചോദിക്കുന്നത് തികഞ്ഞ മര്യാദകേടാണ്. ഹിമാലയപര്വ്വതം കാണുമ്പോള് അതിന്റെ ഉദാത്ത സൗന്ദര്യം ആസ്വദിക്കണം. പര്വ്വതത്തെ നോക്കാതെ അതിന്റെ ചുവട്ടില് കിടക്കുന്ന നായ്ക്കാട്ടത്തെ മാത്രം നോക്കരുത്. (മദ്യപന് എന്നു വേണം പറയാന്. മദ്യപാനിയെന്നു കേട്ടാല് മദ്യം വച്ചിരിക്കുന്ന പാത്രമെന്ന് തോന്നിയെന്നു വരാം.) ”
വിശ്വസാഹിത്യ ജാലകം തുറന്നു തന്നപ്പോൾ:
ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ജെഎം കൂറ്റ്സേ (Waiting for the Barbarians), നോവലിസ്റ്റ് മിലൻ കുന്ദേര (The Book of Laughter and Forgetting), ഗബ്രിയേൽ ഗാർസിയ മാർകേസ് (One Hundred Years of Solitude ), ബോർഹസ്, ജെഡി സാലഞ്ചർ (Pretty Mouth and Green My Eyes), ഊമ്പര്ടോ എച്ചോ (The Name of the Rose) തുടങ്ങിയ എത്രയോ വിശ്വസാഹിത്യകാരന്മാരെ സാഹിത്യ വാരഫലം പരിചയപ്പെടുത്തിത്തന്നു.
ഏകാന്തതയുടെ കാമുകൻ:
സാഹിത്യ വാരഫലക്കാരൻ തന്നെയാണ് മലയാളിക്ക് മാർകേസിന്റെ നോവലുകൾ വിശദമായി പരിചയപ്പെടുത്തിയതെന്നത് മലയാള സാഹിത്യചരിത്രം. എം.ടി.വാസുദേവൻ നായർ ഏകാന്തതയുടെ നൂറ് വർഷങ്ങളെക്കുറിച്ചും നോവലിസ്റ്റിന്റെ സർഗ്ഗ സവിശേഷതകളെക്കുറിച്ചും എഴുപതുകളുടെ തുടക്കത്തിൽ തന്നെ എഴുതിയിരുന്നുവെന്നു തോന്നുന്നു.
മാർകേസിന്റെ കടുത്ത ആരാധകനായിരുന്നു എം.കൃഷ്ണൻ നായർ സാറെന്നത് വാരഫല പംക്തിയുടെ സ്ഥിരം വായനക്കാരനായിരുന്നതിനാൽ
ആധികാരികമായിത്തന്നെ എനിക്ക് പറയാനാകും.
ഒ എൻ വി കുറുപ്പിന്റെ കവിതയെക്കുറിച്ച്:
“ഒ.എന്.വി. കുറുപ്പിന്റെ ‘സൂര്യഗീത’ത്തെ ഞാന് സുപ്രീം എച്ചീവ്മെന്റ് Supreme achievement — പരമോന്നതമായ നേട്ടം) എന്നു വിശേഷിപ്പിക്കാന് ആഗ്രഹിക്കുന്നു (കലാകൗമുദി). വയലാര് രാമവര്മ്മയെയും ഒ.എൻ.വി.യെയും താരതമ്യപ്പെടുത്തുന്ന ചില അപക്വമതികള് രാമവര്മ്മയ്ക്കാണു് സര്ഗ്ഗശക്തി കൂടുതലെന്നു പറയാറുണ്ടു്. ആ താരതമ്യം ശരിയല്ല. ആ പ്രസ്താവവും ശരിയല്ല. ബഹുഭാഷിതയിലാണ് രാമവര്മ്മയ്ക്കു കൗതുകം. മധുരപദങ്ങളുടെ സന്നിവേശം കൊണ്ടു ജനിപ്പിക്കുന്ന ബാഹ്യമായ താളമാണു് വയലാര്ക്കവിതയുടെ സവിശേഷത. മിതവും സാരവത്തുമായ വാക്കാണു് വാഗ്മിത എന്നു വിശ്വസിക്കുന്ന ഒ.എന്.വി. ആന്തരലയത്തില് അഭിരമിക്കുന്ന കവിയാണ്. സൂര്യഗീതത്തിന്റെ കര്ത്തൃത്വം കൊണ്ടു് അദ്ദേഹം വയലാര് രാമവര്മ്മയെ മാത്രമല്ല ഇന്നത്തെ പല കവികളെയും ബഹുദൂരം അതിശയിച്ചിരിക്കുന്നു.”
വി.കെ.എന് എഴുത്ത്:
“കലാപരങ്ങളായ വസ്തുതകളെക്കാള് സത്യത്തെ മാനിക്കുകയും സത്യത്തെക്കാള് കലാപരങ്ങളായ വസ്തുതകളെ മാനിക്കുകയും ചെയ്യുന്ന ഈ അതികായന് നമ്മെ ചിരിപ്പിക്കുന്ന പല പുസ്തകങ്ങള് എഴുതിയിട്ടുണ്ട്. എംബസ്സികളില് ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാത്തതു കൊണ്ടാവണം അദ്ദേഹത്തിന്റെ ഹാസ്യ കൃതികള് മറ്റു ഭാഷകളിലേക്കു തര്ജ്ജമ ചെയ്യാത്തത്. എങ്കിലും ഹാസ്യത്തിന്റെ വിലയറിയുന്ന കാലം വരുമെന്നും വി.കെ.എന്നിന്റെ തിരഞ്ഞെടുത്ത കഥകള് ഇംഗ്ലീഷിലേക്കും മറ്റു ഭാഷകളിലേക്കും തര്ജ്ജമ ചെയ്യുമെന്നും ഞാന് വിചാരിക്കുന്നു. മന്ത്രിമാരുടെ കാറുകള്ക്കു വേഗം കൂടുകയും മനുഷ്യായുസ്സിന്റെ കാലം വളരെ കുറയുകയും ചെയ്യുന്ന ഈ കാലത്തു് വി.കെ.എന്നിന്റെ കൃതികള് വായിക്കുന്നതു കൊള്ളാം. ചിരിച്ചുകൊണ്ടു് റോഡിലിറങ്ങി, മന്ത്രിയുടെ കാറുതട്ടി മരിച്ചു എന്നൊരാശ്വാസം പരേതാത്മാവിന് ഉണ്ടാകും.”
