പുറംചൊറിയിലിന്റെ പുറമ്പോക്കുകള്‍ – സുനില്‍ പണിക്കര്‍
തനിക്ക് പ്രിയകരമായവരുടെ പോസ്റ്റുകള്‍ വായിച്ചും, കമന്റിട്ടു സുഖിപ്പിച്ചും, അനിഷ്ടമുള്ളവരെ ഒറ്റക്കെട്ടായെതിര്ത്തും കാലം നീക്കുന്ന ബ്ലോഗര്‍മാരെ കുറ്റം പറയാനാവില്ല, എന്തു വായിക്കണം, ഏതു വായിക്കണം അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങള്‍… പക്ഷെ അച്ചടി മാധ്യമത്തിനു കാണിച്ചുകൊടുക്കാന്‍ തക്ക എന്തു മഹിമയാണ് നമുക്കു ബ്ലോഗിലൂടെയുള്ളത്..?
134 total views, 1 views today

മൂസാക്കയുടെ കുറിപ്പാണ് ഈ പോസ്റ്റിനാധാരം. എന്നെ പരാമര്‍ശിച്ച് ഒരു പോസ്റ്റിടാന്‍ മെനക്കെട്ട അദ്ദേഹത്തിന് നന്ദി.
2006 ഡിസംബറില്‍ കടന്നുവന്ന്, ആദ്യ ബ്ലോഗ് അജ്ഞതയാല്‍ നാമാവശേഷമാക്കി URL മറന്ന ഈ ബ്ലോഗെഴുത്തുകാരന് പിന്നീട് സജീവമായത് 2007 ഫെബ്രുവരിയിലെ ഒരു തണുത്ത വെളുപ്പാന്‍കാലത്താണ്. ‘ബൂലോകത്തെ തിലകനാണോ സുനില്‍ പണിക്കര്‍‘ എന്ന മൂസാക്കയുടെ പരമാര്‍ശം എന്നെ തെല്ലും വിഷമിപ്പിക്കുന്നില്ല. തിലകനും ഞാനും തമ്മിലെന്തു ബന്ധം..? ‘പയറ്റുവിള സ്പീക്കിംഗ്’ എന്ന പേരില്‍ പുനരാരംഭിച്ച്, ആദ്യകാലത്തെ എല്ലാ പോസ്റ്റുകളും നിര്‍ദ്ദയം ഡിലിറ്റുചെയ്ത അതിക്രൂരനാണ് ഞാന്‍.. (നിങ്ങളുടെയൊക്കെ ഭാഗ്യം എന്നുവേണമെങ്കില്‍ പറയാം..) ആരാലും ശ്രദ്ധിക്കപ്പെടാതെ ആ പഴയ പോസ്റ്റുകള്‍ എരിഞ്ഞൊടുങ്ങിയപ്പോള്‍ മലയാള ബ്ലോഗിന്റെ കൌമാരം പിന്നിട്ടുകഴിഞ്ഞിരുന്നു. പക്ഷെ അന്നും ഇന്നും നിലനിന്നുപോകുന്ന ഒരു മഹാസംഭവമാണ് ഗ്രൂപ്പിസവും, പുറംചൊറിയലും. ഞാന്‍ സജീവമാകുന്ന കാലത്താണ് പോങ്ങുംമൂടനും, നട്ടപ്പിരാന്തനും, നന്ദപര്വ്വക്കാരനുമൊക്കെ അരങ്ങുറപ്പിക്കുന്നത്. 2005 കളില്‍ തന്നെ ബെര്‍ളിയും, വിശാലനും താരമായിരുന്ന കാലം. കേവലമൊരു ജിഞ്ജാസയായിരുന്നില്ല എനിക്ക് ബ്ലോഗ്. കവിതയും, വരയുമൊക്കെ മതിവരുവോളം അച്ചടിമഷി പുരണ്ട് കൌതുകം വിട്ടൊഴിഞ്ഞ നാളിലാണ് ഞാന്‍ ബൂലോകത്തെത്തിപ്പെടുന്നത്. അതുകൊണ്ടുതന്നെ നിരന്തരം കവിതയിടാനോ, വരച്ചാളെക്കൂട്ടുവാനോ ശ്രമിച്ചതുമില്ല, കഴിഞ്ഞതുമില്ല. മത്സരബുദ്ധിയുടെ വെളിമ്പറമ്പുകളില്‍ മലവെള്ളം പോലെ പാഞ്ഞിറങ്ങിയ ബ്ലോഗൊഴുക്കില് ആരാലും ശ്രദ്ധിക്കപ്പെടാതെ ഞാനങ്ങനെ മാറിനിന്നു. ഇടയ്ക്കുള്ള ബഹളങ്ങളും, ആരവങ്ങളുമൊക്കെ കണ്ട് ഡാഷ്ബോഡിന്റെ സൈഡില്‍ ഒറ്റപ്പെട്ടവനായി ഉറക്കം തൂങ്ങിയിരുന്നു. കുത്തൊഴുക്കില്‍ പലരും പരിക്കുകളില്ലാതെ കരപറ്റിയപ്പോള്‍ എനിക്കതുകൊണ്ടുതന്നെ വിസ്മയം തോന്നിയതുമില്ല. സൌഹൃദത്തിന്റെ പേരില്‍ വിരസമായ പല പോസ്റ്റുകള്‍ക്കും സത്യസന്ധമല്ലാത്ത അഭിപ്രായങ്ങളിട്ടിരുന്നതിനാല് ഭാഗ്യവശാല്‍ അക്കാലത്ത് ആരുടേയും അപ്രീതിയ്ക്കു ഞാന്‍ പാത്രമായതുമില്ല. ഇടയ്ക്ക് ബ്ലോഗിലെ എന്റെ സാന്നിധ്യവും അപൂര്‍വ്വമായിരുന്നു. ബ്ലോഗ് എന്തെന്നറിയണം, എനിക്കും ഒരു ബ്ലോഗ് ഉണ്ടാകണം അത്രയൊക്കെയേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളു. പക്ഷെ ഒന്നുഞാനുറപ്പിച്ചു പറയും ബ്ലോഗിലെ പല പുലിമന്നവന്മാരും യാതൊരു പ്രതിഭയും, സിദ്ധിയുമില്ലാതെ ദാനം കിട്ടിയ കമന്റുകൊണ്ട് അഹങ്കാരത്തിന്റെ ഉന്നതിയിലെത്തിയവരാണ്. കുറെ കമന്റുവാരിയിട്ടും, വിവാദങ്ങള്‍ മന:പ്പൂര്‍വ്വം സൃഷ്ടിച്ചും, കലക്കവെള്ളത്തില്‍ മീന്‍പിടിച്ചും, താങ്ങിയും, പൊക്കിയുമൊക്കെ സുസ്ഥിരമായ ഒരാവരണം മെനെഞ്ഞെടുത്തവര്. കമന്റുകളുടെ എണ്ണമാണ് ഇന്ന് നല്ല പോസ്റ്റിന്റെ ലക്ഷണമെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. ഫ്രസ്റ്റേഷന്, ഈഗോ ഇവയൊന്നും ഈ നിമിഷംവരെ എനിക്കാരോടും തോന്നിയിട്ടില്ല, അഥവാ അങ്ങനെ തോന്നിപ്പിക്കാന്‍ തക്ക ആരുണ്ട് നമ്മുടെ ബൂലോകത്തില്‍..? പക്ഷെ നിര്‍ഭാഗ്യവശാല്‍ പലപ്പോഴും ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ബ്ലോഗറായിരുന്നു ഞാന്‍. അതീവ ശാന്തമാര്‍ന്ന നിശബ്ദതയാണ് എല്ലായിപ്പോഴും നല്ലതെന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. എങ്കിലും ചില ഘട്ടങ്ങളില്‍ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. പത്രവാര്‍ത്തയെക്കാള്‍ കഷ്ടമായ രണ്ടു കവിതയിട്ട്, മൂന്നാമത്തെ കവിതയോടെ (?) ബ്ലോഗിലെ മഹാകവികളായി സ്വയം അവരോധിക്കപ്പെട്ട മലങ്കുറവന്മാരുണ്ട്, ശുഷ്കവും, നിരര്‍ത്ഥകവും, അബദ്ധജഡിലവുമായ നിരൂപണങ്ങളെഴുതി മുന്‍നിരയ്ക്ക് (?) നങ്കൂരമിട്ട പണ്ഡിതപുങ്കന്മാരുണ്ട്, നര്മ്മമെന്തെന്നറിയാതെ, വിശാലനേയും മറ്റും മാതൃകയാക്കി ഒരിക്കലും വഴങ്ങാത്ത നര്‍മ്മത്തിന്റെ മര്‍മ്മം പൊട്ടിച്ച് വികൃതമാക്കിയ ബഹുമുഖരുണ്ട്, മതവും, വര്‍ഗീയതയും കൂട്ടിക്കുഴച്ച് ഒന്നൊന്നൊര ഉരുപ്പടികളാക്കി ഭിന്നത വിതച്ച കപടസദാചരികളുണ്ട്, ഷട്ടര്സ്പീടും, അപ്പര്‍ച്ചറും, ഫോക്കല്‍ ലെംഗ്തും, മീറ്റര്‍ റീഡിംഗും അറിയാതെ ഓട്ടോ സെറ്റിംഗ്സില് പടമെടുത്ത് അപൂര്‍വ്വ ഖ്യാതി നേടിയ ഫോട്ടോഗ്രാഫര്‍മാരുണ്ട്, പ്രണയമെന്ന പണയ സങ്കേതം കടമെടുത്ത് നൂറായിരം ചവറുകള്‍ പടച്ചിറക്കിയ ഹിറ്റണ്ണന്മാരുണ്ട്.. അങ്ങനെ അങ്ങനെ…. ഞാനാരേയും പഴി പറയാന്‍ പോയിട്ടില്ല, കാരണം എന്റെ ചില പോസ്റ്റുകളിലും ഏതാണ്ടങ്ങനെയുള്ളതുമുണ്ട്… ശബ്ദ സുന്ദര/മുഖരിതമായ ഈ ചവറുകള്‍ക്കിടയില്‍ ബൂലോക യൌവ്വനത്തിന്റെ ചില ഘട്ടങ്ങളില്‍, ചിലപ്പോഴൊക്കെ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. പകരം, എന്റെ നിര്‍ദോഷമായ വരകളില്‍, വരികളില്‍ വ്യക്തിഹത്യയുടെ മാസ്ക് വലിച്ച് കൃത്യമായ ഉന്നം തൊടുത്തിട്ടുണ്ട്. പകല്‍ സമയം എന്റെ ബ്ലോഗിലെത്തിനോക്കാത്ത ധീരന്മാര് പാതിരാത്രികളില്‍ നിറഞ്ഞ സാന്നിധ്യം പകര്‍ന്ന് പുലര്‍ച്ചവരെ അടയിരുന്ന് ചികഞ്ഞ് തളര്‍ന്നിട്ടുണ്ട്. (അതിനും മാത്രം എന്താണാവോ എന്റെ ബ്ലോഗില്‍?) സത്യത്തില്‍ എന്തിനാണ് നമുക്ക് ബ്ലോഗ്..? എന്താണ് അതീവ ഗുരുതരമായ ബ്ലോഗിലെ രാഷ്ട്രീയം…?
തനിക്ക് പ്രിയകരമായവരുടെ പോസ്റ്റുകള്‍ വായിച്ചും, കമന്റിട്ടു സുഖിപ്പിച്ചും, അനിഷ്ടമുള്ളവരെ ഒറ്റക്കെട്ടായെതിര്ത്തും കാലം നീക്കുന്ന ബ്ലോഗര്‍മാരെ കുറ്റം പറയാനാവില്ല, എന്തു വായിക്കണം, ഏതു വായിക്കണം അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങള്‍… പക്ഷെ അച്ചടി മാധ്യമത്തിനു കാണിച്ചുകൊടുക്കാന്‍ തക്ക എന്തു മഹിമയാണ് നമുക്കു ബ്ലോഗിലൂടെയുള്ളത്..? ബൂലോകത്തെ മാതൃകയാക്കൂ എന്നവര്‍ക്കു പറയാന്‍ തോന്നത്തക്ക എന്തു സവിശേഷതയാണ്, നന്മയാണ് നമുക്കുള്ളത്..? ഗൂഗിളും, വേഡ്പ്രസ്സും