ഡോ.സുനിൽ.പി.കെ (Sunil PK)എഴുതുന്നു
നിങ്ങളുടെ അച്ഛനുമമ്മയ്ക്കും എത്ര മക്കളായിരുന്നു?
▪അതിൽ എത്ര പേർ ജീവിച്ചിരിപ്പുണ്ട് ?
▪നിങ്ങളുടെ സഹോദരർ മരിച്ചിട്ടുണ്ടെങ്കിൽ എന്തായിരുന്നു മരണകാരണം?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ മനസ്സിൽ സൂക്ഷിക്കൂ. എന്നിട്ട് ഇതേ ചോദ്യങ്ങൾ നിങ്ങളുടെ മാതാപിതാക്കളോടും കൂടെ ചോദിക്കൂ ..
ഒരു വലിയ പരിവർത്തനം ഈ കാലഘട്ടത്തിൽ സംഭവിച്ചിട്ടുണ്ട്, അല്ലേ… ആ അന്തരം നിങ്ങളുടെ ഉത്തരങ്ങളിലും കാണാം.

അഞ്ചും പത്തും കുഞ്ഞുങ്ങളെ പെറ്റിട്ട് ഒന്നോ രണ്ടോ വാവകളെ മാത്രം കണ്ണു തെളിഞ്ഞു കിട്ടുന്ന കാലത്തു നിന്നും ഒന്നോ രണ്ടോ മാത്രം കുഞ്ഞുങ്ങളെ ഗർഭം ധരിച്ചാൽ മതിയെന്ന കാഴ്ചപ്പാടിലേക്ക് നാം മാറി. നന്നേ അശുക്കളായ ,ഭാരം തീരെ കുറഞ്ഞ ,പ്രായം തികയാത്ത കുഞ്ഞ് ജനിച്ചാൽ പോലും അതിനെ നേരാം വണ്ണം രക്ഷിച്ച് ജീവിതത്തിലേക്ക് കൂട്ടാൻ കഴിയും എന്ന ആത്മവിശ്വാസം നമുക്ക് നൽകാൻ കഴിയും വിധം ആധുനിക വൈദ്യശാസ്ത്രം വളരുകയും ചെയ്തു.
1960 ൽ ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം കേവലം 43 വർഷം ആയിരുന്നു.എന്നാൽ അതിപ്പോൾ 70 ന് അടുത്തായി.
ശിശു മരണനിരക്ക് 165 ( ആയിരം സജീവ പ്രസവങ്ങളിൽ) ആയിരുന്നു 1960 ൽ ..
ഇപ്പോൾ അത് 33 ന് അടുത്താണ്.
സാമൂഹികവും ,രാഷ്ട്രീയവുമായ നിരവധി കാരണങ്ങൾ ഇതിന് വഴിതെളിച്ചിട്ടുണ്ടെങ്കിലും ഏറ്റവും പ്രധാനം ശാസ്ത്രത്തിന്റെ പുരോഗതി തന്നെയാണ്.
ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ മരണത്തിലേക്ക് തള്ളിവിട്ട വിനാശകാരികളായ മഹാമാരികളെ നിയന്ത്രിക്കാൻ നമുക്ക് സാധിച്ചത് രോഗപ്രതിരോധത്തിനായുള്ള വാക്സിനുകളുടെ ആവിർഭാവത്തോടെയാണ്.
ശരാശരി 2 – 3 ദശലക്ഷം കുരുന്നു ജീവനുകളാണ് വാക്സിനുകൾ പ്രതിവർഷം രക്ഷിക്കുന്നത്. എങ്കിലും ഇപ്പോഴും ഓരോ വർഷവും ഏതാണ്ട് 22.6 ദശലക്ഷം കുഞ്ഞുങ്ങൾക്ക് ഈ ലോകത്ത് ആവശ്യമായ രോഗ പ്രതിരോധ കുത്തിവെപ്പുകൾ പ്രാപ്യമല്ല.