വേളൂർ കൃഷ്ണൻകുട്ടി കമന്റ്സ്:
“മലയാളമനോരമ ആഴ്ചപ്പതിപ്പിൽ വേളൂർ കൃഷ്ണൻകുട്ടി എഴുതാറുള്ള ഹാസ്യ നിഘണ്ടുവിൽ ‘ബൊക്കെ’ (ബുക്കേ) എന്ന പദത്തിന് “സമ്മേളനങ്ങളിലും മറ്റും പ്രസംഗിക്കാൻ വേണ്ടി പുരുഷന്മാരോടൊപ്പം എത്തുന്ന ഉന്നതകളായ സ്ത്രീകളുടെ കരസ്പർശനത്തിനുവേണ്ടി യോഗഭാരവാഹികൾ കണ്ടു പിടിച്ചിട്ടുള്ള ഒരു ഉപാധി” എന്ന് അർത്ഥം നല്കിയിരിക്കുന്നു. ചിരിപ്പിക്കണമെന്നേ വേളൂർ കൃഷ്ണൻകുട്ടിക്ക് ഉദ്ദേശ്യമുള്ളൂ.”
പുകഴ്ത്തലുകൾ:
യേശുദാസന്റെ മധുരസംഗീതം.
നെഹ്റുവിന്റെ ധൈഷണികത.
ഷീലയുടെ നടത്തത്തിന്റെ മാദകത്വം.
ശാരദയുടെ ലജ്ജ പുരണ്ട കണ്ണകൾ.
ജലജയുടെ ശാലീന ചാരുത.
കാരൂരിന്റെ കഥകൾ
പ്രീതിഷ് നന്ദിയുടെ ഇലസ്ട്രേറ്റഡ് വീക്ക്ലി.
ന്യൂസ് വീക്ക്.
വായനക്കാർക്കുള്ള ഉപദേശം:
പർവ്വതത്തിനു പിറകിൽ നിന്ന് സൂര്യൻ ഉയർന്നു കഴിയുമ്പോൾ ആ പർവ്വതമാകെ തിളങ്ങും. ‘വാർ ആൻഡ് പീസ്’, ‘മാജിക് മൗണ്ടൻ’, ‘മോബി ഡിക്ക്’, ‘ഡെത്ത് ഒഫ് വെർജിൽ’ ഈ നോവലുകൾ വായിക്കുമ്പോൾ നമ്മുടെ മനസ്സ് പ്രകാശത്തിൽ മുങ്ങും. അതുകൊണ്ട് മഹനീയങ്ങളായ കൃതികൾ മാത്രം വായിക്കുക.
ആത്മപരിശോധന:
“ഞാനെഴുതുന്നതു നിരൂപണമോ വിമർശനമോ അല്ലെന്നും ഇതു നിരൂപണ സാഹിത്യത്തിലെ പൈങ്കിളിരചനയാണെന്നുമാണ് വിമർശനം നടത്തിയ ലേഖനത്തിലെ കാതലായ ആശയം. സാഹിത്യ വാരഫലം നിരൂപണമോ വിമർശനമോ അല്ലെന്നു ഞാൻതന്നെ പലതവണ പറഞ്ഞിട്ടുണ്ട്. ഇതു ലിറ്റററി ജേണലിസം മാത്രമാണ്. സ്വകീയാനുഭവങ്ങളെ സാഹിത്യതത്ത്വങ്ങളുമായി കൂട്ടിയിണക്കി മൂല്യനിർണ്ണയത്തിനു സ്വേച്ഛാപരത്വം വരുത്തി എഴുതപ്പെടുന്ന ലേഖനപരമ്പരയാണിത്. ”
പ്രമുഖ നോവലിസ്റ്റ് വൈയ്ക്കം ചന്ദ്രശേഖരൻ നായർ പറഞ്ഞതോർമവരുന്നു. “പ്രൊഫസര് എം. കൃഷ്ണന്നായര്, ഒരു കേസരി ബാലകൃഷ്ണപിള്ളയല്ല. അതുകൊണ്ട് അദ്ദേഹം ചെയ്ത സേവനം മോശപ്പെട്ടതാകുന്നില്ല. ബാലകൃഷ്ണപിള്ളസാറ് ചെയ്തതല്ല ഇന്നു മലയാളത്തിനു വേണ്ടത്. വിപുലമായ പുസ്തക പരിചയത്തിന്റെ വിവിധ മുഖങ്ങള് പ്രൊഫസര് എം. കൃഷ്ണന്നായര് നല്കുന്നു. അതു വേണ്ടതല്ലേ?”
എം കൃഷ്ണൻ നായർ സാറിന്റെ ഓർമദിനത്തിൽ അദ്ദേഹത്തെ ഞാൻ സാഹിത്യ വാരഫലത്തിലുടെ ഒരോട്ടപ്രദക്ഷിണം നടത്തി ഒന്നോർത്തെടുക്കാൻ ശ്രമിച്ചുവെന്നു മാത്രം.