പോലീസും മറ്റു സർക്കാർ സംവിധാനങ്ങളും എല്ലാം രണ്ട് മനുഷ്യരെ പുഴുക്കളെപ്പോലെ കണക്കാക്കിയപ്പോൾ ഒരു കുടുംബത്തിലെ നെടുംതൂണുകളായ രണ്ടാളുകൾ ഓർമ്മയായി

61

Sunil PK

“നെഞ്ചിലെ രോമം പറിച്ചെടുക്കുക…ലാത്തി കൊണ്ട് ദേഹമാസകലം അടിക്കുക…നഗ്നരാക്കി നിർത്തി ജനനേന്ദ്രിയത്തിൽ മർദ്ദിക്കുക.മലദ്വാരത്തിലൂടെ പലവട്ടം ലാത്തി കുത്തിക്കയറ്റുക. ഒരു സിനിമാക്കഥയുടെ ഭാഗമല്ല ഇത്. തൂത്തുക്കുടിയിലെ സാത്താൻ കുളം പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് 61 കാരനായ ജയരാജിനും 31 കാരനായ മകൻ ഫെനിക്സിനും കടന്നുപോകേണ്ടി വന്ന നരകയാതനയുടെ ഒരംശം മാത്രം.ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് തങ്ങളുടെ മൊബൈൽ ഷോപ്പ് സമയ പരിധി കഴിഞ്ഞും തുറന്നു വെച്ചു എന്ന കുറ്റത്തിനാണ് ഇക്കഴിഞ്ഞ ജൂൺ 19 ന് ജയരാജിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. തലേ ദിവസം സ്ഥലത്തെ പോലീസ് പെട്രോളിംഗ് ടീമിനെ വിമർശിച്ച് ജയരാജ് എന്തോ പറഞ്ഞത് പോലീസുകാരുടെ ചെവിയിലെത്തിയിരുന്നുവത്രേ.

അച്ഛനെ പോലീസുകാർ കൊണ്ടുപോകുന്നത് കണ്ട് ചോദിക്കാനായി ചങ്ങാതിമാരോടൊപ്പം പോലീസ് സ്റ്റേഷനിലെത്തിയ ഫെനിക്സിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.പുറത്ത് കാത്തുനിന്നിരുന്ന സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും രാത്രി മുഴുവൻ അവരുടെ അലമുറകൾ കേൾക്കാമായിരുന്നു. പിറ്റേന്ന് രക്ത വാർച്ച മൂലം ഏഴ് ലുങ്കികളാണ് ആ അച്ഛനും മകനും മാറ്റിയുടുക്കേണ്ടി വന്നത് എന്ന് ദൃക്സാക്ഷികൾ പറയുന്നു.മജിസ്ടേറ്റിന് മുമ്പിൽ ഹാജരാക്കിയപ്പോഴും പോലീസുകാരുടെ ഭീഷണി മൂലം അവർ മർദ്ദനത്തെപ്പറ്റി ഒന്നും പറഞ്ഞില്ല. കോവിഡ് ഭീഷണി മൂലം നല്ല സാമൂഹിക അകലം പാലിച്ചാണ് മജിസ്ട്രേറ്റ് നിന്നിരുന്നതെന്നും ഇവരുടെ ദൈന്യാവസ്ഥ അദ്ദേഹത്തിന്റെ കണ്ണിൽ പെട്ടില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. എന്തായാലും അവരെ റിമാന്റ് ചെയ്തു.
പോലീസുകാരുടെ നിർബന്ധത്തിന് വഴങ്ങി ഇവരെ ശാരീരിക പരിശോധന നടത്തി ജയിലിലയക്കാൻ ഫിറ്റാണെന്ന് സർട്ടിഫിക്കറ്റ് നൽകിയ ഗവണ്മെന്റ് ഡോക്ടറെ ഓർത്താണ് ഏറെ ലജ്ജ തോന്നുന്നത്.

ജൂൺ 22 ന് ആ മകനും 23 ന് അച്ഛനും മരിച്ചു.പരമാവധി മൂന്നു മാസം തടവുശിക്ഷയേ ലോക്ക് ഡൗൺ ലംഘനത്തിന് ഒരു പക്ഷേ കിട്ടാൻ സാധ്യതയുണ്ടായിരുന്നുള്ളൂ. പോലീസും മറ്റു സർക്കാർ സംവിധാനങ്ങളും എല്ലാം രണ്ട് മനുഷ്യരെ പുഴുക്കളെപ്പോലെ കണക്കാക്കിയപ്പോൾ ഒരു കുടുംബത്തിലെ നെടുംതൂണുകളായ രണ്ടാളുകൾ ഓർമ്മയായി.ജൂൺ 19 , 7.45 ന് കസ്റ്റഡിയിൽ എടുത്തെങ്കിലും, എഫ്.ഐ.ആറിൽ എഴുതപ്പെട്ടത് രാത്രി 9.15 ന് ഒരു പരാതി ലഭിച്ച് അന്വേഷണത്തിനായി ചെന്നപ്പോൾ പ്രതികൾ പോലീസിനോട് കയർക്കുകയും റോഡിൽ കുത്തിയിരിക്കുകയും കിടന്നുരുളുകയും അതുവഴി സ്വയം മുറിപ്പെടുത്തുകയും ചെയ്തു എന്നാണ്!

തമിഴ്നാട് പോലീസ് എന്നും ഇത്തരത്തിൽ ദുഷ്പേര് കേട്ടിട്ടുള്ളവരാണ്.അവിടെ മാത്രമല്ല ഇന്ത്യയിൽ ഒട്ടുമിക്കയിടത്തും പാവപ്പെട്ടവന് നീതി എന്നത് ഒരു മരീചികയാണ്.അവനെ സംബന്ധിച്ച് നീതിയും നിയമവും എന്നും കടലാസിൽ മാത്രം നിലകൊള്ളുന്നവയാണ്. ഒരിക്കലും വിളമ്പാത്ത അപ്പക്കഷ്ണം പോലെ അവനിലെ ഒടുങ്ങാത്ത പ്രതീക്ഷയായി അത് ബാക്കിയാവും.തമിഴ്നാട് പ്രതിഷേധത്തിന്റെ പാതയിലാണ്.സർക്കാർ മരിച്ചവരുടെ കുടുംബത്തിന് ലക്ഷങ്ങൾ സമാശ്വാസമായി പ്രഖ്യാപിച്ചിട്ടുണ്ട്.
നിഷേധിക്കപ്പെട്ട നീതിക്ക് പകരമാവില്ല ഒന്നും.

ഈ കൊടും പാതകം ചെയ്തവർക്കും അതിന് കൂട്ടുനിന്നവർക്കും അർഹിക്കുന്ന ശിക്ഷ ലഭിക്കണം.
വിദൂര സ്വപ്നമാണെങ്കിലും,ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാനിട വരാതിരിക്കാനുള്ള നടപടികൾ ഉണ്ടാവും എന്ന് പ്രത്യാശിക്കുന്നു.ആദരാഞ്ജലികൾ .തങ്ങൾ എന്തിനിതെല്ലാം അനുഭവിച്ചു എന്നു പോലും ബോധ്യപ്പെടാതെ കൊടിയ യാതനകൾക്കൊടുവിൽ ശ്വാസം നിലച്ചുപോയവർക്ക് ..”