മോദി സോഷ്യൽമിഡിയയിൽ നിന്നും പിൻവാങ്ങുന്നു എന്ന പോസ്റ്റ് വായിച്ചു കിളിപോയ ഒരിന്ത്യക്കാരന്റെ കുറിപ്പ്

0
160

സുനിൽ പള്ളിപ്പാട്ട്

ഇന്നലെ രാവിലെ പത്രത്തിലെ ഒരു വാർത്ത വായിച്ചപ്പോൾ പെട്ടെന്ന് ആകാശം ഇടിഞ്ഞു താഴുന്നതായി അനുഭവപെട്ടു.. കടൽ തിളച്ചുമറിയുകയും, പർവതങ്ങൾ പൊട്ടിപിളരുകയും ചെയ്ത പോലെ, പൊടുന്നനെ അന്തരീക്ഷത്തിൽ പ്രാണവായു ഇല്ലാതായി മനുഷ്യകുലം മരിച്ചൊടുങ്ങുന്നു!!
അല്പസമയം എടുത്തു മനസ്സിനെ തിരിച്ചു പിടിക്കാൻ… രണ്ടാമതും ആ വാർത്ത വായിക്കാൻ ധൈര്യമില്ലാതെ ഞാൻ പത്രം മടക്കി വച്ചു. ഉച്ചതിരിഞ്ഞു ഏകദേശം മൂന്നുമണി വരെ ഞാൻ അനുഭവിച്ച പ്രയാസം, അത് പറഞ്ഞറിയിക്കാനാവാത്തതാണ്.
നരേന്ദ്ര മോഡി സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നുവെന്ന വാർത്ത വായിച്ച എനിക്കുണ്ടായ അനുഭവമാണ് മേലെ പങ്കുവച്ചത്. അറിവ് ആഗ്രഹിക്കുന്ന ഒരു മനുഷ്യനും ആഗ്രഹിക്കുന്ന കാര്യമല്ല മോഡി സർ സോഷ്യൽ മീഡിയയിലെ കലാപരിപാടി നിറുത്തുന്നു എന്നത്. ഇനിയിങ്ങനെയെങ്ങാനും അങ്ങിനെ സംഭവിച്ചാൽ, ഒരിക്കലും നടക്കാൻ പാടില്ലാത്ത  ആ പിന്മാറ്റം മനുഷ്യകുലത്തിന്റെ നിലനില്പിനെ തന്നെ ബാധിക്കുമായിരുന്നില്ലേ? നോക്കൂ, മഴക്കാറുള്ളപ്പോൾ റഡാർ വിക്ഷേപിച്ചാൽ ശത്രുരാജ്യം മൂക്കുകൊണ്ട് “ക്ഷ-ണ്ണ-ഞ-ള്ള”  വരക്കുമെന്നത് പോലെയുള്ള  പോലെയുള്ള  Strategic തീരുമാനങ്ങൾ നമ്മുടെ സേനക്ക് ലഭിക്കുമായിരുന്നോ?  മോഹൻലാൽ കരംചന്ദ് ഗാന്ധിയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് ലോകത്തോട് ആര് വിളിച്ചു പറയും? 33 വര്ഷം മുൻപേ തന്നെ (അതായത് 1987 ൽ) ഇന്ത്യയിൽ E-mail ഉം Digital Camera യും പ്രചാരത്തിലുണ്ടായിരുന്നുവെന്ന സത്യം അറിയാതെ ലോകരാഷ്ട്രങ്ങൾ നമ്മുടെ രാജ്യത്തെ കളിയാക്കില്ലായിരുന്നോ ? നിലവില്ലാത്ത റെയിൽവേ സ്റ്റേഷനിൽ ചായ വിൽക്കുന്ന വിദ്യ, തോട്ടിൽ നിന്നും മുതലകുഞ്ഞുങ്ങളെ പിടിച്ചു കീശയിലിട്ടു വീട്ടിലേക്കു നടക്കുന്ന ബാല്യം! അങ്ങിനെ എന്തെല്ലാം ഓർമ്മകളും അറിവുകളുമാണ് വരും തലമുറയ്ക്ക് ഇനി നഷ്ടമാവുക?