ഇത്തരത്തിൽ ഏതെങ്കിലും തരത്തിലുള്ള രോഗ പ്രതിരോധത്തിനുതകുന്ന വാക്സിനുകൾ ലഭിക്കാത്ത കുഞ്ഞുങ്ങൾ കൂടുതലും ഉള്ളത് ആഫ്രിക്കൻ രാജ്യങ്ങളടക്കമുള്ള ദരിദ്ര രാജ്യങ്ങളിലാണ്. വിശപ്പ് എന്നും സ്ഥായിയായ വികാരമായിരിക്കുന്ന, ശുദ്ധമായ കുടിവെള്ളം പോലും അന്യമായ ,ഉടുതുണിക്ക് മറുതുണി പോയിട്ട് നാണം മറയ്ക്കാൻ പോലും വസ്ത്രം കണ്ടെത്താനാവാത്ത , പാർപ്പിടം എന്നത് ഒരാർഭാടമായി പോലും കണക്കാക്കപ്പെടുന്ന ജനകോടികൾ വസിക്കുന്ന ഇടങ്ങൾ .. തങ്ങളുടെ ജനങ്ങളുടെ ആരോഗ്യം തങ്ങളുടെ പരിഗണനയിൽ ഒരിക്കലും ഉൾപ്പെടുത്താത്ത ഭരണാധികാരികളുടെ നാടുകൾ!
എന്നാൽ അവിടെ മാത്രമല്ല …
ജനാധിപത്യം പുലരുന്ന ,ആരോഗ്യസൂചികകളിൽ വികസിത രാജ്യങ്ങളോട് കിട പിടിക്കുന്ന ,അർപ്പണബോധമുള്ള രാഷ്ട്രീയ നേതൃത്വമുള്ള ,മികച്ച ആരോഗ്യപരിപാലന വ്യവസ്ഥ നിലവിലുള്ള കേരളത്തിലും പ്രതിരോധ കുത്തിവെപ്പുകൾ നൽകപ്പെടാത്ത കുഞ്ഞുങ്ങളുണ്ട്.
വിലയേറിയ, ഗുണമേന്മയുള്ള വാക്സിനുകൾ തൊട്ടടുത്ത ആരോഗ്യ സ്ഥാപനത്തിൽ നിന്നും സൗജന്യമായി ലഭ്യമായിട്ടും ,മുറി വൈദ്യന്മാരുടെ വാക്കുകളിലും കേശവമ്മാമന്മാരുടെ വാട്സാപ്പ് സന്ദേശങ്ങളിലും വശംവദരായി ,ചിലർ തങ്ങളുടെ മക്കൾക്ക് അവ നിഷേധിക്കുന്നു. അവരിൽ അഭ്യസ്തവിദ്യരായവരുമുണ്ടെന്നതാണ് ഏറെ ഖേദകരം!
ഡിഫ്തീരിയ മരണങ്ങളുടെ അലയൊലികൾ ഇതുവരെ ഒടുങ്ങിയിട്ടില്ല. എത്ര പഠിച്ചാലും ഒരിയ്ക്കലും തിരിച്ചറിവുണ്ടാകാതെ ,കുരുന്നു മക്കളുടെ ജീവൻ കൊണ്ട് ചൂതാടുന്നവരുടെ കൂട്ടത്തിൽ നമ്മളിൽ ചിലരുമുണ്ട് ..
വൈകിയിട്ടില്ല …
നിങ്ങളുടെ കുടുംബത്തിലോ സുഹൃത്തുക്കളുടെ വീട്ടിലോ ഉള്ള കുഞ്ഞുങ്ങൾ പ്രതിരോധ കുത്തിവെപ്പുകൾ എല്ലാം യഥാസമയം എടുത്തോ എന്നുറപ്പ് വരുത്തുക ..
നിങ്ങളുടെ കുശലാന്വേഷണം കൂടുതൽ അർത്ഥവത്താവട്ടെ ..
“കുഞ്ഞാവയ്ക്ക് കുത്തിവെപ്പെല്ലാം എടുത്തല്ലോ … അല്ലേ ?”
ഒന്ന് ചോദിച്ചോളൂ …
ആ ചോദ്യം ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള ഒരു ഈടുവെപ്പാണ് !
©PK
ഡോ.സുനിൽ.പി.കെ