കാക്ക കൊത്താത്ത ജന്മങ്ങളോടാണ്

215

എത്രമാത്രം വിവരക്കേടും വെറുപ്പും ആണ് കേരളത്തിലെ വീട്ടമ്മമാരുടെ മനസിലേക്ക് സംഘപരിവാർ കോരിയിട്ടിരിക്കുന്നതെന്നു ഒന്ന് ചിന്തിച്ചു നോക്കൂ

സുനിൽ പള്ളിപ്പാട്ട്

“ഞാൻ ഇത് തൊട്ടു നടക്കുന്നത് എന്തിനാണെന്ന് അറിയാമോ, എനിക്ക് രണ്ടു പെണ്മക്കളുണ്ട്. അവരെ ഒരു കാക്കയും തൊടാതെയിരിക്കാൻ ആണ്”

വിജയശാന്തിയുടെയോ വാണി വിശ്വനാഥിന്റെയോ സിനിമകളിലെ മാസ്സ് ഡയലോഗ് അല്ലിത്. കേരളത്തിൽ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന CAA വിശദീകരണയോഗങ്ങളിൽ നിന്നാണ്. നെറ്റിയിൽ സിന്ദൂരം തൊടുന്നത് പെൺമക്കളെ മുസ്ലിം ആൺകുട്ടികൾ തൊടാതിരിക്കാൻ വേണ്ടിയാണെന്ന് പറയാൻ മാത്രം കേരളത്തിലെ ഒരു സ്ത്രീ തയ്യാറായി എങ്കിൽ എത്രമാത്രം വിവരക്കേടും വെറുപ്പും ആണ് ആ മനസ്സുകളിലേക്ക് സംഘപരിവാർ കോരിയിട്ടിരിക്കുന്നതെന്നു ഒന്ന് ചിന്തിച്ചു നോക്കൂ.

കേരളം ഇത് പണ്ടേ പറഞ്ഞതാണ്. കേരളത്തിലെ ക്ഷേത്രാങ്കണങ്ങൾ RSS ന്റെ വർഗീയ പരിപാടികൾക്ക് വേണ്ടി നട തുറന്നു തുടങ്ങിയിട്ട് വര്ഷങ്ങളായിട്ടുണ്ട്. അല്ലെങ്കിൽ പിന്നെ എങ്ങിനെയാണ് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള സിമ്പോസിയം ഒരു ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്നത് ? ഇനി അതൊരു രാഷ്ട്രീയവിഷയമല്ല ദേശീയപ്രശ്നം ആണെന്ന് സമ്മതിച്ചുകൊടുത്താൽ തന്നെ എന്തിനാണ് എതിരഭിപ്രായം ഉന്നയിച്ച ഒരു സ്ത്രീയെ മാനസികമായും ശാരീരികമായും ആക്രമിക്കുന്നത് ? എന്തായാലും കൊച്ചിയിലെ പാവക്കുളം ക്ഷേത്രത്തിൽ നടന്ന ഈ സംഭവം നമ്മുടെ ക്ഷേത്രങ്ങളെ സംഘിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാകേണ്ടതുണ്ട്.

ഹിന്ദുത്വകുല(ട) സ്ത്രീകളുടെ ഭീഷണിക്കു മുന്നിൽ വഴങ്ങാതെ ഈ നടപടിയെ ഒറ്റക്ക് ചോദ്യം ചെയ്ത അജിതയ്ക്ക് മതേതര കേരളത്തിന്റെ  അഭിവാദ്യങ്ങൾ.

അതെ, അജിത പറഞ്ഞതാണ് ശരി, “ഞാനും ഒരു ഹിന്ദുവാ, പക്ഷെ ഇമ്മാതിരി ഹിന്ദുവല്ല”