190 ദിവസങ്ങൾക്ക് ശേഷവും രണ്ട് മുൻ മുഖ്യമന്ത്രിമാരാണ് തടങ്കലിൽ കഴിയുന്നത്, സംശയിക്കേണ്ട ഇന്ത്യയിൽ തന്നെയാണിതൊക്കെ നടക്കുന്നത്

456

പാർലമെന്റിലെയും പത്താൻകോട്ടിലെയും പുൽവാമയിലേയും മൺതരികൾക്ക് ജീവൻ വയ്ക്കാത്തിടത്തോളം കാലം അവർ ഛർദ്ദിച്ചുകൊണ്ടേയിരിക്കും

സുനിൽ പള്ളിപ്പാട്ട്

ജമ്മു കശ്മീർ എന്നൊരു സംസ്‌ഥാനം നമ്മുടെ ഹൃദയഭൂപടത്തിൽ നിന്നുപോലും അടർന്ന് പോയിരിക്കുന്നു. കശ്മീർ ഇന്ത്യയിലല്ല, കാശ്മീരികൾ ഇന്ത്യക്കാരുമല്ല എന്ന മനോഭാവമാണ് ഭരണവർഗ്ഗത്തിനും ഒരു വിഭാഗം പ്രജകൾക്കും . കാശ്മീരികളോട് എന്ത് തോന്നിവാസവും കാണിക്കാം. ഇന്ത്യയിലെ വെറുക്കപ്പെട്ട ന്യൂനപക്ഷമാണവിടുത്തെ ഭൂരിപക്ഷം എന്നൊരു ലേബൽ ഒട്ടിച്ചത് കൊണ്ട് മനുഷ്യാവകാശവും ഭരണഘടനയുമൊക്കെ മണ്ണാങ്കട്ട പോലെ അലിഞ്ഞും ഒലിച്ചും പോയ്ക്കൊണ്ടേയിരിക്കുന്നു. ആദ്യമൊക്കെ ശബ്ദിച്ച പ്രതിഷേധനാവുകൾ പിന്നീട്  നിശബ്ദമായത് നിസ്സംഗതകൊണ്ടോ നിസ്സഹായത കൊണ്ടോ ഭരണകൂടത്തോടുള്ള ഭയമോ കൊണ്ടോ ആയിരിക്കാം. അതെന്തെകിലുമാവട്ടെ, കാശ്മീർ ഇന്നൊരു വാർത്തയേ അല്ല, കാശ്മീരികളുടെ നരകജീവിതം നമ്മളെ നൊമ്പരപെടുത്തുന്നുമില്ല

190 ദിവസങ്ങൾക്ക് ശേഷവും രണ്ട് മുൻ മുഖ്യമന്ത്രിമാരാണ് തടങ്കലിൽ കഴിയുന്നത്. (വേറെ എത്രപേർ തടവിലുണ്ടെന്ന് പുറംലോകത്തിനറിയില്ല. സംശയിക്കേണ്ട, ഇന്ത്യയിൽ തന്നെയാണിതൊക്കെ നടക്കുന്നത്!!) 6 മാസത്തെ കരുതൽ തടങ്കലിനു ശേഷവും PSA ചുമത്തി വീണ്ടും തടങ്കലിടാൻ മാത്രം എന്ത് കുറ്റകൃത്യമാണവർ ചെയ്തിരിക്കുന്നത് ? തടങ്കലിൽ കിടക്കുന്നത് മുൻ മുഖ്യമന്ത്രിമാർ മാത്രമല്ല, അതിൽ ഒരാൾ A.B വാജ്‌പേയ് മന്ത്രിസഭയിൽ വിദേശകാര്യ വകുപ്പ് മന്ത്രിയായിരുന്ന ഒമർ അബ്ദുള്ളയാണ്. മറ്റെയാൾ 2014 മുതൽ NDA സഖ്യകക്ഷിയായ പിഡിപി യുടെ നേതാവും 2016 ഏപ്രിൽ മുതൽ 2018 ജൂൺ വരെ BJP യുടെ കൂടെ സംസ്ഥാനം ഭരിച്ച മെഹ്ബൂബ മുഫ്തിയാണ്. ആറു മാസക്കാലത്തിലധികമായി ഇവരെ തുടർച്ചയായി ജയിലിൽ പാർപ്പിക്കുമ്പോൾ ഇവർ രാജ്യസുരക്ഷയ്ക്ക് ഭീഷണി ആണെന്നല്ലേ സാധാരണക്കാരായ ജനം മനസ്സിലാക്കേണ്ടത് . എന്നാൽ ആ  “സത്യം” ജനങ്ങളിൽ നിന്നും മറച്ചു വച്ചല്ലേ ഇത്രയും കാലം BJP ഇവരോട് കൂടെ അധികാരം പങ്കിട്ടത്? ഒരു രാജ്യത്തെ വ്യവസ്ഥാപിത നിയമങ്ങൾക്കനുസരിച്ച് പ്രവര്ത്തിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ നേതാക്കളെ ഇങ്ങനെ മാസങ്ങളോളം പൂട്ടിയിടാൻ മാത്രം എന്ത് ഭീകരപ്രവർത്തനമാണ് അവർ നടത്തിയതെന്ന് അറിയാൻ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. മാത്രമല്ല, ഇത്രയും പേരെ തടവിലിട്ടിട്ട് ആറുമാസം കഴിഞ്ഞിട്ടും ആ നാട് സാധാരണ ഗതിയിലേക്ക് മടങ്ങാത്തതെന്തുകൊണ്ടാണെന്നും രാജ്യത്തോട് പറയാൻ ഭരിക്കുന്നവർ തയ്യാറാകണം

അധികാരത്തിനു വേണ്ടി രാജ്യത്തെ ശിഥിലീകരിക്കുന്ന ഒറ്റുകാരുടെ രാഷ്ട്രീയമാണ് സംഘപരിവാറിന്റെ പോയ കാലം. ഭീകരർക്ക് സഹായമെത്തിക്കാൻ വേണ്ടി നമ്മുടെ കരസേനയിൽ നുഴഞ്ഞു കയറിയ ദേവീന്ദർ സിങ്നു വിശിഷ്ട സേവാ മെഡൽ നല്കിയ ഇവർ ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്ന് ജനങ്ങൾക്കറിയാം. അതറിയാതെ പോവാൻ ഇന്ത്യ RSS ന്റെ ശാഖയല്ലല്ലോ.

ഇരുട്ടിന്റെ മറവിൽ രാഷ്ട്രത്തെ തകർക്കുന്നവരുമായിതോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയുംനേരം പുലർന്നാൽ ജനങ്ങൾക്ക് മുൻപിൽ വളിച്ചതും പുളിച്ചതുമായ  രാജ്യസ്നേഹം ഛർദ്ദിക്കുകയും ചെയ്യുന്നവരാണ് സംഘ്പരിവാർ. പാർലമെന്റിലെയും പത്താൻകോട്ടിലെയും പുൽവാമയിലേയുംമൺതരികൾക്ക് ജീവൻ വയ്ക്കാത്തിടത്തോളം കാലം അവർ ഛർദ്ദിച്ചുകൊണ്ടേയിരിക്കും. നാഗ്പുർ നാസികളുടെ ഛർദ്ദിൽ മണക്കുന്ന പുതിയ ഇന്ത്യയിൽ മൂക്ക് പൊത്തിപിടിച്ചു നടക്കാൻ നമ്മൾ ശീലിക്കേണ്ടിയിരിക്കുന്നു