അതുമാത്രമോ ? മോഡി സർ Social Media ഉപേക്ഷിച്ചാൽ ലോകത്താകമാനമുള്ള മോഡി ഫാൻസ്‌ അസോസിയേഷനുകളും  Social Media ബഹിഷ്കരിക്കില്ലേ. എന്നെ പോലെയുള്ള  ഒരു വിജ്ഞാനകുതുകിക്ക് സഹിക്കാവുന്നതിന്റെ പരമാവധിയാണ് Cyber Space ലെ ആ ശൂന്യത. പശുവിന്റെ കൊമ്പുകൾക്കിടയിൽ Radio Activity ഉണ്ടെന്ന  സിദ്ധാന്തങ്ങൾ  പുറംലോകം അറിയാതെ പോകുമ്പോൾ മഹാഭാരതകഥ നടക്കുന്ന കാലത്തു  പാണ്ഡവർ പാഞ്ചാലിക്ക് Love Letter അയച്ചിരുന്നത്  E -Mail ലൂടെയായിരുന്നു എന്ന അടിസ്ഥാന വിവരം പോലും ഇല്ലാതെ IIT യിൽ നിന്നും മറ്റു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്ന നമ്മുടെ കുട്ടികളെ Microsoft ഉം Google ഉം Campus Interview കളിൽ എങ്ങിനെ വിലയിരുത്തുമായിരുന്നു?  ഗണപതി ഭഗവാനായിരുന്നു ലോകത്തെ ആദ്യത്തെ പ്ലാസ്റ്റിക് സർജറി Patient എന്നറിഞ്ഞതിന് ശേഷം വൈദ്യരംഗത്തുണ്ടായ പുരോഗതി ഒരിക്കലും നമ്മൾ മറന്നു കൂടാത്തതാണ്. എന്തിനേറെ പറയുന്നു, പശു ഓക്സിജൻ തരുന്നു എന്നറിഞ്ഞപ്പോഴല്ലേ ആശുപത്രികളിൽ ഓക്സിജൻ സിലിണ്ടറിന് പകരം പശുതൊഴുത്തുകൾ പണിതു തുടങ്ങിയത്? ദാ ഇന്ന്, ഓക്സിജൻ മാത്രമല്ല, ചാണകം കൊണ്ട് Covid 19 നെ പമ്പയല്ല പസഫിക് ഓഷ്യൻ വരെ കടത്താമെന്നു  ആസ്സാമിലെ BJP MLA കണ്ടുപിടിച്ചിരിക്കുന്നു. സ്മരണ വേണം, സ്മരണ!
ലോകത്തിന്റെ മുഖഛായ തന്നെ മാറ്റാനുതകുന്ന വിപ്ലവകരമായ ഇത്തരം അറിവുകൾ വളരെ പെട്ടെന്ന് തന്നെ ജനങ്ങളിൽ എത്തിക്കാനുള്ള ഒരു ഉപാധിയാണ്  Social Media. അവിടെ സംഘികളെ പോലെയുള്ള എൻസൈക്ലോപീഡിയ വ്യക്തിത്വങ്ങളുടെ സാനിധ്യം ഇല്ലാതായാലുള്ള നഷ്ടം നിങ്ങൾ തന്നെ ആലോചിച്ച് തിട്ടപ്പെടുത്തൂ.
എന്തായാലും പേടിച്ചപോലെയൊന്നും ഭവിച്ചില്ല. മോദിയും കൂട്ടരും സമൂഹമാധ്യമങ്ങളിൽ തുടരുമെന്ന് തീരുമാനമായി.  അതോടെ ലോകം കുറച്ചുകാലം കൂടി മുന്നോട്ടു തന്നെ പോകുമെന്നും ഏതാണ്ട് ഉറപ്പായി.
ഇനി സമാധാനത്തോടെ കിടന്നുറങ്ങാം.

Good Night!