തരുന്ന സ്വാതന്ത്ര്യത്തിനപ്പുറം നന്മയുടെ, ഒത്തൊരുമിപ്പിന്റെ, അറിവിന്റെ, സര്‍ഗ്ഗാത്മകതയുടെ, വിശാലതയുടെ, സ്നേഹത്തിന്റെയൊക്കെ വിളനിലമാകാന്‍ എന്തുകൊണ്ടു നമുക്കു കഴിയുന്നില്ല…? സമുദായാക്ഷേപങ്ങളും, വര്‍ഗ്ഗീയലഹളകളും ഏറെക്കുറെ രൂക്ഷമായ ബൂലോകത്ത് ഭിന്നിപ്പുകളുടെ സ്വരം ഉയര്‍ന്നുകേള്‍ക്കാം. ഗ്രൂപ്പിസത്തിന്റെ പുതിയ സമവാക്യങ്ങളുയരുന്ന ഒരു ബൂലോകം വിദൂരമല്ല. ഞാനൊരിക്കലുമൊരു പിന്തിരിപ്പനല്ല. നല്ലതിനെ അംഗീകരിക്കാനും, ആസ്വദിക്കാനുമുള്ള സഹൃദയത്വം എനിക്കുണ്ട്. വിമര്‍ശനങ്ങള്‍ സ്വാഗതാര്‍ഹമാണ്, അതിനെ അതിന്റേതായ രീതിയില്‍ മുഖവിലയ്ക്കെടുക്കാന്‍ പലര്‍ക്കും കഴിയാത്തതാണ് ഈ അസഹിഷ്ണുതയുടെ പ്രധാന കാരണം. യാതൊരു കാരണവുമില്ലാതെ ഫ്രസ്റ്റേഷന് തീര്‍ക്കാന്‍വേണ്ടി മാത്രം മുന്‍വിധിയോടെ ഒരാളെ വിമര്‍ശിക്കാന്‍ (?) ഒരുമ്പെടുന്നതിലാണ് പലര്‍ക്കും താല്‍പ്പര്യം. മൂസാക്ക പറഞ്ഞതുപോലെ നിലവാരമില്ലാത്ത പോസ്റ്റുകള്‍ എനിക്കിടേണ്ടി വന്നിട്ടുണ്ട്. വിഷയ ദാരിദ്ര്യമാണ് റീ പോസ്റ്റുകള്‍ ഉണ്ടാകുന്നതിന് കാരണമെന്നദ്ദേഹം പറയുന്നതിനോടെനിക്ക് യോജിപ്പില്ല. കുംഭമാസത്തില്‍ ഒരോണക്കവിത ഇട്ടു കൂടായെന്നുണ്ടോ..? പഴയ കവിതയുടെ ശബ്ദാവിഷ്കാരം ആയതിനാല്‍ ഈ പോസ്റ്റിനെ റീ പോസ്റ്റ് എന്നു പറയാനൊക്കില്ല. പക്ഷെ ചില പോസ്റ്റുകള്‍ക്ക് റീ പോസ്റ്റ് ഉണ്ടായിട്ടുണ്ട്. മറ്റൊരു ബ്ലോഗില്‍ ഇട്ട കവിതയെ റീപോസ്റ്റ് എന്ന പേരില്‍ ഈ ബ്ലോഗിലും ഇട്ടിരുന്നു. ഈ ജന്മം മുഴുവനും വരയ്ക്കാനും, എഴുതാനുമുള്ള വിഷയം എനിക്കുണ്ട്. പക്ഷെ സ്വതവേയുള്ള മടി, സമയക്കുറവ് ഇവയാല്‍ കാര്യഗൌരവമുള്ളതൊന്നും ഇടുന്നില്ല/ശ്രമിക്കുന്നില്ല എന്നു മാത്രം. കുറഞ്ഞ സമയത്തിനുള്ളിലുണ്ടാകുന്ന തട്ടിക്കൂട്ടു പോസ്റ്റുകള്‍ക്ക് എപ്പോഴും അത്രയ്ക്കുള്ള നിലവാരവും ആയുസ്സും മാത്രമേ ഉണ്ടാകാറുള്ളൂ.. അധികമൊന്നും പറയാതെ നിര്‍ത്തുന്നു. എല്ലാവരോടും എനിക്ക് സ്നേഹമേയുള്ളൂ…ആരേയും മന:പ്പൂര്‍വ്വം വേദനിപ്പിക്കാന്‍ ഞാന്‍ തെല്ലും ആഗ്രഹിക്കുന്നുമില്ല.
135 total views, 2 views today
