സുനിൽ പള്ളിപ്പാട്ട് 

നേതാജിപ്രതിമയുടെ കയ്യിൽ കാവികൊടി പിടിപ്പിച്ചാൽ നേതാജി കൂടെ പോരുമെന്ന   വ്യാമോഹമുണ്ടല്ലോ അതങ്ങ് പുരപ്പുറത്ത്  ഉണക്കാനിടുന്നതാണ് ബുദ്ധി. കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്ത് ഉണങ്ങാനിട്ടാൽ നാലാൾ കാണുമ്പോൾ കുളിച്ചെന്നു കരുതിക്കോളും എന്ന പഴയ കാരണവരുടെ കൗശലം. അതിവിടെ ഇനി അധിക കാലമൊന്നും വിലപ്പോവില്ല.
പാര്ലമെന്റിന്റെ Central Hall ൽ മഹാത്മജിയെ നോക്കി കൊഞ്ഞനം കുത്തുന്ന സവർക്കരുടെ ഫോട്ടോയും, ഗാന്ധി സ്മ്രിതിയിൽ നിന്നും മഹാത്മാവ് വെടിയേറ്റ് വീണ ചിത്രം നീക്കം ചെയ്തതും, ഇന്ത്യ ഗേറ്റ് ലെഅമർ ജവാൻ ജ്യോതിയിലെ വിളക്കണക്കാൻ ശ്രമിക്കുന്നതും എല്ലാം ഞങ്ങൾ കാണുന്നുണ്ട്. വോട്ട്  ബാങ്ക് രാഷ്ട്രീയത്തിൽ തല്ക്കാലം നിങ്ങൾക്ക് ആധിപത്യം ഉണ്ടായിരിക്കും. കാരണം എല്ലാ വോട്ടര്മാര്ക്കും ഇന്ത്യയുടെ ചരിത്രം അറിയണമെന്നില്ലല്ലോ.  നിങ്ങൾ പടക്കുന്ന Whatsapp രാഷ്ട്രീയം ശാഖയിൽ വായിച്ചു പഠിച്ച് തെറ്റിദ്ധരിക്കപ്പെട്ടവരോട് തല്ക്കാലം സഹതപിക്കാനേ കഴിയുള്ളൂ .
പക്ഷെ, രാജ്യത്തിൻറെയും നിങ്ങളുടെയും യഥാർത്ഥ ചരിത്രം അറിയുന്ന ഒരു ജനത ഇവിടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് . അവർ ആ ചരിത്രം അടുത്ത തലമുറക്ക് സത്യസന്ധമായി കൈമാറുന്നുമുണ്ട്. ഉപരിപ്ലവമായ മാറ്റങ്ങളുമായി നിങ്ങൾ അപനിർമിക്കുന്ന ചരിത്രം ജനമനസ്സുകളുടെ ചവറ്റുകുട്ടയിൽ വീഴുന്ന ഒരു ദിവസമുണ്ട്. ഇന്ത്യയെ അറിയുന്ന ഇന്ത്യയെ സ്നേഹിക്കുന്ന തലമുറകളെ   സാക്ഷിയാക്കി ആ ദിവസം ഉടനെയെത്തും, അധികം വിദൂരമല്ലാതെ തന്നെ.  നിങ്ങളുടെ സകലപൊയ്മുഖങ്ങളും അഴിഞ്ഞുവീണ് ജനാധിപത്യം വിജയിക്കുന്ന ദിവസം !
Advertisements