വീണ്ടുമൊരു ജനുവരി 30 , വർഗ്ഗീയഭീകരർ ഇന്നും ഗാന്ധിജിയെ കൊന്നുകൊണ്ടേയിരിക്കുന്നു

357

സുനിൽ പള്ളിപ്പാട്ട് 

ഡൽഹിയിലെ BIRLA HOUSE  ന്റെ പുൽതകിടിയിൽ ഇന്നും ആ ദേശസ്നേഹിയുടെ  ചോര കട്ടപിടിച്ചിരിക്കുന്നുണ്ട്. “ഹേ റാം” എന്ന്  തേങ്ങികൊണ്ട് മഹാത്മജി നമ്മെ വിട്ടു പിരിഞ്ഞിട്ട് നീണ്ട 72  വർഷങ്ങൾ പിന്നിടുകയാണ് നാളെ-Jan 30.
ആൾക്കൂട്ടത്തിനിടയിലൊളിച്ചുനിന്ന് ഒരു ഭീരുവിനെപോലെ ആ മഹാത്മാവിന്റെ നെഞ്ചിലേക്ക് മൂന്നു വട്ടം നിറയൊഴിച്ച നാഥുറാം ഖോഡ്‌സേ യുടെ പിൻഗാമികൾ ഇന്നും ഇരുട്ടിൽ ഒളിച്ചിരുന്ന് ഇന്ത്യയുടെ ആത്മവിലേക്ക് വീണ്ടും വീണ്ടും വെടിയുതിർക്കുമ്പോൾ “ഹേ റാം” വിളികൾ രാജ്യമൊട്ടാകെ ഉയരുന്നുണ്ട്.
കഴിഞ്ഞ വര്ഷം അലിഗഡിൽ ഗാന്ധിജിയുടെ പ്രതിമയിലേക്ക് നിറയൊഴിച്ച് ഗാന്ധിവധം പുനരാവിഷ്കരിച്ച പൂജ പാണ്ഡെയും, നാഥുറാം ഗോഡ്‌സെയെ രാജ്യസ്നേഹിയെന്ന് വിളിച്ചാദരിച്ച ലോകസഭാ എംപി പ്രഗ്യാ സിംഗ് താക്കൂറും  സ്വതന്ത്രരായിരിക്കുന്നിടത്തോളം കാലം ഇന്ത്യയുടെ നിലവിളി നിലക്കില്ല. ഒരു രാഷ്ട്രം അതിന്റെ പിതാവിനെ വധിച്ചവരെ ആഘോഷിക്കുന്നത് ഒരു പക്ഷെ ലോകചരിത്രത്തിൽ എവിടെയും വായിച്ചെടുക്കുക  അസാധ്യമായിരിക്കും.
കേട്ടുകൊണ്ടിരിക്കുന്നത് ഇന്ത്യയുടെ തേങ്ങലുകളാണ്. മസ്തിഷ്ക്കത്തിൽ  വർഗീയർബുദം ബാധിച്ച, അധികാരത്തിന്റെ  മറവിൽ മാതൃഭൂമിയുടെ മാറ് പിളർക്കുന്നവർക്ക് മുൻപിൽ അടിയറവ് പറയാനുള്ളതല്ല നമ്മുടെ രാഷ്ട്രത്തിന്റെ ആത്മാഭിമാനം.
ഗാന്ധിജി പറയുന്നു  : നന്മകളോടുള്ള അകമഴിഞ്ഞ സഹകരണം ഒരു പൗരന്റെ പ്രധാന കടമയായിയിരിക്കുന്നതു പോലെ തന്നെ സുപ്രധാനമാണ്, തെറ്റുകളോടുള്ള അവന്റെ വിട്ടുവീഴ്ചയില്ലാത്ത നിസ്സകരണവും!
അതെ നിസ്സഹരിക്കുക, ഈ ദേശദ്രോഹികളോട്.